ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസ് അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റാവുമോ? അതോ, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപിന് യു.എസ് ജനത രണ്ടാമതൊരു ഊഴം സമ്മാനിക്കുമോ? ചൊവ്വാഴ്ചയിലെ തെരഞ്ഞെടുപ്പ് ദിനത്തിന് കാത്തുനിൽക്കാതെ എട്ട് കോടിയിലധികം വോട്ടർമാർ ‘മുൻകൂർ വോട്ട്’ സാധ്യതകൾ ഉപയോഗിച്ച് ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിക്കഴിഞ്ഞു. രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവിരാഷ്ട്രീയത്തിൽ ഒരുപോലെ നിർണായകമായ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശേഷിക്കുന്ന ഒമ്പത് കോടി വോട്ടർമാരിൽ 70 ശതമാനമെങ്കിലും ഇന്ന് പോളിങ് സ്റ്റേഷനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ തെരഞ്ഞെടുപ്പുകളുടെ ചരിത്രം വിശകലനം ചെയ്യുമ്പോൾ, വോട്ടിങ് പൂർത്തിയായി 12 മണിക്കൂറിനുള്ളിൽ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഏകദേശ ചിത്രം തെളിയും. ഇതനുസരിച്ച്, അമേരിക്കയുടെ 60ാമത് പ്രസിഡന്റ് ആര് എന്ന ചോദ്യത്തിന് ബുധനാഴ്ച രാത്രിയോടെ ഉത്തരമാകേണ്ടതാണ്. എന്നാൽ, അന്തിമഫലത്തിന് അതുകഴിഞ്ഞും ദിവസങ്ങളോ ചിലപ്പോൾ ആഴ്ചകളോ കാത്തിരിക്കേണ്ടിവരുമെന്നാണ് വിവരം. അത്രമേൽ, ഉദ്വേഗഭരിതവും വീറുറ്റതുമാണ് ഇക്കുറി അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഗോദ. അക്ഷരാർഥത്തിൽതന്നെ, ഇരു സ്ഥാനാർഥികളും ഇഞ്ചോടിഞ്ച് പൊരുതുന്നു; 50 സംസ്ഥാനങ്ങളിൽ ഏഴെണ്ണം ഇരുവശത്തേക്കും ചാഞ്ചാടാമെന്നതിനാൽ ഏതുനിമിഷവും ഫലം മാറിമറിയാമെന്നതാണ് അവസ്ഥ. അതുകൊണ്ടുതന്നെ, വോട്ടെണ്ണലിനുശേഷം തർക്കമുണ്ടായാൽ റീകൗണ്ടിങ് മാത്രമല്ല തെരഞ്ഞെടുപ്പ് പ്രക്രിയയെ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്ന നിയമവ്യവഹാരങ്ങളിലേക്ക് കടക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. 2000ലെ, 54ാമത് തെരഞ്ഞെടുപ്പാണ് ഈ സന്ദർഭത്തിൽ ഓർമവരുന്നത്. ജോർജ് ഡബ്ല്യൂ. ബുഷും അൽഗോറും തമ്മിൽ നടന്ന മത്സരത്തിൽ, വോട്ടെടുപ്പ് നടന്ന് 36ാം ദിവസമാണ് ഫലം പുറത്തുവന്നത്; അതും സുപ്രീംകോടതി ഇടപെട്ടപ്പോൾ മാത്രം. അന്ന് ഫ്ലോറിഡ സംസ്ഥാനത്തെചൊല്ലിയാണ് തർക്കമുണ്ടായതെങ്കിൽ, സമാനമായ സാഹചര്യം അഞ്ചിലധികം സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്.
ഏറ്റവും ഒടുവിലെ മാധ്യമ സർവേഫലങ്ങളെ വിശ്വസിക്കാമെങ്കിൽ, കമല ഹാരിസിന് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ നേരിയ മുൻതൂക്കം കൈവന്നിട്ടുണ്ട്. ട്രംപിന് സാധ്യത കൽപിക്കപ്പെട്ടിരുന്ന അയോവയിലും നേരിയ ഭൂരിപക്ഷം കമലക്കുണ്ട്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വനിത വോട്ടർമാരുടെ പിന്തുണയും കമലക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആ നിലയിൽ, വളരെ നേർത്ത വിജയസാധ്യത കമലക്കാണെന്ന് പറയാം. അപ്പോൾപോലും അവരുടെ ജനസമ്മതിയുടെ നിരക്ക് 50 ശതമാനത്തിനടുത്തേ എത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ ചാഞ്ചാട്ടത്തിന് വലിയ സാധ്യത കൽപിക്കപ്പെടുന്ന പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ, നെവാദ, ജോർജിയ, നോർത് കരോലൈന, അരിസോണ എന്നീ സംസ്ഥാനങ്ങളിലാണ് ഇരു സ്ഥാനാർഥികളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവസാന നിമിഷങ്ങളിൽ പോപ്പുലിസത്തിന്റെ മുദ്രാവാക്യങ്ങളാണ് ഇരു നേതാക്കളിൽനിന്നും കേൾക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ, ഇന്ത്യൻ വോട്ടർമാരെ ലക്ഷ്യമിട്ട് ട്രംപ് നടത്തിയ പ്രസ്താവനകൾ ഇതിനകം ചർച്ചയായതാണേല്ലാ. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ ക്രൂരമായി ആക്രമിക്കപ്പെടുന്നുവെന്ന് വിലപിച്ച അദ്ദേഹം ഇക്കാര്യത്തിൽ എതിർ സ്ഥാനാർഥികളെ കുറ്റപ്പെടുത്താനും മറന്നില്ല. കമല ഹാരിസും ജോ ബൈഡനുമെല്ലാം അമേരിക്കയിലെ ഹിന്ദുസമൂഹത്തെ അവഗണിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. അമേരിക്കയിൽ 52 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിപേർക്കും വോട്ടവകാശവുമുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും ഹിന്ദു സമുദായക്കാരുമാണ്. ഈ വോട്ടർമാരെയും ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഏഴ് ലക്ഷത്തിൽപരം വരുന്ന ന്യൂനപക്ഷ വോട്ടുകളും ലക്ഷ്യമിട്ടാണ് ഈ പ്രസ്താവനകളെന്ന് വ്യക്തം. മറുഭാഗത്ത് കമല ഹാരിസും മോശമാക്കിയിട്ടില്ല. അധികാരത്തിലെത്തിയാൽ ഗസ്സക്കുനേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്നായിരുന്നു തിങ്കളാഴ്ച മിഷിഗണിൽ നടത്തിയ പ്രചാരണ പരിപാടിയിൽ കമലയുടെ വാഗ്ദാനം. രണ്ടരലക്ഷം മുസ്ലിം വോട്ടർമാരുള്ള മിഷിഗൺ ആണ് 2020ൽ ജോ ബൈഡനെ നേരിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്. പക്ഷേ, ഗസ്സ വിഷയത്തിൽ മലക്കം മറിയുകയും ഇസ്രായേലിന് നിർലോഭം ആയുധങ്ങൾ സമ്മാനിക്കുകയും ചെയ്ത ബൈഡനോടുള്ള അമർഷം മിഷിഗണിൽ ഇതിനകംതന്നെ പലവിധത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. ഈ അതൃപ്തി ഒഴിവാക്കാനാണ് അവസാന നിമിഷ ഓട്ടപ്രദക്ഷിണത്തിൽ കമലക്ക് ഗസ്സ പ്രധാന വിഷയമാകുന്നത്. പണപ്പെരുപ്പം, നികുതി വ്യവസ്ഥ, ഗർഭഛിദ്രം, കുടിയേറ്റം, തോക്കുനിയമം, ആരോഗ്യപരിരക്ഷ നിയമം തുടങ്ങി അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലെ സജീവ ചർച്ചവിഷയങ്ങൾക്കൊപ്പമാണ് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളും ഫലസ്തീനികളും സുഡാനിലെ ആഭ്യന്തര കലഹവുമെല്ലാം തെരഞ്ഞെടുപ്പ് വിഷയമായി വരുന്നതെന്നോർക്കണം. ഒരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് എന്നതിനപ്പും, ആഗോള രാഷ്ട്രീയത്തിന്റെ ഭാഗധേയം നിർണയിക്കപ്പെടുന്ന ജനവിധി എന്ന നിലയിൽ ഈ കാഴ്ചകളെ കൗതുകത്തോടെയും ആകാംക്ഷയോടെയും ലോകം നോക്കിക്കാണുന്നത് ഇതുകൊണ്ടുകൂടിയാണ്. ആഗോള ഭൗമരാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന നിർണായക ശക്തി എന്ന നിലയിൽകൂടിയാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇത്രമേൽ പ്രാധാന്യം കൈവരുന്നത്.
