ലബനാനിലെ കാത്തുവെച്ച ദുരന്തം

ഏഴുവർഷത്തോളമായി ഭരണകൂടം നിരുത്തരവാദപരമായി 'കാത്തുസൂക്ഷിച്ച ദുരന്ത'മാണ്​ ചൊവ്വാഴ്​ച രാത്രി പൊട്ടിത്തെറിച്ച്​, നടുനിവരാൻ ക്ലേശിക്കുന്ന ലബനാൻ എന്ന ദുരിതരാജ്യത്തിനുമേൽ ഇടിത്തീയായി പതിച്ചത്​. നൂറിലധികം പേർ മരിക്കുകയും നാലായിരത്തോളം പേർക്ക്​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​ത ഭീകര സ്​ഫോടനത്തിൽ രണ്ടര ലക്ഷത്തോളം പേർ ഭവനരഹിതരായിരിക്കുന്നുവെന്ന്​ ബൈറൂത്​ സിറ്റി ഗവർണർ അറിയിക്കുന്നു.

ആദ്യമേ ദുർബലയായ കൊച്ചുരാജ്യത്തിന്​ അക്ഷരാർഥത്തിൽ മാരകദുരന്തമാണ്​ വന്നുപെട്ടിരിക്കുന്നതെന്നു വിലപിക്കുന്ന പ്രധാനമന്ത്രി ഹസൻ ദിയാബ്​ സർവവിധ സഹായവും ആവശ്യപ്പെട്ട്​ ലോകത്തിനു മുന്നിൽ കെഞ്ചുകയാണ്. ഞങ്ങൾക്കു സാമ്പത്തികപ്രതിസന്ധിയുണ്ട്​; കള്ളന്മാരുടെ ഗവൺമെൻറാണ്​ ഇവിടെ. ​

പോരാത്തതിന്​ കോവിഡി​െൻറ വിപത്തും. ഇതിത്ര വഷളാകുമെന്നു നിനച്ചതല്ല. ഇനിയും ഇൗ രാജ്യത്തിന്​ എഴുന്നേൽക്കാൻ പരുവമുണ്ടോ എന്നു സംശയമാണ്​. എല്ലാവരും ഇവിടം വി​േട്ടാടുകയാണ്​; ഞാനും'' -പരിക്കേറ്റ രണ്ടു മക്കൾക്കരികിൽ ആശുപത്രിയിലിരുന്ന്​ മുപ്പത്തെട്ടുകാരനായ എൻജിനീയർ സാമി രിഫാഇൗയുടെ ഇൗ നിലവിളി ഇന്നത്തെ ലബനാ​െൻറ മുഖചിത്രമാണ്​ എന്നു പറയണം.

ലബനാ​ന്​ അന്നവും വെള്ളവും എന്നല്ല, ജീവിതം തന്നെ പ്രദാനം ചെയ്യുന്ന തുറമുഖത്തെയും സമീപനഗരത്തെയുമാണ്​ സ്​ഫോടനം നക്കിത്തുടച്ചിരിക്കുന്നത്​. പകുതിയിലധികം പേരും ദാരിദ്ര്യരേഖക്കു കീഴിൽ ദുരിതപ്പെടുന്ന, ലോകത്തെ ഏറ്റവും വലിയ കടക്കെണിയിലുള്ള, നാണയപ്പെരുപ്പം നാൾക്കുനാൾ വർധിച്ചുവരുന്ന നാട്ടിൽ എന്തും ഏതും ഇറക്കുമതിയായി എത്തിയിട്ടുതന്നെ വേണം.

മുഖ്യഭക്ഷ്യവിഭവമായ ഗോതമ്പി​െൻറ 90 ശതമാനവും​ റഷ്യയടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നു ഇറക്കുമതി ചെയ്യുന്നതാണ്​. രാജ്യത്തിന്​ ഭക്ഷണമായി സംഭരിച്ച ധാന്യശേഖരത്തി​െൻറ 85 ശതമാനം സ്​ഫോടന​ത്തിൽ നശിച്ചുപോയി എന്നാണ്​ ഒൗദ്യോഗിക കണക്ക്​.

