ഗൾഫ് രാജ്യങ്ങളിൽ 'മാധ്യമം' പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി. ജലീൽ യു.എ.ഇ അധികൃതർക്ക് കത്തയച്ചുവെന്ന വെളിപ്പെടുത്തൽ അത്യന്തം ഗൗരവപൂർവം കേരള സമൂഹം ചർച്ചക്കെടുക്കേണ്ടതാണ്. സ്വർണക്കടത്തു പ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് അവർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ജലീലിനെതിരെ ഗുരുതരമായ ആരോപണം ഉയർത്തിയിരിക്കുന്നത്.
2020 ജൂൺ 24ന് കോവിഡ് മരണവുമായി ബന്ധപ്പെട്ട് മാധ്യമം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്തയും ചിത്രങ്ങളും യു.എ.ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നും അതിനാൽ ശക്തമായ നടപടി വേണമെന്നും ജലീൽ കത്തിലൂടെ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി അദ്ദേഹം തന്നെ സമീപിച്ച് പത്രം നിരോധിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടുവെന്നും സ്വപ്ന പറയുന്നു. ഇതുസംബന്ധമായ രേഖകളും അവർ പുറത്തുവിട്ടു. വിഷയത്തിൽ പ്രതികരിച്ച കെ.ടി. ജലീൽ കത്തയച്ചുവെന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ, നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്നും കാര്യങ്ങൾ ശ്രദ്ധയിൽപെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നുമാണ് മുൻ മന്ത്രിയുടെ ന്യായം.
വന്ദേഭാരത് മിഷൻ വഴി കോവിഡ് രോഗികളെ നാട്ടിലെത്തിക്കാനുള്ള വഴിയുണ്ടായിട്ടും, പലതരം മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അതിനെല്ലാം തടയിട്ടപ്പോഴാണ് പ്രവാസികളുടെ നിലവിളി നെഞ്ചേറ്റി അങ്ങനെയൊരു സവിശേഷമായ ആവിഷ്കാരത്തിന് ഞങ്ങൾ നിർബന്ധിതരായത്. ആ ഇടപെടലിനെ മുഖ്യമന്ത്രി 'കുത്തിത്തിരിപ്പ്' എന്ന് രോഷത്തോടെ വിശേഷിപ്പിച്ചുവെങ്കിലും പ്രതിഷേധം ഫലം കണ്ടു. പ്രവാസികളുടെ മടക്കത്തിന് തടസ്സമായ പല വ്യവസ്ഥകളും നീക്കി. അങ്ങനെയാണ് കോവിഡ് കാലത്ത് പ്രവാസികളുടെ മടക്കം സാധ്യമായത്. വലിയ അപകടത്തിലേക്ക് നയിക്കുമായിരുന്നൊരു വീഴ്ച അൽപം ഗൗരവമായിത്തന്നെ ചൂണ്ടിക്കാണിച്ചു; സർക്കാർ അത് തിരുത്തുകയും ചെയ്തു. എന്നാൽ ആ തിരുത്തിൽ തീർക്കാതെ മുഖ്യമന്ത്രി പറഞ്ഞ കുത്തിത്തിരിപ്പിന് അന്ന് മന്ത്രിസഭാംഗം മുൻകൈയെടുത്തുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.
മലയാളി പ്രവാസികളുടെ ദുരിതം ചൂണ്ടിക്കാണിച്ചതിന് ഗൾഫ് ഭരണാധികാരികൾക്ക് പരാതിയക്കുന്നതിലെ അസാംഗത്യം മാത്രമല്ല, പ്രോട്ടോകോൾ മര്യാദ പോലും മന്ത്രിസഭാംഗം ആലോചിച്ചില്ല. ഉത്തരവാദപ്പെട്ടൊരു കാബിനറ്റംഗം സ്വന്തം നാട്ടിലെ പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എ.ഇ അധികൃതർക്ക് കത്തെഴുതുന്നതിനെ എന്തു വിളിക്കണം? അതെന്തായാലും, ഈ അധികാര ദുർവിനിയോഗം സർക്കാറിന്റെ അറിവോ അനുവാദമോ ഇല്ലാതെയാണെന്ന ജലീലിന്റെ വാദം അപ്രസക്തമാണ്. അതുകൊണ്ടുതന്നെ, തന്റെ മന്ത്രിസഭയിലെ അംഗത്തിന്റെ ഈ വഴിവിട്ട ചെയ്തിക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും ബാധ്യതയുണ്ട്.
തങ്ങൾക്ക് വിയോജിപ്പോ അഹിതകരമോ ആയ വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിനെതിരെ ഒരു ഇടതുമന്ത്രിസഭാംഗം നിരോധനം ആവശ്യപ്പെട്ട് ഇറങ്ങിപ്പുറപ്പെട്ടതിന്റെ സാംഗത്യവും ചർച്ചചെയ്യപ്പെടേണ്ടതുതന്നെ. ഇവരുടെ കൂറ് ജനാധിപത്യത്തോടോ അതോ ഫാഷിസത്തോടോ? ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുംവേണ്ടി നിലകൊള്ളുന്ന സർവ മനുഷ്യരും ഈ ചോദ്യമുയർത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.