ആർ.എസ്.എസ് സ്ഥാപകദിനമായ വിജയദശമി നാളിലെ സർസംഘ് ചാലകിെൻറ പ്രഭാഷണം ഏതാനും വർഷങ്ങളായി രാജ്യം സവിശേഷമായി ശ്രവിക്കുന്നുണ്ട്. കാരണം ലളിതമാണ്; രാജ്യത്തിെൻറ നിയമ നിർമാതാക്കളും നിർവാഹകരും തുടങ്ങി ആർ.എസ്.എസിെൻറയും പോഷകവിഭാഗങ്ങളുടെയും പ്രാദേശിക പ്രചാരക് വരെയുള്ളവരുടെ പ്രവർത്തനങ്ങളെ നിർണയിക്കുന്നത് നാഗ്പുരിൽനിന്നാണ്. മോദിയുടെ ഒന്നാം ഭരണകാലത്ത് ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത് ഷാ എല്ലാ മാസവും നാഗ്പുർ സന്ദർശിക്കാറുണ്ടായിരുന്നുവത്രെ. അവിടെനിന്നാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തിെൻറ മുഴുവൻ പൗരന്മാരെയും സ്വാധീനിക്കുന്ന നിയമങ്ങളും നയങ്ങളുമെല്ലാം വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെക്കുറിച്ചും അതിൽ ആർ.എസ്.എസിനുള്ള താൽപര്യങ്ങളെക്കുറിച്ചും അനുഭാവികൾക്കും എതിരാളികൾക്കും വ്യക്തമായ സൂചനകളാൽ സമൃദ്ധമായിരിക്കും അതുകൊണ്ടുതന്നെ സർസംഘ് ചാലകിെൻറ ദസറ പ്രഭാഷണം. കഴിഞ്ഞദിവസം മോഹൻ ഭാഗവത് നടത്തിയ പ്രഭാഷണവും ഈ പതിവ് തെറ്റിച്ചില്ല.
കഴിഞ്ഞ അഞ്ചുവർഷത്തെ പ്രസംഗങ്ങൾ വിശകലനം ചെയ്തുകൊണ്ട് അജോയ് ആശിർവാദ് സൂചിപ്പിക്കുന്ന പ്രധാന കാര്യം, സർസംഘ് ചാലക് ഉന്നയിച്ച പല ആവശ്യങ്ങളും രാജ്യത്ത് പുലർന്നുകഴിഞ്ഞിരിക്കുന്നു എന്നാണ്. കശ്മീർ, അതിർത്തി കടന്ന തീവ്രവാദത്തിെനതിരെയുള്ള സർജിക്കൽ സ്ട്രൈക്ക് എന്നിവയായിരുന്നു 2015ലെയും 2016ലെയും പ്രഭാഷണങ്ങളിലെ പ്രധാന വിഷയങ്ങൾ. ഈ പ്രസംഗങ്ങളിലത്രയും കശ്മീർ പ്രശ്നത്തിെൻറ പ്രധാന പരിഹാരമായി പറഞ്ഞുവെച്ചത് 370ാം വകുപ്പ് റദ്ദാക്കുക എന്നതായിരുന്നു. ഇപ്പോഴവയെല്ലാം നടപ്പായിരിക്കുന്നു. മുസ്ലിം നുഴഞ്ഞുകയറ്റങ്ങളിലുള്ള ആശങ്കകളാണ് സർസംഘ് ചാലക് നിരന്തരമായി പങ്കുവെച്ച മറ്റൊരു ഭീതി. രാജ്യം ഇപ്പോൾ മുഴുവൻ പൗരന്മാരുടേയും പൗരത്വ പരിശോധനക്ക് തയാറെടുക്കുകയാണ്. അർബൻ നെക്സലുകൾ, റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകൾ സൃഷ്ടിക്കുന്ന സുരക്ഷഭീഷണി തുടങ്ങിയവയായിരുന്നു 2017ലെ പ്രധാന വിഷയങ്ങൾ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ചും അന്തർദേശീയ പ്രതിഷേധങ്ങൾ തമസ്കരിച്ചും രാജ്യം അവരുടെ അഭയാർഥി ക്യാമ്പുകൾ അടച്ചുപൂട്ടാനും നാടുകടത്താനും തീരുമാനിച്ചുകഴിഞ്ഞു. അർബൻ നക്സലുകളെന്ന പേരിൽ രാജ്യത്തെ ഏറെ അറിയപ്പെട്ട മനുഷ്യാവകാശ ആക്ടിവിസ്റ്റുകൾ ജയിലിലടക്കപ്പെട്ടു. പ്രധാനമന്ത്രിക്ക് കത്തയച്ചതിെൻറ പേരിൽ 49 പേർക്ക് രാജ്യദ്രോഹിയെന്ന കുറ്റപത്രം തയാറാക്കി നിയമക്കുരുക്കിൽ അകപ്പെടുത്താനുള്ള യജ്ഞത്തിലാണ് സർക്കാർ. രാജ്യത്തെ സംബന്ധിച്ചിടത്തോളം ദസറയിലെ ആർ.എസ്.എസ് സർസംഘ് ചാലകിെൻറ പ്രഭാഷണം ഒരു സംഘടനാ വാർഷിക സംസാരത്തേക്കാൾ ‘വലുപ്പം’ വെച്ചിരിക്കുന്നുവെന്നാണ് ഇതിൽനിന്നെല്ലാം മനസ്സിലാക്കേണ്ടത്.
രാജ്യം നേരിടുന്ന പ്രതിസന്ധികൾക്ക് ആർ.എസ്.എസിന് പുതിയ വഴികളൊന്നും നിർദേശിക്കാനില്ല എന്ന് തെളിയിക്കുന്നു മോഹൻ ഭാഗവതിെൻറ ഒരുമണിക്കൂറിലധികം നീണ്ട കഴിഞ്ഞദിവസത്തെ സംസാരം. ഭാരതത്തിൽ നടക്കുന്ന ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പരിവർത്തന പ്രക്രിയയെ പുകഴ്ത്താനും സർക്കാർ അതിന് നൽകുന്ന പ്രാധാന്യത്തെ എടുത്തുപറയാനുമാണ് പ്രധാന സമയവും അദ്ദേഹം കവർന്നത്. മുൻ സർസഘ് ചാലക് ദേവറസിെന ഉദ്ധരിച്ചുകൊണ്ട് ഹിന്ദു രാഷ്ട്രമെന്ന ആശയമല്ലാത്തെതല്ലാം കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് സമർഥിച്ച അദ്ദേഹം പുതിയ സാമ്പത്തിക മാന്ദ്യകാലത്ത് ‘സ്വദേശി’ എന്ന സംഘ് ആശയത്തിൽ വെള്ളം ചേർക്കുകയും വിദേശ നിക്ഷേപത്തിനനുസൃതമായ വ്യാഖ്യാനം നടത്തുകയും ചെയ്തു. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ദിശാമാറ്റത്തിൽ അസംതൃപ്തരായവർ രാഷ്ട്ര ഗാത്രത്തിൽ ഇപ്പോഴുമുണ്ടെന്നും അവർ സർക്കാറിെൻറ നല്ല അർഥത്തിലുള്ള നയങ്ങളെ വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നുവെന്നും കുറ്റപ്പെടുത്തുന്നു.
