സിനിമക്കാരുടെ ലഹരിമരുന്ന് വിരോധം

നടീനടന്മാരുടെ ലഹരി ഉപയോഗം മലയാള ചലച്ചിത്രരംഗത്ത് വൻ ചർച്ചാവിഷയവും വിവാദപരവുമായി മാറിയിട്ട് ദിവസങ്ങളായി. ചില യുവ അഭിനേതാക്കളുടെ മയക്കുമരുന്നുപയോഗംമൂലം സിനിമാ നിർമാതാക്കൾക്ക് കനത്ത നഷ്ടം സംഭവിക്കുന്നതിനാൽ പരിഹാരം ആവശ്യപ്പെട്ട് അവർ അഭിനേതാക്കളുടെ സംഘടനയെ സമീപിച്ചതും ബന്ധപ്പെട്ടവർ മാപ്പുപറഞ്ഞ് പ്രശ്നം ഒതുക്കിയതും മറക്കാറായിട്ടില്ല. ഇപ്പോൾ വീണ്ടും അഭിനേതാക്കളുടെ ലഹരി ഉപയോഗം ചലച്ചിത്ര നിർമാണത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും ഇതിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതരാണെന്നും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. സർക്കാർ ഇടപെട്ട് ഇത്തരക്കാരെ പിടികൂടണമെന്ന ആവശ്യവും സിനിമയുമായി ബന്ധപ്പെട്ട സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും ശക്തമായി ഉയർന്നുവരുന്നുണ്ട്.

എന്നാൽ, സിനിമാസെറ്റിലെ ലഹരി ഉപയോഗത്തിൽ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പരിശോധന സാധ്യമല്ലെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പ്രതികരിക്കുന്നത്. അങ്ങനെ വിവരം ലഭിച്ചാൽ തീർച്ചയായും നടപടി ഉണ്ടാവുമെന്നും അക്കാര്യത്തിൽ ഒരു മേഖലക്കും ഇളവ് ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. നിർമാതാക്കളുടെ സംഘടന രണ്ട് നടന്മാരുടെ പേര് എടുത്തുപറഞ്ഞതല്ലാതെ മയക്കുമരുന്ന് അടിമകളുടെ പട്ടികയൊന്നും ഇതുവരെ സമർപ്പിച്ചതായി വിവരമൊന്നുമില്ല. സിനിമാ മേഖലയിലെന്നല്ല നാട്ടിലെമ്പാടുംതന്നെ ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നുവെന്നതും നിരവധി യുവജനങ്ങൾ അഡിക്ടുകളായിത്തീർന്നിട്ടുണ്ടെന്നതും സത്യമാണ്. പക്ഷേ, പണം മുടക്കി സിനിമയെടുക്കുന്നവർക്കുള്ള വേവലാതികളല്ലാതെ മാരക ലഹരികൾ വ്യാപകമായി വിൽക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ഡി.ജെ പാർട്ടികൾ എന്നപേരിൽ അറിയപ്പെടുന്ന ലഹരിയാഘോഷ പരിപാടികൾ പരക്കെ സംഘടിപ്പിക്കുകയും ചെയ്യുമ്പോഴും നിയമം നിഷ്ക്രിയമാണ്; അധികൃതർ മൗനികളോ ഒറ്റുകാരോ ആണ്. തദ്വിഷയകമായി കൊലപാതകങ്ങൾ വരെ നടന്നിട്ടും സർക്കാർ നിശ്ചലവുമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കർശന നിലപാടുമൂലം ഏറ്റവും ഒടുവിൽ സർക്കാർ, പൊലീസ് നിരീക്ഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തൽഫലമായി സെറ്റുകളിൽ ശാന്തത വന്നതായി നിർമാതാക്കൾ വെളിപ്പെടുത്തുന്നു. അതായത്, അവരെ സംബന്ധിച്ചിടത്തോളം ഇതുമൂലമുണ്ടാവുന്ന ധനനഷ്ടം മാത്രമാണ് പ്രശ്നം. അതിഗുരുതരമായി യുവതീ യുവാക്കൾ മെക്സികോ പോലുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഗണത്തിലേക്ക് കേരളത്തെ കൊണ്ടുപോവുന്നതിന്റെ ഉത്കണ്ഠയോ പരാതിയോ ഇല്ല. മെഗാ സൂപ്പർതാരങ്ങൾ നേതൃത്വം നൽകുന്ന ‘അമ്മ’ക്കുമില്ല സംഘടനയിലെ അംഗങ്ങളെയടക്കം പിടിയിലൊതുക്കിയ ലഹരി അഡിക്ഷനെക്കുറിച്ച് പറയത്തക്ക ഉത്കണ്ഠയൊന്നും. തന്റെ മകന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും ഭാര്യയുടെ വിലക്കുകാരണം താൻ അനുവദിച്ചില്ലെന്നും മയക്കുമരുന്നിനെക്കുറിച്ച ഭയമാണ് കാരണമെന്നും ഒരു പ്രമുഖ നടൻ തുറന്നുപറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.

