സാക്ഷരകേരളം സാമൂഹികമായും രാഷ്ട്രീയമായും ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധ സംസ്ഥാനമാണെന്നാണ് നാം അഭിമാനപൂർവം അവകാശപ്പെടാറ്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അതിൽ ശരിയുണ്ടാവാം. എന്നാൽ, മുന്നോട്ടല്ല പിന്നോട്ടാണ് കേരളത്തിന്റെ പോക്ക് എന്നു സംശയിക്കാവുന്ന പരുവത്തിലാണ് കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നത്. തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം, ജയിച്ചവരും തോറ്റവരും സ്പോർട്സ്മാൻ സ്പിരിറ്റോടെ ജയപരാജയങ്ങൾ വിലയിരുത്തി ആവശ്യമായ പാഠം ഉൾക്കൊണ്ട് നിലനിർത്തേണ്ടത് നിലനിർത്തിയും തിരുത്തേണ്ടത് തിരുത്തിയും മുന്നോട്ടുപോവുകയാണ് പ്രബുദ്ധതയുടെ ലക്ഷണം. ഇവിടെ പക്ഷേ, സംഭവിച്ചുകൊണ്ടിരിക്കുന്നത് നേരെ വിപരീതമാണ്. നേരത്തേ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തപ്പെട്ട സ്വർണക്കടത്തും കള്ളക്കടത്തും കുഴൽപ്പണവും സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളാൽ ഒരിക്കൽകൂടി അന്തരീക്ഷം മുഖരിതമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്കും കുടുംബത്തിലേക്കും കനമുള്ള പെട്ടികൾ കോൺസുലേറ്റിൽനിന്ന് എത്തിക്കപ്പെട്ടതായി നേരത്തേ കുറ്റാരോപിതയായ വനിത പരസ്യമായി വിളിച്ചുകൂവുന്നു; അതുകേട്ട പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു; ആരോപിതരിൽ പേർ ചേർക്കപ്പെട്ട മുൻ മന്ത്രിയും ഇപ്പോൾ എം.എൽ.എയുമായ മാന്യദേഹം കോടതിയെ സമീപിക്കുന്നു; വിവാദവിധേയയായ വനിത കൂടുതൽ ആരോപണങ്ങളുമായി രംഗത്തു വരുന്നു; ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് ഭീഷണി മുഴക്കുന്നു; പ്രതിപക്ഷവും ബി.ജെ.പിയും മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം നടത്തുന്നു. ഭരണപക്ഷത്തെ നയിക്കുന്ന സി.പി.എം പുതിയ ഭീഷണിയെ നേരിടാൻ അരയും തലയുംമുറുക്കി തെരുവിലിറങ്ങുന്നു. കലുഷമായ അന്തരീക്ഷം കൂടുതൽ പ്രക്ഷുബ്ധമാവുന്നു. അതിനിടെയാണ് നാടിനെ മൊത്തം അമ്പരപ്പിച്ച് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിലെ രണ്ടു കോൺഗ്രസ് പ്രവർത്തകർ കയറിപ്പറ്റി, തലസ്ഥാനത്ത് ഇറങ്ങിയപാടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും മുഖ്യമന്ത്രിയെ അനുഗമിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ അവരെ തള്ളിവീഴ്ത്തുന്നതും അവരെ സി.ആർ.പി.എഫ് പിടികൂടി ലോക്കൽ പൊലീസിന് കൈമാറുന്നതും. മുൻ മാതൃകയില്ലാത്ത ഈ സംഭവം രാഷ്ട്രീയാന്തരീക്ഷത്തെ അപ്പാടെ ജ്വലിപ്പിച്ചതിൽ അദ്ഭുതമില്ല. മുഖ്യമന്ത്രിയുടെ നേരെ ആസൂത്രിത വധശ്രമമാണ് നടന്നതെന്ന് സർക്കാറിലെയും ഭരണപക്ഷത്തെയും പ്രമുഖർ ആരോപിക്കുമ്പോൾ തങ്ങൾ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പിടിയിലായ കോൺഗ്രസ് പ്രവർത്തകരും പാർട്ടിക്കാരും അവകാശപ്പെടുന്നത്. അതെന്തായാലും കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവൻ ഉൾപ്പെടെ കോൺഗ്രസ് ഓഫിസുകൾ നാടുനീളെ ആക്രമിക്കുകയാണ് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പൊലീസിനെ മാത്രം ആശ്രയിച്ചുനിൽക്കാതെ മുഖ്യമന്ത്രിയുടെ സംരക്ഷണത്തിന് തങ്ങൾ തന്നെ രംഗത്തിറങ്ങും എന്നതാണ് പാർട്ടിക്കാരുടെ പ്രഖ്യാപനം.
വിമാനത്തിലെ പ്രതിഷേധം നഗ്നമായ നിയമലംഘനവും അതിനാൽ തന്നെ അർഹമായ ശിക്ഷ ക്ഷണിച്ചുവരുത്തുന്നതുമാണെന്നതിൽ സംശയമില്ല. ജനാധിപത്യത്തിൽ പ്രതിഷേധത്തിനുമുണ്ട് ചട്ടങ്ങളും വഴക്കങ്ങളും പരിധികളുമൊക്കെ. പരമാവധി സുരക്ഷിതമായിരിക്കേണ്ട വിമാനയാത്രയിൽ ഇമ്മാതിരി അതിരുകടന്ന കോപ്രായങ്ങൾ ഒരു കാരണവശാലും അനുവദിച്ചുകൂടാ. അതിലൂടെ ലഭിക്കുന്ന പബ്ലിസിറ്റിയാണ് പ്രതികളുടെ ഉന്നമെങ്കിൽ ഇനിയൊരിക്കലും ആ പൂതി ഒരാൾക്കും ഇല്ലാതിരിക്കാനുള്ള നടപടിയാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. അവരെ ന്യായീകരിക്കുകയോ രക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെങ്കിൽ ജനാധിപത്യ മര്യാദയെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമേ അവർക്ക് നഷ്ടമാവും. അതേസമയം, ഇടതുമുന്നണി പരിധിയിൽ കവിഞ്ഞ് പ്രകോപിതരായി ഹിംസാത്മക പ്രവർത്തനങ്ങളിലേർപ്പെടുന്നതും ഓഫിസുകൾ തകർക്കുന്നതും അവരുടെ നിലപാടിനെ ദുർബലമാക്കുകയേ ചെയ്യൂ. ക്രമസമാധാനപാലനം പൊലീസിന്റെ ചുമതലയാണെന്ന് ഓർമപ്പെടുത്തേണ്ടതായിട്ടില്ല. പാർട്ടിക്കാർ നിയമം കൈയിലെടുക്കാൻ പോയാൽ 1959ൽ വിമോചനസമരത്തിലേക്ക് നയിച്ച തിക്താനുഭവങ്ങളാണ് ആവർത്തിക്കുക. വൻ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച ലഭിച്ചിരിക്കെ മുഖ്യമന്ത്രിയും സർക്കാറും മുന്നോട്ടുവെക്കുന്ന വികസന പ്രവർത്തനങ്ങളുമായി ജാഗരൂകരായി രംഗത്തിറങ്ങുക തന്നെയാണ് ജനങ്ങളെ ഒപ്പം ഉറപ്പിച്ചുനിർത്താനുള്ള വഴി. തൃക്കാക്കര പഠിപ്പിച്ച പാഠം തിരുത്തലിന്റേതാണ്, പ്രതികാരത്തിന്റെയോ ഹാലിളക്കത്തിന്റെയോ അല്ല. സംയമനവും അവധാനതയും മുഖ്യമന്ത്രിയുടെ തൊപ്പിക്ക് തൂവലാവുകയേ ചെയ്യൂ. ഏറ്റവുമൊടുവിൽ കെ-റെയിൽ പദ്ധതിയിലെ പിടിവാശി വേണ്ടിവന്നാൽ ഉപേക്ഷിക്കാൻ തയാറാണെന്ന പിണറായിയുടെ സൂചന ശുഭോദർക്കമായി കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.