ജനാധിപത്യത്തെക്കൂടി മഹാമാരി ബാധിച്ചോ എന്ന് ചോദിക്കേണ്ടിവന്നിരിക്കുന്നു. കോവിഡ്-19 അടിയന്തര തീരുമാനങ്ങളും കർക്കശനടപടികളും ആവശ്യപ്പെടുന്നുണ്ട് എന്നത് ശരിയാണ്. ലോക്ഡൗണടക്കമുള്ള ആത്യന്തിക നിയന്ത്രണങ്ങൾ ആവശ്യവുമാകാം. ഭരണകൂടമാണ് ഇതെല്ലാം ചെയ്യേണ്ടത് എന്നതും ശരിതന്നെ. എന്നാൽ, ഈ അടിയന്തരഘട്ടത്തിൽ ലഭ്യമായ അമിതാധികാരം ഭരണഘടനക്ക് ചേരുംവിധമാണ് പ്രയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താതിരുന്നാൽ രോഗബാധ പിൻവാങ്ങുേമ്പാൾ ജനാധിപത്യംകൂടി ഇല്ലാതായെന്നു വരും. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നിഷേധിച്ച് കോവിഡ് നിയന്ത്രണവുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളിലും കോവിഡ്കാലത്തെ പ്രത്യേകാധികാരം ഉപയോഗിക്കുന്നുണ്ട്. പൗരാവകാശപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ കേസെടുക്കുന്നു; അവരെ തടങ്കലിലിടുന്നു. മഹാമാരിയെ നേരിടാൻ അസാധാരണമായ അധികാരം സ്വന്തമാക്കുന്ന ഭരണനിർവഹണവിഭാഗം അതിരുവിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യത്തിെൻറ മറ്റു രണ്ടു തൂണുകളായ ജനപ്രതിനിധിസഭകളും നീതിന്യായ വിഭാഗവുമാണ്.
നിർഭാഗ്യവശാൽ കോവിഡിെൻറ ഭീകരത മറയാക്കി എക്സിക്യൂട്ടിവ് നിറഞ്ഞാടുേമ്പാൾ ലെജിസ്ലേച്ചറും ജുഡീഷ്യറിയും അരികുകളിലേക്ക് തള്ളിമാറ്റപ്പെട്ടിരിക്കുന്നു. സുപ്രീംകോടതിയും ഹൈകോടതികളും ‘അടിയന്തര’ കാര്യങ്ങൾ മാത്രമാണ് നോക്കുന്നത്. ‘അടിയന്തര’ത്തിെൻറ മാനദണ്ഡം അവ്യക്തവും. മദ്യം വീടുകളിലെത്തിച്ചുകൊടുക്കുന്നത് അടിയന്തര പ്രാധാന്യത്തോടെ കേൾക്കുേമ്പാൾ, അടിസ്ഥാനാവശ്യങ്ങൾക്കുപോലും വകയില്ലാത്ത ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം മാറ്റിവെക്കപ്പെടുന്നു. കീഴ്കോടതികളാകട്ടെ, റിമാൻഡ് കേസുകൾ മാത്രം കേൾക്കുന്ന തലത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ലെജിസ്ലേച്ചറിെൻറ കാര്യം ഇതിലും കഷ്ടമാണ്. നിർണായകമായ തീരുമാനങ്ങളിൽവരെ പ്രതിപക്ഷത്തിെൻറ മാത്രമല്ല ഭരണപക്ഷത്തിെൻറപോലും പങ്കാളിത്തമില്ല. ഓൺലൈൻ സമ്മേളനങ്ങൾക്കുള്ള ഒരു ശ്രമവും തുടങ്ങിയിട്ടില്ല- ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ‘മൻ കി ബാത്ത്’ കേൾക്കാനോ കേൾപ്പിക്കാനോ വകയില്ല.
ജനകീയസഭകളോ കോടതികളോ ഇത്രയേറെ അധികാരം കൈയൊഴിഞ്ഞ കാലം േവറെ ഉണ്ടായിട്ടില്ല. മഹാമാരിക്കാലത്ത് വേറെ വഴിയില്ല എന്നാവാം വാദം. നിയമത്തിലെ അക്ഷരം നോക്കി ജനാധിപത്യത്തിെൻറ താൽപര്യം മറികടക്കാമെന്ന ഒഴികഴിവും കണ്ടേക്കാം. മഹാരാഷ്ട്രയിൽ അതാണ് നടന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മേയ് 27ഓടെ എം.എൽ.എ ആകേണ്ടതുണ്ടായിരുന്നു. മാർച്ച് 26ന് തെരഞ്ഞെടുപ്പ് നിശ്ചയിച്ചതുമാണ്. പക്ഷേ, കോവിഡ് കാരണം അത് അനിശ്ചിതമായി നീട്ടിവെക്കേണ്ടിവന്നു. അതിനാൽ നാമനിർദേശമെന്ന വഴി സ്വീകരിക്കേണ്ടിവന്നു. ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള നോമിനേഷൻ ജനപ്രാതിനിധ്യത്തിെൻറ ദുർബലമായ അറ്റമാണ്. കൗൺസിലിലേക്കെന്നല്ല, അസംബ്ലിയിലേക്കുതന്നെ തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ കോവിഡ് ന്യായമാക്കാമോ? മഹാമാരികൾ ഇനിയും വരാം. കോവിഡ്-19 തന്നെ രണ്ടുവർഷമെങ്കിലും നീണ്ടുനിന്നേക്കാമത്രെ. അതിനിടക്ക് നടക്കേണ്ടതാണ് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും കേരളത്തിനു പുറമെ, ബിഹാറിലെയും പശ്ചിമ ബംഗാളിലെയും അസമിലെയും തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയുമൊക്കെ നിയമസഭ തെരഞ്ഞെടുപ്പുകളും. ഓൺലൈൻ വോട്ടിങ് നടപ്പാക്കാവുന്ന രീതിയിൽ നമ്മുടെ സാങ്കേതികസൗകര്യങ്ങൾ ഉടനെയൊന്നും വ്യാപകമാകാൻ പോകുന്നില്ല. അതിനാൽ മഹാമാരിക്കാലത്തെ ആരോഗ്യചിട്ടകൾ പാലിച്ചു വോെട്ടടുപ്പ് നടത്താൻ കഴിയണം. ഈ ലോക്ഡൗൺ സാഹചര്യം നിലനിൽക്കെയാണ് ഒമ്പത് രാജ്യങ്ങളിൽ തെരഞ്ഞെടുപ്പോ ഹിതപരിശോധനയോ ഒക്കെ നടന്നത്. തെക്കൻ കൊറിയ ലോക്ഡൗൺ മര്യാദകൾ പാലിച്ചുകൊണ്ട് ദേശീയ തെരഞ്ഞെടുപ്പ് നടത്തിയത് ഈയിടെയാണ്.
ജനപ്രതിനിധിസഭകളും ഇലക്ഷൻ കമീഷനും മാത്രമല്ല, മഹാമാരിക്കാലത്തിനായി പാകപ്പെടേണ്ടത്. അവകാശനിഷേധങ്ങൾക്കുവരെ കോവിഡിനെ മറയാക്കാൻ ഭരണകൂടം ധൃഷ്ടരാകുേമ്പാൾ മഹാമാരിക്കാലത്തും പ്രവർത്തിക്കേണ്ട അവശ്യസേവനങ്ങളുടെ പട്ടികയിൽ ജുഡീഷ്യറി ഉൾപ്പെട്ടിട്ടില്ല എന്നത് വിചിത്രമാണ്. സ്വയം മാറിനിൽക്കാൻ ജുഡീഷ്യറിക്ക് വൈമനസ്യമില്ല എന്നത് മറ്റൊരു പ്രശ്നം. ബ്രിട്ടൻ നിയമ-നീതിന്യായവിഭാഗത്തെ അവശ്യസേവനമായി പ്രഖ്യാപിച്ചത് ഈ കോവിഡ്കാലത്താണ്. യു.എസിലും നീതിന്യായം അവശ്യസർവിസ് തന്നെ. ഇന്ത്യയിലോ? ഗർഭിണിയെയടക്കം ഭീകരത്തടങ്കലിലാക്കുന്നു. പൊതുവിതരണത്തിനുള്ള അരി വെട്ടിച്ചവിവരം പുറത്തുവിട്ട ആക്ടിവിസ്റ്റുകളെ പഴയ കേസിെൻറ പേരിൽ അകത്താക്കുന്നു. മനുഷ്യരെ ലോക്ഡൗൺ ലംഘനത്തിെൻറ പേരുപറഞ്ഞ് പീഡിപ്പിക്കുന്നു; വ്യാപകമായി രഹസ്യനിരീക്ഷണം നടത്തുന്നു. ജുഡീഷ്യറിയുടെ അതിരിനുള്ളിൽ എക്സിക്യൂട്ടിവ് അതിക്രമിച്ചെത്തുന്നു. ഇങ്ങനെ, കോവിഡ് പ്രതിസന്ധിയിലാക്കിയത് ജനാധിപത്യത്തെത്തന്നെയാണ്. കൈവിട്ട അധികാരം ജനപ്രതിനിധികളും ജുഡീഷ്യറിയും തിരിച്ചുപിടിക്കണം. അതിന് കോവിഡ് പോകാൻ കാത്തിരിക്കേണ്ടതില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.