സായുധസേന പ്രത്യേകാധികാര നിയമം ('അഫ്സ്പ') വടക്കുകിഴക്കൻ മേഖലയിൽ പിൻവലിക്കാനുള്ള ശ്രമങ്ങൾ സ്വാഗതംചെയ്യപ്പെടേണ്ടതാണ്. സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ സർക്കാർ ചെയ്തുവരുന്ന നീക്കങ്ങൾ ഫലവത്താവുകയാണെങ്കിൽ ഈ പ്രദേശങ്ങൾ പൂർണമായിത്തന്നെ അഫ്സ്പയിൽനിന്ന് മുക്തമാക്കാനാവും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചുകഴിഞ്ഞു. അസ്വസ്ഥ പ്രദേശമെന്ന് വിജ്ഞാപനം ചെയ്ത ഇടങ്ങളിൽ സായുധസേനക്ക് കടിഞ്ഞാണില്ലാത്ത അധികാരം നൽകുന്ന അഫ്സ്പ വൻതോതിൽ ദുരുപയോഗത്തിനും പൗരാവകാശ-മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇടംനൽകിയിട്ടുണ്ട്. ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിട്ടുമുണ്ട്. 'നിയമാതീത നിയമ'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഫ്സ്പ പിൻവലിക്കാൻ പലകുറി ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും സൈനികവിഭാഗങ്ങളിലെ ലോബികളും രാഷ്ട്രീയനേതൃത്വങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങളും തടസ്സംനിന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. നാലുമാസം മുമ്പ് നാഗാലാൻഡിലെ മോൺ ജില്ലയിൽ സൈന്യം വെടിവെച്ച് 15 സാധാരണക്കാർ മരിച്ച സംഭവം വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ആളുമാറിപ്പോയതാണെന്നത്രെ കൂട്ടക്കൊലക്ക് അധികൃതരുടെ വിശദീകരണം. അഫ്സ്പയുടെ ചരിത്രത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. വിഘടനവാദത്തിനും ഭീകരവാദത്തിനുമെതിരെ എന്ന് പറഞ്ഞ് 64 വർഷം മുമ്പ് നിലവിൽവന്നശേഷം അത്തരം കുറ്റവാളികളെക്കാൾ കൂടുതൽ സിവിലിയന്മാർ ഈ നിയമത്തിനിരയായിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിക്രൂരമായ പീഡനങ്ങളുടെ കഥകളും പുറത്തുവന്നിട്ടുണ്ട്. നാഗാ കുന്നുകളിലെ വിഘടനപ്രവർത്തനങ്ങൾ തടയാൻ വേണ്ടി വളരെ പരിമിതകാലത്തേക്കെന്ന നിലക്ക് പാസാക്കിയ അഫ്സ്പ പിന്നീട് ആറരപ്പതിറ്റാണ്ടുകാലം തുടരുന്നതും അരുണാചൽപ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, ത്രിപുര തുടങ്ങി മറ്റു വടക്കുകിഴക്കൻ സ്ഥലങ്ങളിലേക്കും ജമ്മു-കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതുമാണ് രാജ്യം കണ്ടത്. തോന്നിയപോലെ അറസ്റ്റ്, മർദനം, ബലാത്സംഗം, കൊല, വാറന്റില്ലാതെ വീടുകളിൽ തിരച്ചിൽ, സ്വത്ത് നശിപ്പിക്കൽ എന്നിങ്ങനെ അസംഖ്യം കുറ്റങ്ങൾ സൈനികർ നടത്തിയതായി റിപ്പോർട്ടുകൾ വന്നിട്ടും നിയമത്തിന്റെ പരിരക്ഷ കാരണം മഹാഭൂരിപക്ഷവും ശിക്ഷാനടപടികളിൽനിന്ന് ഒഴിവാക്കപ്പെട്ടു. രാഷ്ട്രീയ കൂടിയാലോചനയിലൂടെ ജനാധിപത്യപരമായി പ്രശ്നം പരിഹരിക്കുന്നതിനു പകരം ജനവിരുദ്ധമായി സർക്കാർ സൈനികബലത്തെ ആശ്രയിക്കുന്ന അവസ്ഥയാണ് ഇത് സൃഷ്ടിച്ചത്.
പഞ്ചാബിൽ 1994ൽ അഫ്സ്പ പിൻവലിച്ചെങ്കിലും മറ്റിടങ്ങളിൽ തുടർന്നു. കശ്മീരിൽ പ്രശ്നം വഷളാക്കുകയാണ് ഈ നിയമം ചെയ്തത്. അഫ്സ്പ പ്രാബല്യത്തിൽ വരുത്താൻ പാകത്തിൽ 'അസ്വസ്ഥ പ്രദേശ' വിജ്ഞാപനം ഭരണകൂടം പുറത്തുവിട്ടാൽ അത് കോടതിയിൽ ചോദ്യംചെയ്യാൻ പാടില്ലെന്നാണ് വ്യവസ്ഥ. അമിതാധികാരത്തിന്റെ മറ്റൊരു വശമാണ്, സിവിലിയന്മാരെ കൊന്നാൽപോലും കേന്ദ്ര സർക്കാറിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ സൈന്യത്തിലെ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും പാടില്ല എന്നത്. അഫ്സ്പയുടെ 4എ വകുപ്പ്, ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നു. സ്വാതന്ത്ര്യം, സുരക്ഷ എന്നീ ഭരണഘടന നൽകിയ പൗരാവകാശങ്ങളുടെ നിഷേധമാണ് അഫ്സ്പയുടെ 4സി വകുപ്പ്. നിയമാനുസൃത പരിഹാരം തേടാൻ പൗരന്മാർക്കുള്ള അവകാശത്തെ നിരാകരിക്കുന്നതാണ് 6ാം വകുപ്പ്. ആധുനിക ജനാധിപത്യസമൂഹത്തിന് നിരക്കാത്ത കൊടുംവ്യവസ്ഥകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് അഫ്സ്പ നിയമനിർമാണത്തിന്റെ ഘട്ടത്തിൽ എം.പിമാരും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കഴിഞ്ഞ ആറരപ്പതിറ്റാണ്ടുകാലം ആ മുന്നറിയിപ്പുകൾ പുലരുന്നത് നാട് കണ്ടു. വ്യാജ ഏറ്റുമുട്ടൽ കൊലകൾ, പൗരന്മാരെ തട്ടിക്കൊണ്ടുപോയി 'അപ്രത്യക്ഷരാക്കൽ', 'അർധവിധവകൾ' തുടങ്ങിയ പദാവലികൾകൂടി ഭരണകൂട ഭീകരതയുടെ പട്ടികയിലേക്കു വന്നു. മണിപ്പൂരിലെ നിയമബാഹ്യ കൊലകൾക്കിരയായവരുടെ കുടുംബങ്ങളുടെ സംഘടന (ഇ.ഇ.വി.എഫ്.എ.എം -Extrajudicial Execution Victim Families Association Manipur) സുപ്രീംകോടതിക്ക് സമർപ്പിച്ച പരാതിയിൽ സൈനികർ കൊന്ന 1528 പേരുടെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമീഷൻ ഇരകളിൽ ആർക്കും കുറ്റകൃത്യങ്ങളുടെ ചരിത്രമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. അഫ്സ്പയുടെ ഭീകരതയിലേക്ക് ചെറിയ സൂചന മാത്രമാണ് ഇത്.
ഫലത്തിൽ, അമിതാധികാരപ്രയോഗത്തിനും നീതിന്യായനിയമങ്ങളെ മറികടക്കുന്നതിനും ഭരണകൂടം സ്വയം അണിഞ്ഞ ജനവിരുദ്ധ ആയുധമാണ് അഫ്സ്പ. നാഗാലാൻഡ്, മണിപ്പൂർ, അസം എന്നീ സംസ്ഥാനങ്ങളിലെ കുറെ പ്രദേശങ്ങൾ ഇപ്പോൾ അതിന്റെ വരുതിയിൽനിന്ന് മുക്തമാക്കപ്പെട്ടു എന്നത് ആശ്വാസകരമാണ്. കശ്മീർ മേഖല അടക്കം മറ്റു സ്ഥലങ്ങൾകൂടി ഈ നിയമത്തിൽനിന്ന് ഒഴിവാക്കപ്പെടുകയാണ് വേണ്ടത്. ഭാഗികമായല്ല, പൂർണമായിത്തന്നെ നിയമം പിൻവലിക്കുമ്പോഴാണ് ജനങ്ങളോടുള്ള നീതിയാവുക. പ്രശ്നങ്ങൾ പരിഹരിക്കാൻ ജനാധിപത്യപരമായ കൂടിയാലോചനകളും തദ്ദേശീയരെ ഉൾപ്പെടുത്തിയുള്ള ആശയവിനിമയങ്ങളും വേണം. രാജ്യസുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുതന്നെ പൗരന്മാരുടെ ജീവനും മറ്റ് അവകാശങ്ങളുംകൂടി പരിരക്ഷിക്കപ്പെടണം. ഇതുവരെ ഉയർന്ന പരാതികൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിക്കുന്നത് ജനവിശ്വാസം വീണ്ടെടുക്കാനും സഹായകമാകും. ഏതുനിലക്കും, സ്വന്തം ജനങ്ങൾക്കെതിരെ സൈനികബലംകൊണ്ട് സംസാരിക്കുന്ന മോശം അവസ്ഥ ഉണ്ടാകാതിരിക്കണം. അഫ്സ്പ എന്ന നിയമം പാടേ പിൻവലിക്കാൻ സർക്കാർ തയാറാകുമെന്ന് ആശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.