ഇതു കൊല്ലുന്ന അസമത്വം

'അസമത്വം കൊല്ലുന്നു' എന്നാണ് സന്നദ്ധ സംഘടനയായ ഓക്സ്ഫാം ഈയിടെ പുറത്തിറക്കിയ 'ആഗോള സാമ്പത്തിക അസമത്വ റിപ്പോർട്ടി'ന്റെ തലക്കെട്ട്. എന്തുകൊണ്ടോ തെരഞ്ഞെടുപ്പു കാലമായിട്ടുപോലും ഒരു രാഷ്ട്രീയ ചർച്ചയായി ഉയരാതെപോയ റിപ്പോർട്ട് ഇന്ത്യയെക്കുറിച്ചും ധാരാളം കണക്കുകൾ പറയുന്നുണ്ട്. ദാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയോടനുബന്ധിച്ചാണ് എല്ലാ വർഷവുമെന്നപോലെ ഇക്കൊല്ലവും അത് പുറത്തുവിട്ടത്. ലോകമെങ്ങും ആശങ്കയുയർത്തിയ കാലാവസ്ഥാ പ്രതിസന്ധിയും മഹാമാരിയും പോലെയോ അവയേക്കാൾ കൂടുതലോ നമ്മെ ഉത്കണ്ഠപ്പെടുത്തേണ്ട സ്ഫോടകാവസ്ഥയാണ് സാമ്പത്തിക അനീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ട് സമർഥിക്കുന്നു. കോവിഡ് മഹാമാരി ജനകോടികളെ ദുരിതക്കയങ്ങളിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അതിസമ്പന്നർ ധനം കുന്നുകൂട്ടുകയാണ് ചെയ്തത്.

ലോകത്തിലെ പത്ത്​ അതിസമ്പന്നരുടെ സ്വത്ത് ഇരട്ടിച്ചത്, 99 ശതമാനം ഭൂനിവാസികളുടെയും വരുമാനം കുത്തനെ കുറഞ്ഞുപോയ മഹാമാരിക്കാലത്താണ്. 16 കോടി മനുഷ്യർ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. അതിസമ്പന്നർ എല്ലാവരും കൂടി ഓരോ 24 മണിക്കൂറിലും 120 കോടി ഡോളർ അധികം സമ്പാദിച്ചുകൊണ്ടിരുന്നപ്പോൾ 21,000 ദരിദ്രർ വീതം പ്രതിദിനം മരണത്തിലേക്ക് പതിച്ചുകൊണ്ടിരുന്നു. ഒരുപിടി മഹാധനികർ സ്വത്ത് കൂട്ടിക്കൂട്ടി വരുമ്പോഴാണ്, ഓരോ നാലു സെക്കൻഡിലും ഓരോ ദരിദ്രൻ പട്ടിണിയും രോഗവും മൂലം ജീവൻ വെടിയേണ്ടിവരുന്നത്. ഓക്സ്ഫാം എക്സിക്യൂട്ടിവ് ഡയറക്ടർ ഗാബ്രിയേല ബുഷറുടെ വാക്കുകളിൽ, 'ഈ പത്ത് അത്യതിസമ്പന്നരുടെ സ്വത്തിൽനിന്ന് 99.999 ശതമാനം നഷ്ടപ്പെട്ടാലും അവർ ഭൂഗോളത്തിലെ 99 ശതമാനം മനുഷ്യരെക്കാൾ സമ്പന്നരായിരിക്കും.' ഈ അസമത്വം അനീതി മാത്രമല്ല, മനുഷ്യരാശിക്കെതിരായ ഹിംസതന്നെയാണെന്ന് ഓക്സ്ഫാം ഇന്റർനാഷനൽ ചൂണ്ടിക്കാട്ടുന്നു. അതിഗുരുതരമാണ് സ്ഥിതിയെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഓക്സ്ഫാമും ഫോബ്സും മാത്രമല്ല; വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ റിസ്ക്സ് റിപ്പോർട്ടും ഐ.എം.എഫ്, ലോകബാങ്ക് തുടങ്ങിയവയുടെ കണക്കുകളും ഈ സ്ഫോടകാവസ്ഥ സ്ഥിരീകരിച്ചതാണ്.

ഇന്ത്യയുടെ സ്ഥിതി ശരാശരിയിലും മോശമത്രെ. മഹാമാരിക്കാലത്ത് ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ട മനുഷ്യരിൽ പകുതിയും ഇന്ത്യയിലാണെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. അതിസമ്പന്നരായ ഒരു ശതമാനം പേരുടെ സ്വത്ത് ബാക്കി 99 ശതമാനത്തിന്റെ മൊത്തം സ്വത്തിന് തുല്യമാണ്. പത്ത്​ അതിസമ്പന്നരുടെ സ്വത്തുകൊണ്ട് രാജ്യത്തെ കുട്ടികൾക്ക് 25 വർഷത്തേക്ക് സ്കൂൾ-ഉന്നത വിദ്യാഭ്യാസം നൽകാൻ കഴിയും. സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിന്റെ മൊത്തം വാർഷികച്ചെലവ് കണ്ടെത്താൻ രാജ്യത്തെ 98 അതിസമ്പന്നർ സ്വത്തിന്റെ ഒരു ശതമാനം നികുതി നൽകിയാൽ മതി. നമ്മുടെ ബജറ്റുകളിൽ വരുമാന നികുതിയേക്കാൾ സ്വത്ത് നികുതിയിൽ ഊന്നണമെന്ന അടിയന്തര പാഠം കൂടി ഇതു നൽകുന്നുണ്ട്.

എന്നാൽ, സ്വത്ത് നികുതി നമ്മുടെ ആസൂത്രണത്തിൽ വന്നിട്ടില്ല. അതേസമയം, സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന പരോക്ഷ നികുതിയിലാണ് ഇന്നും സർക്കാറുകൾക്ക് നോട്ടം. അതും അസമത്വം കൂട്ടുന്നു; അനീതി രൂക്ഷമാക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം 102 ആയിരുന്നെങ്കിൽ ഇക്കൊല്ലം അത് 142 ആണ്. ഇവർ 71,900 കോടി ഡോളർ സ്വത്തിൽ അടയിരിക്കുമ്പോൾ താഴെതട്ടിലുള്ള 55.5 കോടി ജനങ്ങളെല്ലാം കൂടി അതിലും കുറഞ്ഞ സ്വത്താണ് (65,700 കോടി ഡോളർ) പങ്കിട്ടെടുക്കേണ്ടിവരുന്നത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇന്ത്യയിൽ നാലേകാൽ കോടി (ചില പഠനങ്ങളനുസരിച്ച് 16 കോടി വരെ) മനുഷ്യർ ദരിദ്രരായി.

ഈ കൊല്ലുന്ന അസമത്വം അടിയന്തരമായി പരിഹരിക്കണം. കാരണം ഇത് നയവൈകല്യങ്ങളുടെ ഫലമാണ്; ശരിയായ നയം കൊണ്ട് പരിഹരിക്കാവുന്നത്. പല രാജ്യങ്ങളും സ്വത്ത് നികുതി പരിഷ്കരിച്ച്, അതിസമ്പന്നർക്ക് വൻ നികുതി ചുമത്തിത്തുടങ്ങിയിട്ടുണ്ട്. അതടക്കമുള്ള പരിഷ്കരണം ഇന്ത്യയും വരുത്തേണ്ടിയിരിക്കുന്നു. മഹാമാരിയുണ്ടായിട്ടും കഴിഞ്ഞ വർഷം നമ്മുടെ ദേശീയ ബജറ്റിൽ പൊതുജനാരോഗ്യ നീക്കിയിരിപ്പ് 10 ശതമാനം കുറഞ്ഞു; മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ (ജി.ഡി.പി) മൂന്നു ശതമാനമെങ്കിലും ആരോഗ്യത്തിന് നീക്കിവെക്കേണ്ടപ്പോഴാണ് നമ്മുടെ ബജറ്റുകൾ ഒന്നര ശതമാനത്തിനപ്പുറം പോകാത്തത്. രാജ്യത്തെ പത്ത്​ അതിസമ്പന്നർക്ക് ഒരു ശതമാനം നികുതി ചുമത്തിയാൽ 18 ലക്ഷത്തോളം ഓക്സിജൻ സിലിണ്ടറിന് തികയും.

പ്രാണവായു ഇല്ലാ​തെ മനുഷ്യർ മരിക്കുന്ന നാട്ടിൽ ആ നികുതിക്ക് തടസ്സമെന്താണ്? സമ്പന്നർ നികുതി വെട്ടിക്കുന്നതിന്റെ ആഗോള കണക്കുകൾ നമുക്ക് മുന്നിലുണ്ട്. അതിസമ്പന്നരും അത്യതി സമ്പന്നരും ന്യായമായ നികുതി നൽകുന്നു എന്ന് ഉറപ്പുവരുത്താൻ രാഷ്ട്രീയമായ നിശ്ചയദാർഢ്യമേ ആവശ്യമുള്ളൂ. സമ്പന്നരും മൂലധനവും ഉണ്ടായാൽ ധനം താഴോട്ട് ഇറ്റിവീഴുമെന്ന (ട്രിക്ൾ ഡൗൺ) സിദ്ധാന്തം പൊളിഞ്ഞുകഴിഞ്ഞു. ഓക്സ്ഫാമിന്റേതടക്കമുള്ള റിപ്പോർട്ടുകൾ മുന്നറിയിപ്പുതരുന്ന സാമൂഹിക അസ്വസ്ഥതകളും സംഘർഷങ്ങളും ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ; സാമ്പത്തിക നീതി ഉറപ്പുവരുത്തുക, അതിസമ്പന്നർ സ്വത്ത് പൊതുക്ഷേമത്തിന് നൽകുന്നു എന്ന് ഉറപ്പുവരുത്തുക, അതിനാവശ്യമായ നയം മാറ്റം ഉറപ്പുവരുത്തുക. 'അസമത്വം കൊല്ലുന്നു' എന്നത് ദരിദ്രരെക്കുറിച്ചല്ല, മൊത്തം സമൂഹങ്ങളെപ്പറ്റിയാണ്.

Tags:    
News Summary - Madhyamam Editorial on inequality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT