വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്താന് ജയിലില്‍ കഴിയുന്ന മുന്‍ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ കാണാന്‍ അദ്ദേഹത്തിെൻറ ബന്ധുക്കള്‍ക്ക് അവസരം നല്കിയ നടപടിയെ ഉന്നതമായ മാനുഷികതാല്പര്യങ്ങളുടെ അടയാളപ്പെടുത്തലായി കണ്ട് നല്ലൊരു കീഴ്വഴക്കം സൃഷ്ടിക്കുന്നതിനു പകരം ഉഭയകക്ഷിബന്ധം കൂടുതല്‍ വഷളാക്കുന്നതിലേക്ക് ഇരുരാജ്യങ്ങളും കാര്യങ്ങള്‍ കൊെണ്ടത്തിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. രാഷ്ട്രാന്തരീയ കോടതിയുടെ മുന്നില്പോലുമെത്തിയ ഒരു കേസിലെ കഥാപാത്രവുമായി ബന്ധപ്പെട്ട വിഷയമാകുമ്പോള്‍ ശതാവധാനതയോടെ കൈകാര്യംചെയ്യാന്‍ ഇരുരാജ്യങ്ങളും ശ്രദ്ധിക്കേണ്ടതായിരുന്നു. അതിനു പകരം ഒരു മനുഷ്യെൻറ ജീവന് മുന്നില്‍വെച്ച് രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഉപയോഗപ്പെടുത്തിയത് വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെ. ഇറാനില്‍ ബിസിനസില്‍ ഏര്‍പ്പെട്ട ഇൗ ഇന്ത്യക്കാരനെ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാകിസ്താനിലേക്ക് പിടിച്ചുകൊണ്ടുപോയി ചാരവൃത്തി ആരോപിക്കുകയും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാതെ, സൈനിക കോടതി വിചാരണപ്രഹസനത്തിലൂടെ കഴുമരം വിധിക്കുകയുമായിരുന്നുവെന്നാണ് ഇന്ത്യയുടെ ആരോപണം. വധശിക്ഷ റദ്ദാക്കണമെന്ന ജാദവിെൻറ അപേക്ഷ നിരസിക്കപ്പെട്ടപ്പോഴാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ച് ഇന്ത്യ സ്റ്റേ സമ്പാദിച്ചത്. 22 മാസമായി കഴുമരം കാത്തുകഴിയുന്ന ജാദവിനെ കാണാന്‍ മാതാവിനും ഭാര്യക്കും അവസരമൊരുക്കിക്കൊടുത്തത് അവിടത്തെ ഇന്ത്യന്‍ നയതന്ത്രാലയം ഉന്നതതലങ്ങളില്‍ ഇടപെട്ടാണ്.
ലോകശ്രദ്ധ പിടിച്ചുപറ്റിയ കേസായതിനാല്‍, തങ്ങളുടെ രാജ്യം മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്നുണ്ടെന്നും രാജ്യം അത്തരം മൂല്യങ്ങളോട് ആദര്ശപ്രതിബദ്ധതയുള്ളവരാണെന്നും സമര്‍ഥിക്കുന്നതിന് പാകിസ്താന് ഈയൊരു അവസരം ഉപയോഗപ്പെടുത്തിയത് വലിയ അപരാധമായി കാണേണ്ടതില്ല. വിശേഷിച്ചും ലോകകോടതിയുടെ മുന്നില്‍ വീണ്ടും വരാന്‍ സാധ്യതയുള്ള കേസായതിനാല്‍. എന്നാല്‍, ജാദവിെൻറ അമ്മയോടും ഭാര്യയോടും മോശമായാണ് പെരുമാറിയതെന്നും അവരുടെ മത, സാംസ്കാരിക വികാരതലങ്ങളെ സ്പര്‍ശിക്കുന്ന വിധത്തിലാണ് കൂടിക്കാഴ്ച പര്യവസാനിച്ചതെന്നുമുള്ള ഇന്ത്യയുടെ ആരോപണം, പാര്‍ലമെൻറിനകത്തും പുറത്തും ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് കൂടിക്കാഴ്ചക്കിടെ ഉണ്ടായതെന്നും വിധവകളെപ്പോലെയാണ് മാതാവിനെയും ഭാര്യയെയും ജാദവിെൻറ മുന്നില്‍ ഹാജരാക്കിയതെന്നുമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യാഴാഴ്ച പാര്‍ലമെൻറിൽ വിശദീകരിച്ചത്. ചില്ലുമറക്ക് ഇരുവശത്തുമിരുത്തി കൂടിക്കാഴ്ച പ്രഹസനമാക്കിയെന്നും ജാദവിെൻറ ഭാര്യയുടെ കെട്ടുതാലി അഴിപ്പിച്ചെന്നും നെറ്റിയിലെ പൊട്ട് മായ്ച്ചെന്നും കാലിലിട്ട ചെരിപ്പ് ഊരിവാങ്ങിയെന്നും തുടങ്ങി, കേള്‍ക്കുന്നവരിൽ രോഷമുളവാക്കുന്ന ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. പാക് വിരോധത്തിലൂന്നിയ രാഷ്ട്രീയ ചിന്താഗതി വളര്‍ത്തുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്ന ഇവിടത്തെ മാധ്യമങ്ങളാവട്ടെ വിഷയം ആളിക്കത്തിക്കാന്‍ പാകത്തിലാണ് ഈ വിവാദം കൈകാര്യം ചെയ്തതും. അയല്‍രാജ്യത്തെ ഛിന്നഭിന്നമാക്കണമെന്ന ആക്രോശംപോലും ചില കോണുകളില്‍നിന്നുയര്‍ന്നത് ഈ പശ്ചാത്തലത്തിലാണ്.
അയല്‍രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അവിശ്വാസം പാരമ്യതയിലെത്തിക്കുകയും അതുവഴി സ്വന്തം പൗരന്മാരുടെ മനസ്സില്‍ പരദേശവൈരം വളര്‍ത്തുകയും ചെയ്യുന്ന രീതി പുതിയതല്ല. കാതലായ ആഭ്യന്തരപ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിന് ഭരണകൂടങ്ങള്‍ എക്കാലവും അവലംബിക്കുന്ന മാര്‍ഗമാണിത്. കുൽഭൂഷൺ ജാദവിനെ കാണാന്‍ ഉറ്റവര്‍ക്ക് അനുമതി നല്‍കിയത് രാജ്യത്തിെൻറ വിശാലമനസ്കതയുടെയും ഉന്നത മാനുഷിക കാഴ്ചപ്പാടിെൻറയും നിദാനമായി ഉയര്‍ത്തിക്കാട്ടാന്‍ മാധ്യമങ്ങളെ ശട്ടം കെട്ടിച്ചതും ആ വഴിക്ക് പ്രചാരണങ്ങള്‍ നടത്തിയതും പാകിസ്താെൻറ രാഷ്ട്രീയമായി കണ്ടാല്‍ മതി. ഇത്തരമൊരു കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയതിന് പാക് സര്‍ക്കാറിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ജാദവിേൻറതായി പുറത്തുവന്ന മൊഴിപോലും വലിയൊരു മാധ്യമ അഭ്യാസത്തിെൻറ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നയതന്ത്രതലത്തില്‍ ഉണ്ടാക്കിയ ധാരണകള്‍ കാറ്റില്‍പറത്തിയാണ് കൂടിക്കാഴ്ച പ്രഹസനമാക്കിയതെന്ന ഇന്ത്യയുടെ ആരോപണവും സൂക്ഷ്മപരിശോധന അര്‍ഹിക്കുന്നുണ്ട്. ജാദവിെൻറ കുടുംബം അദ്ദേഹത്തെ എവിടെവെച്ച് എങ്ങനെ കാണുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മില്‍ വല്ല ധാരണയും ഉണ്ടാക്കിയിട്ടുണ്ടോ? സാധാരണഗതിയില്‍ മറ്റൊരു രാജ്യത്ത് വധശിക്ഷക്ക് വിധിക്കപ്പെടുന്നവര്‍ക്ക് ഉറ്റവരെയും ഉടയവരെയും കാണാന്‍ അനുവദിക്കുന്നത് കര്‍ശന നിയന്ത്രണത്തിലായിരിക്കും. അതത് രാജ്യത്തെ ജയില്‍ മാന്വലാണ് അത് തീരുമാനിക്കുക. പ്രതികളും കുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച ചില്ലുമറക്കിരുവശത്തുമിരുന്നായിരിക്കും. ലോഹനിര്മിതമായതൊന്നും കൊണ്ടുപോകാനും അനുവദിക്കാറില്ല. ജാദവിെൻറ ഭാര്യയുടെ ചെരിപ്പില്‍ ലോഹ അംശം കെണ്ടത്തിയെന്നും അതിെൻറ ഫോറന്‍സിക് പരിശോധന നടക്കുകയാണെന്നുമുള്ള പാക് ഭാഷ്യം മന്ത്രി സുഷമ പുച്ഛിച്ചുതള്ളിയിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥർക്ക് ജാദവുമായി ബന്ധപ്പെടാൻ അവസരം നൽകിയില്ല എന്ന പരാതി നേരത്തേ നിലനിൽക്കുന്നുണ്ടുതാനും. എന്നാല്‍, ശാത്രവത്തിെൻറ അന്തരീക്ഷത്തില്‍ അയല്‍രാജ്യങ്ങള്‍ കാണാതെ പോയത് മനുഷ്യബന്ധങ്ങള്‍ അതിര്‍ത്തിക്കിരുവശത്തും അറുത്തുമാറ്റപ്പെട്ട ഒരു കുടുംബത്തിെൻറ ഹൃദയവേദനയും കഴുമരത്തിന്ചോട്ടില് ജീവിതനിമിഷങ്ങള്‍ കഴിച്ചുകൂട്ടുന്ന ഒരു മനുഷ്യെൻറ നെഞ്ചിടിപ്പുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.