ജമ്മു-കശ്മീരിലെ പുൽവാമയിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിെൻറ (സി.ആർ.പി.എഫ്) വാഹനവ ്യൂഹത്തിനുനേരെ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണം രാജ്യത്തെയാകമാനം ഞെട്ടിക്കുന്നതാണ്. 18 വ ർഷത്തിനിടയിൽ കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമായാണ് വ്യാഴാഴ്ച ത്തെ സംഭവം കണക്കാക്കപ്പെടുന്നത്. ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനുനേരെ പുൽവാമയിലെ അവന്തിപോറയിലാണ് ആക്രമണമുണ്ടായത ്. ഇതെഴുതുമ്പോൾ 43 ജവാന്മാരുടെ വീരചരമമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നാൽപതോളം പേർക്ക് ഗുരുതര പരിക്കുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ ജവാന്മാർ സഞ്ചരിച്ച വാഹനത്തിൽ ഇടിപ്പിച്ച് നടത്തിയ ചാവേർ ആക്രമണമാണിത്. ആദിൽ അഹ്മദ് ഡാർ എന്നയാളാണ് ചാവേറായത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജയ്ശെ മുഹമ്മദ് എന്ന നിരോധിത സംഘടനയുടെ കമാൻഡറാണ് ഡാർ. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ശെ മുഹമ്മദ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ആക്രമണത്തിനുമുമ്പുള്ള ആദിൽ മുഹമ്മദിെൻറ വിഡിയോ സന്ദേശവും അവർ പുറത്തിറക്കിയിട്ടുണ്ട്. 2016ൽ ഉറിയിലെ സൈനിക ക്യാമ്പിനുനേരെ നടന്ന ആക്രമണത്തിനു ശേഷം സൈനിക ലക്ഷ്യങ്ങൾക്കുനേരെ നടക്കുന്ന വലിയ ഭീകരാക്രമണമാണിത്.
ഭരണ പ്രതിപക്ഷ ഭേദെമന്യേ രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല’ എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീർച്ചയായും രാഷ്്ട്രീയ പാർട്ടികൾ ഭിന്നതകൾ മറന്ന് ഒന്നിച്ചുനിൽക്കേണ്ട സന്ദർഭമാണിത്. ഇനിയുള്ള ദിനങ്ങളിൽ ഐക്യത്തിെൻറയും ദേശസ്നേഹത്തിെൻറയും സന്ദേശങ്ങൾ പാർട്ടികൾ പുറത്തുവിടും. അതേസമയം, കശ്മീരിലെ ആക്രമണങ്ങൾ കാലം ചെല്ലുന്തോറും ശക്തിപ്പെട്ടുവരുകയാണ് എന്ന യാഥാർഥ്യം ബാക്കിയാവുകയാണ്. എത്ര കാലമാണ് ഈ രക്തച്ചൊരിച്ചിൽ കണ്ടുനിൽക്കാനാവുക എന്ന ചോദ്യത്തെ അവഗണിക്കാനാവില്ല. സൈനികരായാലും സിവിലിയന്മാരായാലും വിലപ്പെട്ട ജീവനുകളാണ് അവിടെ പൊലിഞ്ഞുതീരുന്നത്. രാജ്യം സ്വതന്ത്രമായി ഏഴു ദശാബ്ദം കഴിഞ്ഞിട്ടും കശ്മീർ വലിയ മുറിവായിത്തന്നെ തുടരുന്നു എന്നത് ഒരു തിക്ത യാഥാർഥ്യമായി നമ്മെ തുറിച്ചുനോക്കുകയാണ്. ഇതിന് എന്നാണ് പരിഹാരം എന്നത് രാഷ്്ട്രീയ ഭിന്നതകൾ മറന്ന് എല്ലാവരും ആത്മാർഥതയോടെ ഉയർത്തേണ്ട ചോദ്യമാണ്.
രാഷ്്ട്രീയാരോപണങ്ങൾ ഉയർത്തേണ്ട സന്ദർഭമല്ല ഇതെന്നറിയാം. അതേസമയം, മറച്ചുവെക്കാൻ പറ്റാത്ത ചില യാഥാർഥ്യങ്ങളുണ്ട്. പല്ലും നഖവും ഉപയോഗിച്ച് ഭീകരവാദത്തെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്തവരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി അവർ ജമ്മു-കശ്മീർ സംസ്ഥാന ഭരണത്തിെൻറ ഭാഗമായതും ഇക്കാലയളവിൽ തന്നെ. എന്നാൽ, കശ്മീരിലെ ഏറ്റവും വലിയ ആക്രമണങ്ങൾ നടന്നത് ഈ കാലഘട്ടത്തിൽതന്നെയാണ് എന്നതാണ് വാസ്തവം. 2018 കശ്മീർ തിളച്ചുമറിഞ്ഞ കാലമായിരുന്നു. സൈനികർക്കുനേരെയുള്ള തീവ്രവാദികളുടെ ഒളിയാക്രമണങ്ങൾ മാത്രമല്ല, ചെറുപ്പക്കാർ തെരുവിലിറങ്ങി നടത്തുന്ന രക്തരൂഷിത ആക്രമണങ്ങളും ഏറ്റവും വർധിച്ചത് ഈ കാലയളവിൽതന്നെ. നോട്ട് നിരോധനം കശ്മീരിലെ തീവ്രവാദത്തെ പിഴുതെറിയുമെന്നായിരുന്നു നേരന്ദ്ര മോദിയും ബി.ജെ.പിയും അവകാശപ്പെട്ടിരുന്നത്. എന്നാൽ, നോട്ട് നിരോധനത്തിന് ശേഷമാണ് കശ്മീർ ഏറ്റവും കൂടുതൽ കലുഷമായത് എന്നതാണ് വാസ്തവം.