ചില സവിശേഷാനുഭവങ്ങൾ കൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്. സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷം കിഴക്ക് കേന്ദ്രീകരിച്ച് ‘ഗ്ലോബൽ സൗത്തി’ന്റെ പുതിയ രാഷ്ട്രസംഘടനകൾ ശക്തിപ്രാപിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞടുപ്പാണിത്. രണ്ടാഴ്ച മുമ്പ്, സമാപിച്ച ബ്രിക്സ് ഉച്ചകോടി അക്ഷരാർഥത്തിൽ അത്തരമൊരു തുടക്കമായി കരുതുന്നവരുണ്ട്. ഈ മാറ്റം യു.എസിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രതിഫലിച്ചതായി കാണാം. യുക്രെയിൻ-റഷ്യ യുദ്ധത്തിന്റെ കാര്യംതന്നെയെടുക്കുക. അമേരിക്കയുടെ പ്രഖ്യാപിത നയമനുസരിച്ച്, യുക്രെയിനൊപ്പം നിലയുറപ്പിക്കേണ്ട സന്ദർഭമാണിത്. എന്നാൽ, ട്രംപ് പരസ്യമായിത്തന്നെ റഷ്യൻ പക്ഷത്താണ് നിലകൊണ്ടിട്ടുള്ളത്. കമല ഹാരിസും കാര്യങ്ങൾ മയപ്പെടുത്തിയാണ് സംസാരിക്കുന്നത്. ഗസ്സ വിഷയത്തിലും സമാനമാണ് അവസ്ഥ; ട്രംപ് പതിവുപോലെ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തിൽ ബറാക് ഒബാമയുടെ നിലപാടിലേക്കുപോലും ഉയരാൻ കമലക്ക് സാധിക്കുന്നില്ല. നിലവിലുള്ള ഡെമോക്രാറ്റിക് ഭരണകൂടം ഇസ്രായേലിനെ യഥേഷ്ടം പിന്തുണക്കുന്ന സാഹചര്യത്തിൽ ‘യുദ്ധം അവസാനിപ്പിക്കുമെ’ന്നൊക്കെ പറയുകയല്ലാതെ വിഷയത്തിൽ പ്രായോഗിക നിലപാട് മുന്നോട്ടുവെക്കാൻ അവർക്കാകുന്നില്ല. കുടിയേറ്റക്കാരുടെ വിഷയത്തിലും ഇരുകൂട്ടരുടെയും നിലപാടിൽ വലിയ അന്തരമില്ല. ഒരു കാര്യം വ്യക്തമാണ്: വിജയിക്കുന്നത് ആരായിരുന്നാലും അമേരിക്കയുടെ നയത്തിൽ കാര്യമായ മാറ്റത്തിന് സാധ്യതയൊന്നുമില്ല. ഗസ്സയിലും യുക്രെയിനിലും നിലവിലെ സ്ഥിതി തുടരും. അങ്ങനെയൊക്കെയായിരിക്കുമ്പോഴും തീവ്രവംശീയവാദികൾ ഭരണനിയന്ത്രണം അപഹരിക്കാതിരിക്കട്ടെയെന്ന് പ്ര ത്യാശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.