2018 ഡിസംബറിൽ നടന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രഗല്ഭനായ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗ ഹാെൻറ കിരീടം തെറിപ്പിച്ച് കോൺഗ്രസ് ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഭരണം പിടിച്ചെ ടുത്തതു മുതൽ ആരംഭിച്ച പാർട്ടിയിലെ അധികാര വടംവലി നിർണായക ഘട്ടത്തിൽ എത്തിയിരിക്കുകയാണ്, ജ്യോതിരാദിത്യ സിന്ധ ്യയുടെ രാജിയോടെ. തെൻറ രാജകീയ പാരമ്പര്യവും യുവജന സ്വാധീനവും മുൻനിർത്തി താനാണ് മുഖ്യമന്ത്രി പദത്തിന് എന്ത ുകൊണ്ടും അർഹൻ എന്ന് 49 കാരനായ ജ്യോതിരാദിത്യ സിന്ധ്യ കരുതിയതോടൊപ്പം ഡൂൺ സ്കൂളിൽ സഹപാഠിയായിരുന്ന രാഹുൽ ഗാ ന്ധി തെൻറ പക്ഷത്ത് ഉറച്ചുനിൽക്കും എന്ന് കണക്കുകൂട്ടുകയും ചെയ്തിരുന്നു.
രാജമാതാ വിജയ് രാജെ സിന്ധ്യ യുടെ പൗത്രനും കോൺഗ്രസിെൻറ കരുത്തനായ നേതാവ് മാധവറാവു സിന്ധ്യയുടെ മകനുമെന്ന നിലയിൽ താനൊരിക്കലും തഴയപ്പെടുമെന്ന് ജ്യോതിരാദിത്യ പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ, തലമുതിർന്ന നേതാവ് കമൽനാഥ് അദ്ദേഹത്തിെൻറ മാർഗത്തിൽ തടസ്സമായി. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ പ്രധാനമന്ത്രിയായി കോൺഗ്രസ് അധികാരത്തിലേറുമെന്ന് സ്വപ്നംകണ്ട രാഹുൽ ഗാന്ധി മന്ത്രിസഭയിൽ തെൻറ വലംകൈയായി സിന്ധ്യ ഉണ്ടാവുമെന്നുറപ്പ് നൽകിയ പശ്ചാത്തലത്തിലാവണം തൽക്കാലം അദ്ദേഹം അടങ്ങിയത്. കോൺഗ്രസിെൻറ തിരിച്ചുവരവ് കേവലം നഷ്ടസ്വപ്നമായതോടെ മധ്യപ്രദേശിൽ തെൻറ സാമ്രാജ്യം നിർമിച്ചെടുക്കാനുള്ള യത്നത്തിൽ വീണ്ടും മുഴുകുകയല്ലാതെ ജ്യോതിരാദിത്യയുടെ മുന്നിൽ വഴിയുണ്ടായിരുന്നില്ല.
രാജിവെച്ച രാഹുൽ ഗാന്ധിയുടെ പകരക്കാരനായി എ.ഐ.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് അദ്ദേഹത്തിെൻറ പേർ ഉയർന്നുവന്നുവെങ്കിലും അക്കാര്യവും അനിശ്ചിതമായി നീണ്ടു. കോൺഗ്രസുകാരിയായി രംഗപ്രവേശം ചെയ്ത രാജ്മാത ഭാരതീയ ജനസംഘത്തിലെത്തിപ്പെട്ടപോലെ ഒടുവിലിതാ പേരമകൻ ജ്യോതിരാദിത്യയും ബി.െജ.പിയുടെ പടിവാതിൽക്കൽ എത്തിച്ചേർന്നിരിക്കുന്നു. 22 എ.എൽ.എമാരുടെ പിന്തുണ ഇതിനകം ഉറപ്പാക്കിയ അദ്ദേഹത്തെ മുഖ്യമന്ത്രിപദത്തിലിരിക്കാൻ ശിവരാജ്സിങ് ചൗഹാൻ അനുവദിച്ചില്ലെങ്കിലും രാജ്യസഭയിലൂടെ പാർലമെൻറിലെത്തി കേന്ദ്ര മന്ത്രിസഭയിൽ ഇടംനേടാനാണത്രെ ഓഫർ.
ഒരുവശത്ത് ശതകോടികളിറക്കിയും പദവികൾ വെച്ചുനീട്ടിയും എം.എൽ.എമാരെ ചാക്കിലേറ്റാൻ ബി.ജെ.പി തുനിഞ്ഞിറങ്ങിയിരിക്കെ ലഘുവായ പ്രതിരോധം തീർക്കാൻപോലും കോൺഗ്രസിനൊരു നേതാവില്ല. ഒടുവിലത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു പ്രസിഡൻറ് രാഹുൽ ഗാന്ധി തദ്സ്ഥാനം രാജിവെച്ചതിനെ തുടർന്ന് തെൻറ തീരുമാനം പുനഃപരിശോധിക്കാനുള്ള ഹൈകമാൻഡിെൻറയും പ്രവർത്തക സമിതിയുടെയും സർവവിധ സമ്മർദങ്ങളെയും അദ്ദേഹം തട്ടിമാറ്റുകയാണ് ചെയ്തിരിക്കുന്നത്.