ഏഴു ലക്ഷം സൈനികരെയാണ് ജമ്മു-കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്. സിവിലിയൻ മേഖലയിലെ സൈനിക സാന്ദ്രതയുടെ അനുപാതം നോക്കുകയാണെങ്കിൽ ലോകത്തെതന്നെ ഏറ്റവും സൈനിക സാന്നിധ്യമുള്ള പ്രദേശമാണ് കശ്മീർ. നമ്മുടെ ദേശീയ വരുമാനത്തിൽനിന്ന് കണക്കില്ലാത്ത തുകയാണ് കശ്മീരിൽ സാധാരണനില സ്ഥാപിക്കുന്നതിനായി ദശാബ്ദങ്ങളായി ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരിൽ വ്യാഴാഴ്ച നടന്ന ഭീകരാക്രമണം നിലവിലെ കേന്ദ്ര ഭരണകൂടത്തിെൻറ എന്തെങ്കിലും ദൗർബല്യം കൊണ്ടാണെന്ന് പറയാനാവില്ല. ആരു ഭരിക്കുമ്പോഴും കശ്മീർ കലുഷം തന്നെയായിരുന്നു; അതിെൻറ അളവിലും തോതിലും വ്യത്യാസങ്ങളുണ്ടാവാമെങ്കിലും. അതേസമയം, തീവ്രവാദത്തെ തോൽപിക്കാൻ തങ്ങൾക്കേ സാധിക്കൂ എന്ന ബി.ജെ.പിയുടെയും സംഘ്പരിവാരത്തിെൻറയും അവകാശവാദത്തിൽ വലിയ കാര്യമില്ല എന്നതാണ് നിലവിലെ കശ്മീർ സാഹചര്യം തെളിയിക്കുന്നത്. അപ്പോൾ പിന്നെ, നമ്മുടെ കശ്മീർ നയത്തിൽ എന്തെങ്കിലും പാളിച്ചകളുണ്ടായോ എന്ന ആലോചനയാണ് എല്ലാവരും നടത്തേണ്ടത്.
പാളിച്ചയുണ്ടെങ്കിൽ തിരുത്തി കശ്മീരിൽ ഇനിയും ചോര ഒഴുകാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് എല്ലാവരുടെയും ഉത്തരവാദിത്തം. ഫെബ്രുവരി 10ന് കശ്മീരിലെ കുൽഗാമിൽ സൈന്യം നടത്തിയ ഓപറേഷനിൽ അഞ്ചോളം തീവ്രവാദികൾ വധിക്കപ്പെട്ടിരുന്നു. ആ ഓപറേഷനിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾക്ക് പതിനായിരങ്ങളാണെത്തിയത്. ഇത് കശ്മീരിലെ പതിവായി മാറിയിട്ടുണ്ട്. അതായത്, തീവ്രവാദികൾക്ക് ജനങ്ങളിൽനിന്ന് പിന്തുണ കിട്ടുന്നുവെന്നത് ഗൗരവത്തിൽ കാണേണ്ട കാര്യമാണ്. അത്തരമൊരു സാഹചര്യത്തിൽ കാര്യങ്ങളെല്ലാം സൈന്യത്തെ ഏൽപിച്ച് മാറിനിൽക്കാൻ രാഷ്്ട്രീയ നേതൃത്വത്തിന് സാധ്യമല്ല. അവരുടെ പരിശ്രമങ്ങൾക്ക് ജനങ്ങളുടെകൂടി പിന്തുണ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. ഇത് ശ്രീനഗറിലെയും ന്യൂഡൽഹിയിലെയും രാഷ്ട്രീയ നേതൃത്വത്തിെൻറ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം അവർ നിർവഹിച്ചേ മതിയാവൂ. അല്ലാതെ, സൈനികർ രക്തസാക്ഷികളാവുമ്പോൾ അനുശോചന പ്രമേയം പാസാക്കിയതുകൊണ്ടുമാത്രം കാര്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.