സംഭൽ പുതിയ തുടക്കമാണ്
text_fieldsഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ ചന്ദൗസി നഗരത്തിലെ ശാഹി ജമാമസ്ജിദ് കോടതി ഉത്തരവിന്‍റെ ന്യായത്തിൽ ആവർത്തിച്ച് സർവേ നടത്താനുള്ള അധികൃതരുടെ ശ്രമം അഞ്ചുപേരുടെ മരണത്തിനും പൊലീസുകാർ അടക്കം അനേകരുടെ പരിക്കിനും ലക്ഷക്കണക്കിനു രൂപയുടെ സ്വത്തുനാശത്തിനും ഇടയാക്കിയ വൻദുരന്തമായി കലാശിച്ചിരിക്കുന്നു. ക്രി.വ. 1529 ൽ മുഗൾ ചക്രവർത്തി ബാബറിന്‍റെ ഭരണകാലത്ത് ഹരിഹരക്ഷേത്രം തകർത്ത് നിർമിച്ചതാണ് ശാഹി ജമാമസ്ജിദ് എന്ന് ആരോപിച്ചും അതു തെളിയിക്കാൻ പള്ളിയിലും പരിസരത്തും സർവേ നടത്താൻ ആവശ്യപ്പെട്ടും സംഘ്പരിവാർ നേതാവായ അഭിഭാഷകൻ സമർപ്പിച്ച ഹരജിയിൽ നവംബർ 19നാണ് സംഭൽ സീനിയർ ഡിവിഷൻ സിവിൽ കോടതി ജഡ്ജി ആദിത്യസിങ് അനുകൂലവിധി പുറപ്പെടുവിച്ചത്. അന്നേ ദിവസം ഉച്ചകഴിഞ്ഞ് സമർപ്പിക്കപ്പെട്ട ഹരജിയിൽ മണിക്കൂറുകൾക്കകം വിധിപറഞ്ഞ ജഡ്ജി, കമീഷണറോട് പ്രാഥമിക സർവേ നടത്താനും നവംബർ 29നകം റിപ്പോർട്ട് ഫയൽ ചെയ്യാനും ഉത്തരവിടുകയുമായിരുന്നു. എതിർകക്ഷിക്ക് നോട്ടീസ് അയക്കാതെ, അവരെ കേൾക്കുക പോലും ചെയ്യാതെയായിരുന്നു കോടതിയുടെ അതിവേഗ തീർപ്പ്. വിധിവന്ന ദിവസംതന്നെ കമീഷണറുടെ നേതൃത്വത്തിൽ പള്ളിയിൽ വന്ന് രണ്ടു മണിക്കൂർ സർവേ നടത്തി. ഞായറാഴ്ച രാവിലെ ഏഴിന് വീണ്ടും കമീഷണറുടെ ആറംഗ സംഘം മുൻകൂർ വിവരം നൽകാതെ പൊലീസ്, മാധ്യമ അകമ്പടിയോടെ രണ്ടാം തവണയും സർവേക്ക് എത്തി. ഔദ്യോഗിക സർവേ നടപടികൾക്ക് എത്തുന്ന ഉദ്യോഗസ്ഥരെ ജയ്ശ്രീറാം വിളികളുമായി സംഘ്പരിവാർ അണികൾ അനുഗമിച്ചു. വിവരമറിഞ്ഞു പള്ളിപരിസരത്തെത്തിയ വിശ്വാസികൾ പ്രതിഷേധമുയർത്തി. ജനം കൂട്ടമായി എത്തിയതോടെ പൊലീസ് ലാത്തിവീശി, കണ്ണീർവാതകം പ്രയോഗിച്ചു. ജനക്കൂട്ടത്തിൽനിന്നു പൊലീസിനു നേരെ കല്ലേറുണ്ടായി. മുന്നറിയിപ്പൊന്നും നൽകാതെ വെടിയുതിർത്തതിൽ അഞ്ചു ചെറുപ്പക്കാർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇന്‍റർനെറ്റ് നിരോധം ഏർപ്പെടുത്തിയ പൊലീസ് മുസ്ലിം വീടുകളിൽ കയറിയിറങ്ങി മുപ്പതോളം യുവാക്കളെ പിടിച്ചുകൊണ്ടു പോയതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
1904 ലെ പുരാവസ്തു സംരക്ഷണനിയമമനുസരിച്ച് 1920 ഡിസംബർ 22ന് സംരക്ഷിത സ്മാരകമായി നോട്ടിഫൈ ചെയ്തതാണ് സംഭലിലെ ശാഹി ജമാമസ്ജിദ്. ദേശീയസ്മാരകമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും മസ്ജിദിനെ അംഗീകരിച്ചതാണ്. എന്നാൽ, നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൽക്കി അവതാരത്തിനു സമർപ്പിച്ച ശ്രീ ഹരിഹരക്ഷേത്രം സംഭൽ നഗരഹൃദയത്തിലെ സ്ഥലം ജമാമസ്ജിദ് കമ്മിറ്റി നിയമവിരുദ്ധമായി പിടിച്ചെടുത്തിരിക്കുന്നെന്ന് ആരോപിച്ച് സംഭൽ കോടതിയിൽ എട്ട് അന്യായങ്ങളാണ് സംഘ്പരിവാറുകാർ ഫയൽ ചെയ്തിരിക്കുന്നത്. ഗ്യാൻവാപി പള്ളിക്കെതിരെ കോടതി കയറിയ അഡ്വ. ഹരിശങ്കർ ജെയിനുമുണ്ട് കൂട്ടത്തിൽ. ദശാവതാരമായ കൽക്കിയുടെ കാവലിടമായ സംഭലിലെ ഹരിഹര ക്ഷേത്രം ബാബറിന്‍റെ കാലത്ത് ഭാഗികമായി തകർത്തെന്നും അവശിഷ്ട ഭാഗം മുസ്ലിംകൾ കൈയടക്കി പള്ളിയാക്കി ഉപയോഗിച്ചു എന്നുമാണ് ഹരജിക്കാരുടെ വാദം. അതിൽ ശരിയുണ്ടോ എന്നു നോക്കാനുള്ള സർവേക്ക് കോടതി ഉത്തരവിട്ടതാണിപ്പോൾ ദുരന്തത്തിലേക്കു വഴിതുറന്നിരിക്കുന്നത്.
ബാബരി അനുഭവം മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയിൽ ആവർത്തിച്ചുകൂടാ എന്ന നിർബന്ധത്തിലാണ് ബാബരി ധ്വംസനത്തിന്‍റെ തലേവർഷം 1991ൽ പാർലമെന്‍റ്, ആരാധനാലയങ്ങൾ 1947 ആഗസ്റ്റ് 15ന്‍റെ സ്വാതന്ത്ര്യദിനത്തിൽ ഏതു നിലയിലാണോ, തൽസ്ഥിതി തുടരണമെന്നും അതിൽ ഇതരവിഭാഗങ്ങൾ അവകാശവാദം ഉന്നയിക്കുകയോ തങ്ങളുടേതാക്കി മാറ്റുകയോ ചെയ്യരുതെന്നും അനുശാസിക്കുന്ന ആരാധനസ്ഥല നിയമനിർമാണം നടത്തിയത്. ബാബരിക്കു പിറകെ, ഹിന്ദുത്വതീവ്രവാദികൾ ചരിത്ര പ്രസിദ്ധമായ പള്ളികളുടെയും സ്മാരകങ്ങളുടെയും കുഴിമാന്തി വിവാദങ്ങളുണ്ടാക്കുന്ന ഘട്ടത്തിൽ ആ നിയമനിർമാണം രാജ്യത്തിന് വലിയ ആശ്വാസമാണ് നൽകിയത്. 1994ൽ ഒരു കേസിൽ വിധിപറയവെ, സുപ്രീംകോടതി, വർത്തമാനത്തെയും ഭാവിയെയും തല്ലിയൊതുക്കാൻ ചരിത്രവും അതിലെ പിഴവുകളും ഉപകരണമാക്കിക്കൂടാ എന്നു പറഞ്ഞ് അതിനെ കൂടുതൽ ബലപ്പെടുത്തി. 2019ൽ ബാബരിമസ്ജിദ് സ്ഥലം രാമക്ഷേത്രത്തിന് വിട്ടുകൊടുത്ത വിധിയിലും സുപ്രീംകോടതി ഈ നിയമം കാത്തുരക്ഷിക്കേണ്ട കാര്യം പറഞ്ഞിരുന്നു.
എന്നാൽ, ബാബരി മസ്ജിദ് സ്ഥലത്ത് രാമക്ഷേത്രം സാക്ഷാത്കരിക്കപ്പെട്ടതോടെ മറ്റു പള്ളികളുടക്കാൻ വഴിമുടക്കുന്നത് 1991ലെ നിയമമാണ് എന്നു ബോധ്യമായ സംഘ്പരിവാർ അതിനെതിരെ കോടതി കയറാൻ തുടങ്ങി. കേന്ദ്രത്തിൽ മോദിയുടെ രണ്ടാമൂഴത്തിൽ ബി.ജെ.പി നേതാവ് അശ്വനികുമാർ ഉപാധ്യായ അടക്കമുള്ളവർ നിയമത്തിനെതിരെ സുപ്രീംകോടതിയിലെത്തി. അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹരജി സ്വീകരിച്ച് 2021 മാർച്ചിൽ കേന്ദ്രത്തിന്‍റെ അഭിപ്രായമാരാഞ്ഞ് നോട്ടീസ് അയച്ചു. പിന്നെയും ആറു തവണ നോട്ടീസ് നൽകിയെങ്കിലും മറുപടിയുണ്ടായില്ല. അതിനിടെയാണ് 2021 ആഗസ്റ്റിൽ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പ്രാർഥന അനുമതി തേടി വാരാണസി സിവിൽ കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്. അതിനെതിരെ പള്ളിപരിപാലന കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. സർവേക്ക് ഇടക്കാല സ്റ്റേ നൽകിയ പരമോന്നത കോടതി, കേസിൽ ഹൈകോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. ഹരജി തള്ളിയ ഹൈകോടതി ശാസ്ത്രീയ സർവേ പൂർത്തിയാക്കാൻ അനുമതി നൽകുകയായിരുന്നു. വീണ്ടും സുപ്രീംകോടതിയിലെത്തിയെങ്കിലും സർവേ മുടക്കാനുള്ള ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു. മാത്രമല്ല, അയോധ്യ ബെഞ്ചിലുണ്ടായിരുന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 1991ലെ നിയമത്തിന് പരിരക്ഷ നൽകിയ മുൻവിധിയെ മറികടന്ന് സർവേ ശരിവെച്ച അലഹബാദ് ഹൈകോടതി വിധിയെ വാചാ പിന്തുണച്ചു. അതോടെ ഏത് അന്യായ അവകാശവാദവും സർവേക്ക് വിടുക എന്ന തീർപ്പിലേക്ക് കീഴ്കോടതികൾ നീങ്ങുന്നതാണ് കണ്ടത്. അതിന്‍റെ ആദ്യപരീക്ഷണമാണ് സംഭലിൽ നടന്നത്. അതുതന്നെ രാജ്യത്തിന്‍റെ മറ്റിടങ്ങളിലും ആവർത്തിക്കാതിരിക്കാൻ സംഘ്ഭരണത്തിൽ സാധ്യത കാണുന്നില്ല. ആ ഗൗരവത്തിൽ വിഷയത്തെ കാണാനും പരിഹാരമാർഗങ്ങൾ ആരായാനും പ്രതിപക്ഷമടക്കമുള്ള സംഘ്പരിവാർ ഇതരർക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇന്ത്യയുടെ ഭാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.