ചികിത്സാവിധി കൂടി ചീഫ് ജസ്റ്റിസ് നിർദേശിക്കട്ടെ

നിയമവ്യവഹാരങ്ങളിൽ നീതിപീഠങ്ങളുടെ തീർപ്പുകൾ എപ്പോഴും എല്ലാവർക്കും തൃപ്തികരമാവണമെന്നില്ല. എങ്കിലും, രാജ്യത്തിന്‍റെ ഭരണഘടനയെ സംരക്ഷിക്കുന്നതിലും അത് ജനത്തിന് അനുഭവവേദ്യമാക്കുന്നതിലും മികച്ച പങ്കാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ നിർവഹിച്ചുവരുന്നത്. അതുകൊണ്ടാണ് അതിന് കളങ്കമേൽക്കുന്ന ഏതു സ്ഥിതിവിശേഷവും ആശങ്കയോടെ വീക്ഷിക്കപ്പെടുന്നത്.

പുതുതായി ചുമതലയേറ്റ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈയിടെ നടത്തിയ ചില നിരീക്ഷണങ്ങൾ ഈയടിസ്ഥാനത്തിലുള്ളതാണ്. കീഴ്കോടതിയിലെ ജഡ്ജിമാർ ജാമ്യം അനുവദിക്കുന്ന വിഷയത്തിൽ മടികാണിക്കുന്നുവെന്നും തങ്ങൾ ഉന്നംവെക്കപ്പെടുമെന്ന ഭീതിയാണ് അതിന് കാരണം എന്നുമുള്ള അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ അത്ര പന്തിയല്ല കാര്യങ്ങൾ എന്നതിന്‍റെ സൂചനയാണ്.

ശനിയാഴ്ച ബാർ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കെ അദ്ദേഹം പറഞ്ഞത് കുറ്റകൃത്യത്തെക്കുറിച്ചോ അതിന്‍റെ നിയമ നടപടിക്രമങ്ങളെ കുറിച്ചോ അറിയാത്തതല്ല, അതിഗുരുതരമായ കേസുകളിൽ വിധിപറഞ്ഞാൽ അത് തങ്ങൾക്ക് ഭീഷണിയായിത്തീരുമോ എന്നു ഭയന്നാണ് കീഴ്കോടതികൾ അതിനു മിനക്കെടാതിരിക്കുന്നത് എന്നാണ്. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്‍റെ സാന്നിധ്യത്തിലായിരുന്നു ഈ തുറന്നുപറച്ചിൽ.

ജഡ്ജിമാർ ടാർഗറ്റ് ചെയ്യപ്പെടുമെന്ന ഭീതിയിലാണ് എന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് വിശദാംശങ്ങളിലേക്ക് പോയിട്ടില്ല. എന്നാൽ, ഇത് കേൾക്കുമ്പോൾ നീതിന്യായമണ്ഡലവുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി ഇന്ത്യയിൽ കണ്ടുവരുന്ന ഗർഹണീയമായ പ്രവണതകൾ ആരുടെയും ഉള്ളിലേക്ക് ഓടിയെത്തും. അതിലൊന്നാണ് 2014 ഡിസംബർ ഒന്നിന് ജസ്റ്റിസ് ലോയ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം. ഗുജറാത്ത്, രാജസ്ഥാൻ പൊലീസിന്‍റെ വ്യാജ ഏറ്റുമുട്ടൽ സുപ്രീംകോടതി ഇടപെടലിൽ പുതിയ അന്വേഷണത്തിലേക്കും കോടതിവിചാരണയിലേക്കുമൊക്കെ നീങ്ങുകയായിരുന്നു. സംഭവത്തിൽ അന്ന് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ അടക്കമുള്ളവരുടെ പേരുകൾ ഉയർന്നുവന്നു. സുപ്രീംകോടതി 'വിശാല ഗൂഢാലോചന' അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ആ ദിശയിൽ ബോംബെ ഹൈകോടതി നീങ്ങുന്നതിനിടെയാണ് ലോയയുടെ മരണം. 2018 ഏപ്രിലിൽ സുപ്രീംകോടതി ഉന്നത രാഷ്ട്രീയ ഗൂഢാലോചന തള്ളിക്കളഞ്ഞ് ഈ വിഷയത്തിൽ വന്ന പൊതുതാൽപര്യ ഹരജിയിൽ വിധിപുറപ്പെടുവിച്ചു. ഇതേ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ടുതന്നെ സി.ബി.ഐ ജഡ്ജായിരുന്ന ജെ.ടി. ഉത്പലിനെ 2014ൽ രായ്ക്കുരാമാനം സ്ഥലംമാറ്റിയിരുന്നു.

പണ്ട് ഇന്ത്യയിൽ അടിയന്തരാവസ്ഥക്കാലത്താണ് ഇത്തരത്തിൽ ഭരണകൂടത്തിന്‍റെ കൈകടത്തലിലൂടെ ജഡ്ജിമാരെ കൂടക്കൂടെ സ്ഥലംമാറ്റിക്കൊണ്ടിരുന്നത്. ഇന്ദിരസർക്കാറിന്‍റെ കരുതൽതടങ്കലിനെതിരെ വിധിപറഞ്ഞ 16 ജഡ്ജിമാർക്ക് അന്ന് സ്ഥലംമാറ്റമുണ്ടായി. രാഷ്ട്രപതി, സുപ്രീംകോടതി ജഡ്ജിയുമായി ആലോചിച്ചുവേണം ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവുമൊക്കെ എന്നായിരുന്നു അന്നത്തെ പതിവ്. പിന്നീട് അതിൽ നിക്ഷിപ്ത രാഷ്ട്രീയതാൽപര്യങ്ങൾ ഇടംതേടുന്നു എന്ന പരാതിയെ തുടർന്നാണ് ഒടുവിൽ സുപ്രീംകോടതി ജഡ്ജിമാരുടെ കൊളീജിയത്തിന് ഈ അധികാരം വകവെച്ചുനൽകിയത്.

എന്നാൽ, അതുകൊണ്ടും പരാതിക്ക് പരിഹാരമായില്ലെന്ന് തെളിയിക്കുന്നു ഗുജറാത്ത് ഹൈകോടതിയിൽ സഹപ്രവർത്തകനെ സ്ഥലംമാറ്റിയതിനെതിരെ നടക്കുന്ന പ്രതിഷേധം. രാഷ്ട്രീയ ഇടപെടലിനെതിരെ ന്യായാധിപന്മാരുടെ സമിതി അവരുടെ നിയമനവും സ്ഥലംമാറ്റവും നടത്തട്ടെ എന്ന തീരുമാനത്തിലായിരുന്നു കൊളീജിയത്തിന്‍റെ പിറവി.

എന്നാൽ, കേന്ദ്രത്തിലെ ബി.ജെ.പി ഗവൺമെന്‍റ് അതിൽ തൃപ്തരായിരുന്നില്ല. അവർ 2014ൽ നാഷനൽ ജുഡീഷ്യൽ അപ്പോയന്‍റ്മെന്‍റ് കമീഷൻ കൊണ്ടുവന്ന് ഈ അധികാരം കവരാൻനോക്കി. കേന്ദ്ര നിയമമന്ത്രിയായിരുന്നു ഈ നിർദിഷ്ട കമീഷനിലെ അവസാനവാക്ക്. എന്നാൽ, അതിന് സുപ്രീംകോടതി അനുമതി നൽകിയില്ല. അതിനുശേഷം കൊളീജിയത്തെ മറക്കുപിന്നിൽനിന്ന് മറികടക്കുന്ന പുതിയരീതിയാണ് കേന്ദ്രം ആവിഷ്കരിച്ചത്.

2015ൽ ഗ്രീൻപീസ് ആക്ടിവിസ്റ്റിന്‍റെ വിദേശയാത്ര വിലക്കിനെതിരെ ഉത്തരവിട്ട ജസ്റ്റിസ് രാജീവ് ശാക്ധറിനെ, 2017ൽ കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേലിനെ, 2019ൽ മധ്യപ്രദേശ് ഹൈകോടതിയിലെ ജസ്റ്റിസ് ആകിൽ അബ്ദുൽഹമീദ് ഖുറൈശിയെ ഒക്കെ ഇങ്ങനെയാണ് കൈകാര്യംചെയ്തത്. 2020ലെ ഡൽഹി വംശീയകലാപവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ചതിനും ജസ്റ്റിസ് എസ്. മുരളീധറിനും അഡീഷനൽ സെഷൻസ് ജഡ്ജ് വിനോദ് യാദവിനും കിട്ടി കൂലി വരമ്പത്തുതന്നെ. അങ്ങനെ കൊളീജിയം വിഷയത്തിൽ സുപ്രീംകോടതിയും കേന്ദ്രസർക്കാറും തമ്മിലെ ശീതസമരം തുടരുമ്പോഴും രാഷ്ട്രീയ ഇടപെടലുകൾ മുടക്കില്ലാതെ തുടരുകയാണ്.

ഈ സമ്മർദങ്ങൾ മുന്നിൽ വെച്ചുകൂടിയാവാം കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെ ഇരുത്തി ചീഫ് ജസ്റ്റിസ് ഉള്ളതു പറഞ്ഞത്. അതേ പ്രസംഗത്തിൽതന്നെ ഗുജറാത്ത് ഹൈകോടതിയിൽനിന്ന് ജസ്റ്റിസ് നിഖിൽ എസ്. കരിയലിന്‍റെ സ്ഥലംമാറ്റ വിവാദത്തിൽ ചർച്ചക്ക് ജസ്റ്റിസ് ചന്ദ്രചൂഡ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു. എന്നാൽ, ദേശീയതാൽപര്യം മുൻനിർത്തിയുള്ള കൊളീജിയം തീരുമാനത്തിനെതിരെ ജഡ്ജിമാർ കലാപമുയർത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നിയമമന്ത്രിയുടെ വാദം. എന്നാൽ, നീതിന്യായത്തിന്‍റെ ഉപഭോക്താക്കൾക്ക് ദുരനുഭവമുണ്ടാക്കുന്നതൊന്നും ജുഡീഷ്യറിയിൽനിന്നുണ്ടാകാൻ പാടില്ലെന്നാണ് ചീഫ്ജസ്റ്റിസിന്‍റെ നിലപാട്.

ജനാധിപത്യത്തിന്‍റെ കാതലാണ് ജനത്തെക്കുറിച്ചുള്ള ഈ കരുതൽ. അതിന് ഊനംതട്ടിക്കുന്ന പ്രവണതകൾ കണ്ടുവരുന്നു എന്നാണ് കീഴ്കോടതി ജഡ്ജിമാരുടെ ദുരനുഭവം പറഞ്ഞ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ജനാധിപത്യത്തിൽ പൗരന്മാർക്ക് ഭയത്തിൽനിന്ന് മോചനം നൽകേണ്ട സ്ഥാപനമാണ് ജുഡീഷ്യറി. അവർതന്നെ ഭീതിയുടെ സമ്മർദത്തിന് വിധേയമായാൽ പിന്നെ എന്തുണ്ട് രക്ഷ?

അതിനാൽ രോഗനിർണയം നടത്തിയ രാജ്യത്തെ അത്യുന്നത ന്യായാധിപന്‍റെ നേതൃത്വത്തിൽ പരമോന്നത നീതിപീഠത്തിൽനിന്ന് ചികിത്സാവിധിയും പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Let the Chief Justice dy chandrachud prescribe the treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT