ഏഴഴകിൽ കിരീടനേട്ടം

പയ്യനാട്ടെ പച്ചപ്പുൽത്തകിടിയിൽനിന്ന് ഒഴുകിപ്പരന്ന സന്തോഷമാണ് ചെറിയ പെരുന്നാൾ രാവിൽ കേരളം നിറഞ്ഞത്. അവിടെ ഗാലറിയിൽ സൂചി കുത്താനിടമില്ലാത്തവണ്ണം നിറഞ്ഞ മുപ്പതിനായിരത്തിലേറെ കാണികളുടെ ഒരു മനസ്സോടെയുള്ള ആരവങ്ങൾക്കും മലയാളത്തിന്റെ അകതാരിൽ അത്രമേൽ ഇമ്പത്തോടെ നിറഞ്ഞ പ്രാർഥനകൾക്കും നടുവിൽ ഏഴഴകുള്ളൊരു കിരീടനേട്ടം അഭിമാനകരമായി പുലർന്നു. പന്തിന്റെ ഗതിവിഗതികളെ സിരകളിലാവാഹിച്ച മണ്ണിൽ, ഈ അസുലഭ മുഹൂർത്തത്തിലേക്ക് നോമ്പുനോറ്റ് കാത്തിരുന്ന മനുഷ്യർക്ക്, ആമോദത്തിന്റെ തിങ്കൾക്കല ഉദിച്ചതുപോൽ ആവേശ മുഹൂർത്തങ്ങൾ. ഏഴാം തവണയും സന്തോഷ് ട്രോഫിയെന്ന രാജകിരീടത്തിൽ മുത്തമിടുമ്പോൾ ഫുട്ബാളിന്റെ പോരിശയെ തങ്ങളുടെ കായികചരിത്രത്തിനൊപ്പം വിളക്കിച്ചേർത്ത കേരളത്തിന് ഇത് അനർഘ നിമിഷം.

കളിയുടെ മായിക രാവിൽ അതൊരു കാവ്യനീതിയായിരുന്നു. പത്തരമാറ്റ് പടക്കുതിപ്പിനൊടുവിൽ, കലാശപ്പോരിൽ ഇഞ്ചോടിഞ്ചു കൊമ്പുകോർത്ത വംഗനാട്ടുകാരെ സ്പോട്ട് കിക്കുകളുടെ നൂൽപാലത്തിൽ, മനസ്സാന്നിധ്യത്താൽ മറികടന്നുനേടിയ ഐതിഹാസികനേട്ടം ഈ നാട് എന്തുകൊണ്ടും അർഹിച്ചിരുന്നു. പുതുക്കിയ ചിട്ടവട്ടങ്ങൾക്കുകീഴിൽ, മുൻനിര താരങ്ങളെ മാറ്റിനിർത്തി പുത്തൻകൂറ്റുകാരെ കളത്തിലിറക്കുന്ന സന്തോഷ് ട്രോഫിക്ക് പ്രൗഢി നഷ്ടപ്പെട്ടെന്ന സകല മുൻവിധികളെയും കേരളവും മലപ്പുറവും പിന്നാമ്പുറത്തേക്ക് തള്ളി. ടീം പ്രഖ്യാപനത്തിന്റെ അന്നുമാത്രം മനസ്സിലേക്കെത്തിയ പുതുമുഖങ്ങൾ രണ്ടാഴ്ചകൊണ്ട് താരകുമാരന്മാരായി പരിവർത്തനം ചെയ്യപ്പെട്ട മാന്ത്രികക്കാഴ്ചയായിരുന്നു ഈ സന്തോഷ് ട്രോഫിയുടെ വലിയ അതിശയങ്ങളിലൊന്ന്. ക്യാപ്റ്റൻ ജിജോ ജോർജും ടി.കെ. ജെസിനും മുഹമ്മദ് സഫ്നാദും അർജുൻ ജയരാജുമൊക്കെ ടൂർണമെന്റ് പെയ്തുതീർന്ന ചുരുങ്ങിയ ദിവസത്തിനുള്ളിൽ മലയാളമണ്ണിലെ കളിക്കമ്പക്കാർക്ക് ചിരപരിചിതരായി മാറി. കിക്കോഫ് വിസിൽ മുതൽ ഈ അജയ്യസംഘത്തെ കേരളം അത്രകണ്ട് ചേർത്തുപിടിക്കുകയും അനൽപമായ പിന്തുണ നൽകുകയുമായിരുന്നു. അതിന്റെ പ്രതിഫലനം കൂടിയായിരുന്നു പയ്യനാട്ടെ വിജയഭേരി. ഈ ടൂർണമെന്റിനെ വൻ വിജയമാക്കിയതിൽ ഗാലറികളിൽ നിറഞ്ഞ പരശ്ശതം കാണികളുടെ പങ്ക് അത്രയേറെ വലുതാണ്.

ബംഗാളുമായി കലാശക്കളിയിൽ ഏറ്റുമുട്ടിയപ്പോഴൊക്കെ വിധിനിർണയം ടൈബ്രേക്കറിന്റെ ഭാഗ്യനിർഭാഗ്യങ്ങളിലേക്ക് വഴുതിവീഴുന്ന പതിവുകഥകൾക്ക് പയ്യനാട്ടും മാറ്റമുണ്ടായിരുന്നില്ല. ഗോൾശൂന്യമായ നിശ്ചിത സമയത്തിനുശേഷം നെഞ്ചിടിപ്പിന്റെ എക്സ്ട്രാടൈം. 97ാം മിനിറ്റിൽ ദിലീപ് ഒറോണിന്റെ ഗോളിൽ ലീഡെടുത്ത ബംഗാളിനും അവരുടെ 33ാം സന്തോഷ് ട്രോഫി കിരീടത്തിനുമിടയിലുണ്ടായിരുന്നത് വെറും മൂന്നുമിനിറ്റിന്റെ സമയദൈർഘ്യം. തരിച്ചിരുന്നുപോയ ഗാലറിയിൽ, കളിയുടെ പെരുന്നാളാഘോഷിക്കാൻ കാത്തിരുന്ന ആയിരങ്ങളെ, അവസാന കച്ചിത്തുരുമ്പിൽ മേപ്പാടിക്കാരൻ സഫ്നാദിന്റെ ഉച്ചിയിലുമ്മ വെച്ചൊരു പന്ത് ഉന്മാദമുഹൂർത്തങ്ങളിലേക്ക് വിസ്മയകരമായി കൈപിടിച്ചുകയറ്റുകയായിരുന്നു. ഒടുവിൽ, ഷൂട്ടൗട്ടിലെ വെല്ലുവിളി 5-4ന് മറികടന്നപ്പോൾ 2018നുശേഷം സന്തോഷ് ട്രോഫി കേരളത്തിന്റെ ഷോക്കേസിൽ തിരിച്ചെത്തി.

കേരളത്തിന്റെ കായിക ഭൂമികയിൽ ഏറെ പ്രതീക്ഷ നൽകുന്നൊരു കിരീടനേട്ടമാണിത്. ആധികാരിക ജയങ്ങളോടെ കുതിപ്പുനടത്തിയ ഈ യുവസംഘം വരാനിരിക്കുന്ന നാളുകളിൽ കേരള ഫുട്ബാളിന്റെ യശസ്സുയർത്താൻ പോന്നവരാണെന്നതിൽ സംശയമൊന്നുമില്ല. അതിനവർക്ക് വഴികളൊരുക്കുകയാണ് മുഖ്യം. കേരളത്തിന് വീണ്ടും കിരീടത്തിലേക്ക് പാസ് കൊരുത്ത ഈ കളിസംഘത്തിൽ തൊഴിലില്ലാത്തവർക്ക് അതുനൽകാനുള്ള തീരുമാനങ്ങളുണ്ടാവണം. ഏറിയകൂറും യുവരക്തങ്ങളടങ്ങിയ നിരയുടെ പ്രതിഭാശേഷിയെ ഉയരങ്ങളിലേക്ക് നയിക്കാനുള്ള നടപടികളും അനിവാര്യമാണ്. സ്വപ്നങ്ങൾക്കൊപ്പം പന്തുരുളാൻ അനുയോജ്യമായ രീതിയിൽ പരിചയ സമ്പത്തും പുതുരക്തവും ചേരുംപടി ചേർത്ത് തന്ത്രങ്ങളൊരുക്കിയ കോച്ച് ബിനോ ജോർജിനും കൂട്ടുകാർക്കും അഭിനന്ദനങ്ങളർപ്പിക്കാനുള്ള വേള കൂടിയാണിത്.

