സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ല മലപ്പുറമാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളും ലോക്ഡൗൺ വിശേഷങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല കലക്ടർ ഫേസ്ബുക് പേജിൽ നിരന്തരം അറിയിപ്പുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ആ പോസ്റ്റുകൾക്കു താഴെ ജില്ലയിലെ നൂറുകണക്കിന് ആളുകൾ വന്ന് എഴുതിവെക്കുന്ന അഭിപ്രായങ്ങൾ വായിച്ചു നോക്കൂ. കടുത്ത വിമർശനവും പരാതികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമൻറ്സ് ബോക്സ്. മലപ്പുറത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്തുകൊണ്ട് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുവെന്ന് ഭരണകൂടം പരിശോധിക്കുന്നുണ്ടോ?
ഒന്നാമതായി, 'ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ല' എന്ന പ്രയോഗത്തിൽതന്നെ ചില പ്രശ്നങ്ങളുണ്ട്. എണ്ണക്കണക്കിൽ മലപ്പുറത്തുതന്നെയാണ് രോഗികൾ ഏറ്റവും കൂടുതലുള്ളത്. എന്നാൽ, ജനസംഖ്യാനുപാതികമായി എടുക്കുമ്പോൾ അങ്ങനെയല്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ഏറ്റവും കൂടുതൽ രോഗികൾ എന്ന പ്രയോഗം അപ്പോൾ ശരിയാവില്ല. ട്രിപ്ൾ ലോക്ഡൗൺ ഉണ്ടായിരുന്ന ജില്ലകളിൽനിന്ന് അത് പിൻവലിക്കാനും മലപ്പുറത്തുമാത്രം ട്രിപ്ൾ ലോക്ഡൗൺ തുടരാനുമുള്ള തീരുമാനം മേയ് 22നാണ് പുറത്തുവരുന്നത്. അന്ന് തിരുവനന്തപുരത്തുനിന്ന് 4151 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറത്തുനിന്ന് റിപ്പോർട്ട് ചെയ്തതാവട്ടെ, 3499 കേസുകൾ മാത്രവും. പക്ഷേ, ആനുപാതികമായി രോഗികളുടെ എണ്ണം മലപ്പുറത്തേക്കാൾ കൂടുതലുള്ള ജില്ലകളിൽ ട്രിപ്ൾ ലോക്ഡൗൺ പിൻവലിച്ചപ്പോഴും മലപ്പുറത്ത് അത് തുടരുകയായിരുന്നു.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ലോക്ഡൗണോ ട്രിപ്ൾ ലോക്ഡൗണോ ഏർപ്പെടുത്തുന്നതിനെ വിമർശിക്കേണ്ട കാര്യമില്ല. എന്നാൽ, ലോക്ഡൗൺ കൊണ്ടുമാത്രം തടയാൻ പറ്റുന്ന ഒന്നല്ല മഹാമാരികൾ. അതിന് അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളും വൈദ്യശാസ്ത്രപരമായ പ്രതിരോധനടപടികളുമാണ് വേണ്ടത്. മലപ്പുറത്ത് പക്ഷേ, ലോക്ഡൗൺ മാത്രമേ കാര്യക്ഷമമായി നടപ്പാക്കുന്നുള്ളൂ എന്നതാണ് പരാതി. പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്ത് കാസർകോട് കഴിഞ്ഞാൽ ഏറ്റവും പിറകിലുള്ള ജില്ലയാണ് മലപ്പുറം. ജില്ലയിലെ ജനങ്ങൾക്ക് ആനുപാതികമായി ആശുപത്രി സംവിധാനങ്ങളില്ല. സർക്കാർ ആശുപത്രികളിൽ 650 രോഗികൾക്ക് ഒരു കിടക്ക എന്നതാണ് സംസ്ഥാന ശരാശരി. എന്നാൽ മലപ്പുറത്ത് 1314 പേർക്കാണ് ഒരു കിടക്ക. മഞ്ചേരി മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മറ്റ് അസുഖങ്ങൾ ബാധിച്ചവരെ സംബന്ധിച്ചിടത്തോളം വിദഗ്ധ ചികിത്സക്കുള്ള അവസരം നഷ്ടപ്പെടുകയാണ്. വാക്സിനേഷെൻറ കാര്യത്തിലും വിവേചനം ദൃശ്യമാണ്.
കോവിഡ് വാക്സിനേഷെൻറ ജില്ല തിരിച്ചുള്ള കണക്ക് എടുത്താൽ ഇത് വ്യക്തമാവും. 44 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് മേയ് 25 വരെ 6.65 ലക്ഷം പേരാണ് വാക്സിൻ സ്വീകരിച്ചത്. എന്നാൽ 33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് 10.37 ലക്ഷം ആളുകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്. എറണാകുളത്ത് 9.74 ലക്ഷം, തൃശൂരിൽ 7.96 ലക്ഷം, കോഴിക്കോട് 7.57 ലക്ഷം എന്നിങ്ങനെ പോകുന്നു ആ കണക്കുകൾ. 12 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ടയിൽ അഞ്ച് ലക്ഷത്തിന് മുകളിൽ വാക്സിൻ നൽകി. ജനസംഖ്യയിൽ തിരുവനന്തപുരത്തെക്കാൾ ഏറെ പിറകിലുള്ള കൊല്ലം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ നൽകിയ വാക്സിെൻറ അത്രയുമാണ് മലപ്പുറത്ത് നൽകിയത്. 12 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ടയിൽ 22 വാക്സിനേഷൻ കേന്ദ്രങ്ങളുള്ളപ്പോൾ 44 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് 19 വാക്സിനേഷൻ കേന്ദ്രങ്ങളേ ഉള്ളൂ. 33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് 53 വാക്സിനേഷൻ കേന്ദ്രങ്ങളുണ്ട്. രോഗപ്രതിരോധത്തിെൻറ കാര്യത്തിൽ സർക്കാർ ജില്ലയോട് കാണിക്കുന്ന വിവേചനത്തിെൻറ സ്വഭാവം അറിയാൻ ഈ കണക്കുകൾ മതിയാവും.
ആരോഗ്യരംഗത്ത് മാത്രമല്ല, ഭരണകൂട സംവിധാനങ്ങൾ മൊത്തത്തിൽ വളരെ പിറകിൽ നിൽക്കുന്ന ജില്ലയാണ് മലപ്പുറം. അക്കാരണം ചൂണ്ടി ഭരണസൗകര്യത്തിനും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാകാനും ആ ജില്ലയെ വിഭജിക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാൽ, അത് എന്തോ തീവ്രവാദ പ്രവർത്തനമാണ് എന്ന മട്ടിലാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ കാണുന്നത്.
ആരോഗ്യസംവിധാനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മലപ്പുറത്ത് താളം തെറ്റിയിട്ടുണ്ടെങ്കിലും പൊലീസ് മുറ പ്രയോഗിച്ച് ലോക്ഡൗൺ അടിച്ചേൽപിക്കുന്നതിൽ ഒരു അലംഭാവവുമുണ്ടായിട്ടില്ല. അതിവിപുലമായ പൊലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് ലോക്ഡൗൺ കാര്യക്ഷമമാക്കുന്നതിൽ ജില്ല ഭരണകൂടം നല്ലപോലെ വിജയിക്കുന്നുണ്ട്. കോവിഡിനെതിരെ മലപ്പുറത്തെ പ്രധാന പ്രതിരോധ ആയുധം ലാത്തിയാണെന്നാണ് ഭരണകൂടം കരുതുന്നതെന്ന് തോന്നുന്നു. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ ജില്ലയുടെ പല ഭാഗങ്ങളിൽനിന്നും വന്നുകൊണ്ടിരിക്കുകയാണ്. വാണിയമ്പലം, തിരൂരങ്ങാടി, കൂട്ടിലങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വന്ന പരാതികളും പൊലീസ് അതിക്രമത്തിെൻറ ദൃശ്യങ്ങളും വലിയ തോതിൽ വാർത്തയാവുന്നുണ്ട്. ജനങ്ങളെ ശത്രുക്കളായി കണ്ട് പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി നടപ്പാക്കിയെടുക്കേണ്ടതല്ല കോവിഡ് പ്രതിരോധം. ആരോഗ്യരംഗത്ത് ആ ജില്ലയിൽ നിലനിൽക്കുന്ന അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാനാണ് ഭരണകൂടം ആദ്യം ശ്രമിക്കേണ്ടത്. ലാത്തികൊണ്ടുമാത്രം കോവിഡിനെ തുരത്താൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.