ഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനു തുടങ്ങിയ ഇസ്രായേൽ-ഹമാസ് സംഘർഷത്തിന് അന്ത്യം വരുത്താൻ ഒടുവിൽ യു.എൻ രക്ഷാസമിതി വഴി തുറന്നിരിക്കുന്നുവെന്നു പറയാം. തിങ്കളാഴ്ച അമേരിക്ക അവതരിപ്പിച്ച സമാധാന പദ്ധതി അടങ്ങിയ യുദ്ധവിരാമ പ്രമേയം ഇസ്രായേലിനും ഹമാസിനും സ്വീകാര്യമാണെന്ന വാർത്ത ആശ്വാസം പകരുന്നതാണ്​. രക്ഷാസമിതിയിലെ 15ൽ 14 അംഗങ്ങൾ അനുകൂലിക്കുകയും റഷ്യ വിട്ടുനിൽക്കുകയും ചെയ്തതോടെയാണ് പ്രമേയം പാസായത്​. റഷ്യ വീറ്റോ പ്രയോഗിച്ചിരുന്നെങ്കിൽ ഫലം മറിച്ചായേനെ. അവതരണത്തിനു മുമ്പുതന്നെ അമേരിക്ക ഇസ്രാ​യേലിന്‍റെ അനുമതി വാങ്ങിയിരുന്നതിനാൽ അവ​രുടെ സമ്മതം ലഭിച്ചുവെന്നാണ്​ അർഥം. തിരശ്ശീലക്കു പിന്നിൽ മധ്യവർത്തികളായ ഖത്തറും ഈജിപ്തും നടത്തിയ ചർച്ചകൾക്കുശേഷം ഹമാസും സമ്മതം മൂളി. എട്ടു മാസമായി തുടരുന്ന 37,164 പേർ കൂട്ടക്കുരുതിക്കിരയാവുകയും 85,000 പേർക്ക് പരിക്കേൽക്കുകയുംചെയ്ത യുദ്ധമാണ് ഗസ്സയെ തരിശുഭൂമിയോളം വിജനമാക്കിയതും രണ്ടേകാൽ ദശലക്ഷത്തോളം ജനങ്ങളെ പിറന്ന മണ്ണിൽ അഭയാർഥികളാക്കിയതും. ഇസ്രായേലി പക്ഷത്തുനിന്ന് ഏതാണ്ട് 1139 പേരും ഇതിനകം അധിനിവേശ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്​. 


ഇതിനുമുമ്പ് മാർച്ചിൽ രക്ഷാസമിതിയിൽ വന്ന പ്രമേയം ഇസ്രായേലിന്‍റെ ഇംഗിതമനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന അമേരിക്ക വീറ്റോ ചെയ്തതാണ്. ഇപ്പോൾ പാസായ പ്രമേയം മേയ് 31ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻതന്നെ ഒരു നിർദേശമായി മുന്നോട്ടുവെച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പ്രമേയത്തിന് ഒരു ദിവസം മുമ്പ് ഇസ്രായേലിൽ എത്തി പിന്തുണ ഉറപ്പുവരുത്തിയശേഷം പറഞ്ഞത് ഹമാസിനെ സമ്മതിപ്പിക്കാനുള്ള ദൗത്യത്തെക്കുറിച്ചാണ്. എന്നാൽ അതിനകം ഖത്തർ-ഈജിപ്ത് സംയുക്ത സമാധാനശ്രമങ്ങൾ വഴി ഹമാസ് ഊന്നിപ്പറഞ്ഞത് ഏതാണ്ട് ഈ നിർ​ദേശങ്ങൾ തന്നെയാണ്.

മൂന്നു ഘട്ടങ്ങളിലായാണ്​ സമാധാന പദ്ധതി പൂർത്തിയാകുക. ആദ്യഘട്ടത്തിൽ ആറാഴ്ച നീളുന്ന വെടിനിർത്തൽ, അതിനൊപ്പം ഹമാസിന്‍റെ പിടിയിലുള്ള ഇസ്രായേലി തടവുകാരെയും ഇസ്രായേലിലെ ഫലസ്തീൻ തടവുകാരെയും പരസ്പരം കൈമാറണം. അതോടൊപ്പം ഗസ്സയുടെ ജനനിബിഡ മേഖലയിൽനിന്ന് ഇസ്രായേൽ പൂർണമായി പിന്മാറുകയും വേണം. ഫലസ്തീൻ സിവിലിയന്മാർക്ക് ഗസ്സയിലെവിടെയും പ്രവേശിക്കാൻ കഴിയണം. ഇത് ആറാഴ്ചക്കുള്ളിൽ നടപ്പായില്ലെങ്കിൽ ഉപാധികൾ പൂർത്തീകരിക്കുന്നതുവരെ ശ്രമം തുടരണം. ഒന്നാം ഘട്ടത്തിൽതന്നെ മാനുഷികസഹായവുമായി എത്തുന്ന ട്രക്കുകൾക്ക്​, ദിനംപ്രതി 600 എന്നതോതിൽ ഗസ്സയിൽ പ്രവേശനം നൽകണം. രണ്ടാംഘട്ടത്തിൽ ശത്രുത പൂർണമായും അവസാനിപ്പിച്ച്​ ഗസ്സയിലെ തടവുകാരെ മുഴുവൻ മോചിപ്പിക്കുകയും ഇസ്രായേലി സൈന്യം പൂർണമായും ഗസ്സയിൽനിന്ന് പിന്മാറുകയും ചെയ്യണം. മൂന്നാംഘട്ടത്തിൽ വർഷങ്ങൾ നീളുന്ന ബൃഹത്തായ പുനർനിർമാണ പദ്ധതിക്ക്​ ഗസ്സയിൽ തുടക്കം കുറിക്കണം. ഗസ്സയിൽ ​കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ ബാക്കിയുണ്ടെങ്കിൽ അവ തിരികെ നൽകണം. ഹമാസിനെ പൂർണമായും പരാജയപ്പെടുത്തിയശേഷമേ എന്ത് യുദ്ധവിരാമവുമുള്ളൂ എന്ന ഇസ്രായേൽ നയംതന്നെ മാറ്റണമെന്നായിരുന്നു റഷ്യയുടെ പക്ഷം. എങ്കിലും, അറബ് രാജ്യങ്ങൾ ഈ പദ്ധതിയെ പിന്തുണച്ചതിനാൽ തങ്ങൾ വീറ്റോ പ്രയോഗിക്കുന്നില്ലെന്ന് റഷ്യ അറിയിച്ചു. പ്രമേയം പാസായ ഉടനെ തിങ്കളാഴ്ചതന്നെ ഹമാസ് പിന്തുണ അറിയിച്ചു. ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് എന്ന ഫലസ്തീൻ സായുധ വിഭാഗവും പ്രമേയം ശരിവെച്ചിട്ടുണ്ട്.

യു.എൻ പ്രമേയം പ്രത്യക്ഷത്തിൽ പശ്ചിമേഷ്യയിൽ തൽക്കാലം സമാധാനപ്രതീക്ഷ നൽകുന്നുണ്ട്. ബോംബാക്രമണങ്ങളും നിഷ്ഠുരമായ മർദനങ്ങളും അഴിച്ചുവിട്ട ഇസ്രായേലിന്‍റെ ചെയ്തികൾ ഏറെനാൾ പൊറുത്തശേഷം ശക്തമായ തിരിച്ചടിയെന്നോണം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന്റെ പേരിൽ ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന നശീകരണവും നരനായാട്ടും തൽഫലമായുണ്ടായ മാനുഷിക ദുരന്തവും ഏതു വിധേനെയെങ്കിലും അവസാനിച്ചു കാണണമെന്നാണ്​ ലോകം കൊതിച്ചത്. എന്നാൽ, ഇതോടൊപ്പം ഉയരുന്ന ആശങ്കകളും ധാരാളം. യു.എൻ പ്രമേയങ്ങളെ ഒരു നിർബന്ധ ബാധ്യതയെന്ന നിലയിൽ ഇന്നോളം ഇസ്രായേൽ മാനിച്ച ചരിത്രമില്ല. മാത്രമല്ല യുദ്ധ വിരാമം, പിടിച്ചടക്കിയ ഭൂമിയിൽനിന്ന് പിന്മാറൽ, സ്വദേശികളോടുള്ള പെരുമാറ്റത്തിൽ അന്തർദേശീയ മര്യാദകൾ പാലിക്കൽ തുടങ്ങിയവയിലെല്ലാം ഇസ്രായേൽ ധിക്കാരത്തിനു സമാനമായ അവജ്ഞ കാണിച്ചതാണ് ചരിത്രം. പ്രമേയം രക്ഷാസമിതി എന്നും ആവശ്യപ്പെട്ട ചർച്ചകളിലൂടെയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിൽ വീണ്ടും ഊന്നുന്നുണ്ട്. ഒപ്പം ഗസ്സ ചീന്തും വെസ്റ്റ് ബാങ്കും സംയോജിപ്പിച്ച് ഫലസ്തീൻ അതോറിറ്റിക്കു കീഴിൽ കൊണ്ടുവരുന്ന കാര്യവും പരാമർശിക്കുന്നുണ്ട്. ഇതൊന്നും ഇസ്രായേൽ അംഗീകരിക്കാത്തതാണ്​.

ഇതിനു പുറമെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു കടുത്ത ആഭ്യന്തര വെല്ലുവിളികൾ നേരിടുകയാണ്. യുദ്ധ കാബിനറ്റിലെ അംഗം ബെന്നി ഗാൻസിന്റെ രാജി സൂചിപ്പിക്കുന്നത്​ അതാണ്. തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഗസ്സ തുടർന്നും കൈവശം വെച്ച്, ഹമാസിനെ ഇല്ലാതാക്കി അവിടെ ഭരണം സ്ഥാപിക്കണമെന്നു വാദിക്കുന്ന തീവ്ര വലതുപക്ഷവും ഒരു അന്തർദേശീയ സമിതി തുടർന്ന് ഭരണം നിലനിർത്തണം എന്ന് വാദിക്കുന്നവരും ഒക്കെയായി അഭിപ്രായ സമവായത്തിലെത്താൻ പാടുപെടുകയാണ് നെതന്യാഹു. എങ്ങനെയെങ്കിലും യുദ്ധം നീട്ടിക്കൊണ്ടുപോയി തനിക്കെതിരെ നിലവിലുള്ള അഴിമതി ആരോപണങ്ങൾ ഉൾപ്പെട്ട കേസുകൾ നിയമപീഠത്തിനു മുന്നിൽ വന്ന് ഇളിഭ്യനാകുന്നത് ഒഴിവാക്കാനാണ് നെതന്യാഹുവിന്‍റെ ശ്രമം. അങ്ങനെ വരുമ്പോൾ, പണ്ടെന്നപോലെ പന്ത് വീണ്ടും ഇസ്രായേലിന്‍റെ കോർട്ടിലേക്ക്​ ഉരുളുകയാണ്​. അവർ ലോക സമാധാനത്തിന്റെ താൽപര്യമനുസരിച്ച് നീങ്ങുമോ, അ​വരെയതിന് നിർബന്ധിക്കാൻ ഉത്തരവാദപ്പെട്ടവർ മുന്നിട്ടിറങ്ങുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 

Tags:    
News Summary - Let there be peace in Middle east Madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT