റെയിൽേവ ബോർഡ് ചെയർമാേനാ മറ്റ് ബോർഡംഗങ്ങളോ സന്ദർശനത്തിനെത്തുേമ്പാഴും അവർ തിരിച്ചുപോവുേമ്പാഴും മുതിർന്ന ഉദ്യോഗസ്ഥർ ഹാജരായിരിക്കണമെന്ന നിർബന്ധോപചാരം അവസാനിപ്പിക്കാൻ റെയിൽവേ മന്ത്രാലയം ഉത്തരവ് നൽകിയതായ വാർത്ത ശരിയായ തിരുത്തൽ നടപടിയാണ്. 36 വർഷങ്ങൾക്കു മുമ്പ് മന്ത്രാലയംതന്നെ നിർബന്ധപൂർവം ഏർപ്പെടുത്തിയിരുന്നതാണ് ഇൗ ഉപചാരം. ഒരുദ്യോഗസ്ഥനും ബൊക്കെയും സമ്മാനങ്ങളും നൽകിക്കൊണ്ടുള്ള സ്വീകരണത്തിന് മിനക്കെടരുതെന്നും നിർദേശത്തിലുണ്ട്. രണ്ടിനെക്കാളും പ്രധാനമാണ് ഉയർന്ന ഉദ്യോഗസ്ഥരുടെ ഗാർഹിക ജോലികൾക്ക് പാളം പണിക്കാരെ ഉപയോഗിക്കുന്ന ശീലം അവസാനിപ്പിക്കണമെന്ന കർശന നിർദേശം. 30,000 പാളം ജീവനക്കാരെയാണത്രെ ഇവ്വിധം വീട്ടുപണികൾക്ക് സ്ഥിരമായി നിയോഗിക്കുന്നത്്. മേലിൽ അവർ ഒൗദ്യോഗിക കൃത്യങ്ങൾ മാത്രമേ നിർവഹിക്കേണ്ടതുള്ളൂ. ഇതുപ്രകാരം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഏഴായിരത്തോളം റെയിൽവേ ജീവനക്കാർ ഒൗദ്യോഗിക ജോലികൾക്ക് തിരികെ എത്തിയിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തുന്നു. യാത്ര ചെയ്യുേമ്പാൾ ആഡംബര സലൂണുകളും ഉയർന്ന ക്ലാസുകളും ഉപേക്ഷിക്കണമെന്നും മന്ത്രി പിയൂഷ് ഗോയൽ മുതിർന്ന റെയിൽേവ ഉദ്യോഗസ്ഥന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ലീപ്പർ ക്ലാസുകളിലോ ത്രീ ടയർ എ.സി കോച്ചുകളിലോ യാത്ര ചെയ്താൽ മതിയെന്നാണ് മന്ത്രിയുടെ നിർദേശം.
ജനാധിപത്യത്തിൽ ഉദ്യോഗസ്ഥർ എത്ര ഉന്നതരോ മുതിർന്നവേരാ ആണെങ്കിലും നികുതിപ്പണംകൊണ്ട് അവരെ തീറ്റിപ്പോറ്റുന്ന ജനങ്ങളുടെ യജമാനന്മാരല്ല. രാജഭരണത്തിലും ഏകാധിപത്യ രാജ്യങ്ങളിലുമൊക്കെ തിരുവായ്ക്ക് എതിർവായ് ഇല്ലാത്തതിനാൽ എല്ലാം സഹിക്കുകയേ പ്രജകൾക്ക് വഴിയുള്ളൂ. പ്രത്യുത, ആരും ആരുടെയും യജമാനരല്ലെന്നതും സർവരും സമന്മാരാണെന്നതുമാണ് ജനാധിപത്യ വ്യവസ്ഥിതിയിലെ സങ്കൽപം. ഇതുപക്ഷേ, ലോകത്തിലെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായ ഇന്ത്യയിൽ ജീവിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം േകട്ടുകേൾവി മാത്രമാണ്. ആചാരങ്ങളുടെയും ഉപചാരങ്ങളുടെയും തടവുകാരായ മന്ത്രിമാരും ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരുെട ചുമലിൽ സവാരി ചെയ്യുന്നതും സാമാന്യ ജനത്തെ അടിമകളെപ്പോലെ കാണുന്നതും അർഥം കിട്ടിയ അൽപന്മാർ അർധരാത്രി കുടപിടിക്കുന്നതുമെല്ലാം പതിവുകാഴ്ചകൾ മാത്രമാണ്. കോളനി വാഴ്ചക്കാലത്തെ ശീലങ്ങളും വഴക്കങ്ങളും മാറ്റമില്ലാതെ തുടരുകയാണ് സ്വാതന്ത്ര്യത്തിെൻറ ഏഴു പതിറ്റാണ്ടുകൾക്കു ശേഷവും. ഹിസ് ഹൈനസും ഹിസ് എക്സലൻസിയും അതുപോലുള്ള സംബോധനകളുമില്ലെങ്കിൽ ബന്ധപ്പെട്ടവർ രോഷാകുലരാകുന്ന സംഭവങ്ങൾ വേണ്ടത്ര. ഇൗ കോളനി സംസ്കാരത്തിന് ലഘുവായ തിരുത്ത് മാത്രമാണ് ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയിൽവേയുടെ മന്ത്രാലയം ഉപര്യുക്ത ഉത്തരവിലൂടെ നടപ്പാക്കിയിരിക്കുന്നത്. എന്നാൽ, ഏറ്റവും സുപ്രധാനമായ തീരുമാനം 30,000 പാളം പണിക്കാരെ മേലുദ്യോഗസ്ഥരുടെ വീട്ടുപണികളിൽനിന്ന് മാറ്റി യഥാർഥ ഡ്യൂട്ടിക്ക് നിയോഗിച്ചതാണ്. ഇത്രയുംകാലം നിർബാധം തുടർന്നുവന്ന ഇൗ അധികാര ദുർവിനിയോഗവും അത്യാചാരവും അവസാനിപ്പിക്കാൻ ഒരു മന്ത്രിക്കോ ബോർഡ് ചെയർമാനോ തോന്നാതിരുന്നതാണ് അത്ഭുതം. പൊതുഖജനാവിൽനിന്ന് വേതനം പറ്റുന്ന ജീവനക്കാരെ വീട്ടുജോലികൾക്ക് നിയോഗിക്കുന്നതിൽ ഒരുവിധ മനസ്സാക്ഷിക്കുത്തുമില്ലാത്തവർ റെയിൽവേയിൽ മാത്രമല്ല പൊലീസിലും പട്ടാളത്തിലും മറ്റു പല മേഖലകളിലും സുലഭമാണ്. സുരക്ഷസേനയിലാവുേമ്പാൾ മുറുമുറുക്കാനുള്ള അവകാശംപോലും കീഴ്ജീവനക്കാർക്ക് നിഷേധിക്കപ്പെടുന്നു. സൈനിക ക്യാമ്പുകളിൽ നൽകുന്ന ഭക്ഷണത്തിെൻറ മോശം നിലവാരത്തെപ്പറ്റി സമൂഹ മാധ്യമത്തിലൂടെ പരാതിപ്പെട്ടതിനാണ് ഒരുദ്യോഗസ്ഥൻ ഇൗയിടെ ശിക്ഷനടപടികൾക്ക് വിധേയനായത്.
കാലപ്പഴക്കംകൊണ്ട് ജീർണിച്ച് അപകടനിലയിലായ അനേകായിരം കിലോമീറ്റർ റെയിൽപാളങ്ങളിലൂടെയാണ് ഇപ്പോഴും രാജ്യത്തെ ട്രെയിനുകൾ ഒാടിക്കൊണ്ടിരിക്കുന്നത്. തന്മൂലം അപകടങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നു. പത്തു വർഷക്കാലത്തെ ഏറ്റവും വലിയ ജീവഹാനിയാണ് 2016 -2017 വർഷത്തിൽ ട്രെയിനുകൾ പാളംതെറ്റിയ അപകടങ്ങളിൽനിന്നുണ്ടായത്. 193 മനുഷ്യജീവൻ അതിലൂടെ നഷ്ടപ്പെട്ടു. ഇൗയിടെ മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നടപ്പാലത്തിന്മേൽ യാത്രക്കാർ കയറിപ്പറ്റിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്തെ നടപ്പാലങ്ങളാണ് പ്രധാന നഗരങ്ങളിൽപോലും അവശേഷിക്കുന്നത്. രാജ്യത്താകെ 12,000 ആളില്ലാ ലെവൽക്രോസുകൾ ഇപ്പോഴും അപകടങ്ങൾ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്ക്. അതേസമയം, 33,000 കോടി രൂപ വരുമാന നഷ്ടത്തിലാണ് ട്രെയിനുകൾ ഒാടിക്കൊണ്ടിരിക്കുന്നത്. അതിനാൽ, ഇളവുകളും സബ്സിഡികളും വെട്ടിച്ചുരുക്കാൻ നിർബന്ധിതമായ റെയിൽവേ മന്ത്രാലയത്തിെൻറ കണ്ണ് ജീവനക്കാരുടെ എണ്ണത്തിൽ പതിഞ്ഞപ്പോഴാണ് 30,000 ജീവനക്കാർ റെയിൽവേക്ക് വേണ്ടിയല്ല പണിയെടുക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന സത്യം ബോധ്യപ്പെട്ടത്. അവരെ നിയമിച്ച തസ്തികകളിൽ യഥാർഥ ജോലിയിലേക്ക് തിരിച്ചുകയറ്റണമെന്ന ഇപ്പോഴത്തെ നിർദേശം ഫലത്തിൽ നടപ്പാവുമോ എന്നാണ് ഇനി അറിയാനുള്ളത്. ആഡംബര സൗകര്യങ്ങളുപയോഗിച്ച് യാത്ര ചെയ്യരുതെന്ന നിർദേശം അട്ടിമറിക്കപ്പെടുമെന്നുറപ്പ്. നിതാന്ത ജാഗ്രതയും കർശനമായ മേൽനോട്ടവുമില്ലെങ്കിൽ എല്ലാവിധ ഉത്തരവുകളും തീരുമാനങ്ങളും തോൽപിക്കാൻ കരുത്തുറ്റവരാണ് ഉയർന്ന പദവികളിലിരിക്കുന്ന വെള്ളാനകൾ. വല്ലപ്പോഴും പുറത്തുവരുന്ന സി.എ.ജി റിപ്പോർട്ടുകൾ മാത്രം ഇൗ ദുരവസ്ഥക്ക് പരിഹാരമാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.