'യങ് ഇന്ത്യ'യിൽ ബ്രിട്ടീഷ് ഭരണത്തെ വിമർശിച്ച് ലേഖനങ്ങളെഴുതിയതിന് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ കൊളോണിയൽ ഭരണകൂടം കോടതി കയറ്റി. രാജ്യദ്രോഹമായിരുന്നു ചാർത്തിയ കുറ്റം. കോടതിയിൽ ഗാന്ധി തുറന്നടിച്ചു: ''124 എ വകുപ്പുതന്നെ ചാർത്തിയതിൽ സന്തോഷം. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ, രാഷ്ട്രീയ വകുപ്പുകളുടെ കൂട്ടത്തിലെ രാജാവാണത്. പൗരസ്വാതന്ത്ര്യം അടിച്ചമർത്തുകയാണ് ലക്ഷ്യം.'' 1922ലായിരുന്നു ഇത്. ഒരു നൂറ്റാണ്ട് കഴിഞ്ഞ് ഇപ്പോൾ, സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടത്തോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അതേവാദം ആവർത്തിക്കേണ്ടിവന്നിരിക്കുന്നു. സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ വിദേശി ഭരണകൂടം തയാറാക്കിയ ഒരു നിയമം സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടായിട്ടും കൂടുതൽ വ്യാപ്തിയിൽ സ്വാതന്ത്ര്യനിഷേധത്തിനായി കൊണ്ടുനടക്കുന്നു എന്ന വൈരുധ്യത്തിലേക്കാണ് ചീഫ് ജസ്റ്റിസ് രമണയുടെ പരാമർശങ്ങൾ വിരൽ ചൂണ്ടിയത്. ജനാധിപത്യ സ്വാതന്ത്ര്യത്തെ നിരാകരിക്കുന്നതാണ് ബ്രിട്ടീഷ് നിർമിതിയായ 124 എ വകുപ്പ്. ഇന്ന്, എന്തിനുമേതിനും ഈ വകുപ്പ് പ്രയോഗിക്കുന്ന സ്ഥിതിയുണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം ന്യായമാണ്. വിമർശനം താങ്ങാനാവാത്തത്ര ദുർബലമോ നമ്മുടെ ഭരണവ്യവസ്ഥ എന്ന ചോദ്യം ഉയരുന്നത് ഒരു തിക്തസത്യത്തിൽനിന്നാണ്: സർക്കാറിനെ വിമർശിക്കുന്നത് തടയാനാണ് ഇന്ന് രാജ്യദ്രോഹക്കേസുകൾ എടുക്കുന്നത് എന്ന സത്യം. 124 എ വകുപ്പ് കാലഹരണപ്പെട്ടില്ലേ എന്ന ചോദ്യം ഉയരുന്നതുപോലും ഏഴരപതിറ്റാണ്ട് വൈകിയിട്ടാണ്.
ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപോലെ, 124 എ വകുപ്പ് പ്രകാരം എടുത്ത കേസുകൾ കോടതിയിൽ തെളിയിക്കാനാവാതെ പോവുന്നു എന്നതുതന്നെ ഈ വകുപ്പിന്റെ ദുരുപയോഗത്തിന്റെ തെളിവാണ്. പക്ഷേ, തെളിഞ്ഞില്ലെങ്കിലും അത് ചാർത്തപ്പെടുന്നതോടെ ശിക്ഷതുടങ്ങുന്നു എന്നതാണ് ഇന്ത്യയിലെ യാഥാർഥ്യം. വാറൻറില്ലാതെ അറസ്റ്റ് ചെയ്യാവുന്നതും ജാമ്യമില്ലാത്തതുമായ വകുപ്പാണിത്. ആരോപിതന്റെ പാസ്പോർട്ടടക്കം പിടിച്ചുവെക്കും. മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് കോടതി പ്രതിയെ െവറുതെ വിട്ടാലും നഷ്ടപ്പെട്ടത് തിരിച്ചുനൽകാനാകില്ല; നഷ്ടപരിഹാര വ്യവസ്ഥപോലും നിയമത്തിലില്ല. അതുകൊണ്ടുതന്നെ, 124 എ നിയമപുസ്തകത്തിൽ കിടക്കുന്നത് വിമർശകരുടെ വായമൂടുന്നതരത്തിൽ 'ചില്ലിങ് ഇഫക്ട്' ഉണ്ടാക്കുന്നു. രാജ്യദ്രോഹം തടയുകയല്ല, സർക്കാറിനെ വിമർശിക്കുന്നത് തടയുകയാണ് ഉദ്ദേശ്യം എന്നർഥം. പൗരത്വനിയമഭേദഗതിക്കും കാർഷിക നിയമങ്ങൾക്കുമെതിരെ പ്രതിഷേധിച്ചതിന് രാജ്യദ്രോഹക്കുറ്റം ചാർത്തി. പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത 3700 ആളുകൾക്കെതിരെ എടുത്ത 25 രാജ്യദ്രോഹക്കേസുകളിൽ 22ഉം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നത്, ആരാണീ നിയമം ദുരുപയോഗിക്കുന്നത് എന്നു തെളിയിക്കുന്നു. ഒരു പഠനമനുസരിച്ച്, രാഷ്ട്രീയ പ്രതിഷേധങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ട കേസുകളുടെ 96 ശതമാനവും നേരന്ദ്ര മോദിയുടെ ഭരണകാലത്ത് എടുത്തതാണ്. സ്വസമുദായത്തിന് സംവരണം വേണമെന്ന് പറഞ്ഞതിന് ഹാർദിക് പേട്ടലും ലോക്ഡൗണിനെ വിമർശിച്ചതിന് വിനോദ് ദുവയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ദ്രോഹനടപടികളെ ആക്ഷേപിച്ചതിന് അയിഷ സുൽത്താനയും ''രാജ്യദ്രോഹി''കളായി. 'ആർട്ടിക്ൾ 14' എന്ന നിയമകാര്യ വെബ്സൈറ്റിന്റെ കണക്കനുസരിച്ച്, പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ കുറ്റപ്പെടുത്തിയാൽ രാജ്യദ്രോഹക്കേസ് ഉണ്ടാകുന്നുവെന്നു മാത്രമല്ല, അത് പതിവുമാകുന്നു- മോദിയെ വിമർശിച്ചതിന് 149ഉം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ചതിന് 144ഉം രാജ്യദ്രോഹക്കേസുകളെടുത്തു. ഇത്തരം ''രാജ്യദ്രോഹി''കളിൽ വിദ്യാർഥികളും മാധ്യമപ്രവർത്തകരും പ്രതിപക്ഷക്കാരും ആക്ടിവിസ്റ്റുകളുമൊക്കെപ്പെടും. 1870ൽ ബ്രിട്ടീഷുകാരുണ്ടാക്കിയ നിയമം 2021ൽ ഏറ്റവും വലിയ രാഷ്്ട്രീയയായുധമായിരിക്കുന്നു.
രാഷ്ട്രീയമായി മാത്രമല്ല ദുരുപയോഗം നടക്കുന്നത്. വർഗീയപ്പക തീർക്കാനും ഇതു വ്യാപകമായി പ്രയോഗിക്കപ്പെടുന്നുണ്ട്. ഇഷ്ടമില്ലാത്തവരെ, വിരോധമുള്ളവരെ, കുടുക്കാൻ എന്തെങ്കിലും കാരണമുണ്ടാക്കി പൊലീസിൽ പരാതിപ്പെടും; പൊലീസ് 124 എ ചുമത്തി കേസെടുക്കും. ഈ തരത്തിൽ രാജ്യദ്രോഹത്തിന് പ്രേരണയാകുന്നുണ്ട് രാജ്യദ്രോഹനിയമം. ദുരുപയോഗ സാധ്യതയും ദുരുപയോഗവും ഈ നിയമത്തെ ജനദ്രോഹമാക്കിയിരിക്കുന്നു. 1962ൽ സുപ്രീംകോടതി അതിന് ഭരണഘടനാസാധുത ഉണ്ടെന്ന് വിധിച്ചെങ്കിലും ഇന്ന് അത് മൗലികാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും ഭീഷണിയാണ്. അന്ന് സുപ്രീംകോടതി മുന്നോട്ടുവെച്ച മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നില്ല. നിയമത്തിന്റെ ദുരുപയോഗം തടയാൻ കേദാർനാഥ് കേസിലും സുപ്രീംകോടതി ശ്രമിച്ചുനോക്കി; നടന്നില്ല. നിയമത്തിൽനിന്ന് കോടതി വെട്ടിക്കളഞ്ഞ ഐ.ടി ചട്ടം നിർബാധം പ്രയോഗിക്കപ്പെടുന്ന ഒരു നാട്ടിൽ, ദുരുപയോഗം തെളിഞ്ഞുകഴിഞ്ഞ പഴഞ്ചൻ നിയമം എടുത്തുകളയുക മാത്രമാണ് പ്രതിവിധി. നിയമത്തിന്റെ ശിൽപികളായ ബ്രിട്ടീഷുകാർ അവരുടെ നിയമപുസ്തകത്തിൽനിന്ന് അതു പാടേ എടുത്തുകളഞ്ഞത്, വിയോജിപ്പും പ്രതിഷേധവും അടിച്ചമർത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ്. റിട്ട. മേജർ ജനറൽ വോംബാദ്കെരെ കോടതിക്കുമുമ്പാകെ വെച്ച അപേക്ഷ -124 എ വകുപ്പ് റദ്ദാക്കണമെന്നത്- അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഇന്ത്യൻ ജനാധിപത്യത്തിന് ശുദ്ധവായു വീണ്ടെടുത്ത് കൊടുക്കുമെന്നും ഗാന്ധിജിയുടെ പക്ഷം ചേരുമെന്നും പ്രതീക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.