വഖഫ് സമിതി ചർച്ചയിലെ ഏറ്റുമുട്ടലുകൾക്ക് പിന്നിൽ


ആഗസ്റ്റിൽ അവതരിപ്പിക്കപ്പെട്ട വഖഫ് നിയമഭേദഗതി ബില്ലിന്മേൽ സംയുക്ത പാർലമെന്ററി സമിതിയിൽ ചൊവ്വാഴ്ച നടന്ന ചർച്ചക്കിടെ തൃണമൂൽ എം.പി കല്യാൺ ബാനർജി സമിതി അധ്യക്ഷൻ ബി.ജെ.പിയുടെ ജഗദാംബിക പാലിന്റെ നിലപാടിൽ പ്രതിഷേധിച്ചതും ബി.ജെ.പിയുടെതന്നെ അഭിജിത് ഗംഗോപാധ്യായയുമായുണ്ടായ വാക്കുതർക്കത്തിനിടെ കൈയിലിരുന്ന കുപ്പി എറിഞ്ഞു കൈക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്ത ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മറുപക്ഷം സ്വീകരിച്ച നിലപാട് എത്രതന്നെ പ്രതിഷേധാർഹമാണെങ്കിലും ഒരു സമിതിയംഗമെന്ന നിലയിൽ ആ പെരുമാറ്റത്തിൽ അനൗചിത്യമുണ്ട്.

അതിന്റെ പേരിൽ ബാനർജിയെ 9 - 8 ഭൂരിപക്ഷത്തിൽ സമിതി ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു. എന്നാൽ, അതിനിടയാക്കിയ അധ്യക്ഷന്റെ നിലപാടും തർക്കവിഷയമാണ്. പ്രസ്തുത സംഭവം വിഷയത്തിന്റെ മർമത്തിൽ സ്പർശിക്കുന്നതല്ല. എന്നാൽ, വഖഫ് നിയമഭേദഗതി ബിൽ പാസാക്കിയെടുക്കാൻ കാണിക്കുന്ന ആവേശവും ജനാധിപത്യ രീതികളോടുള്ള താൽപര്യമില്ലായ്മയും കേന്ദ്രത്തിന്റെ ദുരുദ്ദേശ്യങ്ങളുടെ മാത്രം സൂചനയാണ്. ഇതാണ് സമിതിയിൽ തുടക്കം മുതലേ കണ്ടുവരുന്ന സംഘർഷങ്ങൾക്ക് കാരണം.

വഖഫ് എന്നത് മുസ്‌ലിംകൾ മതപരവും ജീവകാരുണ്യവുമായ ലക്ഷ്യങ്ങൾവെച്ച് ദൈവപ്രീതിക്കായി നീക്കിവെച്ച ആസ്തികളാണ്. സൽക്കർമങ്ങൾ സ്വന്തം ജീവിതകാലത്തിനപ്പുറവും തുടരാൻ സമ്പത്ത് നീക്കിവെക്കുന്ന പുണ്യ പ്രവൃത്തിയാണതെന്നാണ് ഇസ്‍ലാം മത വിശ്വാസം. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്ന 1995ലെ വഖഫ് ആക്ടിന്റെ അലകും പിടിയും മാറ്റുന്ന പുതിയ ബിൽ പഠിക്കാൻ വേണ്ടത്ര സമയം നൽകാത്ത കേന്ദ്രനിലപാടിനെ പ്രതിപക്ഷം ഒന്നടങ്കം എതിർത്തതിനെതുടർന്ന് വിഷയം 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. വിവിധ കക്ഷികളും വ്യക്തികളും സമിതിക്ക് മുമ്പാകെ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി വരുന്നതിനിടയിലായിരുന്നു ചൊവ്വാഴ്ചത്തെ നാടകീയ സംഭവങ്ങൾ.

മുസ്‍ലിം സംഘടനകളും നേതാക്കളും ബില്ലിനെ നഖശിഖാന്തം എതിർക്കുന്നത് കേന്ദ്രം അവകാശപ്പെടുന്ന സദുദ്ദേശ്യങ്ങളിൽ ഒന്നുപോലും വിശ്വസനീയമല്ലാത്തത് കൊണ്ടാണ്. 1995ലെ വഖഫ് നിയമപ്രകാരം സംസ്ഥാന സർക്കാർ ഒരു സർവേയിലൂടെയാണ് വഖഫ് സ്വത്തുക്കൾ കണ്ടെത്തുന്നതും നിർണയിക്കുന്നതും. അങ്ങനെ സർവേ കമീഷണർ, പ്രാദേശിക അന്വേഷണങ്ങൾ, സാക്ഷി മൊഴികൾ, പൊതുരേഖകളുടെ അവലോകനം എന്നിവയിലൂടെ ഈ സ്വത്തുക്കൾ തിരിച്ചറിയുകയും വസ്തുവകകൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗസറ്റിൽ രേഖപ്പെടുത്തുകയും സംസ്ഥാന വഖഫ് ബോർഡ് ഒരു പട്ടികയായി അവയുടെ രേഖ സൂക്ഷിക്കുകയും ചെയ്യുന്നു. ഓരോ സംസ്ഥാനത്തും വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം ഒരു ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള വഖഫ് ബോർഡുകൾക്കാണ്.

വഖഫ് എന്നതിന്റെ നിർവചനംതന്നെ മാറ്റിത്തീർക്കുന്നുണ്ട് പുതിയ ബിൽ. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇസ്‌ലാം മതമനുഷ്ഠിച്ചുവരുന്ന സ്വത്തുടമകൾക്ക് മാത്രമേ സ്വത്തുക്കൾ വഖഫായി നൽകാൻ അധികാരമുള്ളൂ. നിലവിൽ അമുസ്‍ലിംകൾക്കും അവരുടെ ഉദ്ദേശ്യം സമാനമാണെങ്കിൽ വഖഫ് ദാനം ചെയ്യാം. സ്വത്തുക്കൾ ആദ്യം നൽകുകയും - വാമൊഴിയായിപോലും - രേഖകൾ പിന്നീട് തയാറാക്കുകയും ചെയ്യുന്ന രീതിയുമുണ്ട്. ‘ഉപയോഗം വഴി വഖഫ്’ എന്ന ഈ തത്ത്വം പുതിയ ബിൽ വഴി നഷ്ടപ്പെടും. അതോടെ അങ്ങനെ നിലവിൽവന്ന ഒട്ടനവധി വഖഫ് സ്വത്തുക്കൾ സർക്കാറിന്റെ കൈയിലേക്ക് പോകാനും വഴിയൊരുങ്ങിയേക്കാം. പുതിയ ബില്ലിൽ ഒരു സ്വത്ത് വഖഫാണോ സർക്കാർ സ്വത്താണോ എന്ന് തീരുമാനിക്കാൻ അന്തിമമായി ജില്ല കലക്ടറെയാണ് അധികാരപ്പെടുത്തുന്നത്. ട്രൈബ്യൂണൽ എന്ന നിലവിലെ നിഷ്പക്ഷ സംവിധാനം പാടെ ഇല്ലാതാവും.

1995ലെ നിയമപ്രകാരം സർവേയുടെ അധികാരമുണ്ടായിരുന്ന കമീഷണർമാർക്ക് പകരം ഇനി ജില്ല കലക്ടർമാരുടെ റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും. വഖഫ് രേഖകൾക്കുള്ള കേന്ദ്രീകൃത രജിസ്ട്രേഷൻ സംവിധാനവും അതിനുള്ള പോർട്ടലും നിലവിൽവന്നാൽ ആറു മാസത്തിനുള്ളിൽ അവ്വിധം രജിസ്ട്രേഷൻ നടത്താത്ത സ്വത്തുക്കൾ വഖഫ് അല്ലാതാക്കുകയും തുടർന്ന് അവയെ സർക്കാർ സ്വത്തായി കൈയടക്കുകയും ചെയ്യും.

കേന്ദ്ര വഖഫ് കൗൺസിൽ, സംസ്ഥാന വഖഫ് ബോർഡുകൾ, വഖഫ് ട്രൈബ്യൂണലുകൾ എന്നിവയിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നതാണ് ബില്ലിലെ ഏറ്റവും വിവാദപരമായ വ്യവസ്ഥകളിലൊന്ന്. മറ്റു സമുദായങ്ങളുടെയൊന്നും സ്വത്തുക്കളിൽ കൊണ്ടുവരാത്ത ഈ പരിഷ്‌കാരം മുസ്‍ലിം ആസ്തികളിൽ മാത്രം ചേർക്കുന്നതിന്റെ യുക്തി എന്താണ്? വഖഫ് കൗൺസിലിലേക്ക് ലോക്‌സഭയിൽനിന്ന് രണ്ടുപേരും രാജ്യസഭയിൽനിന്ന് ഒരാളും വേണം, പക്ഷേ, അത് മുസ്‍ലിം ആവണമെന്ന് നിർബന്ധമില്ല. നിലവിൽ ഇത് മൂന്നും മുസ്‍ലിം ആവണമെന്നുണ്ട്. അതുപോലെ, പുതിയ ബില്ലനുസരിച്ച് സംസ്ഥാന വഖഫ് ബോർഡുകളിൽ രണ്ട് സ്ത്രീകളോടൊപ്പം രണ്ടു അമുസ്‍ലിംകളും വേണം. പുതിയ നിയമത്തിലെ പല വകുപ്പുകളും ഭരണഘടനയുടെ 25ാം വകുപ്പിലെ മതാനുഷ്ഠാന സ്വാതന്ത്ര്യങ്ങൾക്ക് വിലങ്ങിടുന്നവയാണ്.

കർശനമായ സാമ്പത്തിക നിയന്ത്രണങ്ങളാണ് മറ്റൊരു ഭേദഗതി. സി.എ.ജി നിയമിക്കുന്ന ഓഡിറ്റർ അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥനാവും പ്രസ്തുത ഓഡിറ്റ് അധികാരി. സംസ്ഥാനതലത്തിൽ സംസ്ഥാന സർക്കാറുകളും തത്തുല്യമായ അധികാരം കൈയാളും. വഖഫ് സമിതികളെ വരിഞ്ഞുമുറുക്കാനും അവയുടെ സ്വയംഭരണം ഇല്ലാതാക്കാനും ലക്ഷ്യംവെച്ചുള്ളവയാണിവയെന്ന് വ്യക്തം.

സാമ്പത്തികരംഗത്ത് നിയന്ത്രണങ്ങൾ കുറച്ച് ഉദാരവത്കരണത്തിന് മുതിർന്ന സർക്കാർതന്നെ ന്യൂനപക്ഷ സമൂഹങ്ങളുടെ, കൂടുതൽ കൃത്യമായി പറഞ്ഞാൽ മുസ്‍ലിംകളുടെ കാര്യത്തിലെത്തുമ്പോൾ എന്തുകൊണ്ട് ഇത്രയേറെ സ്റ്റേറ്റ് നിയന്ത്രണം ആഗ്രഹിക്കുന്നു എന്നത് ദുരൂഹമാണ്. വെറുതെയല്ല ബിൽ പാസാക്കാൻ കേന്ദ്രം ധിറുതി കാണിക്കുന്നതും പിന്നെ പാർലമെന്ററി സമിതി രൂപവത്കരിച്ച് വേണ്ടത്ര ചർച്ചകൾ നടത്തിയെന്ന് വരുത്തുന്നതും. സസൂക്ഷ്മം വീക്ഷിക്കേണ്ട ഒന്നുതന്നെയാണ് കേന്ദ്ര സർക്കാർ പാർലമെന്ററി സമിതിക്ക് മുമ്പാകെ നടത്തുന്ന ഓരോ നീക്കവും.

Tags:    
News Summary - Behind the clashes in the Waqf Committee debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.