കണ്ണൂരിലെ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എ.ഡി.എം) ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്തത് സംബന്ധിച്ച കേസിൽ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യയുടെ അറസ്റ്റിനോടനുബന്ധിച്ച് ചൊവ്വാഴ്ച നടമാടിയ സംഭവങ്ങൾ കേരള സമൂഹത്തെ ഏറെ നേരം ഉദ്വേഗത്തിൽ നിർത്തിയിരുന്നു. ഉദ്യോഗസ്ഥ നടപടികൾ, നിയമപാലനം, കുറ്റകൃത്യം, പൊലീസ്, ജുഡീഷ്യറി, രാഷ്ട്രീയ കക്ഷികൾ, ഭരണം, പ്രതിപക്ഷം എന്നിത്യാദി ഘടകങ്ങളെയെല്ലാം ഒരേ തോതിലല്ലെങ്കിലും ബാധിക്കുന്ന സംഭവ പരമ്പരയായിരുന്നു അത്. അതിലെ ശരിയും തെറ്റും വിലയിരുത്തുമ്പോൾ നിയമവാഴ്ചയുടെ ദൗർബല്യങ്ങളാണ് പ്രധാനമായും ദൃശ്യപ്പെടുന്നത്.
സ്ഥലം മാറിപ്പോവുന്ന എ.ഡി.എം കെ. നവീൻ ബാബുവിന് കലക്ടറേറ്റിൽ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിൽ പി.പി. ദിവ്യ വിളിക്കാതെ കടന്നുകയറിവന്ന് സംസാരിക്കുകയും ആർക്കും മനസ്സിലാവുന്ന കുത്തുവാക്കുകളിൽ അഴിമതിയാരോപണം ഉന്നയിക്കുകയും ചെയ്തു. പിറ്റേ ദിവസം കാലത്ത് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന് തീർച്ചയായതോടെ അതിലേക്ക് നയിച്ചത് ദിവ്യയുടെ വേദനിപ്പിക്കുന്ന പരാമർശങ്ങളാണെന്നുവന്നു. തിങ്കളാഴ്ച നടന്ന അസ്വാഭാവിക മരണത്തിൽ വ്യാഴാഴ്ചയാണ് ടൗൺ പൊലീസ് കേസെടുത്തത്. അതിനിടയിൽ പി.പി. ദിവ്യ വെള്ളിയാഴ്ച (ഒക്ടോബർ 18) മുൻകൂർ ജാമ്യാപേക്ഷ നൽകി; 21ന് തിങ്കളാഴ്ച അത് ഫയലിൽ സ്വീകരിച്ച് 24ന് വാദം കേട്ടു; 29ന് വിധി പറയാൻ മാറ്റിവെച്ചു. 29ന് ചൊവ്വാഴ്ച മുൻകൂർ ജാമ്യം നിഷേധിച്ച് വിധിയായി. നിർബന്ധിതാവസ്ഥയിൽ ദിവ്യയെ അറസ്റ്റ് ചെയ്യേണ്ടിവന്നപ്പോഴും മാധ്യമ ശ്രദ്ധ ഒഴിവാക്കാൻ നാടകീയ നീക്കങ്ങളാണ് പൊലീസ് നടത്തിയത്.
മുൻകൂർ ജാമ്യത്തിന്റെ വ്യവസ്ഥകളും സാഹചര്യങ്ങളും നിയമപ്രശ്നങ്ങളാണ്. എന്നാൽ, ഒക്ടോബർ 17ന് വ്യാഴാഴ്ച പൊലീസ് കേസെടുത്തത് മുതൽ 29ന് ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ 11 ദിവസം പൊലീസിന് അറസ്റ്റ് ചെയ്യുന്നതിന് എന്തായിരുന്നു തടസ്സമെന്ന ചോദ്യം അവശേഷിക്കുന്നു. അറസ്റ്റ് കോടതി ആവശ്യപ്പെട്ടതിന്റെ പേരിൽ നടത്തുന്നതല്ല. മുൻകൂർ ജാമ്യഹരജി പ്രോസിക്യൂഷൻ എതിർത്തതും കോടതി ഇടക്കാലാശ്വാസം നൽകാത്തതും പരിഗണിച്ചാൽ പൊലീസ് പ്രതിയോട് അത്യുദാര പരിഗണന കാണിച്ചെന്നുവേണം അനുമാനിക്കാൻ. സ്വാഭാവികമായും പ്രതി ഭരണകക്ഷിയുടെ പ്രമുഖ ജില്ല നേതാവാണ് എന്നതിനാൽ ഇക്കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ആരോപിക്കപ്പെടുന്നതും സ്വാഭാവികം.
പാർട്ടിക്കാർ ചെയ്യുന്നത് ശരി എന്ന മുൻവിധിയോടെയായിരുന്നു സി.പി.എമ്മിന്റെ ആദ്യ പ്രതികരണം. പൊതു പ്രവർത്തകയെന്ന നിലയിൽ ദിവ്യ അഴിമതിക്കെതിരായി സംസാരിച്ചതാണെന്നും അതിനിടയിൽ അനൗചിത്യം പറഞ്ഞുപോയി എന്നുമുള്ള ഭാഷ്യം നൽകാൻ ശ്രമമുണ്ടായി. നവീൻ ബാബു കൈക്കൂലിക്കാരനാണെന്ന് സ്ഥാപിച്ചെടുക്കാനും കൊണ്ടുപിടിച്ച ശ്രമം നടത്തി പാർട്ടി മെഷീനറി. പത്തനംതിട്ടയിലെ പാർട്ടി ഘടകം മറ്റൊരു നയം സ്വീകരിച്ചുവെന്നത് നേര്. സി.പി.എമ്മിന് ശരി തെറ്റുകളുടെയും ധാർമികതയുടെയും മാനദണ്ഡങ്ങൾ വെച്ച് കാര്യങ്ങളെ നോക്കിക്കാണാൻ കഴിയാത്തതിന്റെയും കക്ഷിപരമായ ആന്ധ്യം രാഷ്ട്രീയ പാർട്ടികളെ എത്രമാത്രം ബാധിക്കുന്നുവെന്നതിന്റെയും ഉദാഹരണമായിരുന്നു അത്. അഴിമതിക്കെതിരായ നിലപാട് എന്ന വാദം തന്നെ, എ.ഡി.എമ്മിന്റെ പ്രവർത്തന പാരമ്പര്യം വ്യക്തമായതോടെ ദുർബലമായി. ഉദ്യോഗസ്ഥ അഴിമതിയുടെ അടയാളങ്ങളല്ല, അപേക്ഷകന്റെ പക്ഷത്തുള്ള ഏതൊക്കെയോ സമ്മർദശക്തികളുടെ ശ്രമഫലമായിരുന്നു വിഷയത്തെ വൈകാരികമാക്കി മാറ്റിയതെന്ന് വ്യക്തമായി. അറസ്റ്റിനോടനുബന്ധിച്ച് പൊലീസ് സ്വീകരിച്ച നടപടികൾ പ്രതിയുടെ രാഷ്ട്രീയസ്വാധീനം പരിഗണിച്ചായിരുന്നെന്ന് വെളിപ്പെടുത്തുന്നതായിരുന്നു പൊലീസ് നീക്കം. ദിവ്യ എന്ന മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റിനു പകരം സമാനമായ ഒരു കേസിൽ സാധാരണക്കാരാരെങ്കിലുമായിരുന്നു പ്രതികളെങ്കിൽ ഈ ‘സുരക്ഷ മാനദണ്ഡങ്ങൾ’ പാലിച്ചാവുമോ പൊലീസിന്റെ നടപടികൾ എന്ന ചോദ്യം പ്രസക്തമാണ്.
കേരളത്തിൽ മുമ്പ് നടന്ന ഒരു അറസ്റ്റും മുൻകൂർ ജാമ്യനിഷേധവും ഇവിടെ ഓർക്കാവുന്നതാണ്. 2010 ആഗസ്റ്റ് 17 നായിരുന്നു അബ്ദുന്നാസിർ മഅ്ദനിയുടെ അറസ്റ്റിനായി കൊല്ലം അൻവാർശ്ശേരിയിൽ കേരള-കർണാടക പൊലീസിന്റെ സംയുക്ത ഓപറേഷൻ ‘ആഘോഷം’. 2008ലെ ബംഗളൂരു സ്ഫോടനക്കേസിലെ 31-ാം പ്രതിയായ മഅ്ദനിയെ കേരള പൊലീസ് ക്രമസമാധാന പ്രശ്നങ്ങൾ ഭയന്ന് വമ്പിച്ച പൊലീസ് സന്നാഹത്തോടെയായിരുന്നു അറസ്റ്റ് ചെയ്ത് കർണാടക പൊലീസിന് കൈമാറിയത്. മഅ്ദനിയുടെ മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈകോടതി തള്ളുകയും അറസ്റ്റിന് അന്ത്യശാസനം നൽകുകയും ചെയ്തു. സുപ്രീംകോടതിയിൽ ജാമ്യഹർജി നൽകിയെങ്കിലും അതിന്റെ പേരിൽ അറസ്റ്റ് വൈകിക്കാൻ അന്നത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാർ തയാറായില്ല. സമാധാനഭംഗത്തെക്കുറിച്ച് പൊലീസും മാധ്യമങ്ങളും പ്രകടിപ്പിച്ച വെപ്രാളങ്ങളൊന്നും, മുദ്രാവാക്യം വിളിയല്ലാതെ, മഅ്ദനിയുടെ പാർട്ടിപ്രവർത്തകരിൽ നിന്നുണ്ടായില്ല. കീഴടങ്ങാൻ ശ്രമിച്ചെങ്കിലും വഴിയിൽ തടഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് നടന്നുകഴിഞ്ഞ സ്ഥിതിക്ക് ചെറിയ സമയ വ്യത്യാസത്തിൽ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചുമില്ല. വർഷം 13 കഴിയുമ്പോഴും മഅ്ദനി ഇന്നും സോപാധിക ജാമ്യത്തിൽ വിചാരണ കാത്തുകഴിയുകയാണ്. നിയമം അതിന്റെ വഴിക്ക് എന്ന് പറയുകയും നിയമത്തിനുമുന്നിൽ എല്ലാവരും സമമാണെന്ന് സങ്കല്പിക്കപ്പെടുകയും ചെയ്യുമ്പോഴും അത്തരം അവകാശങ്ങൾക്കുവേണ്ടി ഉറക്കെ ഒച്ചവെക്കുന്ന ഇടതുപക്ഷത്തിന്റെ സർക്കാറിൽനിന്ന് പാർട്ടിസ്വന്തക്കാർക്കും ‘വെറും പൗരർ’ക്കും നീതി വൈരുധ്യാധിഷ്ഠിതമാകുന്നത് എത്ര പരിഹാസ്യമാണ്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.