ഇന്ത്യയുടെ ഒരു മകൾ തുല്യതയില്ലാത്ത ക്രൂര അതിക്രമങ്ങൾക്കിരയായിട്ട് ഒരു വർഷം കടന്നുപോയിരിക്കുന്നു. അവൾ നേരിട്ട യാതനകൾ പോയിട്ട് ഹാഥറസ് എന്ന സ്ഥലനാമം പോലും നമ്മളിൽ പലരുമിന്ന് ഓർമിക്കുന്നില്ല. കണ്ണീരും രോഷവും കലർന്ന ഫേസ്ബുക്ക് പോസ്റ്റുകളും മെഴുകുതിരി തെളിക്കലും ഓൺലൈൻ പ്രതിഷേധ യോഗങ്ങളും നടത്തി പൊതുസമൂഹവും ആശ്വാസ വാക്കുകൾ നൽകി ചിത്രങ്ങളെടുത്ത് നേതാക്കളും മാധ്യമങ്ങളും എന്നേ പിരിഞ്ഞുപോയി. ഈ ഭൂമിയിൽ വിശ്വസിക്കാനാവുന്ന ഒരാളും ഒപ്പമില്ലെന്ന സങ്കടത്തോടെ, വേദനകളും ഭീഷണികളും അപവാദങ്ങളും സഹിച്ചാണ് അവളുടെ കുടുംബമിന്ന് കഴിഞ്ഞുപോരുന്നതെന്നറിയുേമ്പാൾ സഹജസ്നേഹമെന്ന വികാരം അൽപമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ കുറ്റബോധത്താൽ താഴ്ന്നുപോകണം 139 കോടി ശിരസ്സുകൾ.
ജാതിമാടമ്പിമാരായ നാല് പുരുഷർ കൂട്ടം ചേർന്ന് 19 വയസ്സുള്ള ദലിത് യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കുകയും നൃശംസനീയമായ ഈ ക്രൂരത പുറം ലോകത്തോട് വിളിച്ചുപറയില്ലെന്നുറപ്പാക്കാൻ നാവുമുറിയുന്ന, നട്ടെല്ല് തകർന്നുപോകുന്ന ഉപദ്രവങ്ങൾ അഴിച്ചുവിടുകയുമായിരുന്നു. പരാതിയുമായിച്ചെന്ന കുടുംബത്തെ അവഹേളിച്ച് ആട്ടിപ്പായിച്ച യു.പി പൊലീസ് നാലു നാൾ കഴിഞ്ഞാണ് ഒരു പരാതി രേഖപ്പെടുത്താൻ കൂട്ടാക്കിയതുപോലും. വേദനകളോട് ഏറെ ദിവസം മല്ലിട്ട്, കരുണാരഹിതമായ ഈ ലോകത്തുനിന്ന് തോറ്റുമടങ്ങി അവൾ. കുടുംബത്തെപ്പോലുമറിയിക്കാതെ, മരണശേഷമെങ്കിലും അൽപം മാന്യത നൽകാൻ തയാറാവാതെ പൊലീസുകാർ ചേർന്ന് രായ്ക്കുരാമാനം ചുട്ടെരിച്ചു ഭൗതികദേഹം. കോടതി നിർദേശമുണ്ടായിട്ടും നീതിയുക്തമായ അന്വേഷണം ആരംഭിക്കാനുമുണ്ടായി കാലവിളംബം. ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഡൽഹിയിൽനിന്ന് പോയ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെയും വിദ്യാർഥി സംഘടന പ്രവർത്തകരെയും യു.എ.പി.എ ചുമത്തി ജയിലിൽ പൂട്ടിയിട്ടു. ലൈംഗിക അതിക്രമകാരികൾക്ക് ഐക്യദാർഢ്യമറിയിച്ച് ബി.ജെ.പി മുൻ നിയമസഭാംഗത്തിെൻറ നേതൃത്വത്തിൽ ഹിന്ദുത്വ സംഘടനകളുടെ പ്രകടനങ്ങൾ അരങ്ങേറി.
നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉയർന്ന ശബ്ദങ്ങളെയെല്ലാം സംസ്ഥാനത്തെ താറടിച്ചു കാണിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയായി മുദ്രകുത്തി ഭീരുക്കളെപ്പോലെ ഒളിച്ചുകളിച്ചു ശക്തനായ മുഖ്യമന്ത്രി എന്ന് ആരാധകരാൽ വാഴ്ത്തെപ്പടുന്ന യോഗി ആദിത്യനാഥ്. ബലാത്സംഗം നടന്നിട്ടില്ലെന്നും ജാതീയ ലൈംഗിക അതിക്രമമല്ലെന്നും സംസ്ഥാന സർക്കാർ കോടികൾ ചെലവിട്ട് നിയോഗിച്ച പ്രചാരണ സംഘം ചൊല്ലിക്കൊടുത്തതിൻ പ്രകാരം ഏറ്റുപാടാൻ മാധ്യമങ്ങളുണ്ടായി. ആർഷ ഭാരത സംസ്കാരം പിൻപറ്റാത്ത പെൺകുട്ടികളാണ് പീഡനങ്ങൾക്ക് ഇരയാവുന്നത് തുടങ്ങിയ പോഴത്തങ്ങൾ ഉത്തരവാദപ്പെട്ട പദവികളിലിരിക്കുന്നവർ എഴുന്നള്ളിച്ചു. ജാതിമേധാവികളുടെ നിർദേശാനുസരണം സാമൂഹികമായ ഒറ്റപ്പെടുത്തൽ കൂടിയായതോടെ വേദനകളെല്ലാം ആ കുടുംബത്തിേൻറത് മാത്രമായി.
