ആധാർ നിർബന്ധമാക്കുന്നതിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഒരു ഹരജി, ‘സ്വകാര്യത’യുടെ ഭരണഘടനാ സാധുത എത്രത്തോളം എന്ന വിശാലമായ ചർച്ചയിേലക്ക് എത്തിയിരിക്കുന്നു. ഇൗ വിഷയം പരിഗണിക്കുന്നതിനായി സുപ്രീംകോടതി ഒരു ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപവത്കരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യ പൗരാവകാശങ്ങളെക്കുറിച്ച നിർണായകമായ ചോദ്യങ്ങളാണ് കോടതിക്കുമുമ്പാകെ ഇപ്പോഴുള്ളത്. പാർലമെൻറിലാകെട്ട സ്വകാര്യ വിവരങ്ങളടക്കം രേഖെപ്പടുത്തിെക്കാണ്ടുള്ള വ്യക്തിഗത വിവരശേഖരണം നിയമമാക്കാനുള്ള ബിൽ (ഡി.എൻ.എ പ്രൊഫൈലിങ് ബിൽ) കൊണ്ടുവരാൻ പോകുന്നു- ആ സ്വകാര്യ വിവരങ്ങൾ ദുരുപേയാഗം ചെയ്യുന്നതു തടയാനുള്ള ഒരു വ്യവസ്ഥയുമില്ലാതെയാണ് ഇത് കൊണ്ടുവരുന്നത്. തങ്ങളുടെ പക്കലുള്ള വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാണെന്നും പുറത്തേക്ക് ചോരുന്ന പ്രശ്നമില്ലെന്നും ആവർത്തിച്ചു പറഞ്ഞിരുന്ന യു.െഎ.ഡി.എ.െഎക്ക്, പതിമൂന്നര േകാടി പേരുടെ വിവരങ്ങൾ ഇൻറർനെറ്റിലൂടെ ചോർന്നതായി രണ്ടുമൂന്ന് മാസം മുമ്പ് വെളിപ്പെട്ടപ്പോൾ ഉത്തരംമുട്ടിയത് നാം കണ്ടു. ‘സുരക്ഷിത’ വിവരങ്ങൾപോലും ആർക്കും കിട്ടാവുന്ന സ്ഥിതി നിലനിൽക്കെയാണ് സ്വകാര്യതാലംഘനത്തിന് നിയമസാധുത വേണെമന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വാദിക്കുന്നത്. സ്വകാര്യത അവകാശമേയല്ലെന്ന് അറ്റോണി ജനറലിന് കോടതിയിൽ വാദിക്കാൻ കഴിഞ്ഞു എന്നതുതന്നെ വലിയ ആപത്തിെൻറ സൂചനയായി കാണണം. ആധാറിന് നിയമസാധുത ലഭിക്കാനായി സർക്കാർ ഉയർത്തിയ വാദങ്ങളിൽ ഏറ്റവും അധിക്ഷേപാർഹമായതും ഇതുതന്നെ. 5000 കോടി രൂപ ഇതിനകം ചെലവിട്ടുകഴിഞ്ഞതുകൊണ്ട് ഇനി ആധാർ പദ്ധതി ഉപേക്ഷിക്കാനാവില്ല എന്ന വാദം സ്വയമേ യുക്തിരഹിതമാണെങ്കിൽ, സ്വകാര്യത മൗലികാവകാശമല്ല എന്നത് അമിതാധികാരമോഹത്തിേൻറതുകൂടിയാണ്.
സ്വകാര്യത ഒരു മൗലികാവകാശമായി ഭരണഘടന എടുത്തുപറയുന്നില്ല എന്നാണ് ഒരു വാദം. എന്നാൽ, ജീവനും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന 21ാം വകുപ്പിെൻറ താൽപര്യംതന്നെയാണ് വ്യക്തിസ്വകാര്യതക്കുള്ള അവകാശവും എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യത്തിെൻറ അനുബന്ധമായും തൊഴിലവകാശം ജീവിക്കാനുള്ള അവകാശത്തിെൻറ തുടർച്ചയായും മനസ്സിലാക്കുന്നതുപോലെ, വ്യക്തിസ്വാതന്ത്ര്യം സ്വകാര്യതകൂടി ഉൾക്കൊള്ളുന്നുണ്ട്.
അതുകൊണ്ടുതന്നെയാകണമല്ലോ നിയമജ്ഞൻകൂടിയായ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി, സ്വകാര്യത ഒരു മൗലികാവകാശവും വ്യക്തിസ്വാതന്ത്ര്യത്തിെൻറ ഭാഗവുമാകാമെന്ന് പാർലമെൻറിൽ നിരീക്ഷിച്ചത്. എന്നിട്ട് അദ്ദേഹം ഉൾക്കൊള്ളുന്ന സർക്കാറാണ് ഇന്ത്യൻ ഭരണഘടന സ്വകാര്യതക്ക് അവകാശം നൽകുന്നില്ലെന്ന് കോടതിയിൽ വാദിക്കുന്നത്. രണ്ട് സുപ്രീംകോടതി വിധികളാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്- 1954ലെയും 1962ലെയും. ഇത് രണ്ടും, പക്ഷേ, സ്വകാര്യത സംബന്ധിച്ച തീർപ്പായിട്ടല്ല ഉണ്ടായത്. കൊള്ളക്കാരെന്ന് സംശയിക്കുന്നവരെ പിടികൂടാനും നിരീക്ഷിക്കാനും പൊലീസിന് അവകാശമുണ്ടോ എന്നത് മാത്രമായിരുന്നു വിഷയം. ഭരണഘടന എഴുതിയുണ്ടാക്കുന്ന സമയത്ത് ഇല്ലാതിരുന്ന തലങ്ങളിലേക്ക് സ്വകാര്യതയും സ്വകാര്യതയുടെ ലംഘനവും വികസിച്ചിട്ടുണ്ട്. ഇത് അറിഞ്ഞില്ലെന്ന മട്ടിലാണ് സർക്കാർ, ഭരണഘടന സ്വകാര്യത അവകാശമാക്കിയിട്ടില്ലെന്ന് വാദിക്കുന്നത്.
‘മാധ്യമസ്വാതന്ത്ര്യം’ എന്നെഴുതിവെക്കാതെതന്നെ അത് ഭരണഘടനയിൽനിന്ന് നിർധാരണം ചെയ്തെടുത്ത ജനാധിപത്യബോധം ‘സ്വകാര്യതാ’ കേസിലും ഉണ്ടാകാവുന്നതേയുള്ളൂ. ഡിജിറ്റൽ യുഗത്തിൽ വ്യക്തിസ്വകാര്യത സർക്കാറിൽനിന്ന് മാത്രമല്ല, കോർപറേറ്റുകളിൽനിന്നും ക്രിമിനലുകളിൽനിന്നും ഭീഷണി നേരിടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 1954ലെ എം.പി. ശർമ-സതീഷ്ചന്ദ്ര കേസിനുശേഷം, സ്വകാര്യതക്കുള്ള അവകാശം സംബന്ധിച്ച നിയമജ്ഞാനവും നിലപാടും കൂടുതൽ ഉദാരമായ വ്യാഖ്യാനങ്ങളിലേക്ക് ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്നതും കാണണം. 1963ലെ ഖരക്സിങ് കേസിൽ സുപ്രീംകോടതി, ‘‘ഒട്ടനേകം പൗരാവകാശങ്ങൾ സ്വകാര്യതക്കുള്ള അവകാശത്തിനുകൂടി മുതൽക്കൂട്ടുന്നുണ്ടെ’’ന്ന് വ്യക്തമാക്കിയതാണല്ലോ. ‘അന്തസ്സിനായുള്ള അവകാശം’ ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആമുഖഭാഗം സ്വകാര്യതക്കുള്ള അവകാശവുമായി ചേർത്ത് വായിക്കാവുന്നതാണ്. ഇന്ത്യ ഭാഗഭാക്കായിട്ടുള്ള മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യൂറോപ്യൻ പ്രമാണം ‘സ്വകാര്യ ജീവിതത്തിനും കുടുംബജീവിതത്തിനുമുള്ള അവകാശം’ എടുത്തുപറഞ്ഞിട്ടുണ്ടുതാനും- ഇന്ത്യൻ പൗരന്മാർക്ക് സ്വകാര്യതാ അവകാശം അതുവഴി ഉറപ്പുനൽകിക്കഴിഞ്ഞിട്ടുണ്ട് എന്നർഥം.
നമ്മുടെ ഭരണഘടനയുടെ സത്തയിലും ഇതുവരെയുള്ള പ്രയോഗത്തിലും സ്വകാര്യത ഒരു മൗലികാവകാശമായി നിലകൊള്ളുന്നുണ്ടെന്ന് കരുതുന്ന ഭരണഘടന വിദഗ്ധർ ധാരാളമുണ്ട്. ഇപ്പോൾ ആധാർ കേസ് ഒഴികഴിവാക്കി ഇൗ അവകാശം പുനഃപരിശോധിക്കുേമ്പാൾ ഉയർന്നുവരുന്ന ആപൽസാധ്യത കാണാതിരിക്കുന്നത് ശരിയല്ല. സ്വകാര്യത അവകാശമേയല്ല എന്ന് വിധിക്കാനിടയായാൽ അത് സർക്കാറിനും നിക്ഷിപ്ത താൽപര്യക്കാർക്കും ലഭിക്കുന്ന അമിതാധികാരമാകും. അത്, പൗരന്മാരെക്കാൾ വലുതാണ് സർക്കാർ എന്ന പ്രഖ്യാപനമാകും. ഇന്ത്യൻ ജനാധിപത്യം ഇനിയെങ്ങനെ പ്രവർത്തിക്കണം എന്നു നിർണയിക്കാൻ പോകുന്ന ഇൗ കേസിലെ വിധി ജുഡീഷ്യറിയുടെ പക്വതയും ജനാധിപത്യബോധവും തെളിയിക്കുന്നതാകും എന്നാശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.