ഒരു കാലത്ത്​ ലോകത്തെങ്ങുമുള്ള സഞ്ചാരികളുടെയും സഹൃദയരുടെയും സ്വപ്​നഭൂമിയായിരുന്ന ലബനാ​നും ബൈറൂതും ആരെയും നിരാശപ്പെടുത്തുന്ന, ഗൃഹാതുരതകളുടെ പ്രേതഭൂമിയാണിന്ന്​. 1975 മുതൽ 1990 വരെ ഒന്നര ദശകക്കാലത്തെ ആഭ്യന്തരയുദ്ധത്തിൽ ഒരു ലക്ഷത്തി ഇരുപതിനായിരം പേർ കുരുതിക്കിരയാകുകയും ഒരു ദശലക്ഷം നാടുവിടുകയും ചെയ്​തു. വിദേശ സേന ലബനാനിൽനിന്നു കുടിയൊഴിയുന്നത്​ 2005ലാണ്​.

തുടർന്നും ഹിസ്​ബുല്ലയും ഇസ്രായേലും തമ്മിലുള്ള സംഘർഷവും സിറിയൻ പ്രതിസന്ധിയിൽ ഹിസ്​ബുല്ല കക്ഷിചേർന്നതോടെയുണ്ടായ രാഷ്​ട്രീയസംഘർഷങ്ങളും നിമിത്തം ലബനാൻ​ വറുതിയിലേക്ക്​ കൂപ്പുകുത്തി ലോകത്തെ ഏറ്റവുമധികം കടബാധ്യതയുള്ള രാജ്യങ്ങളിലൊന്നായി മാറി.

ദുരിതത്തിൽനിന്നു രാജ്യത്തെ കരകയറ്റാൻ ബാധ്യസ്​ഥമായ ഭരണകൂടത്തി​െൻറ അഴിമതിയും പിടിപ്പുകേടും അധികാരക്കച്ചവടവുമൊക്കെയായി കാര്യങ്ങൾ കൂടുതൽ കുഴമറിഞ്ഞതേയുള്ളൂ.

കഴിഞ്ഞ വർഷം ഒക്​ടോബറിൽ രാജ്യത്തെ എഴുപതു പട്ടണങ്ങളിൽ സർക്കാറി​െൻറ അഴിമതിക്കും അരാജകഭരണത്തിനുമെതിരെ ജനം തെരുവിലിറങ്ങിയതോടെ സഅദ്​ ഹരീരിക്ക്​ ഭരണം വി​െട്ടാഴിയേണ്ടി വന്നു. ഭരണത്തിൽ തലമാറിയെങ്കിലും നാടി​െൻറ തലവര മാറിയില്ല. കഴിഞ്ഞ മാർച്ചിൽതന്നെ അവശ്യവസ്​തുക്കളുടെ വില മൂന്നിരട്ടിയോളം കുതിച്ചുകയറി. ​കറൻസിയുടെ വില 80 ശതമാനത്തോളം താഴോട്ടുപോയി. ദാരിദ്ര്യം കൂടുകയും അക്രമനിരക്ക്​ വർധിക്കുകയും ചെയ്​തുകൊണ്ടിരുന്നു.

ഇൗ ദുരിതപ്പെയ്​ത്തിലേക്കായിരുന്നു കോവിഡി​െൻറ കടന്നുകയറ്റം. 5000 രോഗബാധിതരും 65 മരണവും എന്ന അപായനിരക്കിൽ സാമ​ാന്യേന ഭേദമാണ്​ കാര്യങ്ങളെങ്കിലും രാജ്യത്തിനു താങ്ങാനാവാത്ത തരത്തിലേക്ക്​ രോഗവ്യാപനമുണ്ടാകുന്നുവെന്നു ഇൗയിടെ ആരോഗ്യ അധികൃതരുടെ മുന്നറിയിപ്പുണ്ടായിരുന്നു. പട്ടിണിയിലും തൊഴിലില്ലായ്​മയിലും വലയുന്ന രാജ്യം അടച്ചുപൂട്ടാൻ വയ്യാത്തതുകൊണ്ട്​ ലോക്​ഡൗൺ അഞ്ചുദിവസത്തിൽ ​ഒതുക്കേണ്ടിവന്നു.