ഒരാളും തങ്ങളുമായി സംസാരിക്കുന്നു പോലുമില്ലെന്നും ശ്വാസം മുട്ടി ദിവസങ്ങൾ തള്ളിനീക്കുകയാണെന്നും പറയുന്നു അവർ. ഒച്ചിഴയും വേഗത്തിലാണ് കേസിലെ നടപടിക്രമങ്ങൾ നീങ്ങുന്നത്. കുറ്റകൃത്യങ്ങളുടെ കേദാരവും ബലാത്സംഗ തലസ്ഥാനവുമായ യു.പിയിൽ ഹാഥറസിന് ശേഷവും നിരവധി ലൈംഗിക അതിക്രമങ്ങളുണ്ടായി. ഹാഥറസിൽ 2018 ൽ നടന്ന മറ്റൊരു പീഡനക്കേസിലെ ഇരയുടെ പിതാവിനെ ജാമ്യത്തിലിറങ്ങിയ പ്രതി വെടിവെച്ചുകൊല്ലുകയും ചെയ്തു.
സ്ത്രീപീഡനത്തിനെതിരെ പ്രതികരിക്കുന്നതുപോലും രാജ്യദ്രോഹവും സംസ്കാരവിരുദ്ധവുമായി സ്ഥാപിച്ചെടുക്കാനും നീതി തേടിയുള്ള മുന്നേറ്റങ്ങളെ ഇല്ലാതാക്കാനും ഭരണകൂടം സകല മാർഗങ്ങളുമുപയോഗിച്ച് നിർലജ്ജം തുനിഞ്ഞിറങ്ങുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഹാഥറസിനു ശേഷം ദൃശ്യമായത്. സ്ത്രീവിരുദ്ധ അതിക്രമങ്ങളും നീതിനിഷേധവും പലകുറി മുമ്പുമുണ്ടായിട്ടുണ്ടെങ്കിലും പ്രതിഷേധിക്കുന്നവരെയും റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെയും ഞെരിച്ചൊതുക്കുന്നത് ഇതാദ്യമായിരുന്നു.
ഓർത്തുനോക്കൂ, 'നിർഭയ കേസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡൽഹി കൂട്ടബലാത്സംഗക്കേസിൽ ഇരക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്ന റെയ്സിനാ കുന്നുകളിലേക്ക് പോലും യുവത മാർച്ച് ചെയ്ത രാജ്യമാണിത്. പ്രതിഷേധക്കാർക്കെതിരെ പ്രതികാര നടപടിയെടുക്കാനല്ല, ജനരോഷം തിരിച്ചറിഞ്ഞ് നിയമം കർശനമാക്കാനാണ് അന്ന് ഭരണകൂടം സന്നദ്ധമായത്. എന്തേ, രാജ്യത്തെ എല്ലാ സ്ത്രീകളും ഇന്ത്യയുടെ മകൾ എന്ന വിളിക്ക് അർഹരല്ല എന്നുണ്ടോ?
ജോലി ഉപേക്ഷിക്കാനും കന്നുകാലികളെ വിറ്റൊഴിവാക്കാനും നിർബന്ധിതരായിരിക്കുന്നു ഹാഥറസ് പെൺകുട്ടിയുടെ കുടുംബം. കേസ് നടപടികൾക്കായി കോടതിയിലേക്ക് പോകുേമ്പാൾ അവരെ പിൻതുടർന്ന് ഭീഷണിപ്പെടുത്തുകയും അഭിഭാഷകനോട് വക്കാലത്ത് ഒഴിയാൻ നിർബന്ധിക്കുകയും ചെയ്യുന്നു മേൽജാതിക്കാർ. അതിദാരുണമാംവിധം മകളെ നഷ്ടപ്പെട്ട കുടുംബം ഇനിയും ഇത്തരം കഠിനമായ വേട്ടയാടലുകളെ നേരിടേണ്ടി വരുന്നുവെങ്കിൽ അന്നാട്ടിൽ ഒരു നിയമപാലന സംവിധാനം ഇല്ലെന്നുതന്നെ പറയേണ്ടി വരും; ഇതെല്ലാമറിഞ്ഞിട്ടും നിശ്ശബ്ദരായി നിഷ്ക്രിയരായി തുടരുന്ന നമ്മെപ്പോലുള്ള സഹപൗരരിൽ മാനുഷികതയുടെ കണികകൾപോലും അവശേഷിക്കുന്നില്ലെന്നും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.