ബാലൺ ഡിഓറിൽ വംശീയതയുടെ ഫൗൾ​േപ്ലയോ?

മാനവികതയുടെ മനോഹരമായ വർണരാജി വിരിയുന്ന ഇടമായാണ് പൊതുവെ കായിക മൈതാനങ്ങളെ വാഴ്ത്തിപ്പാടാറുള്ളത്. ഖേദകരമെന്ന് പറയട്ടെ, കളിക്കളത്തിനകവും പുറവും പലപ്പോഴും വംശീയ വെറുപ്പിന്‍റെ യുദ്ധക്കളമാകുന്നത് പതിവായിത്തീരുകയാണ്.

ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ ഫുട്‌ബാളും അതിനപവാദമല്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ബാലൺ ഡിഓർ പുരസ്കാരച്ചടങ്ങിലെ വിവാദങ്ങൾ ഫുട്‌ബാളിലെ വംശീയ വിവേചനത്തിന്‍റെ കാഠിന്യത്തെ പ്രതിരോധിക്കാനാകാത്തവിധം മുൻനിരയിലേക്കെത്തിച്ചിരിക്കുന്നു. ‘ബ്യൂട്ടിഫുൾ ഗെയിമി’നെയും അതിലെ കളിക്കാരെയും വംശീയത എത്രമാത്രം ആഴത്തിലാണ് ബാധിച്ചുകൊണ്ടിരിക്കുന്നതെന്ന് തെളിയിക്കുന്നു വിനീഷ്യസ് ജൂനിയറിന്‍റെ പ്രതികരണവും റയൽ മഡ്രിഡിന്‍റെ സമ്പൂർണമായ ബഹിഷ്കരണവും.

2023 ആഗസ്റ്റ് ഒന്നു മുതൽ 2024 ജൂലൈ 31 വരെയുള്ള കാലയളവിലെ കളിക്കാരുടെയും ടീമിന്‍റെയും പ്രകടനം അടിസ്ഥാനമാക്കി ഫ്രഞ്ച് മാസികയായ ‘ഫ്രാൻസ് ഫുട്‌ബാളാ’ണ് പുരസ്കാരത്തിനർഹരെ നിശ്ചയിച്ചത്. ഫിഫ റാങ്കിങ്ങിൽ ആദ്യ 100 സ്ഥാനക്കാരായ ദേശീയ ടീം ക്യാപ്റ്റന്മാർ, കോച്ചുകൾ, മാധ്യമപ്രവർത്തകരടക്കമുള്ള വലിയ നിരയുടെ രഹസ്യമായ വോട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ജേതാക്കളുടെ പ്രഖ്യാപനങ്ങൾ നടക്കുക. ഇത്തവണ ഏറ്റവും മികച്ച കളിക്കാരനുള്ള സാധ്യത കൽപിക്കപ്പെട്ടിരുന്നത് വിനീഷ്യസ് ജൂനിയറിനായിരുന്നു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ ജേതാവ് സ്​പെയിനിന്‍റെ റോഡ്രി ആണെന്ന വിവരം പുറത്തുവന്നു.

വിനീഷ്യസ് തഴയപ്പെട്ടതിന്‍റെ പ്രധാന കാരണം അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന വംശീയ വിരുദ്ധ പോരാട്ടങ്ങളാണെന്ന്​ അദ്ദേഹവും സഹപ്രവർത്തകരും ക്ലബും ഉറച്ചുവിശ്വസിക്കുകയും ഉച്ചത്തിൽ പറയുകയും ചെയ്തിരിക്കുന്നു. വംശീയതക്കെതിരായ തന്‍റെ സമരം പത്തിരട്ടിയായി വർധിക്കുമെന്നാണ് വിനീഷ്യസിന്‍റെ അവഗണനയോടുള്ള ആദ്യ പ്രതികരണം. അര്‍ഹിച്ച ബഹുമാനം ലഭിക്കാത്ത വേദികളിലേക്ക് റയല്‍ മഡ്രിഡില്ലെന്ന നിലപാട് ക്ലബും സഹകളിക്കാരും സ്വീകരിക്കുക കൂടി ചെയ്തതോടെ പുരസ്കാരത്തിന്‍റെ പൊലിമ മാഞ്ഞു.

ഫുട്‌ബാളിലെ വംശീയതയുടെ വേരുകൾ ആണ്ടുകിടക്കുന്നത് യൂറോപ്പിന്‍റെ സാമൂഹിക മുൻവിധികളിലാണെന്ന് ഒരിക്കൽക്കൂടി ഓർമപ്പെടുത്തുകയാണ് ഈ സംഭവം. ഏതാനും വർഷങ്ങളായി വിനീഷ്യസ് പലതവണ മൈതാനങ്ങളിൽ വംശീയാവഹേളനങ്ങൾക്ക് വിധേയനായിട്ടുണ്ട്. 2021 ഒക്ടോബർ മുതൽ, ലാലിഗയിൽ അദ്ദേഹത്തിനെതിരെ വന്ന വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട് 18 പരാതികളാണ് ഫയൽ ചെയ്തിട്ടുള്ളത്. വിനീഷ്യസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2024 മാർച്ചിൽ സ്പാനിഷ് ബ്രസീലിയൻ ഫെഡറേഷനുകൾ ഒത്തുചേർന്ന് ഒരു മത്സരം നടത്താൻ തീരുമാനിക്കുന്നിടത്തോളം പ്രകടവും ശക്തവുമായിരുന്നു അദ്ദേഹത്തിനെതിരായ വംശീയാക്രമണം. പക്ഷേ, അത് യാഥാർഥ്യമാക്കാനുള്ള ഇച്ഛാശക്തി രണ്ട് ഫെഡറേഷനുകൾക്കുമുണ്ടായില്ല. അതിൽ അദ്ദേഹം നിരാശനുമായിരുന്നു. വംശീയതക്കെതിരായ പോരാട്ടങ്ങളെ യൂറോപ്പിലെ ഫുട്‌ബാൾ അധികൃതർ തന്ത്രപരമായി അവഗണിക്കുകയാണെന്ന പരാതി വിനീഷ്യസിന്‍റെ സഹപ്രവർത്തകൻ ജൂഡ് ബെല്ലിങ്ഹാമടക്കമുള്ള ധാരാളം കളിക്കാർ പരസ്യമായി, നിരന്തരം പങ്കുവെക്കുന്നതാണ്.

ഔദ്യോഗിക ഏജൻസികൾ ഫുട്‌ബാളിലെ വംശീയത മറച്ചുവെക്കാനാണ് താൽപര്യപ്പെടുന്നതെന്നതിന്‍റെ മികച്ച ഉദാഹരണമായിരുന്നു കളിമൈതാനങ്ങളിലെ വംശീയാതിക്രമങ്ങൾ കുറയുന്നു എന്ന 2023ലെ ജർമൻ ഫെഡറേഷൻ റിപ്പോർട്ട്. എന്നാൽ, ഇതിന്‍റെ വസ്തുത അന്വേഷിച്ച സ്വതന്ത്ര സംഘം കണ്ടെത്തിയത് ജർമനിയിൽ 2022-23 സീസണിൽ വംശീയാവഹേളനങ്ങൾ പതിന്മടങ്ങായി വർധിച്ചുവെന്നും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് നടത്തിയ മൂന്നു വർഷത്തെ കാമ്പയിന്‍റെ ഫലപ്രാപ്തിയും ആശാവഹമല്ലായിരുന്നു.

കളിക്കളത്തിലെ വംശീയത ഊതിക്കാച്ചുന്നതിൽ ഫാൻസുകൾ മാത്രമല്ല പ്രതികൾ. ക്ലബ് അധികാരികളിൽ തുടങ്ങി, മാനേജ്മെന്‍റ് ഘടനകളിലും പരിശീലക സംഘങ്ങളിലും വംശീയതയുടെ സ്ഥാപനവത്കരിക്കപ്പെട്ട രൂപങ്ങൾ ഭീമാകാരം പൂണ്ടുനിൽക്കുന്ന വസ്തുത ഞെട്ടിക്കുന്നതാണ്. മാധ്യമങ്ങൾക്കും കമന്‍റേറ്റർമാർക്കും വംശീയ മുൻവിധികൾ നിലനിർത്തുന്നതിൽ കുറ്റകരമായ പങ്കുണ്ട്. കറുത്ത കളിക്കാരെ ശാരീരികമായി ഉയർന്നവർ, മുസ്‍ലിംകളെ ശാരീരികമായി ആക്രമണകാരികൾ, വെള്ളക്കാരെ ബുദ്ധിപരമായി നീക്കങ്ങൾ നടത്തുന്നവർ തുടങ്ങിയ വിശേഷണങ്ങൾ മുതൽ ‘അവർ’ ‘ഞങ്ങൾ’ എന്ന അപര പ്രയോഗങ്ങൾ വരെ നിർലോഭം ഉപയോഗിക്കപ്പെടുന്നു. ജർമൻ ബുണ്ടസ്‌ലിഗയെക്കുറിച്ചു 2022ൽ പുറത്തിറങ്ങിയ പഠനത്തിൽ തന്ത്രപരമായി തീരുമാനമെടുക്കാനുള്ള സ്ഥാനങ്ങളിൽ വെള്ളക്കാരായ കളിക്കാർ അമിതമായി പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്നും എന്നാൽ, ആക്രമണകാരികളായ ഔട്ട്‌ഫീൽഡ് കളിക്കാരിൽ 37 ശതമാനവും കറുത്തവരാണെന്നും കണ്ടെത്തിയിരുന്നു. യൂറോപ്യൻ ഫുട്‌ബാളിലെ ഉയർന്ന സ്ഥാനമലങ്കരിക്കുന്ന 87.2 ശതമാനവും പുരുഷ ടീമുകളുടെ ആദ്യ പരിശീലകരിൽ 90 ശതമാനവും വെള്ളക്കാരാണ്.

ചെൽസി താരം റഹീം സ്റ്റെർലിങ് വാദിക്കുന്നതുപോലെ, യൂറോപ്യൻ ഫുട്‌ബാളിലെ നിർണായക ഘടനകളിൽ വ്യത്യസ്ത വംശജർക്ക് കൂടുതൽ പ്രാതിനിധ്യം അനിവാര്യമാണ്. ഫുട്‌ബാൾ ഭരണ സംവിധാനങ്ങളിലും കളിക്കാരെ തീരുമാനിക്കുന്ന ഘടകങ്ങളിലും വംശീയാന്ധത പരിഹരിക്കാനും സുതാര്യത ഉറപ്പുവരുത്താനും പ്രാതിനിധ്യമല്ലാതെ മറ്റൊരു മാർഗവുമില്ല. സാമൂഹിക പക്ഷപാതത്തെ പ്രതിഫലിപ്പിക്കുകയോ വംശീയ മുൻവിധികളെ അരക്കിട്ടുറപ്പിക്കുകയോ ചെയ്യുന്ന ഭാഷപ്രയോഗങ്ങളിൽനിന്ന് മാധ്യമങ്ങളും കളിയെഴുത്തുകാരും ജാഗ്രത്താകാനെങ്കിലും ചുരുങ്ങിയപക്ഷം ഈ സംഭവം നിമിത്തമാകേണ്ടതുണ്ട്. ഫുട്‌ബാൾ രംഗം വംശീയരഹിത മനോഹരമൈതാനമെന്ന യാഥാർഥ്യത്തിലേക്ക് എല്ലാ പ്രതിരോധങ്ങ​െളയും വകഞ്ഞുമാറ്റി ഡ്രിബ്ൾ ചെയ്തു കയറേണ്ട സമയം അതിക്രമിച്ചുവെന്ന് ചുരുക്കം.

Tags:    
News Summary - Foulplay of racism at the Ballon d'Or?*

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT