ഇന്ത്യ എന്ന ആശയത്തിൽ വിശ്വസിക്കുന്ന, അതിെൻറ സാംസ്കാരിക വൈവിധ്യങ്ങളും സാമൂഹിക ഐക്യവും നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഓരോ മനുഷ്യനും അപമാനഭാരത്താൽ തലതാഴ്ത്തി നിന്നുപോകുന്ന ദിവസമാണിന്ന്. കഴിഞ്ഞ വർഷം മേയ് മൂന്നാം തീയതിയാണ് രാജ്യത്തിെൻറ വടക്കുകിഴക്കേ മൂലയിലുള്ള മണിപ്പൂർ എന്ന കൊച്ചു സംസ്ഥാനത്ത് അതിഭയാനകമായ വംശീയ അതിക്രമങ്ങൾ ആരംഭിച്ചത്.
വിഭവങ്ങളുടെ പങ്കുവെപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ കുക്കി, മെയ്തേയി വിഭാഗങ്ങൾക്കിടയിൽ ഉടലെടുത്തുവന്നിരുന്ന അവിശ്വാസത്തെ യഥാസമയം സംബോധന ചെയ്ത് പരിഹരിക്കേണ്ടതിനു പകരം ഭരണകൂടം ഒരു വിഭാഗത്തിനൊപ്പം പക്ഷം ചേർന്നതാണ് ഇതിെൻറയെല്ലാം തുടക്കം. പട്ടികവർഗ പദവി വേണമെന്ന സാമൂഹികവും സാമ്പത്തികവുമായി താരതമ്യേന മുന്നാക്കംനിൽക്കുന്ന മെയ്തേയി വിഭാഗത്തിെൻറ ആവശ്യത്തിന് അനുകൂലമാം വിധത്തിലെ മണിപ്പൂർ ഹൈകോടതി നിർദേശത്തിനെതിരെ ആൾ ട്രൈബൽ സ്റ്റുഡൻറ്സ് യൂനിയൻ നടത്തിയ സമാധാനമാർച്ചിന് പിന്നാലെയാണ് സായുധ സംഘർഷങ്ങളുണ്ടായത്. വീടുകളും കച്ചവടസ്ഥാപനങ്ങളും ആരാധനാലയങ്ങളും തിരഞ്ഞുപിടിച്ച് നശിപ്പിക്കപ്പെട്ടു, ഒരാഴ്ചക്കിടെ 77 കുക്കി വംശജരും 10 മെയ്തേയികളും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പിന്നീട് കഴിഞ്ഞുപോയ ഒരു വർഷം മണിപ്പൂരിന് കണ്ണീരിെൻറയും നഷ്ടങ്ങളുടേതുമായിരുന്നു, വെടിപ്പുകയുടെയും ചോരയുടെയും ഗന്ധമായിരുന്നു.
220ലേറെ പേർ കൊല്ലപ്പെടുകയും അറുപതിനായിരത്തിലധികം പേർ പിറന്ന നാട്ടിൽ അഭയാർഥികളാക്കപ്പെടുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. 4786 വീടുകളും 386 ദേവാലയങ്ങളും തകർക്കപ്പെട്ടു. ഇതിലും എത്രയോ അധികമാണ് അനൗദ്യോഗിക കണക്കുകൾ.
കലാപവും കൊള്ളിവെപ്പും ആരംഭിച്ച ഘട്ടംമുതൽ എൻ. ബിരേൻ സിങ്ങിെൻറ നേതൃത്വത്തിലെ സംസ്ഥാന സർക്കാറും പൊലീസും മെയ്തേയി സമൂഹത്തിനൊപ്പം നിലകൊണ്ടതാണ് പ്രശ്നത്തെ ഇത്രമാത്രം ആളിക്കത്തിച്ചതും വർഷം ഒന്ന് തികയുേമ്പാഴും കനലുകളെ അണയാതെ നിർത്തുന്നതും. കലാപ വാർഷികമായ ഇന്ന് കുക്കികൾ മരിച്ചവരുടെ ഓർമദിനവും ജനതയുടെ ഉയിർത്തെഴുന്നേൽപ്പ് ദിനവുമായി ആചരിക്കുേമ്പാൾ ലഹരി-ഭീകരവാദികളുടെ പിന്തുണയോടെ ‘അനധികൃത കുടിയേറ്റക്കാർ’അതിക്രമം അഴിച്ചുവിട്ടതിെൻറ അനുസ്മരണ ദിനമായാണ് മെയ്തേയികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുക്കികൾ വീടുകളിൽ കറുത്തകൊടിയുയർത്തണമെന്നും വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണമെന്നും ഇൻഡിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സജ്ജമാക്കിയ സൈനിക ആയുധപ്പുരകൾ കൊള്ളയടിച്ച് അവ ഉപയോഗിച്ച് പൗരർക്ക് നേരെ നിറയൊഴിച്ച അവസ്ഥയെ ഭയാനകമായ ഭീകരവാദം എന്നേ വിളിക്കാനാവൂ. എന്നാൽ, ഈ അറുകൊലകളുടെ ആസൂത്രകരെയും നടത്തിപ്പുകാരെയും അമർച്ച ചെയ്യാനുള്ള ആത്മാർഥമായ ഒരു നടപടിയും സർക്കാറിെൻറ ഭാഗത്തു നിന്നുണ്ടായില്ല. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സകല ഫെഡറൽ മര്യാദകളും ലംഘിച്ച് കടന്നുകയറുന്നതിൽ അത്യുൽസാഹം കാണിക്കുന്ന കേന്ദ്രഭരണകൂടം, ക്രമസമാധാനപാലനത്തിൽ അ േമ്പ തകർന്നുപോയ സംസ്ഥാന സർക്കാറിെൻറ ചെവിക്ക് പിടിക്കാൻ പോലും താൽപര്യം കാണിച്ചില്ല. പകയോടുകൂടി പെരുമാറുന്നുവെന്ന് ഇരയാക്കപ്പെട്ട ജനസമൂഹങ്ങൾ കുറ്റപ്പെടുത്തിയ ബിരേൻ സിങ് തന്നെയാണ് ഇന്നേ ദിവസവും മുഖ്യമന്ത്രി പദത്തിലെന്നത് തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്. ചർച്ചുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തച്ചുതകർത്ത അതിക്രമകാരികൾ അശിക്ഷിതരായി വീരനായകരെപ്പോലെ വിഹരിക്കുന്നു.
സ്ത്രീകൾക്കെതിരെ തുല്യതയില്ലാത്ത ലൈംഗികാതിക്രമങ്ങൾ അരങ്ങേറിയിട്ടും ഭരണകൂടത്തിന് അതൊരു വിഷയമേ ആയിരുന്നില്ല. അങ്ങേയറ്റം ഹീനമാംവിധത്തിലെ പീഡനങ്ങൾക്കുശേഷം സ്ത്രീകളെ പൊതുജനങ്ങൾക്കിടയിലൂടെ നഗ്നരാക്കി നടത്തുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ മാത്രമാണ് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടന്നുവെന്ന് വാക്കുകൊണ്ടെങ്കിലും സമ്മതിക്കാൻ ഭരണകൂട ഉന്നതരിൽ പലരും തയാറായത്.
ഇക്കഴിഞ്ഞ ഭരണകാലത്തിനിടെ 66 രാജ്യങ്ങളിലേക്ക് 75 തവണ വിദേശസഞ്ചാരം നടത്തിയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപബാധിത മണിപ്പൂരിലേക്ക് ആശ്വാസം പകരാൻ, അവരുടെ കണ്ണീരൊപ്പാൻ ഒരുതവണ പോലും പോയില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാലങ്ങളും റോഡുകളും ട്രെയിനുകളും ഉദ്ഘാടനം ചെയ്യാൻ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ബംഗാളിലുെമല്ലാം പലവുരു പറന്നെത്തിയ പ്രധാനമന്ത്രിക്ക് ഈ വടക്കുകിഴക്കൻ സംസ്ഥാനത്തോടും അവിടത്തെ ജനങ്ങളുടെ സുരക്ഷയോടും എത്രയുണ്ട് കരുതൽ എന്ന് വിളിച്ചോതുന്നുണ്ട് ഈ സമീപനം. അമാന്യവും അനീതിപൂർണവുമായ മൗനത്തിനെതിരെ സകല കോണുകളിൽ നിന്നും പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഏറെ വൈകി രണ്ടു വാക്ക് മൊഴിഞ്ഞപ്പോൾ പോലും മണിപ്പൂരിലെ പീഡിത ജനതക്ക് ആശ്വസിക്കാനുള്ള വകയൊന്നും അതിലുണ്ടായിരുന്നില്ല.
സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാൽ ഇന്ത്യൻ പൊതുധാരയിൽനിന്ന് വേറിട്ടുനിന്ന ഒരു സമൂഹത്തിെൻറ വിശ്വാസമാർജിക്കാനും അവരെ ഒപ്പം നടത്താനും മുൻകാലങ്ങളിൽ രാജ്യം ഭരിച്ചവർ ഒട്ടേറെ പരിശ്രമിച്ചിട്ടുണ്ട്. ആ വിശ്വാസങ്ങളെയും പ്രയത്നങ്ങളെയും അപ്പാടെ തകർക്കുന്നതും രാജ്യവിരുദ്ധ ശക്തികൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നതുമായിരുന്നു മണിപ്പൂർ കലാപത്തെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ വരുത്തിയ ഓരോ പിഴവും. ഈ വൈകിയ വേളയിലെങ്കിലും അവരതു തിരുത്താൻ തയാറാകാത്തപക്ഷം സങ്കൽപിക്കാൻ പോലുമാകാത്ത പിഴയൊടുക്കേണ്ടിവരുന്നത് രാജ്യം മുഴുവനുമായിരിക്കുമെന്നത് മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.