രാജ്യത്തിന് അകത്തുള്ള ശത്രുക്കളും, ഇല്ലായ്മ ചെയ്യേണ്ട ഏജൻറുമാരുമെന്നാണ് അവരെക്കുറിച്ചുള്ള അദ്ദേഹത്തിെൻറ നിരീക്ഷണം. അവരുണ്ടാക്കുന്ന കുഴപ്പമായി മോഹൻ ഭാഗവത് എടുത്തുപറയുന്ന വിചിത്രമായ കാരണം, അടിച്ചുകൊലകൾ- ലിഞ്ചിങ്- എന്നത് വൈദേശികമായ ആശയവും പ്രയോഗവുമാെണന്നത്രെ (ബിബ്ലിക്കലെന്ന് കൃത്യമായി ധ്വനിപ്പിക്കുകയും ചെയ്യുന്നുണ്ട്). ഭാരതത്തിെൻറ പാരമ്പര്യത്തിലില്ലാത്തതും സംഘ് പ്രവർത്തകർക്ക് നിർവഹിക്കാനാകാത്തതുമായ ഈ നീചകൃത്യം, ഹിന്ദു സമൂഹത്തേയും രാജ്യത്തേയും അപമാനിക്കാനും ന്യൂനപക്ഷങ്ങളിൽ ഭീതി പരത്താനുമായി ദുരുപയോഗപ്പെടുത്തുകയാണെന്ന വാദത്തിലൂടെ മോഹൻ ഭാഗവത് ഉന്നംവെക്കുന്നത് എന്തെന്ന് വ്യക്തം. ഒരു പ്രത്യേക വിഭാഗത്തെ ഇരകളായി ഉയർത്തിക്കാണിക്കാൻ സംഭവങ്ങൾ കൃത്രിമമായി സൃഷ്ടിക്കപ്പെടുകയും വളച്ചൊടിക്കുകയുമാണെന്നും അദ്ദേഹം പറയുന്നു. അടിച്ചുകൊലകൾക്ക് കർശന നിയമ നടപടികൾ വേണമെന്ന് പറയുന്നുണ്ടെങ്കിലും അവക്കു നൽകിയ വ്യാഖ്യാനത്തിൽ ഒളിച്ചുവെച്ചിരിക്കുന്നത് വേട്ടക്കാർക്കുള്ള സംരക്ഷണവും അത്തരം വാർത്തകൾ പുറത്തുകൊണ്ടുവരുന്നവർക്കുള്ള മുന്നറിയിപ്പുമാണ്.
അമിത് ഷാ മുന്നോട്ടുവെക്കുന്ന ‘ഒറ്റ ഇന്ത്യ, ഒരു ഭാഷ, ഏക തെരഞ്ഞെടുപ്പും പാർട്ടിയും’ ആർ.എസ്.എസിെൻറതന്നെ ആശയമെന്ന് ഉറപ്പിക്കുന്നു മോഹൻ ഭാഗവത്. സ്വഭാഷ, സ്വഭൂഷ, സ്വസംസ്കൃതി തുടങ്ങിയ പദാവലികളാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നു മാത്രം. ഹിന്ദു രാഷ്ട്ര വഴികളിൽ ആർ.എസ്.എസ് ഇച്ഛകൾ തുറന്നുവെക്കുന്ന പ്രഭാഷണം രാജ്യം നേരിടുന്ന പ്രതിസന്ധികളെ പരിഹരിക്കാനോ സഹവർത്തിത്വത്തിെൻറ നല്ല പാതകൾ സ്വീകരിക്കാനോ ആർ.എസ്.എസിന് ആശയപരമായി കഴിയിെല്ലന്ന് ബോധ്യപ്പെടുത്തുന്നു. നവീകരിക്കാൻ സന്നദ്ധമല്ലാത്ത പ്രത്യയ ശാസ്ത്രവും, രാജ്യത്തിനകത്തെ വിമർശനങ്ങളെ ശത്രുതാബോധത്തോടെയുള്ള സമീപനവും ഭാവിയെ കൂടുതൽ കാലുഷ്യത്തിലേക്കാണ് നയിക്കുക. അതിൽ ഇരകളാകുന്നവരെ ആർ.എസ്.എസ് എങ്ങനെ കാണുന്നുവെന്ന് ഒരിക്കൽകൂടി ഉറപ്പിക്കുന്നു മോഹൻ ഭാഗവതിെൻറ നാഗ്പുർ പ്രഭാഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.