കളിയുടെ മേലാളന്മാർക്കും കായിക ഭരണകർത്താക്കന്മാർക്കും ഈ സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ അഭൂതപൂർവമായ വിജയം പല പാഠങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്. നാട്ടിൽ വേരാഴ്ത്തിയ കായിക സംസ്കാരത്തിന്റെ നിലനിൽപിനാവശ്യമായ നടപടികളും പ്രവർത്തനങ്ങളും ശക്തമാക്കുകയെന്നതാണ് അതിൽ മുഖ്യം. രാജ്യാന്തരതലത്തിൽ വരെ ചർച്ചയായ മലയാളത്തിന്റെ കളിക്കമ്പത്തിന് ഒരിക്കൽകൂടി അടിവരയിട്ടിരിക്കുകയാണ് പയ്യനാട്ടെ ജനബാഹുല്യം. അപ്പോഴും, ഉദ്ഘാടനത്തിനുശേഷം എത്ര ടൂർണമെന്റുകൾക്കും മത്സരങ്ങൾക്കും ഈ വേദി അരങ്ങൊരുക്കിയെന്ന ആത്മപരിശോധനയും നടത്തേണ്ടതുണ്ട്. കളിയുടെ വളർച്ചക്കാവശ്യമായ മൈതാനങ്ങളുടെയും ടൂർണമെന്റുകളുടെയും എണ്ണം വർധിപ്പിക്കുകയെന്നതിന് പ്രധാന്യം നൽകണം. ഉള്ളവ അതീവ പരിഗണനയോടെ സംരക്ഷിക്കപ്പെടുകയും വേണം. കാൽപന്തുകളിക്ക് വളക്കൂറുള്ള മണ്ണിൽ വമ്പൻ മത്സരങ്ങളുടെ പകിട്ടാർന്ന പോർനിലങ്ങൾ തുറക്കട്ടെ. അതുവഴി താരങ്ങൾ കളിച്ചുതെളിയട്ടെ.

ഈ കളി ഇനിയുമേറെ വളരണം. ഒരുപാടു മൈതാനങ്ങളും മനസ്സകങ്ങളും അത് കീഴടക്കണം. ഇഴയടുപ്പങ്ങളുടെ പാസുകളുതിർത്ത് നീക്കങ്ങളോരോന്നും സൗഹൃദങ്ങളുടെ വലക്കണ്ണികളിൽ പ്രകമ്പനം തീർക്കേണ്ടതുണ്ട്. വിദ്വേഷങ്ങളുടെയും വെറുപ്പിന്റെയും വഴികൾ വെട്ടിത്തെളിക്കാനൊരുമ്പെടുന്നൊരു കാലത്ത്, അവരുടെ ഫൗൾനീക്കങ്ങളെ ഒരുമയിൽ ചാലിച്ച കരുത്തുകൊണ്ട് നമുക്ക് വെട്ടിയൊഴിഞ്ഞു മാറാം. പയ്യനാട്ടും കലൂരിലുമൊക്കെ സിമന്റു പടവുകളിൽ തോളോടുതോൾ ചേർന്നിരുന്ന്, ഒരേ മനസ്സോടെ ഐക്യബോധത്തിന്റെ ഗോൾമുഖങ്ങളിൽ നമ്മളൊന്നാകുമ്പോൾ ജയിക്കുന്നത് കാൽപന്തുകളിക്കൊപ്പം ഒരു നാട് നട്ടുനനച്ചു വളർത്തിയ വലിയൊരു സംസ്കാരം കൂടിയാണ്.

Tags:    
News Summary - Madhyamam Editorial on santhosh trophy 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT