ലോകാരോഗ്യ സംഘടന കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം തികഞ്ഞിരിക്കെ രോഗം ഉടനെ നിർമാർജനം ചെയ്യാനാകുമെന്ന പ്രതീക്ഷ നീണ്ടുപോവുകയാണ്. രോഗപ്പകർച്ച ഇന്നും പല രാജ്യങ്ങളിലും കുറച്ചുകൊണ്ടുവരാനായിട്ടില്ലെന്ന വസ്തുത ഒരുഭാഗത്ത്; വാക്സിനുകൾ ഫലപ്രദമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുേമ്പാഴും അവയുടെ വിതരണത്തിലും ഉപയോഗത്തിലും അനുഭവപ്പെടുന്ന പോരായ്മകൾ മറ്റൊരുഭാഗത്ത്.
പൂർണമായും കോവിഡ് മുക്തമായ ദൈനംദിന ജീവിതം സാധ്യമായില്ലെങ്കിൽപോലും വിദ്യാഭ്യാസ-സാമൂഹിക-വാണിജ്യരംഗങ്ങളിൽ മുൻകാല സാഹചര്യത്തിെൻറ ഗണ്യമായ ഭാഗമെങ്കിലും വീണ്ടെടുക്കാൻ കഴിയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ, ഇതെഴുതുേമ്പാഴത്തെ വാർത്ത, ഇന്ത്യയിൽ ഏകദിന രോഗപ്പകർച്ച കുതിച്ചുയരുന്നു എന്നതാണ്. മൂന്നോളം മാസങ്ങളിൽവെച്ച് ആദ്യമായി ഒറ്റദിവസ കേസുകൾ ഇന്നലെ 25,000 കടന്നു എന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഡിസംബർ 20ന് 26,000 കവിഞ്ഞിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കുറഞ്ഞുകൊണ്ടിരുന്ന രോഗപ്പകർച്ചയാണ് വീണ്ടും ഉയരുന്നത്. 44 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന മരണനിരക്കും ഇന്നലെ രേഖപ്പെടുത്തി: 161 എണ്ണം. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് ഡിസംബറിൽ ഒരുകോടി കവിഞ്ഞു; ഇപ്പോൾ അത് ഒരുകോടി 14 ലക്ഷത്തോടടുക്കുന്നു.
സാധാരണ ജീവിതത്തിലേക്ക് എപ്പോൾ മടങ്ങാനാകും, ഇതുതന്നെയോ ഇനി സാധാരണജീവിതം എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ഇനിയും നേരമെടുക്കും എന്നുതന്നെ ഇതെല്ലാം നൽകുന്ന സൂചന. ജനങ്ങളിൽ ജാഗ്രത കുറഞ്ഞിരിക്കുന്നു എന്നാണ് അധികൃതരുടെ അഭിപ്രായം. ഇത് കുറെയൊക്കെ ശരിയാണ്; പകർച്ചാഭീതിയെ കവച്ചുവെക്കുന്നതരത്തിൽ കോവിഡ് ചിട്ടകളിലുള്ള മടുപ്പ് വളരുന്നു എന്നതും വസ്തുതയാണ്. രോഗനിരക്കിലെ വർധനകാരണം ചില സംസ്ഥാനങ്ങളിൽ ഭാഗിക അടച്ചിരിപ്പോ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളോ നടപ്പാക്കിയെങ്കിലും ഇതിലും ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. വകഭേദം വന്ന വൈറസിെൻറ കടന്നുവരവ് മറ്റൊരു ഭീഷണിയാണ്.
ഒരു കൊല്ലം തികഞ്ഞപ്പോൾ ലോകത്ത് പതിനൊന്നര കോടി ആളുകളെ രോഗം ബാധിച്ചുകഴിഞ്ഞു; 25 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചു. ജനസമൂഹങ്ങളുടെ ശ്രദ്ധയില്ലായ്മയെ മാത്രം കുറ്റപ്പെടുത്തി ഇത് വിശദീകരിക്കാനാകില്ലെന്ന് പഠനങ്ങൾ പറയുന്നു. നേതൃതലത്തിലെടുത്ത തീരുമാനങ്ങളും അവയുടെ നിർവഹണവും ജനങ്ങളോടുള്ള ആശയവിനിമയവുമൊന്നും അന്യൂനമായിരുന്നില്ല. ലോകാരോഗ്യ സംഘടനതന്നെ തുടക്കത്തിലെ അമ്പരപ്പിൽ വിരുദ്ധങ്ങളായ നിർദേശങ്ങൾ നൽകിയെന്ന വിമർശനമുണ്ട്.
