പത്ത് വർഷം മുമ്പ്, ട്രെയിൻ യാത്രക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യ എന്ന യുവതി മലയാളികളുടെ മനസ്സിൽ ഇപ്പോഴും ഉണങ്ങാത്ത മുറിവാണ്. ജോലികഴിഞ്ഞ് രാത്രി വീട്ടിലേക്ക് തിരിച്ചുപോകവെ പാസഞ്ചർ കോച്ചിൽ ഒറ്റപ്പെട്ടുപ്പോയ സൗമ്യ നിഷ്ഠുരതക്ക് ഇരയാകുകയായിരുന്നു. തീവണ്ടിയിലെ സ്ത്രീസുരക്ഷാ അപര്യാപ്തതയെ കുറിച്ച് ഏവരും ആവലാതി പൂണ്ടു. ധാരാളം പരിഹാര നിർദേശങ്ങൾ വിവിധ മേഖലകളിൽനിന്നുയർന്നു. തീവണ്ടികളിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണങ്ങളാവശ്യപ്പെട്ട് പ്രതിഷേധങ്ങളിരമ്പി. ജനരോഷം ഭയന്ന് ഉറക്കമുണർന്ന അധികാരികൾ സത്വര നടപടികളുണ്ടാകുമെന്ന് വാഗ്ദാനം ചെയ്തു. പക്ഷേ, അവയെല്ലാം ഏട്ടിലൊതുങ്ങി. അതുകൊണ്ടാണ് ഓർക്കുമ്പോൾപോലും ഭീതിയുണരുന്ന സൗമ്യവധത്തിന് സമാനമായ ദുരന്തത്തെ മുളന്തുരുത്തിയിലെ ആശ എന്ന യുവതിക്ക് ഗുരുവായൂർ- പുനലൂർ പാസഞ്ചറിൽ പട്ടാപ്പകലിൽ ഒരു പതിറ്റാണ്ടിന് ശേഷവും അഭിമുഖീകരിക്കേണ്ടിവന്നത്.
പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച്, കൊച്ചി മുളന്തുരുത്തിയിൽനിന്ന് ചെങ്ങന്നൂരിലെ ജോലിസ്ഥലത്തേക്ക് സ്ഥിരമായി ഇതേ ട്രെയിനിൽ യാത്രചെയ്യുന്ന ആശ കയറിയ കമ്പാർട്മെൻറിലേക്ക് മറ്റൊരു കോച്ചിലുണ്ടായിരുന്ന ആക്രമി വണ്ടി വിടുന്നതിന് തൊട്ടുമുമ്പ് കയറിപ്പറ്റുകയായിരുന്നു. അകത്ത് കയറിയ ഉടൻ വാതിലടച്ചു. വണ്ടിക്ക് വേഗം കൂടിയതോടെ മൊബൈൽ തട്ടിയെടുത്ത് ദൂരെെയറിഞ്ഞ് ആഭരണങ്ങൾ പിടിച്ചുപറിച്ചു. വീണ്ടും പീഡനശ്രമങ്ങൾ തുടർന്നതോടെ രക്ഷപ്പെടാൻ പാതി തുറന്ന വാതിലിൽ തൂങ്ങിക്കിടക്കുകയും പ്രാണരക്ഷാർഥം പുറത്തേക്ക് ചാടുകയുമായിരുന്നു യുവതി.
രാജ്യത്ത് പ്രതിദിനം തീവണ്ടിയാത്ര ചെയ്യുന്ന 2.3 കോടിയാളുകളിൽ 46 ലക്ഷം പേരും വനിതകളാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 40 ലക്ഷത്തിലധികം പരാതികളാണത്രെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേയുടെ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വന്നത്. അതേ തുടർന്ന് റെയിൽവേ മന്ത്രാലയം വിഷയം ഗൗരവത്തിലെടുക്കുകയും വിശദ പരിഹാരം തേടുകയും ചെയ്തു. ഒടുവിൽ, കഴിഞ്ഞ മാർച്ച് 20 ന് ട്രെയിനുകൾക്കുള്ളിലും റെയിൽവേ പരിസരങ്ങളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനാവശ്യമായ വിശദമായ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കുകയുമുണ്ടായി. നടപ്പാക്കാനായാൽ തീവണ്ടിയാത്ര സുരക്ഷിതമാക്കാനുതകുന്ന ധാരാളം പദ്ധതികളടങ്ങിയതാണ് അവ. പാർക്കിങ് ഏരിയ, പ്ലാറ്റ്ഫോമുകളുടെ അറ്റങ്ങൾ, യാർഡുകൾ, വാഷിങ് ലൈനുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ശരിയായ പ്രകാശ ക്രമീകരണം ഉറപ്പാക്കണം, വെയിറ്റിങ് റൂമുകൾ ഡ്യൂട്ടി ഓഫിസർ മണിക്കൂറുകൾ ഇടവിട്ട് പരിശോധിക്കണം, റെയിൽവേ പരിസരത്ത് ചുറ്റിക്കറങ്ങുന്ന അനധികൃത വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യണം, റെയിൽവേ സ്റ്റേഷൻ, യാർഡുകൾ, ട്രെയിനുകൾ എന്നിവിടങ്ങളിൽ കറങ്ങുന്ന സാമൂഹിക വിരുദ്ധർ, യാചകർ തുടങ്ങിയവരെ തടയണം, പ്ലാറ്റ് ഫോമിലേക്കുള്ള അനധികൃത എൻട്രികൾ / എക്സിറ്റുകൾ അടക്കണം, വനിതാ കോച്ചുകളുടെ സുരക്ഷാനിരീക്ഷണം ഉറപ്പാക്കാനാകുംവിധം സി.സി.ടി.വി കാമറകൾ പ്രത്യേകമായി ഇൻസ്റ്റാൾ ചെയ്യണം, റെയിൽവേ സ്റ്റേഷൻ പരിസരത്ത് താമസിക്കുന്ന ലൈംഗിക കുറ്റവാളികളുടെ ഡാറ്റാബേസ് സൂക്ഷിക്കണം, റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മദ്യം കഴിക്കുന്നവരെ പിടികൂടി ശിക്ഷിക്കണം തുടങ്ങിയ നിർദേശങ്ങളെങ്കിലും നടപ്പായാൽ വനിതാ യാത്രക്കാരുേടതു മാത്രമല്ല, മുഴുവൻ യാത്രക്കാരുടെയും ഗണ്യമായ പരാതികൾ ഇല്ലാതാകും.
റെയിൽവേയുടെ പുതിയ സുരക്ഷാ മാനദണ്ഡങ്ങളും പദ്ധതികളും പുറത്തിറങ്ങി ഒരു മാസം പിന്നിട്ടപ്പോഴേക്കും കേരളത്തിൽ യുവതിക്കു നേെരയുള്ള അതിക്രമം ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഈ ഉത്തരവിറക്കുന്ന വേളയിൽ ആർ.പി.എഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) ഡയറക്ടർ ജനറൽ അരുൺകുമാർ പറഞ്ഞത് അടുത്ത കാലത്തായി, ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ (ബലാത്സംഗം ഉൾപ്പെടെ) വർധിക്കുന്നത് ആശങ്കജനകമാണെന്നാണ്. ഈ സാഹചര്യത്തിൽ ഏപ്രിൽ ആദ്യം മുതൽ പുതിയ നിർദേശങ്ങൾ ദ്രുതഗതിയിൽ ഫലപ്രദമായി നടപ്പാക്കാൻ സോണൽ റെയിൽവേയിലെ എല്ലാ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമീഷണർമാർക്കും ഉത്തരവ് നൽകിയിട്ടുണ്ടെന്നുമായിരുന്നു. എന്നിട്ടും സ്ത്രീകൾക്കു നേെരയുള്ള കുറ്റകൃത്യങ്ങൾക്ക് കുറവ് വരുന്നില്ലാ എന്നത് നടുക്കമുളവാക്കുന്നു. എല്ലാ ട്രെയിനുകളിലും വെസ്റ്റിബ്യൂൾ വഴി പരസ്പരം ബന്ധിപ്പിച്ച കോച്ചുകളാക്കണമെന്ന പഴയ നിർദേശം യഥാവിധി നടപ്പാക്കിയിരുെന്നങ്കിൽ ആശക്ക് ഈ ദുർഗതി അനുഭവിക്കേണ്ടിവരില്ലായിരുന്നു. വനിതാ കോച്ചുകളിൽ പൊലീസ് സുരക്ഷ ഉറപ്പുവരുത്തണമെന്ന ഉത്തരവ് കാര്യക്ഷമമായിരുന്നുവെങ്കിൽ ആക്രമി അകത്തു കയറാൻ ധൈര്യപ്പെടില്ലായിരുന്നു. ഇനി നമുക്ക് വേണ്ടത് കടലാസിലുറങ്ങുന്ന മാർഗനിർദേശങ്ങളല്ല, ഫലപ്രദമായി നടപ്പാക്കുന്ന ഉദ്യോഗസ്ഥരും സംവിധാനവുമാണ്. ആശക്കുണ്ടായ അത്യാപത്ത് ആവർത്തിക്കാതിരിക്കട്ടെ എന്ന് ആശിക്കാം. അങ്ങനെ ആഗ്രഹിക്കാൻ മാത്രമേ ഈ കെട്ടകാലത്ത് സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.