കേരളത്തിലെ ചില ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരുന്ന തലമാറ്റങ്ങൾ നമ്മുടെ രാഷ്ട്രീയപാർട്ടികളുടെ തലതിരിഞ്ഞ നയനിലപാടുകളുടെ പരിഹാസ്യത വെളിപ്പെടുത്തുന്നു. ആലപ്പുഴയിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ 18 അംഗ ഭരണസമിതിയിൽ കോൺഗ്രസിനും ബി.ജെ.പിക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. എൽ.ഡി.എഫ് അഞ്ചു സീറ്റിലും ഒരു സീറ്റിൽ കോൺഗ്രസ് വിമതനും വിജയിച്ചു.
പ്രസിഡൻറ് സ്ഥാനം പട്ടികജാതി വനിതസംവരണമായ അവിടെ സ്ഥാനാർഥിയില്ലാതായ കോൺഗ്രസ്, പ്രസിഡൻറ് സ്ഥാനത്തേക്ക് എൽ.ഡി.എഫിെന പിന്തുണച്ചു. എന്നാൽ, വിജയിച്ച ഇടതുസ്ഥാനാർഥി സ്ഥാനം രാജിവെച്ചു. കോൺഗ്രസ് പിന്തുണക്ക് സി.പി.എം അയിത്തം കൽപിച്ചതാണ് കാരണം. രണ്ടാം തവണ കോൺഗ്രസ് തെരഞ്ഞെടുത്തപ്പോഴും അവർ രാജി ആവർത്തിച്ചു. അതോടെ വിളിക്കാത്ത വോട്ടിന് ഇനിയില്ലെന്നു പറഞ്ഞ് കോൺഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. അങ്ങനെ തൃപ്പെരുന്തുറ പഞ്ചായത്തിൽ ബി.ജെ.പി വനിത അംഗം പ്രസിഡൻറായി.
തൃശൂർ അവിണിശ്ശേരി പഞ്ചായത്തിലും രണ്ടു വട്ടം യു.ഡി.എഫ് വോട്ടു നേടി വിജയിച്ച എൽ.ഡി.എഫ് പ്രസിഡൻറുമാർ പാർട്ടി തീട്ടൂരത്തിനു വഴങ്ങി രാജിവെച്ച ഒഴിവിൽ കോടതിവിധിയുടെ പരിരക്ഷയോടെ ബി.ജെ.പി അധികാരത്തിലെത്തി. യു.ഡി.എഫിേനാടുള്ള അയിത്തത്തിൽ കടുപ്പിച്ച നിലപാട് സ്വീകരിച്ച സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ആലപ്പുഴയിെല തന്നെ തിരുവൻവണ്ടൂരിൽ യു.ഡി.എഫ് വിരോധം രണ്ടു വട്ടം കടുപ്പിെച്ചങ്കിലും മൂന്നാം വട്ടം വിട്ടുവീഴ്ചക്ക് തയാറായി. ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളും എൽ.ഡി.എഫിന് നാലും യു.ഡി.എഫിന് മൂന്നും പിന്നെ ഒരു സ്വതന്ത്രനും ഉള്ള അവിടെ യു.ഡി.എഫ് അംഗങ്ങൾ എൽ.ഡി.എഫിനെ പിന്തുണച്ചെങ്കിലും വിജയിച്ചയാൾ രാജിവെച്ചു; ഒന്നല്ല, രണ്ടുതവണ.
എന്നാൽ, മൂന്നാം വട്ടം ഇനിമേൽ രാജിയുണ്ടാവില്ലെന്ന് യു.ഡി.എഫിന് ഉറപ്പുകൊടുത്ത് സ്ഥാനമേറ്റെടുക്കാൻ എൽ.ഡി.എഫ് തയാറായി. പത്തനംതിട്ടയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ ഇടതുമുന്നണിയുടെ പിണങ്ങിയിണങ്ങിക്കളി എസ്.ഡി.പി.െഎയുമായാണ്. രണ്ടു വട്ടം അവരുടെ പിന്തുണയിൽ ജയിച്ച പ്രസിഡൻറ്, വൈസ്പ്രസിഡൻറ് സ്ഥാനങ്ങൾ ഇടതുമുന്നണി രാജിവെച്ചൊഴിയുകയായിരുന്നു. ഇപ്പോൾ മൂന്നാം വട്ടവും അവരുടെ പിന്തുണയിൽ ജയിച്ചെങ്കിലും രാജിവെക്കാൻ നിർദേശിച്ചിരിക്കുകയാണ് സി.പി.എം.
കൃത്യമായ രാഷ്ട്രീയനിലപാടുകളുള്ള കക്ഷിയായി വിലയിരുത്തപ്പെടുന്ന സി.പി.എമ്മിെൻറ ആശയക്കുഴപ്പവും ആദർശപാപ്പരത്തവുമാണ് മേൽപറഞ്ഞ പഞ്ചായത്തുകളിലെ തലമാറ്റക്കളികളിൽ പ്രകടമാകുന്നത്. രാഷ്ട്രീയത്തിൽ മുഖ്യശത്രുവാരെന്ന ചോദ്യത്തിന് ഇപ്പോൾ ഒരെത്തുംപിടിയുമില്ലാത്ത അവസ്ഥയിലാണ് സി.പി.എം. ദേശീയതലത്തിൽ ഏറെക്കാലം കോൺഗ്രസായിരുന്നു മുഖ്യശത്രു.
കോൺഗ്രസിനെ ഏതളവിൽ ഉൾക്കൊള്ളണം, എതിർക്കണം എന്ന വിഷയത്തിലെ അഭിപ്രായഭേദം കൂടിയായിരുന്നല്ലോ ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയെ സി.പി.െഎ, സി.പി.എം എന്ന വിഭജനത്തിലേക്കു നയിച്ചതുതന്നെ. സോവിയറ്റ് യൂനിയെൻറ ഉറ്റ സുഹൃത്തും സോഷ്യലിസത്തിെൻറ പ്രണേതാവുമായിരുന്ന നെഹ്റുവിെൻറ കാലം മുതൽ അടിയന്തരാവസ്ഥയിലടക്കം സി.പി.െഎ കോൺഗ്രസിനൊപ്പം നിന്നപ്പോൾ ഇന്ത്യ-ചൈന യുദ്ധകാലത്തു മുളപൊട്ടിയ കോൺഗ്രസ് വിരോധം, 1967ൽ ജ്യോതിബസു പശ്ചിമബംഗാൾ ഉപമുഖ്യമന്ത്രിയായി ബംഗ്ലാ കോൺഗ്രസുമായി മുന്നണി ഭരണത്തിലിരുന്ന കാലത്തു സി.പി.എമ്മിനു കലശലായി.
മുതലാളിത്ത സാമ്പത്തികദർശനം, സാമ്രാജ്യത്വ സഹശയനം, തൊണ്ണൂറുകളിലെ ആഗോളീകരണം, പുത്തൻ സാമ്പത്തിക നയങ്ങൾ എന്നിങ്ങെന കമ്യൂണിസ്റ്റ് ആദർശവുമായി ഒത്തുപോകാത്ത ഒരുപിടി ന്യായങ്ങളായിരുന്നു അന്നത്തെ സി.പി.എം നിലപാടിനു പിന്നിൽ. പതിറ്റാണ്ടു കഴിഞ്ഞു 1977 മുതൽ 2011 വരെ നീണ്ട 34 വർഷം പശ്ചിമബംഗാൾ സി.പി.എം വാണരുളിയതും ഇൗ കോൺഗ്രസ് വിരോധത്തിൽനിന്നു മുതൽക്കൂട്ടിയായിരുന്നു.