താരങ്ങളുടെ ലഹരി ഉപയോഗത്തെ ന്യായീകരിക്കാനില്ല എന്ന നിലപാടെടുത്തിരിക്കുന്നു ‘അമ്മ’. സംഘടനയുടെ പുതിയ നിയമഭേദഗതിയിൽ, ജോലിചെയ്യുമ്പോഴോ ജോലിസ്ഥലത്തോ മദ്യത്തിനും ലഹരിമരുന്നിനും അടിമപ്പെടാൻ പാടില്ലാത്തതാണെന്നും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറാൻ പാടില്ലെന്നും നിഷ്‍കർഷിച്ചിട്ടുണ്ടത്രെ. അവ്വിധം ദുഷ്പേര് സമ്പാദിച്ചവർക്ക് താരസംഘടനയിൽ അംഗത്വം നേടുന്നതും പ്രയാസകരമായിരിക്കും. പക്ഷേ, കേവലം പടത്തിന്റെ സമയബന്ധിത റിലീസ് മുടങ്ങുന്നതോ തന്മൂലം സംഭവിക്കുന്ന സാമ്പത്തിക നഷ്ടമോ മാത്രമാണോ പ്രശ്നത്തിന്റെ കാതൽ എന്ന് സഗൗരവം പരിഗണിക്കേണ്ട ഘട്ടമാണ് വന്നിരിക്കുന്നത്. ഇവിടെ പ്രബുദ്ധ കേരളത്തിൽ വിദ്യാസമ്പന്നരായ യുവതീയുവാക്കളുടെ തലമുറ ചിന്താശക്തിയും കായികശക്തിയും ഒരുപോലെ കളഞ്ഞുകുളിച്ച് ആത്മഹത്യയടക്കമുള്ള വിനാശത്തിന്റെ പടുകുഴിയിലേക്ക് അതിവേഗം കുതിച്ചുപോവുന്നതിനെക്കുറിച്ച് ആർക്കും ഒരു ബേജാറുമില്ലെന്നാണോ? വൻ വിപത്തായിമാറുന്ന ലഹരി ഉപയോഗത്തിനെതിരെ ഒരുവശത്ത് സർക്കാർ വ്യാപകമായ പ്രചാരണവും ബോധവത്കരണവും നടത്തിക്കൊണ്ടിരിക്കെത്തന്നെ, മറുവശത്ത് റവന്യൂ വർധിപ്പിക്കാൻവേണ്ടി ബാറുകളുടെയും മദ്യഷോപ്പുകളുടെയും കള്ളുഷാപ്പുകളുടെയും എണ്ണം വർധിപ്പിക്കുന്നു; ഭയാനകമായി വർധിക്കുന്ന മദ്യ ഉപഭോഗത്തിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ബലത്തിൽ നിലനിൽപ് ഉറപ്പാക്കുകയും ചെയ്യുന്നു. ലഹരിയുടെ ഉപഭോക്താക്കൾ, വിശേഷിച്ചും ഇളംതലമുറ ഒരു തടസ്സവുമില്ലാതെയും ആരെയും ഭയപ്പെടാതെയും ക്ലാസ് മുറികളിൽപോലും അതിമാരകമായ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത് ഉദാരമായ മദ്യനയത്തിന്റെ സ്വാഭാവിക ഫലമാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്.

Mഅവരെ ഹഠാദാകർഷിക്കുന്ന സിനിമയിലാകട്ടെ, തങ്ങൾ ആരാധ്യരായി കൊണ്ടുനടക്കുന്ന താരങ്ങളുടെ പരസ്യ മദ്യപാനവും തുടർന്ന് നടക്കുന്ന പേക്കൂത്തുകളുമാണ്. സകല തിന്മകളുടെയും വ്യാപന മാധ്യമമായി മാറുകയാണ് നന്മയുടെ പ്രചാരണത്തിനും ബോധവത്കരണത്തിനും പ്രയോജനപ്പെടേണ്ട ചലച്ചിത്രങ്ങൾ. വിപത്കരമായ ഈ വിഷമവൃത്തത്തിനെതിരെ ഫലപ്രദമായ ഒരു പ്രതിരോധവും തീർക്കാതെ സിനിമാ നിർമാതാക്കളുടെ നഷ്ടക്കണക്ക് മാത്രം മുൻനിർത്തി അഭിനേതാക്കളുടെ ലഹരിഭ്രാന്തിന് തടയിടാൻ പോയാൽ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന ദുർഗതി മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ.

Tags:    
News Summary - Madhyamam editorial podcast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT