'മതേതര’ സിവിൽ കോഡുമായി പിന്നെയും മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ഞായറാഴ്ച ജയ്പുരിൽ രാജസ്ഥാൻ ഹൈകോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപന സമ്മേളനത്തിൽ ചെയ്ത പ്രസംഗത്തിൽ നടത്തിയ ചില നിരീക്ഷണങ്ങൾ യൂനിയൻ ഭരണകൂടത്തിന്‍റെയും അതിനെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെയും നയ-നിലപാടുകളുടെ പ്രതിഫലനമായിരുന്നു. രണ്ടാഴ്ച മുമ്പ് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ ഒരു ‘മതേതര സിവിൽ കോഡ്’ ഉണ്ടാവേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞത് അദ്ദേഹം ജയ്പുരിൽ അനുസ്മരിച്ചു. ഒപ്പം, ഇന്ത്യൻ നീതിപീഠം എപ്പോഴും ‘മതേതര’ സിവിൽ കോഡിന്‍റെ ആവശ്യം ഊന്നിപ്പറഞ്ഞിരുന്നെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. ജുഡീഷ്യറിയുടെ പല പുരോഗമന കാഴ്ചപ്പാടുകളും സാങ്കേതികമികവുകളുമൊക്കെ സ്പർശിക്കുകയുണ്ടായെങ്കിലും ഊന്നിപ്പറഞ്ഞ വിഷയം സിവിൽ കോഡ് തന്നെ.

ബി.ജെ.പി എന്നും മൗലിക അജണ്ടയെന്നോണം ഉയർത്തിപ്പിടിക്കുന്നതാണ് എല്ലാ സമുദായങ്ങൾക്കും ബാധകമായ ഏക സിവിൽ കോഡ്. സമുദായങ്ങൾ തമ്മിലെ ഐക്യവും ഏകതാനതയുമാണ് അതിന്‍റെ ലക്ഷ്യമായി ഉയർത്തിപ്പിടിക്കുന്നതെങ്കിലും മുഖ്യമായി മുസ് ലിംകൾക്ക് അവരുടെ വ്യക്തിനിയമം ഒരുക്കുന്ന സ്വത്വത്തിനും മതാനുഷ്ഠാന സ്വാതന്ത്ര്യത്തിനും അറുതിവരുത്തുക തന്നെയാണ് മുഖ്യ ലാക്ക്. എന്നാൽ, ഈ ലക്ഷ്യത്തെ പുതിയ രീതിയിൽ സിദ്ധാന്തവത്കരിച്ച്, മതേതര സംരക്ഷണത്തിന്‍റെ മുഖം നൽകാനാണ് ഏക സിവിൽ കോഡ് എന്നതിൽ നിന്ന് മതേതര സിവിൽ കോഡ് എന്ന പ്രയോഗത്തിലേക്കുള്ള ചുവടുമാറ്റം. ഈ പ്രഘോഷണം കൊണ്ട് മോദിയും ബി.ജെ.പിയും വേറെയും കാര്യം കാണുന്നുണ്ട്. മതേതരത്വത്തിന്‍റെ പ്രയോക്താക്കളെന്ന സ്ഥാനം നേടുകയാണ് ഒരു കാര്യം. രണ്ടാമതായി, ഭരണഘടനയുടെ പവിത്രത ഉദ്ഘോഷിച്ച് അതിന്‍റെ നേരവകാശികളായി വേഷമിടുകയും. അടിയന്തരാവസ്ഥ വാർഷികത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ കയറ്റാൻ ഭരണഘടനയെ ഉപയോഗിക്കാൻ ബി.ജെ.പിക്ക് മടിയുണ്ടായില്ല. എന്നു മുതലാണ് ബി.ജെ.പി/സംഘ് പരിവാർ വ്യൂഹത്തിന് ഇന്ത്യൻ ഭരണഘടനയും സെക്യുലറിസവും ഇത്രമേൽ പ്രിയങ്കരമായത്? തരം കിട്ടുമ്പോഴെല്ലാം ഏതോ വിദേശ/ബ്രിട്ടീഷ് മൂല്യങ്ങളിൽ നിന്ന് അനന്തരമെടുത്ത കാര്യങ്ങളായാണ് മതേതരത്വത്തെയും ഭരണഘടനയെയുമൊക്കെ അവർ വിശേഷിപ്പിച്ചുവന്നത്. മാത്രമല്ല, സ്വതന്ത്ര ഇന്ത്യയുടെ ഈ അസ്തിവാരങ്ങളെയെല്ലാം പൊളിച്ചെഴുതി പകരം ഭാരതീയമെന്ന മുദ്രയിൽ ഹൈന്ദവ സംസ്‌കൃതിക്കനുസരിച്ച് രാഷ്ട്രത്തെ പുനഃസംവിധാനം ചെയ്യണമെന്നായിരുന്നു സംഘ്പരിവാർ നേതാക്കൾ ഉദ്ഘോഷിച്ചുകൊണ്ടിരുന്നത്. മതേതരത്വമെന്ന പദം തന്നെ സംഘ് പരിവാർ കേന്ദ്രങ്ങൾക്ക് ചതുർഥിയായതും അതുകൊണ്ടുതന്നെ.

