അവർക്ക് വേണ്ടത് തൊഴിലാണ്

'അഗ്നിപഥ്' പദ്ധതിക്കെതിരെ വ്യാപകമായി ഉയർന്ന യുവജനരോഷം, ഏ​െറക്കാലമായി ഒതുക്കിവെച്ച ഒരു വലിയ പ്രശ്നത്തിലേക്കുകൂടി സന്ദർഭവശാൽ ശ്രദ്ധക്ഷണിച്ചിരിക്കുന്നു. തൊഴിലില്ലായ്മ എന്ന ഈ അതിരൂക്ഷ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിന് ഇനി ഒട്ടും കാലതാമസമരുത് എന്ന സന്ദേശം അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭം നൽകുന്നുണ്ട്. ഉന്മാദരാഷ്ട്രീയത്തിന്റെ കെട്ടുകാഴ്ചകളിൽ അടക്കിവെക്കപ്പെട്ട രോഷത്തിന്റെ ഒരു സൂചന ഇക്കൊല്ലം ആദ്യമാസത്തിൽതന്നെ ലഭ്യമായിരുന്നു. ഇന്ത്യൻ റെയിൽ​വേസിൽ 35,000 ക്ലർക്ക് തസ്തികകളിലേക്ക് പന്ത്രണ്ട് ലക്ഷം ഉദ്യോഗാർഥികൾ അപേക്ഷിച്ചിരുന്നു. ഉദ്യോഗാർഥികളുടെ എണ്ണം കുറക്കാൻ സർക്കാർ അടിസ്ഥാന യോഗ്യത ഉയർത്തി. അതോടെ പുറന്തള്ളപ്പെട്ട യുവാക്കൾ തെരുവിലിറങ്ങി. ബിഹാറിലെ ഗയ പട്ടണത്തിൽ ആയിരത്തോളംപേർ വെറുതെകിടന്ന റെയിൽവേ കോച്ചിന് തീവെച്ചു. പ്രതിഷേധം മറ്റിടങ്ങളിലേക്കും പടർന്നു. ഓരോ വർഷവും അരക്കോടി വീതം യുവാക്കൾ തൊഴിലിന് യോഗ്യത നൽകുന്ന ബിരുദങ്ങൾ നേടി കലാലയങ്ങൾ വിടുന്ന രാജ്യത്ത് വർഷങ്ങളായി നിയമനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരം പിടിച്ചത്, 2022ഓടെ പത്തുകോടി തൊഴിലെങ്കിലും പുതുതായി ഉണ്ടാകും എന്ന് വാക്കുപറഞ്ഞായിരുന്നു. ഇന്ന് ആ വാഗ്ദത്ത വർഷമെത്തിയപ്പോഴത്തെ അവസ്ഥ, പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നത് പോയിട്ട് ഉള്ള തസ്തികകൾപോലും നികത്താതെ തൊഴിലില്ലാപ്പട പിന്നെയും പെരുകി എന്നതാണ്. ഈ വർഷം ഫെബ്രുവരിയിൽ കേന്ദ്ര പേഴ്സനൽ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കനുസരിച്ച് സർക്കാർ മേഖലയിൽ (സൈനികേതരം) എട്ടുലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടപ്പാണ്; നികത്തിയത് 78,000 മാത്രം. സൈനിക വിഭാഗങ്ങളിലേക്ക് എല്ലാത്തരം പരീക്ഷകളും നടത്തിയിട്ടും, നിയമനം മാത്രം നൽകുന്നില്ല. അതിനുപകരം പ്രഖ്യാപിച്ച 'അഗ്നിപഥ്' രോഷമേറ്റുവാങ്ങുന്നതിൽ അത്ഭുതമില്ല. ഇതിനു തൊട്ടുമുമ്പ് തൊഴിലില്ലാപ്പടക്കു മുമ്പാകെ പ്രധാനമന്ത്രിവെച്ച സന്തോഷ വാർത്ത, അടുത്ത ഒന്നരവർഷംകൊണ്ട് പത്തുലക്ഷം പേർക്ക് തൊഴിൽ നൽകും എന്നായിരുന്നു.

പത്തുകോടി ഇപ്പോൾ പത്തു ലക്ഷമായതു മാത്രമല്ല വിഷയം. അന്നത്തെ വാഗ്ദാനം പുതുതായി തൊഴിൽ സൃഷ്ടിക്കുന്നതിനെപ്പറ്റിയായിരുന്നു. ഇപ്പോൾ പുതുതായൊന്നും സൃഷ്ടിക്കാതെ കൊല്ലങ്ങളായി നികത്താതെ കിടക്കുന്ന ഒഴിവുകളിൽ കുറെ നികത്തും എന്നാണ് പറയുന്നത്. റെയിൽവേസിലും സേനാവിഭാഗങ്ങളിലും ജി.എസ്.ടി വകുപ്പിലുമാകും കൂടുതൽ ഒഴിവുകൾ നികത്തുക എന്നും സൂചിപ്പിക്കപ്പെട്ടു. ഇതിലെല്ലാം സ്ഥിരം നിയമനത്തിനുപകരം കരാർ നിയമനം മാത്രമാണുണ്ടാവുക എന്നാണ് പിന്നീട് വെളിപ്പെട്ടത്. റെയിൽവേസിൽ സ്വകാര്യവത്കരണം തുടങ്ങിക്കഴിഞ്ഞു. സ്ഥിരനിയമനത്തിനും സേവന-പെൻഷൻ സുരക്ഷ സംവിധാനങ്ങൾക്കും പേരുകേട്ട സൈനിക സേവനത്തിൽപോലും തൽക്കാല നിയമനമാണ് വരുന്നതെങ്കിൽ എങ്ങനെയാണ് നാം തൊഴിലില്ലായ്മ പരിഹരിക്കാൻ പോകുന്നത്? 'അഗ്നിപഥി'ൽ വരുത്തുന്ന തിരുത്തലുകളോ 'അഗ്നിപഥ്' തന്നെയുമോ പരിഹാരത്തിന്റെ വക്ക് പോലും തൊടുന്നില്ല. സർക്കാറിന്റെ ഏറ്റവും വലിയ മുൻഗണന വിഷയമായി തൊഴിലില്ലായ്മ വരുകയും അടിയന്തരമായി അത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ യുവജനരോഷം മാത്രമായിരിക്കില്ല പ്രത്യാഘാതം. നാം ഏറെ കൊട്ടിഘോഷിച്ച യുവജന സാന്നിധ്യത്തിന്റെ നേട്ടം (ഡെമോഗ്രഫിക് ഡിവിഡൻഡ്) നഷ്ടപ്പെടുകയും ചെയ്യും.

യുവാക്കൾക്ക് തൊഴിൽ ലഭിക്കാത്ത ഘട്ടം കഴിഞ്ഞ് ഇന്ത്യ യുവാക്കളുടെ മോഹഭംഗമെന്ന അടുത്ത ഘട്ടത്തിലെത്തി എന്നാണ് 'സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി' നിരീക്ഷിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ നാട്ടിലെ തൊഴിൽപങ്കാളിത്ത നിരക്ക്, മുമ്പ് കോവിഡ്ബാധ മൂലം മുരടിപ്പ് നേരിട്ട 2021 ജൂലൈയിലേക്കാൾ കുറഞ്ഞു. തൊഴിൽയോഗ്യതയും ശേഷിയുമുള്ളവർപോലും തൊഴിലന്വേഷണത്തിൽനിന്ന് പിൻവാങ്ങുന്നു. തൊഴിലില്ലായ്മ കുറയുന്നതായി പറയുന്ന സർക്കാർ കണക്കുകൾ ഇത് പരിഗണിക്കാതെ തയാറാക്കിയതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നേമുക്കാൽ കോടി വരുമത്രെ യോഗ്യതയുണ്ടായിട്ടും തൊഴിലന്വേഷണത്തിൽനിന്ന് മാറിനിൽക്കുന്നവർ. 'യുവജന മോഹഭംഗം' എന്ന് വേൾഡ് ഇക്കണോമിക് ഫോറം വിശേഷിപ്പിക്കുന്ന ഈ അവസ്ഥ ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതക്കുകൂടി ഭീഷണിയാണ്. 2022ഓടെ പത്ത് കോടി തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രത്യാശ ഉയർത്തിയവർ ഭരണം തുടങ്ങിയശേഷം ഏറ്റവും വലിയ തൊഴിൽദാതാവായ പൊതുമേഖലയെ ശുഷ്കിപ്പിക്കുന്ന നടപടിയാണ് തുടരുന്നത്. സ്വകാര്യ മേഖലയിലെ തൊഴിൽസുരക്ഷ നിയമങ്ങൾ മാറ്റുന്നു. മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ, സ്കിൽ ഇന്ത്യ എന്നീ പേരുകളിൽ ഏതാനും പരിപാടികൾ തുടങ്ങിയെങ്കിലും അതെല്ലാം സ്വയംതൊഴിൽ രംഗത്തേക്കായിരുന്നു. മാത്രമല്ല, അവയെപ്പോലും തകർക്കുന്ന വിധത്തിലാണ് നോട്ട്നിരോധനവും പിന്നാലെ മഹാമാരിയും വന്നത്.

അസിം പ്രേംജി യൂനിവേഴ്സിറ്റിയുടെ പഠനമനുസരിച്ച് നോട്ട്നിരോധനംകൊണ്ടുമാത്രം 50 ലക്ഷം തൊഴിൽ ഇല്ലാതായി. യുവജനങ്ങളുടെ അസ്വസ്ഥത പരിഹരിക്കാൻ ഇനി വേണ്ടത് ഒട്ടനേകം തിരുത്തലുകളും ആർദ്രതയുള്ള നേതൃത്വവും വ്യക്തമായ ദിശാബോധവുമാണ്. വെറുംവാക്കുകളുടെ കാലം കഴിഞ്ഞു.

Tags:    
News Summary - madhyamam editorial 2022 june 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT