സംരക്ഷിത വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ പരിധി വരെ നിർബന്ധിത പരിസ്ഥിതി ലോല മേഖലയായി (ഇ.എസ്.ഇസഡ്) പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ രണ്ടു തരത്തിലാണ് പ്രതികരിച്ചു കാണുന്നത്. പരമോന്നത നീതിപീഠത്തിന്റെ വിധി കേരളത്തിൽ സവിശേഷമായി സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെ മറികടക്കാൻ ഭേദഗതി ഹരജി സമർപ്പിക്കാനുള്ള തയാറെടുപ്പുകളാണ് അതിൽ ആദ്യത്തേത്.

പരിസ്ഥിതിലോല മേഖലകളിൽനിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന നിർദേശമാകും ഭേദഗതി ഹരജിയിലൂടെ സമർപ്പിക്കപ്പെടുക എന്ന കാര്യം വനം മന്ത്രി എ.കെ. ശശീന്ദ്രൻതന്നെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതുവഴി പൂർണമായ പ്രശ്നപരിഹാരം സാധ്യമാകുമോ എന്ന ചോദ്യം അവശേഷിക്കുന്നുവെങ്കിലും സർക്കാറിന്റെ നീക്കം ചെറുതല്ലാത്ത ആശ്വാസനടപടിതന്നെയായി കാണണം. ഏതെങ്കിലും സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനം നിർബന്ധിതമായാൽ, അതുണ്ടാക്കുന്ന പ്രതിസന്ധിയുടെ ആഴം കുറക്കാനെങ്കിലും പ്രസ്തുത നീക്കം ഒരുപക്ഷേ ഗുണം ചെയ്തേക്കും.

കോടതി ഉത്തരവ് വലിയ ആശങ്ക സൃഷ്ടിച്ച സംസ്ഥാനത്തിന്റെ മലയോര മേഖലകളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ സർക്കാറിന് നേതൃത്വം നൽകുന്ന ഇടതുമുന്നണി തീരുമാനിച്ചതാണ് രണ്ടാമത്തെ കാര്യം. അതിന്റെ ഭാഗമായിട്ടാണ് വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ ഇടതുമുന്നണി ഹർത്താലിന് ആഹ്വാനം ചെയ്തത്. ഞായറാഴ്ച വയനാട്ടിലും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം പൊടിക്കൈകൾകൊണ്ടൊന്നും കാര്യമില്ലെന്നും, എം.പിമാരെയടക്കം ക്ഷണിച്ച് സർവകക്ഷി യോഗം വിളിച്ച് വിശദമായ ചർച്ചക്ക് സർക്കാർ തയാറാകണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതോടൊപ്പം, മലയോര മേഖലകളിൽ സ്വാധീനമുള്ള വിവിധ സാമുദായിക കക്ഷികളും സംഘടനകളും കോടതി വിധിയിൽ ആശങ്ക അറിയിച്ച് രംഗത്തുവന്നുകഴിഞ്ഞു. ചെറിയൊരു ഇടവേളക്കുശേഷം, മലയോര മേഖല വീണ്ടുമൊരു പ്രതിഷേധ ഭൂമിയായി മാറുന്നതിന്റെ പ്രത്യക്ഷ സൂചനകളാണ് കണ്ടുവരുന്നത്. ഒപ്പം, പ്രളയാനന്തര കേരളത്തിന്റെ പാരിസ്ഥിതികാവസ്ഥകളെക്കുറിച്ചുള്ള പുതിയ ചർച്ചകളും ഉയർന്നുവരുന്നു.

രാജസ്ഥാനിലെ ഒരു വന്യജീവി സങ്കേതത്തിനുള്ളിലെ ഖനനവുമായി ബന്ധപ്പെട്ടായിരുന്നു മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാകും വിധത്തിലുള്ള സുപ്രീംകോടതിയുടെ വിധി പ്രസ്താവം. പരിസ്ഥിതിലോല മേഖലയിൽ വികസന-നിർമാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർണമായിതന്നെ തടയിടുന്നതാണ് ഈ വിധി. സ്വാഭാവികമായും വനാതിർത്തിയോട് ചേർന്നുള്ള ചെറുപട്ടണങ്ങളെയും അവിടത്തെ ജനങ്ങളെയും ഇത് നേരിട്ടുതന്നെ ബാധിക്കും. നിർമാണ പ്രവർത്തനങ്ങൾ മാത്രമല്ല, കൃഷിയടക്കമുള്ള മറ്റു ജീവിതമാർഗങ്ങൾതന്നെയും നിലച്ചുപോകാൻ സാധ്യതയുണ്ട്. കേരളത്തെ സംബന്ധിച്ചാണെങ്കിൽ, ഇക്കാര്യത്തിൽ അധിക ആശങ്കയുമുണ്ട്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29 ശതമാനത്തിലധികവും വനഭൂമിയാണ്. 16 വന‍്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയ ഉദ‍്യാനങ്ങളും രണ്ട് കടുവ സങ്കേതങ്ങളുമുണ്ട് ഈ കുഞ്ഞുസംസ്ഥാനത്ത്. ജനസാന്ദ്രതയാണെങ്കിൽ ദേശീയ ശരാശരിയുടെ ഇരട്ടിയും.

മറ്റിടങ്ങളിലെന്നപോലെ ബഫർസോണിലും ആളുകൾ തിങ്ങിപ്പാർക്കുന്നുണ്ടെന്ന് ചുരുക്കം. സുപ്രീംകോടതി വിധി പ്രാബല്യത്തിൽ വരുന്നതോടെ, സംസ്ഥാനത്തെ 12 ജില്ലകളിലെ വലിയൊരു ഭാഗം ഭൂപ്രദേശങ്ങളിലും നിർമാണങ്ങൾക്കും മറ്റും നിയന്ത്രണം വരും. നാലു ലക്ഷം ഏക്കറിലെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നിലക്കുമെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെട്ടിട്ടുള്ളത്; ഇത് ലക്ഷം കുടുംബങ്ങളെയെങ്കിലും നേരിട്ട് ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. വയനാട്, ഇടുക്കി ജില്ലകളിലെ ചെറുപട്ടണങ്ങൾ ഏതാണ്ട് പൂർണമായും കുടിയിറക്കിന് വിധേയമാകാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ജനങ്ങളുടെയും സർക്കാറിന്റെയും ആശങ്കയും പ്രതിഷേധവും അസ്ഥാനത്താണ് എന്നു പറഞ്ഞുകൂടാ. കാര്യമായി പരിഗണിക്കപ്പെടേണ്ടതും സർക്കാറിന്റെ മുൻഗണനയിൽ ഒന്നാമതായി വരേണ്ടതുമായ വിഷയംതന്നെയാണിത്.

പല കാരണങ്ങളാൽ, പാരിസ്ഥിതികമായി പ്രാധാന്യമുള്ള ഭൂപ്രദേശങ്ങളാണ് പൊതുവിൽ ഇ.എസ്.ഇസഡിന്റെ പരിധിയിൽ വരുക. ഈ മേഖലകളിൽ നിർമാണവും ഖനനവുമെല്ലാം നിയന്ത്രിക്കുകവഴി, തൊട്ടപ്പുറമുള്ള സംരക്ഷിത മേഖലക്കുചുറ്റും ഒരുതരം 'ഷോക് അബ്സോർബറുകൾ' സൃഷ്ടിക്കുക എന്നതാണ് ഇ.എസ്.ഇസഡ് നിർണയംകൊണ്ട് ലക്ഷ്യമിടുന്നത്. പരിസ്ഥിതി പരിപാലനത്തിലും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിലുമെല്ലാം ഇതിന് വലിയ പ്രാധാന്യമുണ്ടെന്ന് ഇതിനോടകംതന്നെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, പ്രളയാനന്തര കേരളത്തെ സംബന്ധിച്ച് പരിസ്ഥിതിലോല മേഖലകളെ പ്രത്യേകമായി അടയാളപ്പെടുത്തി അവിടം നിയന്ത്രണമേർപ്പെടുത്തൽ ഒരർഥത്തിൽ അനിവാര്യമാണ്. എന്നാൽ, ജനസാന്ദ്രമായൊരിടത്തെ പെട്ടെന്നൊരുനാൾ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. വലിയ അളവിലുള്ള കുടിയിറക്കിനും ആഭ്യന്തര പലായനങ്ങൾക്കും കാർഷിക തകർച്ചക്കും വികസന മുരടിപ്പിനുമൊക്കെയാണ് അത് വഴിവെക്കുക. അതേസമയം, ചില നിയന്ത്രണങ്ങൾ ആവശ്യവുമാണ്. അപ്പോൾ ഇതു രണ്ടിനുമിടയിലുള്ള കൃത്യവും ശാസ്ത്രീയവുമായ പരിഹാരമാർഗങ്ങളാണ് ഉരുത്തിരിയേണ്ടത്.

ബഫർ സോണിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് മൂന്നു മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പും ഇതേ ആവശ്യം നീതിപീഠത്തിൽനിന്നുണ്ടായതാണ്. അന്നൊന്നും റിപ്പോർട്ട് സമർപ്പിക്കാൻ കേരളം തയാറായില്ല എന്നത് ഗുരുതര വീഴ്ചതന്നെയാണ്. 2018ലെ പ്രളയശേഷം, ബഫർസോണിലെ കെട്ടിടങ്ങളുടെയും കൃഷിയിടങ്ങളുടെയും ഖനന പ്രദേശങ്ങളുടെയും കണക്കുകൾ ശേഖരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതും കടലാസിലൊതുങ്ങി. അത്തരമൊരു ബഫർസോൺ മാപ്പ് തയാറാക്കിയിരുന്നുവെങ്കിൽ, നിലവിലെ സാഹചര്യം കോടതിയിൽ കൃത്യമായി വിശദീകരിക്കാനുള്ള അവസരം കൈവരുമായിരുന്നു; വിധിയിൽ ഇളവിന് അപേക്ഷിക്കുമ്പോൾ അതൊരു അധിക ഘടകമായി പരിഗണിക്കപ്പെടുകയും ചെയ്യുമായിരുന്നു. അതോടൊപ്പം, മേഖലയിലെ കൈയേറ്റങ്ങളും അനധികൃത ഖനനവും കണ്ടുപിടിക്കാനാകും. അതിനാൽ, ബഫർസോൺ മാപ്പിങ്ങിനുള്ള നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. ഹർത്താൽ കോലാഹലങ്ങളേക്കാൾ കോടതിക്ക് ബോധ്യപ്പെടുക അതായിരിക്കും.

Tags:    
News Summary - Madhyamam Editorial on Buffer zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.