കുരിശായിത്തീരുന്ന സ്വാശ്രയ കോളജുകള്‍

പാമ്പാടി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ ദുരൂഹമരണവും അതുണ്ടാക്കിയ പ്രതിധ്വനികളും ഒരിക്കല്‍ക്കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, വിശേഷിച്ച് വിവിധ സ്വാശ്രയ കലാലയങ്ങളിലെ വിവരണാതീതമായ വിദ്യാര്‍ഥി പീഡനങ്ങളുടെ വിവരങ്ങള്‍ വെളിച്ചത്തുവരുന്നതിന് കാരണമായിരിക്കുന്നു. അധ്യാപകരും കോളജ് മാനേജ്മെന്‍റുകളും അച്ചടക്കത്തിന്‍െറ പേരില്‍ കുട്ടികളോട് അനുവര്‍ത്തിക്കുന്നത് സര്‍ക്കസ് കൂടാരത്തിലെ മൃഗങ്ങളോടുള്ള സമീപനങ്ങളും പരിശീലനമുറകളുമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് വിവിധ വിദ്യാര്‍ഥികളുടെ തുറന്നുപറച്ചിലുകള്‍.

ഹോസ്റ്റലുകളിലും മറ്റും വിദ്യാര്‍ഥികളെ നിഷ്ഠുരമായി ശിക്ഷിക്കുന്നതിന് മാനേജ്മെന്‍റുകള്‍ക്ക് ഇടിമുറികളുണ്ടെന്നും ഭീഷണികള്‍ക്ക് വിധേയരായും വിഹ്വലതകളോടുകൂടിയുമാണ് വിദ്യാര്‍ഥികള്‍ പല കലാലയങ്ങളിലും പഠിച്ചുകൊണ്ടിരിക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കു മുന്നില്‍ പ്രബുദ്ധകേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ടിയിരിക്കുന്നു. ജിഷ്ണുവിന്‍െറ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍നിന്നും അവസാനമായി ഒരുനോക്ക് കാണുന്നതില്‍നിന്നും വരെ സഹപാഠികളെ സ്ഥാപനാധികാരികള്‍ തടഞ്ഞുവെന്ന വാര്‍ത്ത, വിഷയം ഇത്രയും വിവാദങ്ങളുയര്‍ത്തിട്ടും മാനേജ്മെന്‍റുകള്‍ പുലര്‍ത്തുന്ന ധാര്‍ഷ്ട്യത്തിന്‍െറ മകുടോദാഹരണമാണ്.

അച്ചടക്കത്തിന്‍െറ പേരിലുള്ള മര്‍ദനങ്ങളും ചിരിക്കുപോലും പിഴയേര്‍പ്പെടുത്തുന്ന ആഭാസങ്ങളും നടക്കുമ്പോള്‍ മറ്റുചില സ്വാശ്രയ കലാലയങ്ങളില്‍ വിദ്യാര്‍ഥിനികളുടെ താമസസ്ഥലങ്ങളിലേക്ക് അസമയത്തുപോലും അധികൃതര്‍ കയറിയിറങ്ങുകയും മോശമായി പെരുമാറുകയും ചെയ്യുന്നു. ടോംസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ ഡോ. ജി.പി. പദ്മകുമാര്‍ നടത്തിയ തെളിവെടുപ്പില്‍ 60 വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് സ്ഥാപനത്തിനെതിരെ മൊഴിനല്‍കിയിരിക്കുന്നത്. ടോംസ് കോളജ് എ.ഐ.സി.ടി.ഇ മാനദണ്ഡം ലംഘിച്ചതായി രജിസ്ട്രാര്‍ കണ്ടത്തെുകയും ചെയ്തിരിക്കുന്നു.

ടോംസിലും നെഹ്റു കോളജിലും മാത്രമല്ല മറ്റനവധി സ്വാശ്രയ കോളജുകളിലും സമാനമായ അന്തരീക്ഷമാണുള്ളത്. പല വിദ്യാര്‍ഥികളും അധ്യാപകരും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണിതെല്ലാം. നിരന്തര പീഡകളുടെ ഫലമായി അക്രമാസക്തിയും മനോവൈകല്യങ്ങളുമുള്ള തലമുറകളാണ് ഉന്നത കലാലയങ്ങളില്‍നിന്ന് പുറത്തിറങ്ങുന്നത് എന്ന വസ്തുത ഭീതിയോടെയല്ലാതെ കാണാനാകുകയില്ല.

കേരളത്തിലെ സ്വാശ്രയ കോളജുകളില്‍ പലതും അക്കാദമികമായി മാത്രമല്ല, വിദ്യാര്‍ഥികളെ സാംസ്കാരികമായി മികച്ച തലമുറകളായി വളര്‍ത്തുന്നതിലും വലിയ പരാജയമാണെന്ന ദു$ഖകരമായ പരമാര്‍ഥത്തിലേക്കാണ് സമീപകാല സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. 2004ല്‍ ഫീസടക്കാന്‍ വഴിയില്ല്ളാതെ രജനി എസ്. ആനന്ദ് എന്ന ദു$ഖപുത്രി ആത്മഹത്യചെയ്ത്  വര്‍ഷം 12 കഴിഞ്ഞിട്ടും ആത്മഹത്യകളില്ലാത്ത കലാലയങ്ങള്‍ നിര്‍മിക്കാന്‍ നമുക്ക് സാധിക്കാതെപോയിരിക്കുന്നു. പഠനത്തിന്‍െറ പാതിവഴിയില്‍ ജീവിതമോ പഠനമോ നിര്‍ത്തേണ്ടിവന്നവരും മനുഷ്യത്വവിരുദ്ധ സമീപനങ്ങള്‍ നിമിത്തം വിഭ്രാന്തജീവിതം നയിക്കുന്നവരുമായ നൂറുകണക്കിന് വിദ്യാര്‍ഥികളെയാണ് അവ നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ സ്വാശ്രയ കലാലയങ്ങളിലെ പാഠ്യ, പാഠ്യേതര നിലവാരവും അവ പ്രസരിപ്പിക്കുന്ന സാംസ്കാരിക, സാമൂഹിക അന്തരീക്ഷവും നിശിതമായി വിലയിരുത്താന്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഇടതു-വലതു സര്‍ക്കാറുകളും വിദ്യാഭ്യാസ സംവിധാനവും അനിവാര്യമായും ഓഡിറ്റിങ്ങിന് വിധേയമാകേണ്ടതാണ്. കാരണം പ്രവര്‍ത്തന സുതാര്യത ഉറപ്പുവരുത്താത്ത സ്ഥാപനങ്ങളെ ഏറ്റെടുക്കാനും പരീക്ഷാഫലം മോശമായ കോളജുകള്‍ അടച്ചുപൂട്ടാനും സര്‍ക്കാറിന് അധികാരമുണ്ടെന്ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയതാണ്. സുപ്രീംകോടതിയുടെ ഫീസ് ഘടന നിര്‍ദേശവും അഡ്മിഷന്‍ തീര്‍പ്പുകളും പാലിക്കാന്‍ സംവിധാനമൊരുക്കിയ സര്‍ക്കാര്‍ പക്ഷേ, പ്രവര്‍ത്തന സുതാര്യതയും പഠന നിലവാരവും ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് ഇച്ഛാശക്തി കാണിച്ചില്ല.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും സര്‍വകലാശാലകള്‍ ജില്ല ജഡ്ജി റാങ്കിലുള്ള ഓംബുഡ്സ്മാനെ നിശ്ചയിക്കണമെന്ന് 2012ല്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ നിര്‍ദേശം നല്‍കിയതാണ്. പക്ഷേ,  ജിഷ്ണുവെന്ന ചെറുപ്പക്കാരന്‍െറ ജീവബലി വേണ്ടിവന്നു കേരളത്തിലത് നടപ്പാക്കാന്‍. എല്ലാ കലാലയങ്ങളിലും വിദ്യാര്‍ഥി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമിതികള്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനുള്ള തീരുമാനമെടുക്കണമെങ്കില്‍ ചിലപ്പോള്‍ മറ്റൊരു ആത്മഹത്യയോ മരണമോ വേണ്ടിവന്നേക്കും. ജിഷ്ണുവിന്‍െറ സ്വയംഹത്യാനന്തരം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ജീര്‍ണതകളെക്കുറിച്ചുള്ള സംവാദങ്ങളും പ്രക്ഷോഭങ്ങളും തെരുവുകളെ പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്. വിവിധ അന്വേഷണങ്ങളും നഷ്ടപരിഹാരവും പ്രഖ്യാപിക്കപ്പെടുകയുമുണ്ടായി. പക്ഷേ, അവക്കൊന്നും രജനിയുടെ മരണാനന്തര പ്രഖ്യാപനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഗതി സംഭവിക്കാതിരിക്കാന്‍ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്‍െറയും ജാഗ്രതമാത്രമാണ് പോംവഴി.

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT