ഇറാെൻറ എട്ടാമത് പ്രസിഡൻറായി രാജ്യത്തിെൻറ പരമോന്നത ആത്മീയനേതാവ് ആയത്തുല്ല അലി ഖാംനഇൗയുടെ വിശ്വസ്തനും തീവ്ര യാഥാസ്ഥിതികപക്ഷക്കാരനുമായി അറിയപ്പെടുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇബ്രാഹീം റഇൗസി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹസൻ റൂഹാനിയോട് മത്സരിച്ചു പരാജയപ്പെട്ട റഇൗസി വെള്ളിയാഴ്ചത്തെ വോെട്ടടുപ്പിൽ പോൾചെയ്ത 28.9 ദശലക്ഷത്തിൽ 62 ശതമാനത്തോളം (17.9 ദശലക്ഷം) നേടി. തൊട്ടടുത്ത സ്ഥാനാർഥി മുൻ വിപ്ലവ ഗാർഡ് കമാൻഡർ മുഹ്സിൻ റജായിക്ക് 34 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. റഇൗസി, റജായിമാരുടെ 'തീവ്രലൈനി'െന എതിർത്ത് 'മിതവാദ പരിഷ്കരണ'പക്ഷക്കാരനായി മത്സരിച്ച മുൻ സെൻട്രൽ ബാങ്ക് അധ്യക്ഷൻ അബ്ദുന്നാസിർ ഹിമ്മതി 24 ലക്ഷം വോേട്ടാടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇറാനിലെ പൗരസഞ്ചയത്തിെൻറ ഹിതാഹിതങ്ങളെ ജനാധിപത്യപരമായി തൃപ്തിപ്പെടുത്താവുന്ന തരത്തിലായിരുന്നില്ല തെരഞ്ഞെടുപ്പ് പ്രക്രിയ എന്നു നേരത്തേ ആക്ഷേപമുയർന്നതാണ്. മുൻപ്രസിഡൻറ് അഹ്മദി നജാദ്, പരിഷ്കരണവാദികളെന്നറിയപ്പെടുന്ന മുൻ സ്പീക്കർ അലി ലാറിജാനി, സ്ഥാനമൊഴിയുന്ന വൈസ്പ്രസിഡൻറ് ഇസ്ഹാഖ് ജഹാംഗീരി തുടങ്ങിയ സ്ഥാനാർഥികളെ പരമോന്നത പുരോഹിതസഭ വെട്ടിക്കളഞ്ഞതോടെ തീവ്ര യാഥാസ്ഥിതിക പക്ഷക്കാർ മത്സരത്തിെൻറ മുൻനിര കൈയടക്കി. പരിഷ്കരണവാദികളുടെയും മധ്യമവാദികളുടെയും സംയുക്തവേദിയായ റിഫോംസ് ഫ്രണ്ട് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. സാമ്പത്തികപരിഷ്കരണം മുന്നോട്ടുവെച്ച അബ്ദുന്നാസിർ ഹിമ്മതിക്ക് മധ്യവലതു കക്ഷിയായ 'കാർഗുസാറാനെ സാസിന്ദഗീ' (എക്സിക്യൂട്ടിവ്സ് ഒാഫ് കൺസ്ട്രക്ഷൻസ്) പാർട്ടി നയിക്കുന്ന 12 പരിഷ്കരണ മധ്യമവാദി പാർട്ടികളുടെ സഖ്യം വൈകി പ്രഖ്യാപിച്ച പിന്തുണ ഫലത്തിൽ കണ്ടില്ല. പൊതുവെ തെരഞ്ഞെടുപ്പിനോട് തണുപ്പൻ പ്രതികരണമായിരുന്നു ജനത്തിനെന്ന് വിപ്ലവാനന്തര ഇറാനിലെ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം (48.8) വ്യക്തമാക്കുന്നു. സമ്മതിദായകരിൽ ഗണ്യമായൊരു വിഭാഗം ബാലറ്റുകൾ ശൂന്യമാക്കി പ്രതിഷേധിച്ചപ്പോൾ 'േനാട്ട'ക്കും അസാധുവിനുമായി കിട്ടിയത് 41,65,803 വോട്ട്. വിജയിക്കുപിറകിൽ വന്ന മൂന്നു സ്ഥാനാർഥികൾക്കു ലഭിച്ചതിനേക്കാൾ കൂടുതൽ.
യാഥാസ്ഥിതിക തീവ്രവാദികളും പരിഷ്കരണ മിതവാദികളും എന്നു പാശ്ചാത്യമാധ്യമങ്ങൾ ഇറാനിലെ രാഷ്ട്രീയനേതൃത്വത്തെ രണ്ടായി പകുക്കാറുണ്ടെങ്കിലും രാഷ്ട്രതന്ത്രത്തിലോ രാജ്യത്തിെൻറ നയനിലപാടുകളുടെ രൂപവത്കരണത്തിലോ അത് കാര്യമായൊന്നും പ്രതിഫലിക്കാറില്ല എന്നതാണ് വാസ്തവം. പഹ്ലവി ഭരണത്തെ തുരത്തി ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ കാർമികത്വത്തിൽ രാജ്യം ഇസ്ലാമിക് റിപ്പബ്ലിക് ആയി മാറിയതിൽ പിന്നെ വിലായത്തുൽ ഫഖീഹ് എന്ന പരമാധികാര സംവിധാനമാണ് ഇറാൻ പിന്തുടർന്നുവരുന്നത്. അതനുസരിച്ച് രാജ്യത്തിെൻറ ഭരണ, രാഷ്ട്രീയ, നിയമകാര്യങ്ങളിൽ പരമോന്നതനായ ഒരു നേതാവിെൻറ (ആയത്തുല്ല) കീഴിൽ മാർഗനിർദേശകസമിതി (കൗൺസിൽ ഒാഫ് ഗാർഡിയൻസ്)യാണ് അവസാനവാക്ക്. പുതിയ നിയമനിർമാണവും പാർലമെൻറ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പുമൊക്കെ അവരുടെ ഹിതാനുസാരമാണ് നടക്കുക. അതിനാൽ, 'പരിഷ്കരണവാദി' റൂഹാനി മാറി 'തീവ്രവാദി' റഇൗസി വന്നാലും ഭരണനടത്തിപ്പ് പരമോന്നതനേതാവ് അലി ഖാംനഇൗയുടെയും ഉന്നത പുരോഹിതസഭയുടെയും നിയന്ത്രണത്തിൽ തന്നെ. അതിനകത്തുനിന്നു വ്യവസായനയം മുതൽ വിദേശകാര്യം വരെയുള്ള വിഷയങ്ങളിൽ മികവുതെളിയിക്കാൻ നോക്കുകയാണ് പ്രസിഡൻറിന് ചെയ്യാനുള്ളത്. അമേരിക്കയുമായുണ്ടാക്കിയ ആണവകരാറും പതിറ്റാണ്ടുകൾ നീണ്ട ഉപരോധത്തിൽ ലഭിച്ച അയവും സ്ഥാനമൊഴിയുന്ന പ്രസിഡൻറ് റൂഹാനിയുടെ സംഭാവനയായിരുന്നു. എന്നാൽ, അമേരിക്കയിൽ ട്രംപ് അധികാരമേറ്റതോടെ കരാർ റദ്ദാക്കുകയും ഉപരോധം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തത് സ്ഥിതി വഷളാക്കി. ട്രംപ് മാറി ബൈഡൻ വരുകയും ആണവകരാർ റദ്ദാക്കിയതിൽ പുനരാലോചനക്ക് സാധ്യതയുണരുകയും ചെയ്യുേമ്പാഴാണ് തെഹ്റാനിലെ തലമാറ്റം.
1988ൽ ഇറാൻ ഭരണകൂടത്തിനെതിരായ വിമതശബ്ദങ്ങളെ വേട്ടയാടുന്നതിൽ പങ്കാളിയായ റഇൗസിയുടെ വരവിനെ അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികൾ നല്ലനിലയിലല്ല നോക്കിക്കാണുന്നത്. 1988 ജൂലൈ -സെപ്റ്റംബർ കാലയളവിൽ മുജാഹിദീനെ ഖൽഖ് പ്രവർത്തകരായ രാഷ്ട്രീയത്തടവുകാരെ വധശിക്ഷക്കിരയാക്കി കൂട്ടക്കുഴിമാടങ്ങളിൽ മറമാടാൻ വിധിന്യായം തയാറാക്കിയത് അന്ന് പ്രോസിക്യൂട്ടറായിരുന്ന ഇബ്രാഹീം റഇൗസിയടങ്ങുന്ന നാൽവർ സംഘമായിരുന്നു എന്നാണ് യു.എൻ മനുഷ്യാവകാശസംഘടനകളുടെ ആരോപണം. അടുത്തകാലത്ത് ഒരു ഗുസ്തിതാരത്തിനും മാധ്യമപ്രവർത്തകനും വധശിക്ഷ വിധിച്ചതും ഇദ്ദേഹമായിരുന്നു. എന്നാൽ, ശിക്ഷാവിധിയെ അനുകൂലിക്കുേമ്പാഴും തെൻറ പങ്ക് നിഷേധിക്കുകയാണ് റഇൗസി. അമേരിക്കയുമായുള്ള കരാറിെൻറ അനുകൂലിയായിരുന്ന റഇൗസി വിയനയിൽ നടന്നുവരുന്ന സംഭാഷണങ്ങളുമായി മുന്നോട്ടുപോയി അമേരിക്കയെ സമ്മർദത്തിലൂടെ വശപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ, ഖാംനഇൗയുടെ സ്വന്തക്കാരനെന്ന നിലക്ക് റഇൗസി ഭരണത്തിലിരിക്കെ സിറിയ, ലബനാൻ, യമൻ, ഇറാഖ് എന്നീ പശ്ചിമേഷ്യൻ രാഷ്ട്രങ്ങളും കൂട്ടത്തിൽ വെനിസ്വേലയുമടങ്ങുന്ന ചെറുത്തുനിൽപ് അച്ചുതണ്ടിെൻറ കളി എന്താവുമെന്ന് പടിഞ്ഞാറിന് ആശങ്കയുണ്ട്. റഇൗസിയെ 'തെഹ്റാനിലെ കശാപ്പുകാരൻ' എന്നുവിളിച്ച് ഇസ്രായേൽ വിദേശമന്ത്രി രൂക്ഷമായ രീതിയിൽ നടത്തിയ പ്രതികരണം കാര്യങ്ങൾ അത്ര പന്തിയായിരിക്കില്ല എന്ന മുന്നറിയിപ്പാണ്. എന്നാൽ, റഷ്യയും ചൈനയും അഭിനന്ദിക്കാൻ ഒാടിയെത്തിയതും ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങൾ ഉഭയകക്ഷിബന്ധങ്ങളിൽ പ്രതീക്ഷ പുലർത്തിയതും റഇൗസിക്ക് കൂടുതൽ കരുത്തുപകരും. അമേരിക്കയും ഇസ്രായേലും ഒരു പക്ഷത്തും ഇറാൻ മറുപക്ഷത്തുമായുള്ള ബലാബലത്തിെൻറ ശക്തിക്ഷയങ്ങളാകും വരുംനാളുകളിലെ പശ്ചിമേഷ്യയുടെയും ലോകത്തിെൻറ തന്നെയും ഗതിവിഗതികളെ നിയന്ത്രിക്കുകയെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.