ബി.ജെ.പിയുടെയും ദേശീയ ജനാധിപത്യ സഖ്യ (എൻ.ഡി.എ)ത്തിെൻറയും പാർലമെൻററി പാർട്ടി യോ ഗത്തിൽ, വീണ്ടും പ്രധാനമന്ത്രിയായി നിയമിതനായ നരേന്ദ്ര മോദി നടത്തിയ നയപ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണകാലത്തും തെരഞ്ഞെടുപ്പ് പ്രചാരണനാള ുകളിലും കണ്ട മോദിയിൽനിന്നു കേട്ടതിലും വ്യത്യസ്തമായിരുന്നു പാർലമെൻറിെൻറ സെൻ ട്രൽ ഹാളിൽ ഇന്ത്യൻ ഭരണഘടനയെ തൊട്ടു വന്ദിച്ച ശേഷം നടത്തിയ പ്രഭാഷണം. പുതിയ ഉൗർജത് തോടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള യാത്രയുടെ ആരംഭമറിയിച്ച അദ്ദേഹം ‘എല്ലാവരെയും കൂട്ടി എല്ലാവരുടെയും വികസനം’ (സബ്കാ സാത്ത്, സബ്കാ വികാസ്) എന്ന നിലവിലെ മുദ്രാവാക്യത്തിൽ ‘എല്ലാവരുടെയും വിശ്വാസം’ കൂടി കൂട്ടിച്ചേർത്തു. മുന്നണിക്ക് വോട്ടു ചെയ്തവരും ചെയ്യാത്തവരുമെന്ന ഭേദമില്ലാതെ, കശ്മീർ മുതൽ കേരളം വരെ ഇന്ത്യയുടെ ഫെഡറൽ ഘടന പൂർണമായും ഉൾക്കൊണ്ട് ‘ദേശീയമായ അഭ്യുദയകാംക്ഷയും പ്രാദേശിക അഭിലാഷങ്ങളും’ ഒരുപോലെ നിറവേറ്റുക ലക്ഷ്യമായിരിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. ഭരണഘടനയോടും അതിെൻറ മൂല്യങ്ങളോടും മാത്രമാണ് കൂറെന്ന് ഉറപ്പിച്ച മോദി ന്യൂനപക്ഷങ്ങളുടെ വിശ്വാസമാർജിക്കേണ്ട കാര്യം പ്രേത്യകം എടുത്തുപറഞ്ഞു. വർഷങ്ങളായി ന്യൂനപക്ഷങ്ങളെ വ്യാജഭീതിയുടെ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അവരുടെ ഉപജീവനപ്രശ്നം പരിഹരിക്കാനോ അനുയോജ്യമായ നേതൃത്വത്തെ അവരിൽ നിന്നു വളർത്തിയെടുക്കാനോ ശ്രമിക്കാതെ ന്യൂനപക്ഷ സമുദായങ്ങളെ മുഴുവൻ വോട്ട് ബാങ്കായി കൊയ്യാൻ മാത്രമാണ് നോക്കിയത്. ഇൗ ഭരണത്തിൽ, ആ വ്യാജഭീതി തകർത്തുകളയും-ഇങ്ങനെ പോകുന്നു മോദിയുടെ പ്രഭാഷണം.
അഞ്ചു വർഷത്തെ ഭരണപരാജയങ്ങൾക്ക് ദേശസുരക്ഷയുടെയും തീവ്രദേശീയതയുടെയും മത വർഗീയതടെയും മറകെട്ടി, നാഥനും നയവുമില്ലാത്ത പ്രതിപക്ഷത്തെ മുതലെടുത്ത് മൃഗീയഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ രണ്ടാമൂഴം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷകൾക്കുള്ള മറുപടിയാണ് ശനിയാഴ്ച പ്രഭാഷണത്തിൽ മോദി നൽകിയത്. 2014 മേയ് 20ന് ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ചെയ്ത പ്രസംഗത്തിെൻറ തുടർച്ചയായിരുന്നു ഇത്. അന്നത്തേതിൽ നിന്നു വ്യത്യസ്തമായി പ്രാദേശിക താൽപര്യങ്ങൾ പരിഗണിച്ചും ന്യൂനപക്ഷവിശ്വാസത്തിെൻറയും ദേശപുരോഗതിക്ക് മുന്നണിഭരണത്തിെൻറയും ആവശ്യകത ഉൗന്നിപ്പറഞ്ഞുമാണ് രണ്ടാമൂഴത്തിലേക്കുള്ള പ്രവേശനം മോദി പ്രഖ്യാപിച്ചത്. ആദ്യ ഉൗഴത്തിെൻറ അനുഭവങ്ങളിൽ നിന്നു പഠിച്ചു പാകപ്പെടുത്തിയ പുതിയ ഭരണമായിരിക്കും കാഴ്ചവെക്കുകയെന്ന പ്രതീതി സൃഷ്ടിക്കാൻ മോദിക്ക് കഴിഞ്ഞു. പ്രഭാഷണങ്ങളിലൂടെ പ്രതീതിയുളവാക്കുന്നതിൽ മോദിയെ കവച്ചുവെക്കാൻ ഇന്ന് രാജ്യത്ത് ആരുമില്ല. എന്നാൽ, വാക്വൈഭവത്തിലെ മിടുക്ക് പ്രഖ്യാപനങ്ങൾ പ്രയോഗതലത്തിലെത്തിക്കുന്നതിൽ അദ്ദേഹത്തിനുണ്ടോ എന്ന ചോദ്യത്തിന് നിരാശയാണ് കഴിഞ്ഞ അഞ്ചു വർഷത്തെ മറുപടി.
‘എല്ലാവരെയും കൂട്ടി, എല്ലാവരുടെയും വികസനം’ എന്ന ആഹ്വാനത്തോടെ ആദ്യ ഉൗഴത്തിൽ വന്ന മോദി പ്രതിപക്ഷവുമായി മാത്രമല്ല, ഭരണപക്ഷത്തുപോലും വേണ്ട കൂടിയാേലാചനകൾ നടത്താതെ കാബിനറ്റിനെയും ഭരണമുന്നണിയെയുമൊക്കെ നോക്കുകുത്തിയാക്കുന്നതാണ് കണ്ടത്. സംസ്ഥാനങ്ങളോട് പുലർത്തിയ വിവേചനത്തിന് പ്രളയകാലത്തെയടക്കമുള്ള കേരളത്തോടുള്ള ചിറ്റമ്മനയം തന്നെ തെളിവ്. വമ്പൻ ഭൂരിപക്ഷത്തിൽ ഭരണം പിടിച്ചാൽ ബി.ജെ.പി രാജ്യഭരണത്തെയും ഭരണഘടനയെയും അപ്രസക്തമാക്കുമെന്ന, ബി.ജെ.പി നേതാക്കളുടെ മുന്നറിയിപ്പുകളുടെ ചുവടുപിടിച്ചുള്ള, പ്രതിപക്ഷ ആരോപണത്തെ നേരിടാനാവാം ഭരണഘടനയെ മോദി തൊട്ടു വണങ്ങിയതും അതിനെ പരമോന്നതമായി വിശേഷിപ്പിച്ചതും. പ്രസിഡൻഷ്യൽ രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണരീതിയിലൂടെ ജയിച്ചുവരുന്ന മോദി, റഷ്യ, ചൈന മോഡലിൽ പ്രസിഡൻഷ്യൽ സംവിധാനത്തിലേക്ക് ഭരണം മാറ്റിയെടുക്കുമോ എന്ന ശങ്കയില്ലാതില്ല. സംഘ്പരിവാറിെൻറ ഹിന്ദു രാഷ്ട്ര സ്വപ്നം നേതാക്കൾ ഇടക്കിടെ പങ്കുവെക്കുന്നുമുണ്ട്. ഭരണഘടനയെ ഉയർത്തിക്കാട്ടുന്ന മോദി തന്നെ, അതിെൻറ ആധാരപ്രമാണങ്ങളിലൊന്നായ മതേതരത്വത്തെ ആർ.എസ്.എസ് പ്രചാരകനായ നാൾ മുതൽ പ്രധാനമന്ത്രിപദത്തിലിരിക്കെ വരെ ചതുർഥിയായി കണ്ടയാളാണ്. പുതിയ വിജയപ്രഭാഷണത്തിലും ബി.ജെ.പിയുടെ പുതിയ ദേശീയ അജണ്ടക്കു മുന്നിൽ പ്രതിപക്ഷപാർട്ടികൾ മതേതരത്വത്തെക്കുറിച്ച് മൗനികളായി എന്ന് പരിഹസിച്ചിട്ടുണ്ട്. ഇതൊക്കെയാണ് രണ്ടാം മോദിക്കാലത്ത് ഭരണക്രമത്തിനും ഭരണകൂടത്തിനും എന്തു സംഭവിക്കുമെന്ന ആശങ്കയുയർത്തുന്നത്.
ന്യൂനപക്ഷങ്ങളെ വ്യാജഭീതിയുടെ തടവിൽനിന്നു രക്ഷിക്കണമെന്നു പറയുന്ന മോദി താനും രാജ്യവും കടന്നുവന്ന വഴികളിൽ ന്യൂനപക്ഷങ്ങൾ നേരിട്ട ക്രൂരാനുഭവങ്ങളെ സൗകര്യപൂർവം മറച്ചുവെക്കുകയാണെന്നു പറയാതെ വയ്യ. രാജ്യത്തെ രണ്ടു പ്രബലന്യൂനപക്ഷങ്ങളെ നിർമൂലനം ചെയ്യേണ്ട ആഭ്യന്തരശത്രുക്കളായി എണ്ണുന്ന ‘വിചാരധാര’ ആശയാടിത്തറയാക്കിയ സംഘ്പരിവാറിെൻറ അക്രമരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞും അതിന് തടയിട്ടുമല്ലാതെ ന്യൂനപക്ഷവിശ്വാസം ആർജിക്കാനാവില്ല. മാട്ടിറച്ചിയുടെ പേരുപറഞ്ഞ് സംഘ്പരിവാർ ക്രിമിനലുകൾ നടത്തിയ തല്ലിക്കൊലകളിൽ 98 ശതമാനവും (122ൽ 119) കഴിഞ്ഞ എൻ.ഡി.എ ഭരണത്തിലാണ്. മോദിയുടെ ‘സബ് കാ വിശ്വാസ്’ പ്രഭാഷണം നടക്കുന്ന നാളിലാണ് മധ്യപ്രദേശിലെ സിവാനിയിൽ ഒരു മുസ്ലിം കുടുംബത്തെ മരത്തിൽ കെട്ടിയിട്ട്, ജയ്്ശ്രീറാം വിളിപ്പിച്ച് തല്ലിച്ചതച്ച വാർത്ത പുറത്തുവരുന്നത്. ഗുജറാത്തിലെ വഡോദരക്കടുത്ത് മഹുവാഡിൽ, ഗ്രാമക്ഷേത്രം ദലിത് വിവാഹത്തിന് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ദലിത് ദമ്പതികളെ മുന്നൂറോളം മേൽജാതിക്കാർ വീട്ടിൽ കയറി ആക്രമിച്ചതും യു.പിയിലെ ബിജനോറിൽ അംബേദ്കർ പ്രതിമ തകർത്തതും വാർത്തയായി. നരേന്ദ്ര മോദി അധികാരത്തിലേറിയത് നിയമം കൈയിലെടുക്കാനുള്ള അവസരമായി സംഘ്പരിവാർ അണികൾ കണ്ടു കൈകാര്യം ചെയ്യുന്നതാണ് ന്യൂനപക്ഷങ്ങൾക്കിടയിൽ സമീപകാലത്ത് ഏറ്റുവമധികം ഭീതി വിതച്ചത്. സ്വന്തം എം.പിമാരുടെ ആക്രമണോത്സുക ആക്രോശങ്ങൾ മാത്രമല്ല, അണികളുടെ വംശീയവെറി പൂണ്ട അക്രമവാസന കൂടി അവസാനിപ്പിക്കാനായാലേ രാജ്യത്തെ അരക്ഷിതാവസ്ഥയിൽനിന്നു മോചിപ്പിക്കാനാവൂ. അരാജകത്വവും അരക്ഷിതാവസ്ഥയും നിലനിൽക്കുന്നത് രാജ്യത്ത് നിക്ഷേപസാധ്യതയുടെ വഴിയടക്കുകയും സാമ്പത്തികവളർച്ചയെ മുരടിപ്പിക്കുകയും ചെയ്യുമെന്നതിനും ഒന്നാം മോദിക്കാലം തന്നെ തെളിവ്.
2016 ൽ ഒരു അഭിമുഖത്തിൽ, മുമ്പ് പഠിച്ചത് ഇപ്പോൾ പ്രസക്തമല്ലെങ്കിൽ കൈയൊഴിയാനും സ്വയം മാറാനുമുള്ള ആർജവമാണ് തെൻറ സവിശേഷതയെന്ന് മോദി അവകാശപ്പെട്ടിരുന്നു. ഇൗ അവകാശവാദം ഒന്നാം ഭരണത്തിൽ പ്രതിഫലിച്ചു കണ്ടിട്ടില്ല. രണ്ടാമൂഴത്തിൽ തീവ്രദേശീയതയിലും വംശീയതയിലുമൂന്നിയ പ്രതിലോമ വിചാരധാരകൾ കൈയൊഴിഞ്ഞ്, താൻ തൊട്ടുവന്ദിച്ച ഭരണഘടനയുടെ ആശയാടിത്തറയിൽ രാജ്യം കെട്ടിപ്പടുക്കാൻ മോദി തയാറാവുമോ? പുതിയ പ്രഭാഷണം കേട്ട രാജ്യവും ലോകവും അതാണ് ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.