തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ നിർണയാവകാശം ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധി ആശ്വാസം പകരുന്നു. ഭരണത്തിലെ സുതാര്യതയും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഭരണഘടന ഉറപ്പുനൽകിയതാണ്; ഇലക്ടറൽ ബോണ്ടിൽ അഞ്ചംഗ ബെഞ്ചിന്റെ വിധിക്ക് ആധാരം, ഭരണഘടനയുടെ 19 (1) (എ) നിഷ്കർഷിക്കുന്ന ഈ വിവരാവകാശമാണ്. ജനങ്ങളെ ഇരുട്ടിൽ നിർത്തുന്ന പദ്ധതിയായതിനാലാണ് ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാകുന്നത്. ബോണ്ട് വിൽപനയുടെയും കൈമാറ്റത്തിന്റെയും വിവരങ്ങൾ മാർച്ച് ആറോടെ സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്, വിവരം അറിയാൻ എന്നതുപോലെ അത് തെരഞ്ഞെടുപ്പിന് മുമ്പുള്ള നിർണായക ഘട്ടത്തിൽതന്നെ അറിയാനും ജനങ്ങൾക്ക് അവകാശമുണ്ടെന്ന യുക്തിയനുസരിച്ചാണ്. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ജനാധിപത്യ പ്രക്രിയയുടെ മർമമാക്കുകയാണ് കോടതി ഇതുവഴി ചെയ്തത്. തീർച്ചയായും വിലപ്പെട്ട സേവനമാണ് ജുഡീഷ്യറിയുടേത്. ഇതിനകംതന്നെ ബോണ്ട് ഇടപാടുകളുടെ അറിഞ്ഞിടത്തോളം വിവരങ്ങൾ ചില കാര്യങ്ങളിലേക്ക് സൂചന നൽകുന്നുണ്ട്. ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ സർക്കാർ സംവിധാനങ്ങളെ ഭരണകക്ഷി സ്വന്തം നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്തു എന്നാണല്ലോ അവ സൂചിപ്പിക്കുന്നത്. ബി.ജെ.പിക്ക് വൻതുകകൾ സംഭാവന ചെയ്ത മുപ്പത് കമ്പനികൾ, കേന്ദ്ര ഏജൻസികളുടെ റെയ്ഡിനോ മറ്റ് ഇടപെടലിനോ ശേഷമാണ് അവ നൽകിയതെന്ന് ഈയിടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സംഭാവനകൾ മാത്രമല്ല, ഇലക്ടറൽ ബോണ്ട് വഴിയുള്ള ദാനങ്ങളും ഇതേ തരത്തിൽ ഈടാക്കപ്പെട്ടു എന്ന് പുതിയ റിപ്പോർട്ടുകൾ കാണിക്കുന്നു. സംഭാവനയുടെ അഞ്ചിരട്ടിയോളം തുക ബോണ്ട് വഴി നൽകിയ കമ്പനികളുണ്ട്. ബി.ജെ.പിക്ക് സംഭാവന നൽകിയ 41 കമ്പനികളിൽ 18 എണ്ണം ബോണ്ടായി വാങ്ങിയ തുക 2010 കോടി രൂപയാണ്. അഴിമതിയുടെ ആഴത്തെപ്പറ്റി സൂചന നൽകുന്ന ഈ വിവരങ്ങൾ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴല്ലാതെ മറ്റെപ്പോഴാണ് രാജ്യം അറിയേണ്ടത്?
സുതാര്യതയുടെ പ്രാധാന്യം ബോണ്ട് വിഷയത്തിൽ ഊന്നിപ്പറഞ്ഞ കോടതിതന്നെ, വോട്ട് യന്ത്രത്തിന്റെ കാര്യത്തിൽ ഇലക്ഷൻ കമീഷന്റെ വാദങ്ങൾ സ്വീകരിക്കുകയും സംശയങ്ങൾ ബാക്കി നിർത്തുകയും ചെയ്യുന്നത് ഖേദകരമാണ്. ഇലക്ട്രോണിക് വോട്ടുയന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുമ്പോൾ ക്രമക്കേടുകൾക്ക് സാധ്യതയുണ്ടെന്നും ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ ഉത്തരവിടണമെന്നുമുള്ള ഹരജി കഴിഞ്ഞ ദിവസം കോടതി തള്ളി. ഇതിന് മുമ്പും ഈ വിഷയത്തിലുള്ള അനേകം ഹരജികൾ കോടതി തള്ളിയിട്ടുണ്ട്. വോട്ട് ചെയ്തെന്ന് ഉറപ്പുവരുത്താൻ സമ്മതിദായകനെ സഹായിക്കുന്ന ‘വിവിപാറ്റ്’ സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലുകൾ അടുത്തകാലത്ത് പുറത്തുവന്നിട്ടുണ്ട്. വോട്ടുയന്ത്രത്തെ പൂർണമായി ആശ്രയിക്കുമ്പോൾ ജനഹിതം അട്ടിമറിക്കപ്പെടാൻ ഇടയുണ്ടെങ്കിൽ അത് തടയണം; മറിച്ചാണെങ്കിൽ അക്കാര്യം സംശയാലുക്കളെ ബോധ്യപ്പെടുത്താൻ കഴിയണം. തെരഞ്ഞെടുപ്പ് സംവിധാനത്തിൽ ദുരൂഹത ബാക്കിനിൽക്കുന്നത് ഏത് നിലക്കും അനഭിലഷണീയമാണ്. സംശയങ്ങൾ അടച്ച് തള്ളിക്കളയുന്നതിന് പകരം അവ നീക്കാൻ ശാസ്ത്രീയ സംവിധാനമേർപ്പെടുത്തുകയായിരുന്നു കരണീയം. ഇലക്ഷൻ കമീഷന്റെ ഘടനയിൽ സർക്കാർ വരുത്തിയ മാറ്റം പരിഗണിക്കുമ്പോൾ കമീഷന്റെ വിശ്വാസ്യതക്ക് ക്ഷതം പറ്റിയതും കണക്കിലെടുക്കാതെ വയ്യ.
ബോണ്ടുകളുടെ അതാര്യതയും ദുരൂഹതയും മറ്റു ചില പദ്ധതികളിലുമുണ്ട്. അവയിലൊന്നാണ് ‘പി.എം കെയേർസ്’ ഫണ്ട്. ഇതിലും രഹസ്യാത്മകതയാണ് അഴിമതി സാധ്യത തുറക്കുന്നത്. 2020 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ട്വിറ്റർ’ വഴി ഈ ഫണ്ട് സ്ഥാപിച്ചതായി അറിയിച്ചു. കാബിനറ്റ് തീരുമാനം അതിലില്ലായിരുന്നു. ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസമാണ് അതിന്റേത്. എന്നാൽ, വിവരാവകാശ പ്രവർത്തകർ ഈ ഫണ്ട് നടത്തുന്ന ട്രസ്റ്റിന്റെ സ്ഥാപന പ്രമാണം (ഡീഡ്) ചോദിച്ചപ്പോൾ സർക്കാർ ആദ്യം അനങ്ങിയില്ല; പിന്നീട് മറുപടി നൽകി, അതൊരു സ്വകാര്യ സ്ഥാപനമാണെന്ന്-അതുകൊണ്ട്, വിവരാവകാശനിയമം ബാധകമല്ലത്രെ. പ്രധാനമന്ത്രിയുടെ പേരിൽ സ്വകാര്യ സ്ഥാപനമോ? മൂന്നുവർഷം പ്രവർത്തിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രം ലഭ്യമായ വിദേശ സംഭാവന അനുമതി അതിനെങ്ങനെ ലഭിച്ചു? നിയമപ്രകാരം സമർപ്പിക്കേണ്ട ത്രൈമാസ റിപ്പോർട്ടുകളിൽനിന്ന് ഒഴിവ് നൽകിയതെന്തുകൊണ്ട്? ഇതിലേക്ക് സി.എസ്.ആർ ഫണ്ടുകൾ മുൻകാല പ്രാബല്യത്തോടെ അനുവദിച്ചത് ഏത് നിയമമനുസരിച്ച്? സി.എസ്.ആറിന് യോഗ്യതയുള്ളതെല്ലാം വിവരാവകാശ നിയമത്തിൽ വരേണ്ടതല്ലേ? ഇത്തരത്തിൽ അനേകം സംശയങ്ങളാണ് പി.എം കെയേഴ്സിനെപ്പറ്റി ഉയരുന്നത്. ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽ കാണിച്ച ജാഗ്രത ഇത്തരം വിഷയങ്ങളിലും ഉണ്ടാകേണ്ടതുണ്ട് - പൊതുസമൂഹത്തിനും ജുഡീഷ്യറിക്കും. കാരണം അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. ജനം അറിയട്ടെ, വിലയിരുത്തട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.