വിവിധ രാഷ്ട്രനേതൃത്വങ്ങളും മഹാമാരിക്കാലത്ത് അത്യാവശ്യമായ സഹാനുഭൂതിയോ ആശയവിനിമയത്തിലെ വ്യക്തതയോ പ്രകടമാക്കിയില്ല. കോവിഡ് പ്രതിരോധത്തിലെ രണ്ടു മാതൃകകളായി പല വിദഗ്ധരും കാണുന്നത് ദക്ഷിണ കൊറിയയെയും ഘാനയെയുമാണ്. നേരത്തേ 'സാർസ്' മഹാമാരിയുടെ അനുഭവമുള്ള കൊറിയ കഴിഞ്ഞവർഷം ജനുവരിയിൽതന്നെ രോഗത്തിെൻറ വരവിനെപ്പറ്റി ജനങ്ങളോട് പറയുകയും ജനങ്ങളെ മാസ്ക് ധരിപ്പിക്കുകയും ചെയ്തു. രോഗപ്പകർച്ച കണ്ടെത്തുന്ന മൊബൈൽ ആപ് കൂടിയായതോടെ അടച്ചിരിപ്പില്ലാതെതന്നെ രോഗബാധ നിയന്ത്രിക്കാനായി. ദക്ഷിണ കൊറിയൻ രോഗപ്രതിരോധ കേന്ദ്രം കമീഷണർ ഡോ. ജൊങ് യുൻ ഗ്യുങ്ങിെൻറ അർപ്പണബോധവും വിശ്വാസ്യതയും അവർ പ്രകടിപ്പിച്ച നേതൃശേഷിയും ഇക്കാര്യത്തിൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇതേ വിശ്വാസ്യതയും സുതാര്യതയും തന്നെയാണ് ഘാന പ്രസിഡൻറ് അകുഫോ അദ്ദോയുടെ നേതൃത്വത്തെയും വേറിട്ടുനിർത്തിയത്. ലോക്ഡൗൺ ഏർപ്പെടുത്താൻ തുടക്കത്തിലേ തീരുമാനിച്ച അദ്ദേഹം ജനങ്ങൾക്ക് രണ്ടാഴ്ചത്തെ സാവകാശം അതിന് നൽകി; മാത്രമല്ല, ദുർബല വിഭാഗങ്ങളോട് കാണിച്ച സഹാനുഭൂതിയും അദ്ദേഹത്തെ അനുസരിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു.
നേതൃത്വത്തിെൻറ വിശ്വാസ്യത കുറയുകയും ആശയവിനിമയം സുതാര്യമല്ലാതാവുകയും ദുർബലരോട് പരിഗണന കാട്ടാതിരിക്കുകയും ചെയ്ത രാജ്യങ്ങളിലാണ് രോഗബാധയുടെ തോത് കുതിച്ചുയർന്നതെന്നും പഠനങ്ങളിൽ കണ്ടു. മോശം പ്രകടനത്തിെൻറ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത് ബ്രസീൽ, യു.കെ, ഇന്ത്യ എന്നീ രാജ്യങ്ങളാണ്. ബ്രസീലിൽ പ്രസിഡൻറ് ബൊൽസനാരോയും യു.കെയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണും രോഗത്തിെൻറ ഗൗരവം കുറച്ചുകാണിച്ചപ്പോൾ ഇന്ത്യയിൽ മുന്നൊരുക്കമില്ലാത്ത ലോക്ഡൗണും ആശ്രയമറ്റ തൊഴിലാളികളുടെ പ്രയാണവും വിപരീതഫലമുണ്ടാക്കി.
മറ്റെല്ലാവരും രോഗമുക്തരാകലാണ് ഓരോരുത്തരുടെയും സുരക്ഷ എന്ന പാഠം ആവർത്തിക്കുേമ്പാഴും സമ്പന്ന രാജ്യങ്ങളുടെ 'വാക്സിൻ ദേശീയത'യാണ് കോവിഡ് പ്രതിരോധത്തിലെ പുതിയ ഭീഷണി. ആഫ്രിക്കയിലെ മൊത്തം രാജ്യങ്ങളിൽ 13 എണ്ണം മാത്രമാണ് കുത്തിവെപ്പ് തുടങ്ങിയിട്ടുള്ളത്. അതേസമയം, യു.എസിലെ പത്തിലൊന്ന് ജനങ്ങളും രണ്ടു ഡോസും സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. മരുന്നുകമ്പനികളുടെ കച്ചവടക്കണ്ണ് കാര്യങ്ങൾ വഷളാക്കുന്നുമുണ്ട്. ബൗദ്ധിക സ്വത്തവകാശ നിയമത്തിെൻറ മറവിൽ അവർ നടത്തുന്ന ചൂഷണം ദരിദ്രരാജ്യങ്ങളെയാണ് കൂടുതൽ ബാധിക്കുന്നത്. ദരിദ്രരടക്കം എല്ലാവരും പൂർണ മുക്തി നേടുവോളം ഏറ്റവും വലിയ സമ്പന്നരും രോഗഭീഷണിയിൽനിന്ന് വിടുതൽനേടുന്നില്ലെന്ന സത്യം എല്ലാവരും ഓർക്കുന്നത് നന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.