ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകൾ താമസിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവരുടെ ഹജ്ജ് തീർഥാടനം സുഗമവും ആത്മീയപൂർണവുമാക്കുകയാണ് കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ചുമതല. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഈ ഹജ്ജ് കമ്മിറ്റികളെ നോക്കുകുത്തികളാക്കി പ്രവർത്തനങ്ങൾ ന്യൂനപക്ഷ മന്ത്രാലയത്തിലൂടെ നേരിട്ട് നിയന്ത്രിക്കുകയാണ് കേന്ദ്ര സർക്കാർ. അതിലൂടെ ഹാജിമാരുടെ സൗകര്യങ്ങളും ഹജ്ജ് യാത്രകളും എളുപ്പമാകുന്നുവെങ്കിൽ ആശ്വാസമായേനെ. എന്നാൽ, സംഭവിക്കുന്നത് ചൂഷണത്തിന്റെ പുതിയ വാതിലുകൾ തുറന്ന് ഹജ്ജ് യാത്ര ചെലവേറിയതും കഠിനവുമാകുന്നു എന്നതാണ്. അതിന്റെ ഒടുവിലെ ഉദാഹരണമാണ് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഹജ്ജ് യാത്രക്ക് ഇരട്ടിയോളം തുക ഈടാക്കാനുള്ള തീരുമാനം. ഇതു ചോദ്യം ചെയ്യേണ്ട കമ്മിറ്റി അംഗങ്ങളും ഉത്തരവാദപ്പെട്ടവരും മൗനം പുൽകാനാണ് ഇപ്പോൾ ഇഷ്ടപ്പെടുന്നത്. കേന്ദ്ര കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടിയാകട്ടെ, പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കുന്നതിന് പകരം പ്രശ്നമുയർത്തുന്നവർക്കുനേരെ പരിഹാസമുയർത്തി സ്വയം അപഹാസ്യനാവുകയും ചെയ്യുന്നു.
ഹജ്ജ് യാത്രക്ക് വിമാന സൗകര്യമൊരുക്കാനുള്ള ടെൻഡറിൽ നിയമപരമായി പങ്കെടുക്കാനാകുക ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാന കമ്പനികൾക്ക് മാത്രമാണ്. ഈ വർഷത്തെ ഹജ്ജ് സർവിസിനായി വ്യോമയാന മന്ത്രാലയത്തിൽ രണ്ട് രാജ്യങ്ങളിലെയും വിമാന കമ്പനികൾക്ക് ടെൻഡർ നൽകാൻ കഴിയുമെങ്കിലും കോഴിക്കോട് വലിയ വിമാനങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ സൗദി എയർലൈൻസ് ക്വട്ടേഷൻ നൽകാത്ത സാഹചര്യത്തെ ചൂഷണോപാധിയാക്കുകയായിരുന്നു എയർ ഇന്ത്യ. സൗദി വിമാന കമ്പനി കണ്ണൂരിൽ 88,772 രൂപയും കൊച്ചിയിൽ 89,188 രൂപയുമാണ് നിരക്ക് സമർപ്പിച്ചതെങ്കിൽ കോഴിക്കോട് എയർ ഇന്ത്യ നൽകിയ യാത്രനിരക്ക് 1,64,000 രൂപയാണ്. സിവിൽ ഏവിയേഷന്റെ ഏത് മാനദണ്ഡം പരിഗണിച്ചാലും അമിതമായ ഈ നിരക്കിന് നീതീകരണമില്ല. ഇത്രയും വലിയ അനീതിയും മുസ്ലിം സമൂഹത്തോടുള്ള കൊടിയ വിവേചനവും നടക്കുമ്പോഴാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ പരിഹാസവുമായി വരുന്നത്.
കേരളത്തിൽനിന്നുള്ള ഹജ്ജ് അപേക്ഷകരിൽ ഭൂരിപക്ഷവും ഇത്തവണയും യാത്രാകേന്ദ്രമായി നൽകിയിട്ടുള്ളത് കരിപ്പൂരാണ്. ഭീമമായ വിമാന നിരക്ക് നിലനിർത്തുകയാണെങ്കിൽ കൊച്ചിയോ കണ്ണൂരോ യാത്രാ കേന്ദ്രമാക്കുക എന്നതാണ് പിന്നെ ഹാജിമാരുടെ മുന്നിലുള്ള പോംവഴി. അത് അവർക്കും ബന്ധുമിത്രാദികൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം കരിപ്പൂരിലെ ഹജ്ജ് ക്യാമ്പും അനുബന്ധ സംവിധാനങ്ങളും അപ്രസക്തമാകും. എയർ ഇന്ത്യ എക്സ്പ്രസിനെ ലാഭകരമാക്കുന്നതിൽ നിർണായ പങ്കുവഹിക്കുന്ന കോഴിക്കോടിനെതന്നെ ഇത്രയും വലിയ ചൂഷണത്തിന്റെ കേന്ദ്രമാക്കുന്നതിന്റെ യുക്തി നിഗൂഢമാണ്. രാജ്യത്ത് ഏറ്റവും ലാഭകരമായ വിമാനത്താവളങ്ങളിലൊന്നിനെ ഇല്ലാതാക്കുന്ന ഗൂഢാലോചനകൾ ഇതിന് പിറകിലുണ്ടോ എന്ന സംശയം ഇത്തരം ദുഷ് ചെയ്തികൾ പ്രബലമാക്കുന്നു.
മാനുഷിക പിഴവ് എന്ന് അന്വേഷണ കമീഷൻ കണ്ടെത്തിയ 2020 ലെ വിമാന അപകടത്തിനുശേഷം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ സകല മാനദണ്ഡങ്ങളും പാലിച്ച് സർവിസ് പുനരാരംഭിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സുരക്ഷ നിർദേശങ്ങളും നടപ്പാക്കി കഴിഞ്ഞെങ്കിലും റെസ നിർമാണം പൂർത്തിയാക്കിയാലേ വലിയ വിമാനം അനുവദിക്കൂ എന്ന ദുർവാശിയിലാണ് കേന്ദ്രം. 2021 ജനുവരിയിൽ സൗദി എയർലൈൻസ്, എയർ ഇന്ത്യ, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ് എന്നീ ലോകോത്തര വിമാന കമ്പനികൾ വീണ്ടും വലിയ വിമാന സർവിസ് നടത്താനുള്ള സന്നദ്ധത കേന്ദ്രത്തെ അറിയിക്കുകയും സുരക്ഷാ പരിശോധനകൾ പൂർത്തീകരിക്കുകയും ചെയ്തതാണ്. പക്ഷേ, അവർക്ക് സർവിസ് നടത്താനുള്ള അനുമതി ഏകപക്ഷീയമായി നിഷേധിക്കുകയായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. അതുകൊണ്ടുതന്നെ കോഴിക്കോട് വിമാനത്താവളത്തോട് കേന്ദ്രം തുടരുന്ന വിവേചനപരമായ സമീപനത്തിന്റെ ഭാഗമായി വേണം ഹജ്ജ് യാത്രികരിൽനിന്ന് അന്യായമായ നിരക്ക് വാങ്ങാനുള്ള ശ്രമത്തെ മനസ്സിലാക്കാൻ. ഒരു ജനതയുടെ ആത്മീയ യാത്ര ചൂഷണോപാധിയാക്കുന്നത് ആ ജനതയെ അപഹസിക്കാനാണെങ്കിൽ ഒരു പ്രദേശത്തെ വിമാനത്താവളത്തെ അധികാരമുപയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അവിടെയുള്ള മുഴുവൻ ജനതയേയും അവഹേളിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട്, അമിതമായ വിമാനക്കൂലി കുറക്കാൻ മതിയായ പ്രക്ഷോഭമുയരേണ്ടതുണ്ട്. ഹാജിമാർക്കുള്ള അമിത നിരക്ക് വർധന അവസാനിപ്പിക്കാൻ വേണ്ടി മാത്രമല്ല, കരിപ്പൂർ വിമാനത്താവളത്തിന്റെയും ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെയും വീണ്ടെടുപ്പിനും അത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.