വലിയ സമ്പദ്ഘടന; ദരിദ്രരായ ജനത

സമ്പദ്ഘടനയുടെ വലുപ്പം കണക്കിലെടുത്താൽ ഇന്ത്യ ഇപ്പോൾ ലോകത്ത് അഞ്ചാംസ്ഥാനത്താണ്. ഒരു പതിറ്റാണ്ടു മുമ്പ് നാം 11ാം സ്ഥാനത്തുണ്ടായിരുന്ന​പ്പോൾ മുതൽ അഞ്ചാംസ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടനെയാണ് ഇപ്പോൾ പിറകിലാക്കിയിരിക്കുന്നത്. കഴിച്ച മാർച്ച് മാസത്തോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 85,470 കോടി ഡോളറിലെത്തി, ബ്രിട്ടന്റെ ജി.ഡി.പിയെ മറികടന്നു. വളരെയേറെ ആഘോഷിക്കപ്പെട്ട മറ്റൊരു കണക്കാണ്, ഇന്ത്യക്കാരനായ ഗൗതം അദാനി ലോകോത്തര ധനികരിൽ രണ്ടാംസ്ഥാനത്തെത്തിയത്. ഈ കണക്കുകൾ ബ്ലൂംബർഗും അന്താരാഷ്​ട്ര നാണയനിധി (ഐ.എം.എഫ്) പോലുള്ള സ്ഥാപനങ്ങളും ശരിവെച്ചതാണ്. എന്നാൽ, അത്രതന്നെ ആധികാരികവും സാധാരണക്കാരായ ഇന്ത്യക്കാരെ കൂടുതൽ നേരിട്ട് സ്പർശിക്കുന്നതുമായ വേറെ ചില കണക്കുകളുമുണ്ട്. ലോകബാങ്കിന്റെ പുതിയ റിപ്പോർട്ടനുസരിച്ച്, 2020ൽ അഞ്ചുകോടി 60 ലക്ഷം ഇന്ത്യക്കാർ കൊടും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. എന്നുമാത്രമല്ല, ആ വർഷം ലോകത്തൊട്ടാകെ കൊടും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടവരിൽ 80 ശതമാനം ഇന്ത്യക്കാരാണ്. ആഗോള വിശപ്പ് സൂചിക, ജലഗുണ സൂചിക, വായുഗുണ സൂചിക, സന്തുഷ്ടിസൂചിക മുതലായ, ജനങ്ങളെ മൊത്തം ബാധിക്കുന്ന അനേകം കണക്കുകളിൽ ഏതാനും വർഷങ്ങളായി നാം അധോഗതിയാണ് കാണിക്കുന്നത്. ഇപ്പോഴത്തെ ​ജി.ഡി.പി വളർച്ച നിരക്കുപോലും കുറയുമെന്നാണ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഫിച്ച്​ റേറ്റിങ്സ് പ്രവചിക്കുന്നത്. ജൂണിൽ 7.8 ശതമാനം വളർച്ച പ്രവചിച്ചിരുന്ന അവർ ഇ​പ്പോൾ അത് ഏഴുശതമാനമാക്കി കുറച്ചു. ലോകബാങ്കും വളർച്ചനിരക്ക് കുറയുമെന്ന് പറയുന്നു; മുമ്പ് പറഞ്ഞിരുന്ന 8.7 ശതമാനം വളർച്ച ഏപ്രിലിൽ എട്ടു ശതമാനത്തിലേക്കും അത് ജൂണിൽ 7.5 ശതമാനത്തിലേക്കും അത് ഈമാസം 6.5 ശതമാനത്തിലേക്കും കുറച്ചു. ഈ കണക്കുകൾ ഭീകരമായ വിധത്തിൽ സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്നുമുണ്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പറയുന്നത്, രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിൽ നാലിലൊന്നും ദിവസക്കൂലിക്ക് പണിയെടുക്കുന്ന പാവങ്ങളാണ് എന്നത്രെ. ജീവിതം വഴിമുട്ടിയവരുടെ ഈ പെരുക്കം നമ്മെ ഭയപ്പെടുത്തണം. യുവജനങ്ങളിലെ തൊഴിലില്ലായ്മ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഇരട്ടിച്ച്, 42 ശതമാനത്തിലെത്തി.

