ഫാഷിസം ദംഷ്ട്ര നീട്ടിത്തുടങ്ങിയാൽ എവിടംവരെ എന്നതിന്റെ സൂചനകളാണ് ഉത്തർപ്രദേശിലെ ബുൾഡോസർ ഭരണം നൽകുന്നത്. ഭരണക്കാരുടെ പ്രതിലോമ നിലപാടുകൾക്കും നടപടികൾക്കുമെതിരെ പ്രതിഷേധിക്കുന്നവരുടെ കുഴിതോണ്ടുന്ന ആസുരരീതി പ്രവർത്തനപരിപാടിയാക്കിയിരിക്കുകയാണ് വിവിധ സംസ്ഥാനങ്ങളിലെ ഹിന്ദുത്വ സർക്കാറുകൾ. ജനതയെ വംശീയമായി ചേരിതിരിച്ച് ദുരന്തത്തിലേക്ക് ആട്ടിത്തെളിക്കുന്നതിന് വിവിധ പരിപാടികളാണ് അവർ കൊണ്ടുനടത്തുന്നത്. അതിന്റെ ഭാഗമായി വേണം പ്രവാചകനിന്ദക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിന്റെ പേരിൽ യു.പിയിലെ പ്രയാഗ്രാജിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ നേതാവ് ജാവേദ് അഹ്മദിന്റെ വീട് അനധികൃതമെന്ന് ആരോപിച്ച് ഇടിച്ചുനിരപ്പാക്കിയ കിരാതനടപടിയെ കാണാൻ.
ഭരണകൂടത്തിനെതിരായ പ്രതികരണങ്ങളെ ഒതുക്കാൻ കരിനിയമങ്ങളുണ്ടാക്കുകയാണ് പല ബി.ജെ.പി ഭരണകൂടങ്ങളും. യു.പിയിൽ യോഗിസർക്കാർ 2020 ആഗസ്റ്റിൽ, പൊതുസ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നവരിൽനിന്നു നഷ്ടപരിഹാരത്തുക വീണ്ടെടുക്കുന്നതിന് നിയമം കൊണ്ടുവന്നു. അതനുസരിച്ച് ഹർത്താൽ, ബന്ദ്, പൊതു പ്രതിഷേധപരിപാടികൾ എന്നിവമൂലം നാശനഷ്ടം സംഭവിച്ച സർക്കാർ സംവിധാനങ്ങൾക്കോ സ്വകാര്യ സംരംഭങ്ങൾക്കോ മൂന്നു മാസത്തിനകം ക്ലെയിംസ് ട്രൈബ്യൂണൽ മുമ്പാകെ പരാതി ബോധിപ്പിക്കാം. കേസ് അന്വേഷിക്കാനും ശിക്ഷ വിധിക്കാനുമുള്ള അന്തിമാധികാരം ട്രൈബ്യൂണലിനായിരിക്കും. ഈ നിയമമനുസരിച്ച് പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിൽ അണിനിരന്നവരുടെ പേരിൽ ലക്ഷങ്ങളുടെ നഷ്ടപരിഹാരം ചുമത്തി. നിയമവ്യവസ്ഥക്കു ചേരാത്ത ഈ നടപടി തള്ളിയ സുപ്രീംകോടതി നഷ്ടപരിഹാരം ഈടാക്കിയത് തിരിച്ചുനൽകാൻ ഉത്തരവിട്ടു. എങ്കിലും നിയമവുമായി മുന്നോട്ടുപോകാൻ സുപ്രീംകോടതി അനുമതി നൽകി. അത് യോഗിയുടെ യു.പിയും പിന്നാലെ ഹരിയാനയും കർണാടകയും മധ്യപ്രദേശുമൊക്കെ ഉപയോഗപ്പെടുത്തുകയാണ്. അതിനൊപ്പം പ്രക്ഷോഭങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നവരുടെ സ്വത്തുക്കൾ തകർത്തുകളയുന്ന ബുൾഡോസർ രാജുമായി ബി.ജെ.പി ഭരണകൂടങ്ങൾ രംഗത്തെത്തി. മധ്യപ്രദേശിൽ തുടങ്ങിയ പരീക്ഷണം മാസങ്ങൾക്കുമുമ്പ് ഡൽഹിയിലെത്തിയപ്പോൾ സുപ്രീംകോടതി ഇടപെട്ടു. സമാന രീതിയിലാണ് പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനു മുന്നിലുണ്ടായിരുന്ന യു.പിയിലെ മുസ്ലിം ആക്ടിവിസ്റ്റ് അഫ്രീന ഫാത്തിമയുടെ പ്രയാഗ്രാജിലെ വീട് ഇടിച്ചുനിരത്തിയത്. ഡൽഹിയിലെ ജഹാംഗീർപുരിയിൽ ചെയ്തതുപോലെ കുറഞ്ഞ സമയത്തിനു നോട്ടീസ് നൽകി നിയമപരിരക്ഷക്കു വഴിതേടാനുള്ള അവസരമെന്ന സാമാന്യനീതിപോലും ലഭ്യമാക്കാതെയാണ് ജാവേദിനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്തു ജയിലിലടച്ച ശേഷം വീട് തകർത്തു തരിപ്പണമാക്കിയത്.
പ്രവാചകനിന്ദക്കെതിരായി വെള്ളിയാഴ്ച യു.പിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധപ്രകടനങ്ങളിൽ അങ്ങിങ്ങായി സംഘർഷമുണ്ടായിരുന്നു. അതിന്റെ പേരിൽ കാൺപുർ, സഹാറൻപുർ, പ്രയാഗ് രാജ്, ലഖ്നോ, അലീഗഢ് എന്നിവിടങ്ങളിൽ നൂറുകണക്കിനാളുകളെ പിടികൂടി. നിയമത്തിന്റെ വഴിയിൽ നടത്തുന്നതിനുപകരം വംശീയ അജണ്ടയോടെ തങ്ങൾ തയാറാക്കിയ പുതിയ ഭീകരനിയമങ്ങൾ അവർക്കെതിരെ ചുമത്തുകയാണ് ചെയ്തത്. പ്രതിഷേധക്കാരുടെ വരുമാനമാർഗങ്ങൾ സ്തംഭിപ്പിക്കുക, സ്വത്തുക്കൾ കണ്ടുകെട്ടുക, കേസുവിസ്താരവും വിചാരണയും ശിക്ഷാവിധിയുമൊന്നും കാത്തുനിൽക്കാതെ സ്വത്തുവകകൾ തകർത്തുകളയുക എന്നിങ്ങനെ ബ്രിട്ടീഷ്വാഴ്ചയെ അതിശയിപ്പിക്കുന്ന മനുഷ്യത്വരഹിതമായ നിയമവ്യവസ്ഥകളാണിപ്പോൾ യു.പിയടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപ്പാക്കിവരുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ മധ്യപ്രദേശിൽ രാമനവമി ആഘോഷങ്ങൾ സംഘ്പരിവാർ സംഘടനകൾ സംഘർഷത്തിലെത്തിച്ചതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ പ്രതിരോധത്തിനു ചെന്ന മുസ്ലിം, ബഹുജൻ വിഭാഗങ്ങളിൽപെട്ടവരെ കേസിൽപെടുത്തി അവരുടെ വീടുകൾ പൊളിച്ചുകളഞ്ഞു. 'ബുൾഡോസർ മാമാ' എന്ന പേരുവീണ മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാൻ ഗവൺമെന്റ് കഴിഞ്ഞ അഞ്ചുവർഷമായി ഈ നിയമത്തിന്റെ മറവിൽ അത്യാചാരങ്ങൾ തുടർന്നുവരുന്നു. അവിടെയടക്കം നാലു സംസ്ഥാനങ്ങളിൽ ഈ അതിക്രമത്തിനു ഇരയായത് മുസ്ലിംകളാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ആയിരുന്ന മദൻ ലോകുർ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജാവേദിന്റെ വീടു പൊളിക്കുമ്പോൾ 'ഓരോ വെള്ളിയാഴ്ചക്കു ശേഷവും ഒരു ശനിയാഴ്ചയുണ്ടാകുമെന്ന് തെമ്മാടികൾ ഓർക്കണം' എന്ന് യു.പി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മൃത്യുഞ്ജയ്കുമാർ ട്വിറ്ററിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തിയതും ഈ മുസ്ലിംവിരുദ്ധ വംശീയവെറി തന്നെ.
സംഘ്പരിവാർ സംഘടനകളുടെയും സർക്കാറുകളുടെയും പ്രതികാര രാഷ്ട്രീയത്തിനെതിരായ മുസ്ലിം പ്രതിഷേധം ഒതുക്കാൻ നിയമത്തെ മറികടക്കുകയാണ് ബി.ജെ.പി. അനധികൃത നിർമാണത്തെ നേരിടാൻ തഹസിൽദാർമാർക്ക് അധികാരം നൽകുന്ന ഭൂനിയമങ്ങൾ, നഗരങ്ങളിൽ മുനിസിപ്പൽ കോർപറേഷന്റെയും നഗരാസൂത്രണവിഭാഗത്തിന്റെയുമൊക്കെ നിയമനടപടികൾ എല്ലാം ഉണ്ട്. അതുപോലെ സംഘർഷങ്ങളിൽ പങ്കെടുക്കുന്നവരെ പിടികൂടാനും ശിക്ഷിക്കാനും ഇന്ത്യൻ ശിക്ഷാനിയമത്തിൽ 146, 153 എ തുടങ്ങിയ വകുപ്പുകളുണ്ട്. ഇതൊന്നും വ്യവസ്ഥാപിതമായി പിന്തുടരാതെ തങ്ങൾക്കു തോന്നിയത് ചെയ്യുകയും അതിനു നിയമത്തെ മറയാക്കുകയും ചെയ്യുന്ന അരാജക നിലപാടാണ് ബി.ജെ.പി ഭരണകൂടങ്ങളുടേത്.
നിയമം തരംപോലെ കൈയിലെടുക്കുന്നതും ആൾക്കൂട്ട ശിക്ഷക്ക് നിയമവ്യവസ്ഥയെ വിട്ടുകൊടുക്കുന്നതും ജനാധിപത്യക്രമത്തിനു യോജിച്ചതല്ല. എന്നാൽ, ജനാധിപത്യത്തിന്റെ ഈ നാട്ടുനടപ്പുകളൊന്നും പ്രതിയോഗികൾക്കെതിരെ എന്തും ചെയ്യാനുള്ള 'ആപദ് ധർമ'യിൽ വിശ്വസിക്കുന്ന ഹിന്ദുത്വ വംശീയവാദികൾക്ക് ബാധകമല്ലല്ലോ. മുപ്പതുകൾക്കൊടുവിൽ ജർമനിയിൽ നാസി ഫാഷിസത്തിന്റെ ബുൾഡോസറുകൾ ചെയ്തതും ഇപ്പോഴും അധിനിവിഷ്ട ഫലസ്തീനിൽ ഇസ്രായേലിന്റെ സയണിസ്റ്റ് വംശീയ ഭരണകൂടത്തിന്റെ മണ്ണുമാന്തികൾ ചെയ്തുകൊണ്ടിരിക്കുന്നതും ഇതേ വിധ്വംസനപ്രതികാരമാണ്. അത് രാജ്യത്തെ എവിടെക്കൊണ്ടെത്തിക്കുമെന്നറിയാനും ഭൂതത്തിലും വർത്തമാനത്തിലുമുള്ള ആ അനുഭവങ്ങൾ നോക്കിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.