അസുഖബാധിതയായ അമ്മ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം താൽക്കാലികമായി ഏറ്റെടുത്തു കടുത്ത പ്രതിസന്ധിയിൽനിന്ന് കോൺഗ്രസിനെ രക്ഷിച്ചെങ്കിലും മാസങ്ങളായിട്ടും തൽസ്ഥിതി തുടരുന്നത് തികഞ്ഞ അനിശ്ചിതത്വത്തിലേക്കാണ് സംഘടനയെ തള്ളിവിട്ടിരിക്കുന്നത്. സ്വതേ അനൈക്യവും ഗ്രൂപ്പിസവും കാലുമാറ്റവും വാർത്ത പോലുമല്ലാതായ ഈ ആൾക്കൂട്ട പാർട്ടിയിൽ, രാജ്യത്തിെൻറ ഭരണഘടനതന്നെ അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കം അതിെൻറ പാരമ്യതയിലേക്ക് കുതിക്കെ ഒരു വീണ്ടെടുപ്പിനുള്ള ശ്രമം എവിടെയും ദൃശ്യമല്ലെന്നത് മതനിരപേക്ഷ ഇന്ത്യയുടെ ഭാവിയിൽ ആശങ്കാകുലരായ എല്ലാവരെയും അസ്വസ്ഥരാക്കുന്നുണ്ട്. നെഹ്റു കുടുംബത്തിൽനിന്നുതന്നെ വേണം കോൺഗ്രസിെൻറ സാരഥി എന്ന ശാഠ്യവും എന്നാൽ, അങ്ങനെയൊരു ശാഠ്യത്തിന് വഴങ്ങാനാവില്ലെന്ന ഇളമുറക്കാരെൻറ വാശിയുമാണ് നേതൃ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ പ്രധാന തടസ്സമെങ്കിലും പാർട്ടി പിരിച്ചുവിടാൻ തീരുമാനിക്കാത്തിടത്തോളം കാലം അതിനൊരു നേതാവ് കൂടിയേ തീരൂ.
ഇക്കാര്യത്തിൽ ഒരു സത്വര തീരുമാനം വേണമെന്ന മുതിർന്ന പാർട്ടി അംഗവും യു.പി.എ സർക്കാറിലെ മുൻ മന്ത്രിയുമായ ശശി തരൂരിെൻറ അഭിപ്രായപ്രകടനത്തെ പോലും നല്ല കണ്ണോടെ കാണാൻ പല നേതാക്കൾക്കും കഴിയാതെ പോവുന്നതാണ് വിചിത്രമായിരിക്കുന്നത്. സമയം വരുേമ്പാൾ രാഹുൽ തന്നെ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് ചിലർ. മറ്റു ചിലരാകട്ടെ, പ്രിയങ്ക ഗാന്ധിയെ കാത്തിരിക്കുകയാണ്. മൂന്നാമതൊരാളെ നിർദേശിക്കാൻ ആരും ധൈര്യപ്പെടുന്നേയില്ല. അഥവാ, അതിലേക്ക് വാതിൽ തുറന്നാൽ സ്ഥാനമോഹികളുടെ എണ്ണം അനിയന്ത്രിതമായിരിക്കും എന്നാണ് കരുതേണ്ടത്. ഇതിനെല്ലാം മൗലികമായ കാരണം ജവഹർലാൽ നെഹ്റുവിനുശേഷം പ്രത്യയശാസ്ത്രപരമായ അടിത്തറ കോൺഗ്രസിന് നഷ്ടപ്പെടുകയും അദ്ദേഹം മുറുകെ പിടിച്ചിരുന്ന ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, എന്നീ തത്ത്വങ്ങളിൽനിന്ന് പാർട്ടി ബഹുദൂരം അകന്ന് അവസരവാദികളുടെയും സ്ഥാനമോഹികളുടെയും മക്കൾ രാഷ്ട്രീയക്കാരുടെയും കേമ്പാസ്റ്റ് കുഴിയായി പാർട്ടി രൂപാന്തരപ്പെടുകയും ചെയ്തതാണ്.
നടേപറഞ്ഞ മൂന്ന് മൗലിക തത്ത്വങ്ങൾ ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർക്കാൻ സഫലശ്രമം നടത്തിയ ഇന്ദിര ഗാന്ധി പോലും ഏകാധിപത്യത്തിെൻറ വഴി തിരഞ്ഞെടുത്തത് മായ്ക്കാനോ മറക്കാനോ കഴിയാത്ത പാതകമായി നിലനിൽക്കുന്നു. എന്നാൽപോലും ഹിന്ദുത്വ ഫാഷിസത്തിനു മുന്നിൽ മുട്ടുമടക്കാൻ തയാറില്ലാത്ത പലരും കോൺഗ്രസിെൻറ നേതൃനിരയിലുണ്ട്. അവരിലൊരാളായി രാഹുൽ ഗാന്ധിയെ എണ്ണാവുന്നതേയുള്ളൂ. പക്ഷേ, രാഹുലിെൻറ വഴി തടഞ്ഞതും മനംമടുപ്പിച്ചതും ആരാണെന്ന ചർച്ച ഇപ്പോഴും കൃത്യമായ ഉത്തരമില്ലാതെ തുടരുന്നു. അനുദിനം ശോഷിച്ചുകൊണ്ടിരിക്കുന്ന മതനിരപേക്ഷ ജനാധിപത്യചേരിക്ക് പുതുജീവൻ നൽകാനും കാളരാത്രിയിൽ വെളിച്ചം പ്രസരിപ്പിക്കാനും ഇച്ഛാശക്തിയുള്ള ഒരു നേതൃത്വം കോൺഗ്രസിനുണ്ടാവണമെന്നത് രാജ്യത്തിെൻറയും ഭരണഘടനയുടെയും നന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമാണ്, പ്രാർഥനയാണ്. അതു കണ്ടില്ലെന്ന് നടിച്ച് ജനാഭിലാഷം പുറംകാലുകൊണ്ട് തട്ടിമാറ്റാനുള്ള ധാർഷ്ട്യം ഉത്തരവാദപ്പെട്ടവർക്കുണ്ടാവില്ല എന്ന് പ്രതീക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.