ആദ്യതരംഗത്തെ തുടർന്ന് എല്ലാ വാതിലുകളും അടച്ചിട്ട് ലോകം ലോക്ഡൗണിലമർന്നപ്പോൾ ആരോഗ്യപ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും നിയമപാലകർക്കുമൊപ്പം കോവിഡിനെതിരായ യുദ്ധത്തിന്റെ മുൻനിരയിൽ ഞങ്ങളുമുണ്ടായിരുന്നു- മാധ്യമ പ്രവർത്തകർ. രോഗപ്പകർച്ച തടയാൻ ജാഗ്രത പാലിക്കണമെന്ന് ബോധവത്കരിച്ചും സമൂഹമാധ്യമങ്ങളിലും വാട്സ്ആപ് യൂനിവേഴ്സിറ്റികളിലും പ്രചരിച്ച കിംവദന്തികളെ പൊളിച്ചും ആരോഗ്യ പരിരക്ഷാ മേഖലയിലെ ഗുരുതരാവസ്ഥ വിവരിച്ചും ആശ്വാസ വാർത്തകൾ പങ്കുവെച്ചും സദാ യുദ്ധമുന്നണിയിൽതന്നെ. പൊതു-സ്വകാര്യ സ്ഥാപനങ്ങളെല്ലാം ഒന്നൊന്നായി അടച്ചിട്ടപ്പോഴും, നിലനിൽപ് തന്നെ ഭീഷണിയിലാംവിധം ഒട്ടനവധി പ്രതിസന്ധികൾ നേരിട്ടപ്പോഴും കേരളത്തിലെ വർത്തമാന പത്രങ്ങൾ ഒരുദിവസം പോലും മുടങ്ങിയില്ല, ചാനൽ സ്റ്റുഡിയോകൾ അടച്ചിട്ടില്ല.
എവിടെയും പടർന്നുപിടിക്കുന്ന രോഗാണു മാധ്യമപ്രവർത്തകരോട് എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യുമെന്ന് കരുതാൻ വയ്യല്ലോ, ഞങ്ങളിൽ പലരും പനിച്ചുപൊള്ളി കുഴഞ്ഞു വീണിരുന്നു. അപ്പോഴും ഞങ്ങളെക്കുറിച്ചായിരുന്നില്ല, ചികിത്സയോ ഭക്ഷണമോ ലഭിക്കാതെ വലയുന്ന അനേകർക്ക് അത് ലഭ്യമാക്കണമെന്നാണ് ഞങ്ങൾക്ക് പറയാനുണ്ടായിരുന്നത്, പുറംനാടുകളിൽ കുടുങ്ങിപ്പോയവർക്ക് ഉറ്റവർക്കരികിലെത്താൻ വഴിയുണ്ടാക്കണമെന്നാണ് വാദിച്ചത്. അടഞ്ഞ വീടകങ്ങൾക്കുള്ളിൽ ശ്വാസംമുട്ടി കഴിയേണ്ടിവരുന്നവർക്ക് പുറംലോകത്തിന്റെ ശുദ്ധവായു എത്തിക്കാനായിരുന്നു ഞങ്ങളുടെ തിടുക്കം.
പോയ വർഷത്തേക്കാൾ കാഠിന്യത്തോടെ കടന്നെത്തിയ രണ്ടാം തരംഗം ഇപ്പോഴിതാ പേനയും കാമറയുമേന്തിയ മുന്നണിപ്പോരാളികളെയും കവർന്നുകൊണ്ടുപോകുന്നു. രാജ്യത്തെ വനിതാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ്വർക് ഓഫ് വിമൺ ഇൻ മീഡിയ (എൻ.ഡബ്ല്യു.എം.ഐ) സമാഹരിച്ച കണക്കു പ്രകാരം ഇതിനകം 243 ഇന്ത്യൻ മാധ്യമപ്രവർത്തകരാണ് കോവിഡ് മൂലം മരിച്ചത്. ഏപ്രിലിൽ പ്രതിദിനം ശരാശരി രണ്ടു മാധ്യമ പ്രവർത്തകർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മുഖ്യധാരയിൽപ്പെടാത്ത, ഗ്രാമീണ-പ്രാദേശിക തലങ്ങളിൽ വാർത്തശേഖരണം നടത്തുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം ഈ പട്ടികയിലും കൃത്യമായി ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. പത്രങ്ങളുടെ അച്ചടിയും വിതരണവുമെല്ലാം കൃത്യമാക്കാൻ പ്രയത്നിക്കുന്ന പത്രപ്രവർത്തകേതര ജീവനക്കാരുടെ എണ്ണം കൂടി ചേർത്താൽ നടുക്കുന്ന കണക്കാകുമത്. രാജ്യതലസ്ഥാന നഗരിയിൽ ഞങ്ങളുടേതുൾപ്പെടെ നിരവധി മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളും കൊടിയ രോഗത്തിന്റെ പിടിയിലാണ്, പത്രങ്ങളുടെ തലസ്ഥാന ബ്യൂറോ പ്രവർത്തിക്കുന്ന ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി ബിൽഡിങ് ഏറക്കുറെ ആളൊഴിഞ്ഞ അവസ്ഥയിലുമാണ്. ഉത്തരേന്ത്യയും തലസ്ഥാനവും പിന്നിട്ട് കോവിഡ് ഞങ്ങളുടെ വാർത്താമുറികൾക്കരികിലുമെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു മലയാളി മാധ്യമ പ്രവർത്തകനെ കോവിഡ് ഇല്ലാതാക്കി. കരിയറിലെ തിളക്കമാർന്നൊരു ഘട്ടത്തിൽ നിൽക്കെയാണ് മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദിന്റെ വിയോഗം. പ്രിയപ്പെട്ടവർ ഇല്ലാതാവുന്നതറിയുേമ്പാഴും നിറഞ്ഞ കണ്ണുകൾ തുടച്ച് നനവാർന്ന, വിറയാർന്ന കൈകളാൽ അടുത്ത വാർത്തകൾ തയാറാക്കുവാനാണ് ഞങ്ങളുടെ നിയോഗം.
പൊതുസമൂഹം പലപ്പോഴും തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്നതുപോലുള്ള പ്രത്യേക പരിഗണനകളോ പരിരക്ഷകളോ മാധ്യമ പ്രവർത്തകർക്കില്ല. മുച്ചൂടും തകർന്നുനിൽക്കുന്ന രാജ്യത്തെ സർക്കാർ സംവിധാനത്തിനുകീഴിൽ സുരക്ഷ ഒട്ടുമില്ല. കാര്യങ്ങൾ ഇത്രമാത്രം കൈവിട്ട നിലയിലാണെങ്കിൽ ഇത്ര പണിപ്പെട്ട് പുറത്തിറങ്ങിയെന്തിന് വാർത്തയെടുക്കുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാവാം. സംഭവിക്കുമായിരുന്ന, സംഭവിക്കാനിരിക്കുന്ന ഇതിലും ഭയാനകമായ ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും തടഞ്ഞു നിർത്താനും എന്നാണുത്തരം. ആശുപത്രി വരാന്തയിൽനിന്ന്, എരിയുന്ന ശ്മശാനങ്ങൾക്ക് മുന്നിൽനിന്ന് ഞങ്ങളീ കണക്കുകളും സത്യങ്ങളും വിളിച്ചു പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇവിടെയെല്ലാം മംഗളം ശുഭമെന്ന് ചൊല്ലി യാഥാർഥ്യങ്ങളെ കൂട്ടകുഴിമാടങ്ങളിലടക്കിയേനെ രാജ്യം ഭരിക്കുന്ന അധികാരികൾ. കോവിഡിനെ മാത്രമല്ല, ആശുപത്രികളിലെ പ്രയാസങ്ങളും മരുന്നിന്റെ ലഭ്യതക്കുറവും റിപ്പോർട്ട് ചെയ്യുന്നവരെ രാജ്യസുരക്ഷാ നിയമം ചുമത്തി അറസ്റ്റു ചെയ്ത് സ്വത്ത് കണ്ടുകെട്ടുമെന്ന ഭീഷണിയെയും നേരിടേണ്ടി വരുന്നുണ്ട് ഇന്ത്യയുടെ പലയിടങ്ങളിലും മാധ്യമപ്രവർത്തകർക്ക്.
ഡൽഹി, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ മാധ്യമപ്രവർത്തകരെ കോവിഡ് മുന്നണിപ്പോരാളികളായി പ്രഖ്യാപിച്ചിരുന്നു, കേരളവും ഒരുക്കങ്ങൾ തുടങ്ങൂന്നതായറിയുന്നു. എന്തു പേരിട്ടുവിളിച്ചാലും മണ്ണിന്റെയും മനുഷ്യന്റെയും സമാധാനപൂർണമായ നിലനിൽപിനായുള്ള പോരാട്ടം ഞങ്ങൾ തുടരുക തന്നെ ചെയ്യും. നിർഭയമായി സത്യങ്ങൾ വിളിച്ചുപറയുവാനുള്ള സാഹചര്യം, അതുമാത്രമാണ് ഞങ്ങൾക്കാവശ്യം. കോവിഡിൽ ജീവൻ നഷ്ടപ്പെട്ട പത്രപ്രവർത്തകർക്കും പത്രപ്രവർത്തകേതര ജീവനക്കാർക്കും 'മാധ്യമം' ആദരവുകളർപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.