പ്രതിരോധ മന്ത്രാലയത്തിന്റെ അഗ്നിപഥ് പദ്ധതിക്ക് ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു. പതിനേഴര വയസ്സ് ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന പദ്ധതിയാണിത്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ അഗ്നിവീരന്മാർ എന്നറിയപ്പെടും. ഈ വർഷം തന്നെ പദ്ധതി ആരംഭിക്കും. ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് പരിപാടി. പെൺകുട്ടികൾക്കും പദ്ധതിയിൽ ചേരാം. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.
അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് പലവിധ സംവാദങ്ങൾ നടക്കുന്നുണ്ട്. സൈന്യത്തെ കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമെന്നും അത് സൈന്യത്തിന് കൂടുതൽ യുവത്വം നൽകുമെന്നുമാണ് സർക്കാറുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചെറുപ്രായത്തിലേ സൈനിക സേവനത്തിലേക്ക് പൗരന്മാരെ ആകർഷിക്കുമെന്നതും അവർ നേട്ടമായി പറയുന്നു.
അഗ്നിപഥ് പദ്ധതിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ പല സ്വഭാവത്തിലുള്ളതാണ്. മുൻ സൈനിക ഉദ്യോഗസ്ഥരും പ്രതിരോധ വിദഗ്ധരും ഇതിനെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്. സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന ഏർപ്പാടാണ് ഇതെന്ന് അവർ ആരോപിക്കുന്നു. സൈനിക സേവനം എന്നത് ബോളിവുഡ് സിനിമയിൽ കാണുന്നതുപോലെയുള്ള സാഹസികതകളല്ല. നല്ല തയാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള സംഗതിയാണ്. പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നൽകി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്ന് അവർ വിമർശിക്കുന്നു. അതായത്, സൈനിക സേവനം എന്ന പ്രഫഷനെ മുൻനിർത്തിയുള്ള വിമർശനങ്ങളാണ് അവരുേടത്.
പ്രതിരോധ മേഖലയിൽ ചെലവു കുറക്കാനുള്ള സർക്കാറിന്റെ കുറുക്കുവഴിയാണ് ഈ പദ്ധതിയെന്ന് ചിലർ വിമർശിച്ചിട്ടുണ്ട്. കുറഞ്ഞ വേതനത്തിന് കുറഞ്ഞ കാലത്തേക്ക് ആളുകളെ എടുത്ത് സേവനം അവസാനിപ്പിക്കുകയാണ് അഗ്നിപഥിൽ ചെയ്യുന്നത്. പിരിഞ്ഞുപോകുമ്പോൾ ഇവർക്ക് ഒരു കൈമടക്ക് തുക നൽകുക മാത്രമാണ് ചെയ്യുന്നത്. പെൻഷനോ പൂർവ സൈനികർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഓരോ വർഷവും ഇങ്ങനെ സൈന്യത്തിലേക്ക് താൽക്കാലിക സർവിസുകാരെ എടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് സർക്കാർ പരിപാടി എന്നവർ ആരോപിക്കുന്നു. പക്ഷേ, ഈ ആരോപണത്തിൽ അത്ര കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ഒന്നാമതായി, പ്രതിരോധ ബജറ്റിൽ കേന്ദ്രം ഒരു കുറവും വരുത്തിയിട്ടില്ല. സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെൻ്റ് നിർത്തിവെക്കുന്നുമില്ല. അഗ്നിവീരന്മാരിൽ 25 പേരെ സൈന്യത്തിലേക്ക് എടുക്കുമെന്നും പറയുന്നുണ്ട്. അപ്പോൾ പിന്നെ സാമ്പത്തിക ലാഭം നോക്കിയുള്ള പണി എന്ന വിമർശനം സാധുവല്ല.
നമ്മുടെ നിയമപ്രകാരം 18 വയസ്സാണ് ഒരാൾ പ്രായപൂർത്തിയാകുന്ന ഘട്ടം. 18ന് താഴെയുള്ളവർ കുട്ടികളാണ്. അവർ വിവാഹം കഴിക്കുന്നത് തെറ്റാണ്. അവരുമായി അവരുടെ സമ്മതത്തോടെയാണെങ്കിലും ആരെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോക്സോ ചുമത്തപ്പെടും. അവരെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല. അങ്ങനെയൊരു നിയമം നിലനിൽക്കുന്ന നാട്ടിൽ പതിനേഴര വയസ്സിൽ അത്യന്തം ഗൗരവപ്പെട്ട ഒരു ജോലിയിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ നിയമപരവും നൈതികവുമായ പ്രശ്നങ്ങളുണ്ട്. കുട്ടികളെ യുദ്ധമുഖങ്ങളിൽ ഉപയോഗിക്കുന്നതിന്റെ അനുഭവങ്ങൾ സാർവദേശീയ തലത്തിലുണ്ട്. ആ പ്രവണതക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര സഭയും നിരന്തരം സംസാരിക്കുന്നുണ്ട്. അത്തരമൊരു പശ്ചാത്തലത്തിലാണ് പൂർണ പക്വത എത്താത്ത പ്രായത്തിലുള്ളവരെ സൈന്യത്തിന്റെ ഭാഗമായി റിക്രൂട്ട് ചെയ്യുന്നത്. ഇത് ഉയർത്തുന്ന നൈതിക, ധാർമിക പ്രശ്നങ്ങളെ ഗൗരവത്തിൽ കാണണം.
സൈനികവത്കൃത രാജ്യം എന്നതാണ് ഫാഷിസ്റ്റുകളുടെ സ്വപ്നം. ആർ.എസ്.എസും ആ സ്വപ്നം പങ്കുവെക്കുന്നവരാണ്. ആ സംഘടനക്കുതന്നെ ഒരു അർധ സൈനിക സ്വഭാവമാണ്. ആദ്യകാല ഹിന്ദുത്വ നേതാവായ ബാലകൃഷ്ണ സദാശിവ മൂഞ്ചെ 1931ൽ, മുസോളിനിയുടെ കാലത്ത്, ഇറ്റലി സന്ദർശിച്ചിരുന്നു. മുസോളിനിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അവിടത്തെ പ്രധാന സൈനിക സ്കൂളുകൾ സന്ദർശിക്കുകയുണ്ടായി. തിരിച്ചുവന്ന് നാസിക്കിൽ ബോൺസാലെ സൈനിക് സ്കൂൾ സ്ഥാപിച്ചതും അദ്ദേഹമാണ്. ഹിന്ദുക്കളെ സൈനികവത്കരിക്കുകയാണ് സ്കൂളിന്റെ ലക്ഷ്യം. അതായത്, ചെറുപ്രായത്തിലേ ഉള്ള സൈനികവത്കരണം എന്നത് ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ വലിയൊരു പദ്ധതിയാണ്. എല്ലാവർക്കും നിർബന്ധിത സൈനിക സേവനം എന്നതും അവർ കൊണ്ടുനടക്കുന്ന ആശയമാണ്. അത്തരമൊരു പദ്ധതിയിലേക്കുള്ള ആദ്യ ചുവടായി അഗ്നിപഥ് പദ്ധതിയെ സംശയിക്കാവുന്നതാണ്.
ഇത്തവണ 46,000 പേരെയാണ് പദ്ധതിയിലേക്ക് എടുക്കുന്നത്. വർഷം കഴിയും തോറും എണ്ണത്തിൽ മാറ്റം വരാം. സ്കൂൾ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തരമൊരു സേവനം നിർബന്ധം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിവരാം. അല്ലെങ്കിൽ, സൈനിക സേവനത്തിന് പോകുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണനകൾ കൊണ്ടുവന്നേക്കാം. ചുരുക്കത്തിൽ, നിർബന്ധിത സൈനിക സേവനം എന്ന നിയമം കൊണ്ടുവരാതെ തന്നെ അത് ചുളുവിൽ നടപ്പിലാക്കുന്ന രീതി. അതിന്റെയൊക്കെ തുടക്കമായി അഗ്നിപഥ് പദ്ധതി സംശയിച്ചാൽ കുറ്റംപറയാൻ പറ്റില്ല. ഇതെല്ലാം രാജ്യത്തെ ശത്രുക്കളിൽനിന്ന് സംരക്ഷിക്കാനാണ് എന്ന് കരുതുന്നതിലും വലിയ കഥയില്ല. ചുരുങ്ങിയ സമയത്തെ പരിശീലനം ലഭിച്ച കുട്ടികൾക്ക് എങ്ങനെയാണ് സൈനികമായി രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കുക? വളരുന്ന തലമുറയിൽ തീവ്ര ഉന്മാദ ദേശീയതയും ഹിന്ദുത്വ ആശയങ്ങളും കുത്തിനിറച്ച് തങ്ങളുടെ രാഷ്ട്രീയ പദ്ധതിക്കനുസരിച്ച് തലമുറയെ വാർത്തെടുക്കാനുള്ള മഹാപദ്ധതിയുടെ ഭാഗമാണിതെന്ന് സംശയിക്കാതിരിക്കാൻ ന്യായങ്ങളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.