സി.ബി.ഐ മേധാവിയുടെ നിയമനം പലപ്പോഴും രാഷ്ട്രീയതാൽപര്യങ്ങളാൽ വിവാദമാകുക പതി വാണ്. പേക്ഷ, ഋഷികുമാർ ശുക്ലയുടെ നിയമനത്തിൽ നരേന്ദ്ര മോദിയുടെ താൽപര്യങ്ങൾ വിജയിച്ചപ്പോൾ പ്രതിച്ഛായ നഷ്ടപ്പെട്ടത് സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കുമാണ്. സി.ബി.ഐ മേധാവിസ്ഥാനത്തുനിന്ന് നീക്കംെചയ്തതിനെതിരെ നിയമപോരാട്ടത്തിലൂടെ വിജയംവരിച്ച അലോക് വർമയെ സാങ്കേതിക നടപടികളിലൂടെ നീക്കംചെയ്യാനുള്ള പ്രധാനമന്ത്രിയുടെ കടുംപിടിത്തത്തിന് ഉന്നതകാര്യ സമിതിയിൽ ചീഫ് ജസ്റ്റിസിെന പ്രതിനിധാനംചെയ്ത ജസ്റ്റിസ് സിക്രി മേലൊപ്പ് ചാർത്തിയതിെൻറ ധാർമിക ഭാരം നേരത്തേതന്നെ ഗൊഗോയിക്കുണ്ട്. പുതിയ സി.ബി.ഐ ഡയറക്ടറുടെ നിയമനത്തിൽ സുപ്രീംകോടതിയുടെ വിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ മല്ലികാർജുൻ ഖാർഗെയുടെ വിയോജനത്തിെൻറ ചൂണ്ടുവിരൽ നീളുന്നത് ചീഫ് ജസ്റ്റിസിെൻറ നിർഭയവും സ്വതന്ത്രവുമായ നിലപാടുകൾക്കുനേരെയാണ്.
സി.ബി.ഐയെ സ്വതന്ത്രവും രാഷ്ട്രീയ ഇടപെടലുകളിൽനിന്ന് മുക്തവുമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1995ൽ വിനീത് നരായൻ സമർപ്പിച്ച പൊതുതാൽപര്യഹരജിയിലെ സുപ്രീംകോടതി വിധി ശ്രദ്ധേയവും സി.ബി.ഐ ഡയറക്ടർ നിയമനത്തിെൻറ സുതാര്യത ആവശ്യപ്പെടുന്നതുമായിരുന്നു. സി.ബി.ഐയെ രാഷ്ട്രീയ ഇടപെടലുകളിൽനിന്ന് മുക്തമാക്കണമെന്ന ഹരജിക്കാരെൻറ വാദങ്ങളോട് യോജിച്ച കോടതി സി.ബി.ഐ ഡയറക്ടർ നിയമനത്തിെൻറ അടിസ്ഥാനമായ ഡൽഹി സ്െപഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ആക്ടിലെ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്തതിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. ആത്മാർഥത, സത്യസന്ധത, അഴിമതിക്കേസ് അന്വേഷണങ്ങളിൽ എട്ടു വർഷത്തിലധികമുള്ള അനുഭവജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നീ ഉന്നതകാര്യ സമിതി ഏറ്റവും സീനിയോറിറ്റിയുള്ള നാലു ബാച്ചുകളിലെ ഏറ്റവും മികച്ച ഐ.പി.എസ് ഉദ്യോഗസ്ഥനെ നിശ്ചയിക്കേണ്ടതെന്ന് കർശനമായി കൽപിച്ച വിധിന്യായമാണ് പുതിയ നിയമനത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന വിമർശനമാണ് വിധിപ്പകർപ്പുകളുടെ അടിസ്ഥാനത്തിൽ ഖാർഗെ ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ രണ്ടു തവണ യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിയുന്നതിലെ അസംതൃപ്തി കഴിഞ്ഞ ദിവസം സുപ്രീംകോടതി പ്രകടിപ്പിച്ചത് ‘ഇൻ ചാർജ് പരിപാടി’ ഇനി നടപ്പില്ലെന്ന് പറഞ്ഞാണ്. അതിെൻറ സമ്മർദത്തിൽകൂടിയാണ് മൂന്നാംവട്ട യോഗത്തിൽ അതുവരെ പേരില്ലാതിരുന്ന ശുക്ലക്ക് നറുക്കുവീണത്.
എതിരാളികളെ നിഷ്ക്രിയമാക്കാനും നിഷ്പ്രഭമാക്കാനുമുള്ള ഭരണകൂടത്തിെൻറ ഏറ്റവും ശക്തമായ ആയുധമാണ് സി.ബി.ഐ എന്നത് ഏറെ പഴക്കമുള്ളതും വസ്തുതാപരമായി ശരിയുമായ ആക്ഷേപമാണ്. അതുകൊണ്ടുതന്നെ അഴിമതിയിലും രാഷ്ട്രീയസ്വാധീനത്താൽ കേസുകളിൽ അട്ടിമറി നടത്തുന്നതിലും കോടതികളുടെ ശാസനക്കും അന്വേഷണത്തിനും നിരവധി തവണ വിധേയരായിട്ടുള്ളതാണ് പല സി.ബി.ഐ ഡയറക്ടർമാരും. സി.ബി.ഐ മുൻ ഡയറക്ടർ ജനറൽ രഞ്ജിത് സിൻഹ കൽക്കരി അഴിമതിക്കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ വിചാരണ നേരിടുകയാണ്. പ്രസ്തുത കേസിൽ സി.ബി.ഐക്ക് ഒരുപാട് യജമാനന്മാരുണ്ടെന്നുവരെ കോടതി കുറ്റപ്പെടുത്തി. എന്തുകൊണ്ട് സി.ബി.ഐയെ രാഷ്ട്രീയ ഇടപെടലുകളിൽനിന്ന് മുക്തമാക്കിക്കൂടായെന്ന ചോദ്യം ഉന്നയിക്കുകയും സി.ബി.ഐയെ സ്വതന്ത്രമായി പ്രവര്ത്തിക്കാന് അനുവദിക്കുന്ന നിയമം പാസാക്കാന് സര്ക്കാര് തയാറാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യഥാർഥത്തിൽ സി.ബി.ഐയെ ഭരണകൂട സ്വാധീനത്തിൽനിന്ന് രക്ഷപ്പെടുത്താനുള്ള മികച്ച രണ്ട് അവസരങ്ങളാണ് ചീഫ് ജസ്റ്റിസ് നഷ്ടപ്പെടുത്തിയിരിക്കുന്നത്.
റിസർവ് ബാങ്ക്, ഐ.സി.എസ്.എസ്.ആർ, നിയമപാലകരുടെ നിയമനങ്ങൾ, നിതി ആയോഗ്, സർവകലാശാല അധികാരികൾ, നീതിന്യായ വകുപ്പ് മേധാവികൾ, സി.ബി.ഐ, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ തുടങ്ങി ധാരാളം സ്വതന്ത്രമായ ഭരണകൂടസംവിധാനങ്ങൾക്കുമേൽ ഭരണകൂടത്തിെൻറ കടിഞ്ഞാണില്ലാത്ത കടന്നുകയറ്റത്തെ ചെറുക്കാൻ ഇതിനേക്കാൾ അസുലഭ സന്ദർഭം ഇനി അദ്ദേഹത്തിന് ലഭിക്കുകയില്ല.
അതിരുകടന്ന അധികാരപ്രമത്തതയിൽ മുൻകാല പ്രധാനമന്ത്രിമാരെ കടത്തിവെട്ടുന്നതാണ് നരേന്ദ്ര മോദിയുടെ പ്രകടനം. സി.ബി.ഐയെ വരുതിയിലാക്കാൻ നരേന്ദ്ര മോദി അധികാരത്തിലേറിയ ആദ്യദിനം മുതലേ ശ്രമമാരംഭിച്ചിരുന്നു. ഗുജറാത്ത് കലാപം അന്വേഷിച്ച് മോദിക്കു ക്ലീൻചിറ്റ് നൽകിയ വൈ.സി. മോദിയെ സി.ബി.ഐ അഡീഷനൽ ഡയറക്ടറാക്കിയാണ് ആ പദ്ധതികൾക്ക് തുടക്കം കുറിക്കപ്പെട്ടത്. പിന്നാലെ, ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് കൈകാര്യം ചെയ്ത എ.കെ. ശർമ ജോയൻറ് ഡയറക്ടറായി നിശ്ചയിക്കപ്പെട്ടു. രാകേഷ് അസ്താനയടക്കം ഏഴു ഗുജറാത്ത് കേഡറുകളെയാണ് തുടരത്തുടരെ അസ്വാഭാവികമായി സി.ബി.ഐ വിവിധ തലങ്ങളിൽ അധികാരമേൽപിച്ചത്. നിരന്തരമായ സ്ഥലംമാറ്റങ്ങളിലൂടെ സി.ബി.ഐയുടെ മുഴുവൻ തലങ്ങളിലും പിടിമുറുക്കാനുള്ള പ്രധാനമന്ത്രിയുടെ ഓഫിസിെൻറ ശ്രമത്തെ പ്രതിരോധിച്ചതായിരുന്നു അലോക് വർമ ചെയ്ത കുറ്റം. അദ്ദേഹത്തെ നീക്കംചെയ്യുന്നതിൽ ഭരണകൂടതാൽപര്യത്തോടൊപ്പം ചേർന്ന ചീഫ് ജസ്റ്റിസ് മാനദണ്ഡങ്ങളില്ലാത്ത ശുക്ലയെ നിശ്ചയിക്കുന്നതിലും ഭരണകൂടപക്ഷം ചേർന്നിരിക്കുന്നു. മധ്യപ്രദേശിലെ തീവ്രവാദവേട്ടയിലെ വിവാദനായകനും അമിത് ഷായുടെ പ്രിയപ്പെട്ടവനുമാണ് അദ്ദേഹം. രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാൻ മുമ്പ് കോൺഗ്രസ് സി.ബി.ഐയെ ഉപയോഗിച്ച കാലത്ത് നേരു പറയാൻ സുപ്രീംകോടതിയുണ്ടായിരുന്നു. കൂട്ടിലടച്ച തത്തയുടെ ചിറകുകൂടി അരിയുന്ന ആസുരകാലത്ത് കോടതികളുടെ നീതിബോധത്തെക്കുറിച്ച ആശങ്കകളെ കനപ്പിക്കുന്നു ചീഫ് ജസ്റ്റിസിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.