ഇൗ പ്രതിസന്ധിയുടെ വ്യാപ്​തിയും കെടുതിയും വർധിപ്പിക്കുന്നതാണ്​ കരഭാഗത്തെ രണ്ടു അതിർത്തികളും യുദ്ധത്തിൽപെട്ടുപോയ ലബനാ​െൻറ ലോകത്തേക്കു തുറക്കുന്ന ഏകമാർഗമായ ബൈറൂത്​ തുറമുഖത്തെ ഇൗ വിനാശം. അതാക​​െട്ട, കരുതിക്കൂട്ടി വിളിച്ചുവരുത്തിയതാണെന്നു എല്ലാവരും പറയുന്നു. ജോർജിയയിൽനിന്നു മൊസാംബിക്കിലേക്കു അമോണിയം നൈട്രേറ്റുമായി പോകുകയായിരുന്ന മൾഡോവയുടെ കപ്പൽ സാ​േങ്കതികത്തകരാറുകൾകാരണം 2013 സെപ്​റ്റംബറിൽ ബൈറൂതിൽ കരക്കടുക്കേണ്ടിവന്നു.

എന്നാൽ, തങ്ങളുടെ സമ​ുദ്ര ഭാഗത്തുകൂടി അവരെ കടന്നുപോകാൻ അനുവദിക്കാത്തതിനെ തുടർന്ന്​ ചരക്കുകപ്പൽ തീരത്ത്​ ഉപേക്ഷിച്ചുപോയി. തർക്കവും നിയമവ്യവഹാരവും എങ്ങുമെത്താതെ തുടർന്ന​പ്പോൾ അമോണിയം നൈട്രേറ്റ്​ തുറമുഖത്തിറക്കി സംഭരിച്ചുവെക്കുകയാണ്​ ലബനീസ്​ അധികൃതർ ചെയ്​തത്​.

അതാണ്​ കഴിഞ്ഞ ദിവസം വൻദുരന്തമായി പൊട്ടിത്തെറിച്ചത്​. കയറ്റുമതി ചെയ്​തോ, സൈന്യത്തിനു കൈമാറിയോ, ലബനാനിലെ ഏതെങ്കിലും സ്വകാര്യ സ്​ഫോടകനിർമാണ കമ്പനിക്ക്​ വിറ്റോ ഇൗ ദുരന്തഭാരം കൈയൊഴിയാൻ കസ്​റ്റംസ്​ വിഭാഗം കഴിഞ്ഞ കുറേ വർഷമായി അപേക്ഷിച്ചിട്ടും എല്ലാം ബധിരകർണങ്ങളിലാണ്​ പതിച്ചത്​. അതിപ്പോൾ ലബനാനെ ദുരിതക്കയത്തി​െൻറ കൂടുതൽ ആഴത്തിലേക്കാണ്​ മുക്കിയിരിക്കുന്നത്​.

സംഭവം ദേശീയദുരന്തമായതിനാൽ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഹസൻ ദിയാബ്​ ഉത്തരവാദികളെ പിടികൂടി ശിക്ഷിക്കുമെന്നു പറയുന്നു. എന്നാൽ, രാജ്യത്തെ അരാജകത്വത്തിനും അരക്ഷിതത്വത്തിനും തീറെഴുതിക്കൊടുക്കുന്ന ലബനാനിലെ ഭരണാധികാരികൾതന്നെയാണ്​ എല്ലാ ദുരന്തത്തിനും ഉത്തരവാദികൾ എന്നു വരു​േമ്പാൾ ആര്​ ആരെ ശിക്ഷിക്കാൻ!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.