എല്ലാ പൗരർക്കും ഒരു പോലെ ബാധകമായ വ്യക്തിനിയമങ്ങൾ നടപ്പാക്കുകയെന്നത് ഭരണഘടനയുടെ മാർഗനിർദേശകതത്ത്വങ്ങളിൽ 44-ാം ഖണ്ഡികയിലുണ്ട്. ബന്ധപ്പെട്ട സമുദായങ്ങൾ അംഗീകരിക്കുന്ന മുറക്ക് അത് നടപ്പാക്കണമെന്ന സങ്കല്പമാണ് അത് എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ട തത്ത്വം. ഇന്ത്യൻ ജുഡീഷ്യറി ഇതിന്‍റെ ആവശ്യകത പലപ്പോഴായി എടുത്തുപറഞ്ഞിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് ഒരു ഏക സിവിൽ കോഡ് കൊണ്ടുവരുന്നതിനെ പരമോന്നത കോടതി അംഗീകരിച്ചിട്ടില്ല എന്നതും സത്യമാണ്. മാർഗനിർദേശക തത്ത്വങ്ങൾ കോടതികൾക്ക് നടപ്പാക്കാൻ കഴിയുന്ന അനുശാസനങ്ങളല്ലതാനും. മതേതര സിവിൽ കോഡ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങൾക്ക് പകരമാവുമെന്ന മോദിയുടെ പരാമർശവും ബാലിശമാണ്. മുസ്ലിംകൾ അവരുടെ വ്യക്തിനിയമമനുസരിച്ചോ ഹിന്ദുക്കൾ അവർക്ക് ബാധകമായ ഹിന്ദു കോഡ് അനുസരിച്ചോ വിവാഹം നടത്തുകയോ അനന്തരസ്വത്ത് വീതിക്കുകയോ ചെയ്താൽ അതെങ്ങനെയാണ് മറ്റു സമുദായങ്ങളെ ബാധിക്കുക? അവരുമായുള്ള ബന്ധം മോശമാക്കുക? മതേതരത്വത്തിന് വാചാലമായി ആഹ്വാനം മുഴക്കുന്ന പ്രധാനമന്ത്രി സ്റ്റേറ്റ് മതാചാരങ്ങൾക്ക് ഉപരിയായി നിൽക്കുക എന്ന മതേതരത്വത്തിന്റെ തർക്കമറ്റ തത്ത്വം മുറുകെപ്പിടിക്കുന്നുണ്ടോ? അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിന്റെ ന്യായാന്യായങ്ങൾ മാറ്റിവെച്ചാൽ തന്നെ പുതിയ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങുകളപ്പാടെയും സ്റ്റേറ്റ് നേതൃത്വത്തിൽ ഹൈന്ദവ പൂജാദി കർമങ്ങളോടെ നടന്നപ്പോൾ എവിടെയായിരുന്നു ഈ മതേതര തത്ത്വം? മതത്തിനു പങ്കൊന്നുമില്ലാത്ത പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിനും ഉദ്ഘാടനത്തിനും സംഘടിപ്പിക്കപ്പെട്ട പൂജാദികർമങ്ങളെ മതേതരത്വത്തിന്റെ ഏത് കള്ളിയിലാണ് ചേർക്കുക?

ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നാണ് മറ്റൊരു പഴി. ഇപ്പോൾ പ്രസംഗിച്ച അതേ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സമുദായത്തെ മൊത്തം അവഹേളിച്ച് ജനസംഖ്യ പെരുപ്പിക്കുന്നവരെന്നു വിളിച്ചത് ജനത്തെ ഒന്നിപ്പിക്കാനായിരുന്നോ? ഇതെല്ലാം കഴിഞ്ഞു, ഇപ്പോൾ മാറിയ രാഷ്ട്രീയ സമവാക്യങ്ങളിൽ സംഘ്പരിവാർ ഇതര സഖ്യകക്ഷികളായ തെലുഗുദേശത്തിന്‍റെയും ജനതദൾ-യു വിന്‍റെയും സഹകരണം മുഖ്യമാണെന്നിരിക്കെ, അതിനിടയിൽ ഏകീകൃത സിവിൽ കോഡ് ഒപ്പിച്ചെടുക്കാനുള്ള വേലയുടെ ഭാഗമാകുമോ, ഈ ‘മതേതര’ ഭാഷണം. അല്ലെങ്കിൽ അപ്രതിഹതമായ ഭൂരിപക്ഷത്തിന്റെ അഭാവത്തിൽ ഹിന്ദുത്വരാഷ്ട്രത്തിനു പകരം മതേതര ചമയങ്ങളോടെയുള്ള ന്യൂനപക്ഷനിഗ്രഹത്തിന് അരങ്ങൊരുക്കുകയാകുമോ? രണ്ടായാലും അവയിലൊളിഞ്ഞിരിക്കുന്ന മത-സാംസ്കാരിക ബഹുത്വത്തിനെതിരായ ഭരണകൂട ശബ്ദങ്ങളെ തുടക്കത്തിൽ തന്നെ വായിച്ചെടുക്കാനും പ്രതിരോധം തീർക്കാനും ഇന്ത്യയുടെ ഉൾച്ചേർക്കൽ സംസ്‌കൃതി നിലനിർത്താനാഗ്രഹിക്കുന്ന ശക്തികൾ ഒന്നുപോലെ ജാഗരൂകരാവണം.

Tags:    
News Summary - Madhyamam editorial on uniform civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.