ഐക്യരാഷ്ട്രസഭയുടെ (യു.എൻ) പ്രമേയത്തിലൂടെ നിലവിൽവന്ന രാജ്യമാണ് ഇസ്രായേൽ. അതേ ഇസ്രായേലാണ് ഏറ്റവും കൂടുതൽ യു.എൻ പ്രമേയങ്ങളെ ധിക്കരിച്ചിട്ടുള്ളതും. കഴിഞ്ഞ ഒരു കൊല്ലമായി സകല അന്താരാഷ്ട്ര സംവിധാനങ്ങളെയും വെല്ലുവിളിച്ച് ആ രാജ്യം യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളും അപാർതീഡും വംശീയ ഉന്മൂലനവും വംശഹത്യയുമെല്ലാം പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ), അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) എന്നിവ ഇസ്രായേലിനെതിരെ നടപടികൾ തുടങ്ങിയിരിക്കുന്നു. ഹേഗിലെ ഐ.സി.ജെ ആസ്ഥാനത്ത് കഴിഞ്ഞയാഴ്ച സൗത്താഫ്രിക്കൻ നിയമവിദഗ്ധർ തയാറാക്കിയ വംശഹത്യാ തെളിവുകൾ സമർപ്പിക്കപ്പെട്ടു. ഇസ്രായേൽ പക്ഷത്തുള്ളവരടക്കം അനേകം രാജ്യങ്ങൾ ഇസ്രായേലിനോട് സംഹാരം നിർത്താനും ദുരിതമേഖലകളിലേക്ക് ആശ്വാസമെത്തിക്കാൻ വഴിതുറക്കാനും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതൊന്നും കൂസാതെ ലോകത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് നിയമലംഘനങ്ങൾ തുടരുന്ന ഇസ്രായേലിന്റെ കണ്ണിൽ ഇപ്പോൾ ശത്രു ഹമാസോ ഫലസ്തീനോ ഇറാനോ മാത്രമല്ല ലോകംതന്നെയാണ്. അവരുടെ ചെയ്തികളാണ് അതിന്റെ തെളിവ്. യു.എൻ മനുഷ്യാവകാശ റാപ്പോർട്യർ ഫ്രാൻസസ്ക ആൽബനീസ് കഴിഞ്ഞ മാർച്ചിൽതന്നെ ഇസ്രായേലി വംശഹത്യയെപ്പറ്റിയുള്ള സൂചനകൾ സമർപ്പിച്ചിരുന്നു. ഈ ഒക്ടോബറിൽ അവർ സമർപ്പിച്ച വിശദമായ റിപ്പോർട്ട്, ഇസ്രായേലിന്റേത് അന്താരാഷ്ട്ര നിയമപ്രകാരം വംശഹത്യതന്നെയാണെന്ന് അന്തിമമായി സ്ഥാപിച്ചിരിക്കുന്നു. വംശഹത്യ നടത്തണമെന്ന ഉദ്ദേശ്യം, അനേകം പതിറ്റാണ്ടുകൾ നീണ്ട അധിനിവേശത്തിന്റെയും വംശീയ ഉന്മൂലനത്തിന്റെയും പശ്ചാത്തലം, ഫലസ്തീൻ ഭൂമി മുഴുവൻ സ്വന്തമാക്കി കോളനി സ്ഥാപിക്കുകയെന്ന ഇസ്രായേലിന്റെ ലക്ഷ്യം എന്നിവ നിയമാനുസൃത പദാവലികളും അനിഷേധ്യ തെളിവുകളും വെച്ചുകൊണ്ട് ഫ്രാൻസസ്ക സമഗ്രമായി വിശദീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമമാകട്ടെ മാനുഷിക ധർമമാകട്ടെ ഇസ്രായേലി ചെയ്തികളെ ന്യായീകരിക്കുന്നില്ല. ഐ.സി.ജെയിൽ സൗത്താഫ്രിക്കയും യു.എൻ മനുഷ്യാവകാശ കൗൺസിലിൽ സ്പെഷൽ റാപ്പോർട്യറും നൽകിയ തെളിവുകൾ ബൃഹത്തും ഞെട്ടിക്കുന്നതുമാണ്. ഒന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ പര്യാപ്തമല്ലെന്നിരിക്കെ ഇനി ചെയ്യേണ്ടത് യു.എന്നും ലോകരാഷ്ട്രങ്ങളുമാണ്.
ഫ്രാൻസസ്ക ആൽബനീസ് ചൂണ്ടിക്കാട്ടുന്നപോലെ, യു.എൻ ചാർട്ടറിൽ ഇത്തരം സാഹചര്യത്തിനുള്ള പരിഹാരവുമുണ്ട്. നിയമമനുസരിക്കാത്ത രാജ്യത്തെ യു.എന്നിൽനിന്ന് പുറത്താക്കുക എന്നതാണത്. യു.എൻ ഭരണഘടനയുടെ രണ്ടാമധ്യായത്തിൽ (‘അംഗത്വം’) ആറാം വകുപ്പ് വ്യക്തമായി പറയുന്നു, യു.എൻ ചാർട്ടറിലെ തത്ത്വങ്ങൾ നിരന്തരം ലംഘിക്കുന്ന അംഗരാജ്യത്തെ രക്ഷാസമിതിയുടെ ശിപാർശപ്രകാരം ജനറൽ അസംബ്ലിക്ക് പുറത്താക്കാമെന്ന്. നിയമം വ്യക്തമാണെന്നർഥം. അത് നടപ്പാക്കാനുള്ള സാഹചര്യവും കൃത്യമാണ്. രണ്ടു തടസ്സങ്ങളാണ് ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടപ്പെടുന്നത്. രക്ഷാസമിതിയുടെ ശിപാർശ പ്രകാരമാണ് പൊതുസഭ പുറത്താക്കൽ നടപടി സ്വീകരിക്കേണ്ടത് എന്ന് വരുമ്പോൾ രക്ഷാസമിതിയിലെ അംഗങ്ങളുടെ പക്ഷപാതിത്വം പ്രശ്നമാകും എന്നതാണ് ഒന്ന്. ഇസ്രായേലി പക്ഷക്കാർ എന്നതിനെക്കാൾ, ഇസ്രായേലിന്റെ പരദേശവകുപ്പുകളായി വർത്തിക്കുന്നവരാണ് യു.എസ് അടക്കമുള്ള ചില രാഷ്ട്രങ്ങൾ. സുവ്യക്തമായ കുറ്റങ്ങൾ ചെയ്യുമ്പോഴും ഇസ്രായേലിനെ പിന്താങ്ങുന്ന അവരുടെ രീതിക്കെതിരെ ശക്തവും ഫലപ്രദവുമായ നയതന്ത്ര-വ്യാപാര-സാമ്പത്തിക സമ്മർദം രൂപപ്പെടേണ്ടതുണ്ട്. ഇതിന് യു.എന്നും ഫലസ്തീനെ അംഗീകരിക്കുന്ന മഹാഭൂരിപക്ഷം ലോകരാജ്യങ്ങളും സക്രിയമായി രംഗത്തിറങ്ങണം. പുറത്താക്കൽ നടപടിക്ക് തടസ്സമായി പറയുന്ന രണ്ടാമത്തെ ന്യായം, യു.എൻ പ്രമേയങ്ങൾ ഇസ്രായേൽ മാത്രമല്ല ലംഘിച്ചിട്ടുള്ളത് എന്നാണ്. ഈ വാദം നിയമപരമായി ദുർബലമാണ്; മാത്രമല്ല, ഇസ്രായേലിന്റെ ലംഘനങ്ങളെ പ്രത്യേകമായി കാണാൻ മതിയായ അനേകം കാരണങ്ങളുണ്ട് താനും. ഇസ്രായേൽ ലംഘിച്ച യു.എൻ പ്രമേയങ്ങളുടെ പത്തിലൊന്നുപോലും മറ്റൊരു രാജ്യവും ലംഘിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുറത്താക്കൽ വ്യവസ്ഥയിൽ (യു.എൻ ചാർട്ടർ ആറാം വകുപ്പ്) വിശേഷിപ്പിച്ചവിധം ‘‘നിരന്തരം’’ (Persistently) ലംഘിച്ച രാജ്യം അതൊന്നു മാത്രമാണ്.
മറ്റൊരു രാജ്യവും ഇത്ര ഗുരുതരമായ ചട്ടലംഘനങ്ങൾ നടത്തിയിട്ടില്ല; മറ്റൊരു രാജ്യവും യു.എന്നിനെ നേർക്കുനേരെ ആക്രമിച്ചിട്ടില്ല. ഇക്കൊല്ലം മാത്രം യു.എന്നിന്റെ കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ അസംഖ്യം സായുധ ആക്രമണങ്ങൾ ഇസ്രായേൽ നടത്തി. ‘ഉൺറവ’ (UNRWA) യുടെ ഓഫിസുകളും ക്ലിനിക്കുകളും ഭക്ഷ്യവിതരണ കേന്ദ്രങ്ങളുമടക്കം 70 ശതമാനം കേന്ദ്രങ്ങൾക്കുനേരെ ആയുധപ്രയോഗമുണ്ടായി. ഗസ്സയിൽ മാത്രം 230 ലധികം യു.എൻ ജീവനക്കാരെ ഇസ്രായേൽ കൊന്നു. ലബനാനിൽ യു.എൻ ശാന്തിസേനയെ ആക്രമിച്ചു. യു.എൻ ഉദ്യോഗസ്ഥർക്കെതിരെ നിന്ദ്യമായ പ്രചാരണങ്ങൾ നടത്തി. സെക്രട്ടറി ജനറലിനെ അപമാനിക്കുകയും ഇസ്രായേലിൽ വിലക്കുകയും ചെയ്തു. ജനറൽ അസംബ്ലിയെ ശകാരിച്ചു. ‘ഉൺറവ’യെ ഭീകരസംഘടനയായി അംഗീകരിക്കുന്ന പ്രമേയം കനസറ്റ് (ഇസ്രായേലി പാർലമെന്റ്) പാസാക്കി. ഇതേസമയം യു.എൻ പ്രമേയങ്ങളുടെ ലംഘനം തുടരുന്നു. അധിനിവേശമെന്ന് യു.എന്നും ഐ.സി.ജെയുമടക്കം പ്രഖ്യാപിച്ച ഫലസ്തീൻ പ്രദേശങ്ങളിലെ സാന്നിധ്യം തുടരുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നു. പൊതുസഭയുടെയും രക്ഷാസമിതിയുടെയും മനുഷ്യാവകാശ കൗൺസിലിന്റെയും നൂറിലേറെ പ്രമേയങ്ങളെ ധിക്കരിച്ചിട്ടുള്ള ഇസ്രായേലിന് ധൈര്യം നൽകുന്നത്, എന്തുചെയ്താലും ഒരുചേതവും വരാനില്ല എന്ന ധാരണയാണ്. ഫലസ്തീൻകാർക്ക് സ്വദേശത്തേക്ക് മടങ്ങാൻ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചതിന് കൗണ്ട് ഫോക്കെ ബെർണഡോട്ട് എന്ന യു.എൻ മധ്യസ്ഥനെ വധിക്കുകയും കൊലക്ക് ഉത്തരവിട്ടയാളെ പിന്നീട് പ്രധാനമന്ത്രിയാക്കുകയും ചെയ്ത നാടാണത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെയും മനുഷ്യാവകാശ നിയമങ്ങളെയും അപാർതീഡ് കൺവെൻഷനെയും യു.എൻ തീരുമാനങ്ങളെയും നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്ന ഒരു തെമ്മാടി രാഷ്ട്രത്തെ പുറത്താക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ യു.എന്നിന് നല്ലത് സ്വയം പിരിച്ചുവിടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.