'സമ്പന്ന' ഇന്ത്യയും ദരിദ്രരുടെ ഇന്ത്യയും എന്ന വൈരുധ്യത്തിന്റെ ​നേർക്കാഴ്ചയാണ് ഈ കണക്കുകൾ. മറ്റുപല രാജ്യങ്ങളിലുമെന്നപോലെ, ശതകോടീശ്വരന്മാർ നിയന്ത്രിക്കുന്ന ഭരണസംവിധാനങ്ങൾക്കുകീഴിൽ ഞെരിഞ്ഞമരുന്ന പട്ടിണിപ്പാവങ്ങളുടെ ചിത്രം. ഒരുഭാഗത്ത് മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾ അതിൽനിന്ന് പുറന്തള്ളപ്പെടുന്നു. മറുഭാഗത്ത് ശതകോടീശ്വരന്മാർക്ക് നികുതിയൊഴിവും സൗജന്യങ്ങളും ധാരാളം ലഭിക്കുന്നു. ഇന്ത്യയിലെ 11 അതിസമ്പന്നർക്ക് കോവിഡ് വർഷങ്ങളിൽ ലഭിച്ച അധികവരുമാനം മാത്രം മതി, തൊഴിലുറപ്പ് പദ്ധതി പത്തുവർഷം നടത്തിക്കൊണ്ടുപോകാൻ. ഇക്കൊല്ലമാദ്യം ഓക്സ്ഫാം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. സാമൂഹിക ക്ഷേമപദ്ധതികളെ 'സബ്സിഡി'യായും ഒഴിവാക്കേണ്ടതായും കരുതുന്ന ഭരണകൂടങ്ങളാണ് നമുക്കുള്ളത്. 'സൗജന്യങ്ങളുടെ സംസ്കാര'ത്തെ പ്രധാനമന്ത്രിയടക്കം ആക്ഷേപിക്കുന്നു. എന്നാൽ, അതിസമ്പന്നർക്ക് നൽകുന്ന ഇളവുകളും സൗജന്യങ്ങളും തീർത്തും സ്വീകാര്യമാകുന്നു. സാമ്പത്തികകാര്യ വിദഗ്ധൻ സ്വാമിനാഥൻ അയ്യർ ചൂണ്ടിക്കാട്ടുന്നപോലെ, ഗുജറാത്തിൽ വേദാന്ത കമ്പനിയുടെ സിലിക്കോൺ ഫാബ്രിക്കേഷൻ ​പ്ലാന്റിന് 80,000 കോടി രൂപയുടെ സബ്സിഡിയും സംസ്ഥാന സർക്കാർ വക സൗജന്യ സ്ഥലവും മറ്റും പൊതുഖജനാവിൽനിന്ന് നൽകുന്നുണ്ട്; ഈ ഒരൊറ്റ സ്ഥാപനത്തിന് നൽകുന്ന സൗജന്യങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ വാർഷിക ബജറ്റിനെക്കാൾ (73,000 കോടി രൂപ) കൂടുതലാണ്. സിലിക്കോൺ പദ്ധതി വഴി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾ പരിമിതവും. മറ്റൊരു സാമ്പത്തിക വിശാരദനായ ഋതിൻ റോയ് പറഞ്ഞപോലെ, ''ഒരുരാജ്യമെന്ന നിലക്ക് ബംഗ്ലാദേശ് ഇന്ത്യയെക്കാൾ ദരിദ്രമാണെങ്കിലും അവിടത്തെ പൗരന്മാർ ഇന്ത്യക്കാരെക്കാൾ സമ്പന്നരാണ്.'' കാരണം, അവിടത്തെ പ്രതിശീർഷ വരുമാനം ഇവിടത്തെക്കാൾ കൂടുതലാണ്.

അഞ്ചാമത്തെ വൻ സമ്പദ്ഘടനയിൽ സാധാരണക്കാർ പട്ടിണിയിലാണെങ്കിൽ അത് അടിസ്ഥാനപരമായ തിരുത്തൽ ആവശ്യപ്പെടുന്നുണ്ട്. ചൂഷക സമ്പദ്‍വ്യവസ്ഥിതിയെ ന്യായീകരിക്കാൻ സമ്പന്നർ ഇറക്കിയ 'ട്രിക്ക്ൾ ഡൗൺ' സിദ്ധാന്തം (സമ്പന്നർക്ക് പണം കൂടുമ്പോൾ അത് താഴെ ജനങ്ങളിലേക്ക് സ്വാഭാവികമായി കിനിഞ്ഞിറങ്ങുമെന്ന വാദം) ഇതിനകം തന്നെ തെറ്റെന്ന് സ്ഥാപിക്കപ്പെട്ടുകഴിഞ്ഞതാണ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വർധിക്കുന്നമുറക്ക് ദരി​ദ്രരുടെ വാങ്ങൽശേഷി കുറഞ്ഞത് മൊത്തം സാമ്പത്തികാവസ്ഥയെ ദുർബലമാക്കുന്നതായാണ് അനുഭവം. സമ്പദ്മേഖലയിലെ കുത്തകവത്കരണം രാജ്യത്തെ മുഴുവൻ കൂടുതൽ ദരിദ്രമാക്കുന്നു എന്നു ചുരുക്കം. അസമത്വം കുറക്കുകയാണ് ഇതിനുള്ള മുഖ്യമാർഗം. അതിസമ്പന്നർക്ക് ഇളവുകൾ നൽകുന്നത് അവസാനിപ്പിക്കുക മാത്രമല്ല, അവർക്കുമേൽ സാമ്പത്തികശേഷിക്കനുസൃതമായി വൻ നിരക്കിൽ നികുതിചുമത്തുകയും വേണമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചില രാജ്യങ്ങൾ ഈ വഴിക്ക് ചിന്തിച്ചുതുടങ്ങിയിട്ടുമുണ്ട്. ജി.ഡി.പിയും സമ്പന്നരുടെ പട്ടികയുമല്ല പുരോഗതിയുടെ അടയാളം. അസമത്വം കുറക്കുകയും ദരിദ്രരെ ശാക്തീകരിക്കുകയും ചെയ്തുകൊണ്ടുവേണം ഇന്ത്യ യഥാർഥ പുരോഗതി കൈവരിക്കാൻ.

Tags:    
News Summary - large economy, Poor people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT