അമിത്​ ഷായുടെ ഹിന്ദി പ്രചാരണ യജ്ഞം


ഹിന്ദി ദിവസ് ആചരണത്തോടനുബന്ധിച്ച്​ സെപ്​റ്റംബർ 14ന് ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന നാലാമത്​ അഖില ഭാരതീയ രാജ്​ഭാഷ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധേയമാണ്​. ഷാ ചുമതല വഹിക്കുന്ന ആഭ്യന്തര, സഹകരണ മന്ത്രാലയങ്ങളിൽ ഇപ്പോൾ എല്ലാ ഫയലുകളും ഹിന്ദി ഭാഷയിലാണെന്നും ഒരൊറ്റ ഫയലും ഇംഗ്ലീഷിൽ ഇല്ലെന്നുമായിരുന്നു ​അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ. ഈയൊരു മാറ്റത്തിനു മൂന്നുവർഷം വേണ്ടി വന്നു. ഹിന്ദി മറ്റു ഇന്ത്യൻ ഭാഷകളുമായി ഏറ്റുമുട്ടണമെന്നല്ല, മറ്റു ഇന്ത്യൻ ഭാഷകളും അതുപോലെ വികസിക്കണമെന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ ഭാഷ അനുഭാഗ്‌ ഹിന്ദിയിൽ ഇറക്കിയ പ്രസംഗങ്ങളും കത്തുകളും ലേഖനങ്ങളും സാഹിത്യങ്ങളും ഇതര ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ദശകങ്ങളായി തെക്കൻ സംസ്ഥാനങ്ങളും, വിശിഷ്യ തമിഴ്നാട്​, കേന്ദ്ര സർക്കാറും തമ്മിൽ ഔദ്യോഗിക ഭാഷയായി ഹിന്ദി മാത്രം ഉപയോഗിക്കുന്നതിന്‍റെയും ഇംഗ്ലീഷിനെ ഒഴിവാക്കുന്നതിന്‍റെയും പേരിൽ തർക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാവാറുണ്ട്. 1937ൽ സി. രാജഗോപാലാചാരിയുടെ കോൺഗ്രസ് ഭരണകാലത്ത്​ മദിരാശിയിൽ സ്‌കൂളുകളിൽ ഹിന്ദി നിർബന്ധ ഭാഷയായി പഠിപ്പിക്കാനുള്ള തീരുമാനം വമ്പിച്ച പ്രതിഷേധങ്ങൾക്കൊടുവിൽ പിൻവലിക്കുകയായിരുന്നു. രാജാജി തന്നെ പിന്നീട്​ നിലപാട് മാറ്റി. 1960കളിൽ രൂക്ഷമായും പിന്നീട് ഇടവിട്ടും നടന്ന കുഴപ്പങ്ങൾ ഭാഷാവിഷയം എത്ര ലോലമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെയാവണം ‘ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ’ മുദ്രാവാക്യം മുഴക്കുന്ന നിലവിലെ ബി.ജെ.പി കേന്ദ്ര സർക്കാറും ഒരു പൊട്ടിത്തെറിക്കു സാധ്യതയുള്ള ഭാഷാവിഷയം അത്ര ഊക്കിൽ മുന്നോട്ടു കൊണ്ടുപോകാൻ തുനിയാത്തത്.

കേന്ദ്രത്തിന്‍റെ ഔദ്യോഗിക നീക്കങ്ങൾ ഹിന്ദി ഇതര ഭാഷാവിഭാഗങ്ങളിൽ ആശങ്ക ഉണർത്തുന്നുവെന്നത് സത്യമാണ്. ഭാഷ ജനങ്ങളെ ഏകോപിപ്പിക്കുന്നപോലെ തന്നെ ഏറ്റുമുട്ടലുകൾക്കും ഇടയാക്കിയേക്കാം. ഭാഷാ സംസ്ഥാനങ്ങളായി ഇന്ത്യൻ പ്രവിശ്യകളെ പുനഃസംഘടിപ്പിച്ചതും ചരിത്ര സംഭവമാണ്​. ഈ വർഷത്തെ ഹിന്ദി ദിവസ് കൊണ്ടാടിയത് 1949 സെപ്​റ്റംബർ 14ന് കോൺസ്റ്റിറ്റ്യുവൻറ്​ അസംബ്ലി ഭരണഘടനയിൽ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചതിന്റെ 75ാം വാർഷികത്തിലാണ്. എന്നാൽ, അന്നുതന്നെ 15 വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ്‌ ഉപയോഗിക്കാമെന്ന വകുപ്പ്​ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും പിന്നീട് 1965 മുതൽ അത് അനിശ്ചിതമായി നീട്ടുകയും ചെയ്തതും ഹിന്ദി ഇതര സംസ്ഥാനങ്ങളുടെ താൽപര്യങ്ങളുടെ സാധുത അംഗീകരിച്ചുകൊണ്ടാണ്.

അഞ്ചുവർഷംമുമ്പ്‌ 2019ലും സമാനമായ അവസരത്തിൽ ഹിന്ദിക്ക് രാജ്യത്തെ ഒന്നിപ്പിക്കാൻ കഴിയുമെന്ന അമിത് ഷായുടെ പരാമർശം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഹിന്ദി മാത്രം ഔദ്യോഗിക ഭാഷയായി അംഗീകരിക്കാനും ഇംഗ്ലീഷിനെ കൊളോണിയൽ ഭാഷ എന്ന മുദ്രവെച്ച്‌ നിഷ്കാസനം ചെയ്യാനുമുള്ള ശ്രമമാണ്​ എന്നും എതിർപ്പിനിടയാക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ വിഭാഗം സംസാരിക്കുന്ന ഭാഷയാണ്​ ഹിന്ദി-2011 സെൻസസ് അനുസരിച്ച് 46.5 ശതമാനം. 1971ലെ 41.9 ശതമാനത്തിൽ നിന്നാണ് ഈ വളർച്ച. 2021ലെ സെൻസസ് ഇനി വൈകി നടക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കൂടിയ ജനസംഖ്യാ വർധനകാരണം ഈ ശതമാനം ഇനിയും കൂടിയേക്കാം. എന്നാൽ, ഇത് വെറും അക്കങ്ങളുടെ ഭൂരിപക്ഷമനുസരിച്ച് തീർപ്പാക്കാൻ കഴിയുന്ന വിഷയമല്ല. വടക്കെ ഇന്ത്യ കഴിച്ചാൽ ഹിന്ദി ബന്ധമുള്ള ഭാഷകളും ദ്രാവിഡ ഭാഷകളും സംസാരിക്കുന്നവരാണ് ഭൂരിപക്ഷം. ഈ സത്യം വേണ്ടവിധം ഉൾക്കൊള്ളാതെയാണ് അമിത് ഷാ എല്ലാ ഇന്ത്യൻ ഭാഷകളെയും ഹിന്ദി കുടുംബത്തിൽ എണ്ണുന്നത്. മറ്റു ഭാഷകളുമായി ഹിന്ദി ഏറ്റുമുട്ടുകയല്ല, ഹിന്ദി അടിച്ചേൽപിക്കുകയല്ല, മറ്റു പ്രാദേശിക ഭാഷകൾ കൂടി അഭിവൃദ്ധിപ്പെടുകയാണ് ലക്ഷ്യം എന്നൊക്കെ ഹിന്ദി വാദികൾ പറയുമ്പോഴും അതി​ലൊളിഞ്ഞ മുഖ്യ ആശയം ബന്ധഭാഷയെന്ന ഇംഗ്ലീഷിന്‍റെ സ്ഥാനം ഇല്ലാതാക്കുക എന്നതാണ്. ഇതോടുകൂടി അഹിന്ദി സംസ്ഥാനങ്ങൾക്ക് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഔദ്യോഗിക തലങ്ങളിലും മതിയായ സ്ഥാനവും പ്രാതിനിധ്യവും ഇല്ലാതാവുകയാണ് ചെയ്യുക. എന്നാൽ, ഭാഷാ ബാഹുല്യംകൊണ്ട് സങ്കീർണമായ ഇന്ത്യൻ സമസ്യക്ക് ഒരതിരുവരെ പരിഹാരമായി 1960കളിൽ കോത്താരി കമീഷൻ നൽകിയതും വിവിധ സംസ്ഥാനങ്ങൾ അംഗീകരിച്ചതുമായ പരിഹാരം ത്രിഭാഷാ പദ്ധതിയായിരുന്നു.

അതനുസരിച്ച് അഹിന്ദി സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി എന്നിവയും ഹിന്ദി സംസ്ഥാനങ്ങൾ ഇംഗ്ലീഷ്, ഹിന്ദി എന്നിവക്കുപുറമെ ഇതര സംസ്ഥാനങ്ങളിലെ ഭാഷയും പഠിക്കണമായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഏറക്കുറെ അതിനു തയാറായെങ്കിലും ഹിന്ദി സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ ഭാഷ പഠിക്കുന്നതിൽ വീഴ്ച വരുത്തുകയും സംസാരഭാഷയായി നിലവിലില്ലാത്ത സംസ്‌കൃതം ഉൾപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയെത്തി. ഇതിനിടയിലാണ് കേന്ദ്ര സർക്കാറിന്‍റെ ഹിന്ദി ബുൾഡോസർ പതുക്കെ സ്റ്റാർട്ടാക്കുന്നത്. ഹിന്ദി അടിച്ചേൽപിക്കുന്നില്ല എന്നു ഭംഗിവാക്കു പറയുമ്പോഴും അഹിന്ദി ഭാഷകളെ അന്യവത്​കരിക്കുകയോ അപ്രധാനവത്​കരിക്കുകയോ ചെയ്യാനുള്ള പരിപാടികളാണ്​ കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്നത്​ എന്ന ആശങ്ക അസ്ഥാനത്താണെന്നു പറയാനാവില്ല. അതാകട്ടെ, ഒരിക്കലും ദേശീയോദ്ഗ്രഥനത്തിന്‍റെ വഴിയാവില്ല. സമൂഹത്തിൽ കൂടുതൽ വിഭജനത്തിനേ അതു വഴിവെക്കൂ. 

Tags:    
News Summary - Madhyamam Editorial 2024 Sep 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.