പിന്നീട് ബി.ജെ.പി വളർന്നുവന്നതോടെ മുഖ്യശത്രു നിർണയത്തിൽ പാർട്ടി പ്രതിസന്ധിയിലായി. പശ്ചിമബംഗാൾ, കേരളം, ത്രിപുര തുടങ്ങി മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിരോധം പറഞ്ഞു ഭരണത്തിലേറുേമ്പാൾ തന്നെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഒന്നും രണ്ടും യു.പി.എ സർക്കാറുകളുടെ രൂപവത്കരണത്തിനു സി.പി.എം കാർമികത്വം വഹിച്ചു. ബി.ജെ.പിയുടെ വളർച്ച ത്വരിതപ്പെട്ടതോടെ കോൺഗ്രസും സി.പി.എമ്മും ഒരുപോലെ മെലിഞ്ഞു. മൃദുഹിന്ദുത്വമാണ് കോൺഗ്രസിനെ നശിപ്പിച്ചത്. സി.പി.എമ്മിന് വിനയായതാകെട്ട, മുതലാളിത്ത, ഉദാരീകരണനയങ്ങളോടുള്ള മൃദുസമീപനവും.
പശ്ചിമബംഗാളിൽ മുഖ്യശത്രുവായിരുന്ന കോൺഗ്രസിെൻറ ബി ടീമായി സി.പി.എം മാറിയപ്പോൾ മമത ബാനർജിയുടെ തൃണമൂൽ ആ സ്ഥാനം കവർന്നു. ത്രിപുരയിൽ പാർട്ടിയെ ബി.ജെ.പി വിഴുങ്ങി. കോൺഗ്രസും ബി.ജെ.പിയുമായുള്ള വൈജാത്യം പാർട്ടിക്ക് നയപരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ആവിഷ്കരിക്കാൻ കഴിയാതിരുന്നപ്പോൾ ബംഗാളിലും ബി.ജെ.പി കോൺഗ്രസിനെയും തൃണമൂലിനെയും എന്ന പോലെ സി.പി.എമ്മിനെയും കാർന്നുതിന്നുകയാണ്. പാർട്ടിക്ക് തുരുത്തായി അവശേഷിച്ചത് കേരളം മാത്രം.
കേരളത്തിൽ പാർട്ടിയെ തളരാതെ വളർത്തിയത് വിട്ടുവീഴ്ചയില്ലാത്ത മുതലാളിത്ത, വർഗീയവിരുദ്ധനിലപാടുകളാണ്. എന്നാൽ, ആഗോളതലത്തിൽ കമ്യൂണിസത്തെ ബാധിച്ച അപചയത്തിൽനിന്നു ദേശീയതലത്തിലെന്നപോലെ കേരളത്തിലും പാർട്ടിക്കു രക്ഷനേടാനായില്ല. പാർലമെൻററി വ്യാമോഹം വൻപാപമായി കണ്ടിടത്തുനിന്നു അധികാരരാഷ്ട്രീയത്തിൽ ചാമ്പ്യനായി തുടരുകയെന്നതു മാത്രമായി പാർട്ടിയുടെ മിനിമം പരിപാടി. എവിടെയും എങ്ങനെയും അധികാരം എത്തിപ്പിടിക്കുകയെന്നത് സുപ്രധാനമായപ്പോൾ മുഖ്യശത്രു സിദ്ധാന്തത്തിലും മാറ്റമായി.
ബംഗാളിൽ ഭരണം പിടിക്കാൻ, ബിഹാറിൽ നിയമസഭയിൽ തലകാണിക്കാൻ കോൺഗ്രസിനൊപ്പം വിശാലമുന്നണിയാകാമെന്നു വന്നു. കേരളത്തിൽ അധികാരപോരാട്ടം കോൺഗ്രസ് മുന്നണിയോടായതിനാൽ അവരായി മുഖ്യശത്രു. അതിെൻറ ലാഭം ഫാഷിസ്റ്റ് ബി.ജെ.പി കൊയ്താൽപോലും പ്രശ്നമല്ലെന്നായി. ആദർശപാപ്പരത്തം ബി.ജെ.പിയുടെ കോൺഗ്രസ് മുക്ത മുദ്രാവാക്യത്തിനു ചൂട്ടുപിടിക്കുന്ന ദൈന്യതയിലേക്ക് സി.പി.എമ്മിെന എത്തിക്കുന്നതാണ് അവിണിശ്ശേരി മുതൽ തൃപ്പെരുന്തുറ വരെ പഞ്ചായത്തുകളിലെ തലമാറ്റങ്ങളിൽ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.