ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനമാണ് ഇന്ന്. ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് മസ്ജിദിൽ അതിക്രമിച്ചുകടന്ന അക്രമി 51 ഭക്തരെ വെടിവെച്ചുകൊന്ന ദിവസമായ മാർച്ച് 15ന് ആഗോളതലത്തിൽ ഇസ്‍ലാമോഫോബിയക്കെതിരെ പ്രതിരോധം തീർക്കാൻ 60 അംഗ ഒ.ഐ.സി (ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ) നടത്തിയ അഭ്യർഥന അംഗീകരിച്ച് 2022ൽ യു.എൻ ജനറൽ അസംബ്ലിയാണ് ഇസ്‍ലാംപേടിയെ ചെറുത്തുതോൽപിക്കാനും അതിനെതിരെ ബോധവത്കരിക്കാനുമുള്ള ദിനമായി ഈ ദിനാചരണം പ്രഖ്യാപിച്ചത്. ഭീകരതയെയും ഹിംസാത്മക തീവ്രവാദത്തെയും ഏതെങ്കിലും മതം, ദേശീയത, നാഗരികത, വംശീയ വിഭാഗം എന്നിവയുമായി ചേർത്തുപറയാനാവില്ലെന്ന് യു.എൻ പ്രമേയം ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശങ്ങളെയും മതബഹുസ്വരതയെയും അടിസ്ഥാനമാക്കിയുള്ള സഹിഷ്ണുതാ സംസ്കാരത്തെ മുന്നോട്ടുനയിക്കാൻ പര്യാപ്തമായ ആഗോള സംവാദമാണ് നടക്കേണ്ടതെന്ന് യു.എൻ പൊതുസഭ അഭ്യർഥിക്കുന്നു. വിശ്വാസത്തിന്റെ പേരിൽ മുസ്‍ലിംകൾ മുൻവിധിക്കിരയാവുന്നുണ്ടെന്നും മുസ്‍ലിം സ്ത്രീകൾ മൂന്നിരട്ടി വിവേചനമാണനുഭവിക്കുന്നതെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഓർമിപ്പിച്ചിട്ടുണ്ട്. മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച യു.എൻ സ്പെഷൽ റിപ്പോർട്ടിൽ, മുസ്‍ലിംകളുടെ നേരെയുള്ള സംശയവും വിവേചനവും കടുത്ത വെറുപ്പും പകർച്ചവ്യാധിപോലെ പടരുകയാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

2001 സെപ്റ്റംബർ 11ന് അമേരിക്കയിലെ ലോക വ്യാപാര സമുച്ചയത്തിനും പെന്റഗണിനും നേരെ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് മുമ്പൊരിക്കലുമില്ലാത്തവിധം ഭീകരത-തീവ്രവാദാരോപണങ്ങൾ ഇസ്‍ലാമിനും മുസ്‍ലിംകൾക്കുമെതിരെ ലോകവ്യാപകമായി ശക്തിപ്പെട്ടതെന്നത് നിഷേധിക്കാനാവില്ല. അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച, ‘ഇസ്‍ലാമിക ഭീകരത’ക്കെതിരായ യുദ്ധം 22 വർഷങ്ങൾക്കുശേഷവും ശക്തമായിത്തന്നെ തുടരുകയാണ്. ലോകത്തിലെ ഏതെങ്കിലും മുസ്‍ലിം രാജ്യമോ പണ്ഡിതസഭയോ മുസ്‍ലിം പൊതുവേദിയോ ഭീകരാക്രമണത്തെ പിന്തുണക്കുകയോ വെള്ളപൂശുകയോ ചെയ്തിട്ടില്ലെങ്കിലും സമാധാനപരമായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെപ്പോലും നിരോധിക്കാനും ഭീകരതയെ തുരത്താനെന്നപേരിൽ മൃഗീയമായി അടിച്ചമർത്താനുമുള്ള ആസൂത്രിത നീക്കങ്ങൾ തുടരുന്നത് ഇസ്‍ലാമോഫോബിയയുടെ മറവിലും പേരിലുമാണ്. പുണ്യപ്രവാചകന്റെ നിർമലവ്യക്തിത്വത്തെ അപഹസിക്കുന്ന കാർട്ടൂണുകൾ അടക്കമുള്ള രചനകൾ പരിഷ്കൃതമെന്നവകാശപ്പെടുന്ന രാജ്യങ്ങളിൽ സാധാരണമായിട്ടുണ്ട്. അതിലാരെങ്കിലും പ്രതിഷേധിച്ചാൽ അവരെ സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളായി ചാപ്പയടിക്കുന്നുതും പതിവാണ്.

യു.എൻ ചൂണ്ടിക്കാട്ടിയപോലെ മുസ്‍ലിംകൾ ന്യൂനപക്ഷമായ രാജ്യങ്ങളിലാണ് ഇസ്‍ലാമോഫോബിയ അതിതീവ്രമായി മുന്നോട്ടുപോവുന്നത്. ഗോമാംസം കൈവശംവെച്ചുവെന്ന കിംവദന്തി പരക്കേണ്ട താമസം നിരപരാധികളുടെ മേൽ ജനക്കൂട്ടം ചാടിവീണ് മർദനം അഴിച്ചുവിട്ട് മൃഗീയമായി കൊല്ലുന്ന സംഭവം കഴിഞ്ഞ ദിവസംപോലും ബിഹാറിൽനിന്ന് റിപ്പോർട്ട് ചെയ്തു. ഇത്തരം വാർത്തകൾക്കുനേരെ മനപ്പൂർവം കണ്ണടക്കുന്ന മാധ്യമങ്ങൾ, നടന്നതോ നടക്കാത്തതോ ആയ മുത്തലാഖ് കേസുകൾക്ക് നൽകുന്ന പ്രാമുഖ്യം അവയുടെ ഇരട്ടത്താപ്പിനെ അനാവരണം ചെയ്യുന്നു. നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളുടെ വിശ്വാസസ്വാതന്ത്ര്യം കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് അന്താരാഷ്ട്ര ഏജൻസികളും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുമ്പോൾ അതൊക്കെ സാമ്പ്രദായിക ഇന്ത്യാ വിരോധത്തിന്റെ ചെലവിലാണ് എഴുതിത്തള്ളുന്നത്. ഇസ്‍ലാമോഫോബിയക്ക് ഔദ്യോഗിക രക്ഷാകർതൃത്വം ലഭിച്ചുവോ എന്ന് സംശയിക്കാവുന്ന തലത്തിലേക്ക് അതിന് സ്വീകാര്യത ലഭിച്ചുകഴിഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം അവശേഷിക്കെ ഭൂരിപക്ഷ മനസ്സുകളെ പരമാവധി ദുഷിപ്പിക്കാനുതകുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഇതിനെ ചെറുത്തുതോൽപിക്കേണ്ട മതേതര പാർട്ടികളും കൂട്ടായ്മകളുംപോലും വോട്ടുനഷ്ടം ഭയന്ന് ചിലതിനെ പിന്തുണക്കുകയോ പലതിന്റെയും നേരെ കണ്ണുചിമ്മുകയോ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളുടെ സമീകരണത്തിലൂടെ ആത്മരക്ഷക്ക് വഴിതേടുകയോ ചെയ്യുന്നു. പക്ഷേ, ആഗോളതലത്തിൽ പ്രകടമാവുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ജ്വാലകൾ കെടുത്താനും ചുരുങ്ങിയപക്ഷം വ്യാപിക്കാതിരിക്കാനും യു.എൻ പ്രഖ്യാപിച്ച ഇസ്‍ലാമോഫോബിയ ദിനാചരണം ഉതകുമെങ്കിൽ അത്രയും സ്വാഗതാർഹം എന്നേ പറയാനാവൂ.

അതേയവസരത്തിൽ, 150 കോടിയിലധികം വരുന്ന മുസ്‍ലിംകൾ ഒന്നടങ്കം നിരപരാധികളാണെന്നോ വിഷയത്തിൽ ഉത്തരവാദിത്തമൊന്നുമില്ലെന്നോ ആരെങ്കിലും വാദിച്ചാൽ സത്യം അവരുടെ ഭാഗത്തില്ല. വിനാശകരമായ ഈ സ്ഥിതിവിശേഷത്തിന് വഴിമരുന്നിട്ട അൽഖാഇദയും അതിന്റെ തലതൊട്ടപ്പന് അഭയം നൽകിയ താലിബാനും ഏറ്റവുമൊടുവിൽ രണ്ടിനെയും കടത്തിവെട്ടിയ ഐ.എസ് ഭീകരരും സ്വന്തം മതത്തിനും സമൂഹത്തിനും ചെയ്യുന്ന ദ്രോഹത്തിന് ചരിത്രത്തിൽ അധികം ഉദാഹരണങ്ങളില്ല. ആയിരക്കണക്കായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളെ കശാപ്പുകാർക്ക് വിട്ടുകൊടുക്കുകയും ലക്ഷക്കണക്കിന് അഭയാർഥികളെ വഴിയാധാരമാക്കുകയും ചെയ്തതല്ലാതെ ഈ ‘ജിഹാദിസ്റ്റുകൾ’ നിറവേറ്റിയ സേവനമെന്താണ് എന്നാലോചിക്കുമ്പോഴാണ് ഇസ്‍ലാമിന്റെ സാക്ഷാൽ ശത്രുക്കളാണ് ഇവരുടെ പിന്നിലെന്ന് സംശയിക്കേണ്ടിവരുക. ‘ജനങ്ങളേ, നിശ്ചയമായും നാം നിങ്ങളെ ഒരാണിൽനിന്നും പെണ്ണിൽനിന്നുമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ നാം ജനവിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളാ പേരിൽ പരിചിതരാവാൻവേണ്ടി മാത്രമാണ്’ എന്ന വിശുദ്ധ ഖുർആൻ വാക്യം ഓർമിപ്പിച്ചിട്ടുണ്ട് യു.എൻ രേഖയിൽ. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിപ്പിക്കപ്പെട്ടതും ലോകസമക്ഷം പ്രസ്തുത വിശുദ്ധ വാക്യം ഭിന്നശേഷിക്കാരനായ ഗാനിം അവതരിപ്പിച്ചുകൊണ്ടാണ്. ഇസ്‍ലാമിന്റെ തെറ്റായ പ്രതിനിധാനത്തിനും ഇസ്‍ലാമോഫോബിയക്കുമുള്ള പ്രതിവിധിയും ആ ദിവ്യവചനം ഉദ്ഘോഷിക്കുന്ന വിശ്വമാനവികതയിൽ അടങ്ങിയിരിക്കുന്നു.

Tags:    
News Summary - Madhyamam Editorial: A day against Islamophobia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.