ലോകത്തെ ഏറ്റവും ആധികാരിക മെഡിക്കൽ ജേണലുകളിലൊന്നായ ‘ദ ലാൻസെറ്റ്’ അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോർട്ട് ഇന്ത്യയുടെ ആരോഗ്യ അടിയന്തരാവസ്ഥ കൃത്യമായി തുറന്നുകാണിക്കുന്നുണ്ട്. പ്രതിവർഷം 24 ലക്ഷം പേർ മതിയായ ചികിത്സ ലഭിക്കാതെ മരിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്; ഇതിൽ 16 ലക്ഷം പേരുടെയും ജീവനെടുത്തത് ദുർബലമായ ചികിത്സാസംവിധാനമാണെത്ര. 136 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ, ഇന്ത്യയുടെ ആരോഗ്യമേഖലയുടെ വർത്തമാനം അത്യധികം പരിതാപകരമാണെന്നും ‘ലാൻസെറ്റ്’ വ്യക്തമാക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ, 3.8 ലക്ഷം ആളുകൾ ചികിത്സക്ക് പണമില്ലാത്തതുമൂലം ആത്മഹത്യയിൽ അഭയംതേടിയെന്ന നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ടുകൂടി ചേർത്തുവായിക്കുേമ്പാൾ, രാജ്യം നേരിടുന്ന ആരോഗ്യപ്രതിസന്ധിയുടെ കാരണങ്ങൾ ഏറക്കുറെ വ്യക്തമാകും. മൂന്നര പതിറ്റാണ്ടിനിടെ, ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയിലൂടെയും മറ്റുമായി പോളിയോ, ടെറ്റനസ്, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളെ ഏറക്കുെറ നിയന്ത്രണവിധേയമാക്കിയെങ്കിലും മലേറിയ, ഡെങ്കി പോലുള്ള പകർച്ചവ്യാധികൾ ഇന്നും ഭീഷണിയായി നിലനിൽക്കുന്നുണ്ട്. ഇതിനുപുറമെ ഹൃദ്രോഗം, അർബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ മുൻകാലങ്ങളിലേതിനേക്കാൾ കൂടുതൽ മനുഷ്യജീവനെടുക്കുന്നു. സമഗ്രമായ ആരോഗ്യനയം പ്രഖ്യാപിച്ച് നടപ്പാക്കാത്തതൊന്നു മാത്രമാണ് ഇൗ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.
രണ്ടാം ലോകയുദ്ധാനന്തരം നിരന്തരം ആവർത്തിക്കപ്പെട്ട മുദ്രാവാക്യങ്ങളിലൊന്നായിരുന്നുവല്ലോ ‘ജീവിക്കാനുള്ള അവകാശം’ എന്നത്. ഏഴു പതിറ്റാണ്ടിനിപ്പുറം, ആ മുദ്രാവാക്യം ‘ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം’ എന്നായിരിക്കുന്നു. വെറുതെ ജീവിച്ചാൽ പോരാ, അത് പൂർണ ആരോഗ്യത്തോടെതന്നെ വേണമെന്നും അതിനായി ഭരണകൂടം ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് അതിെൻറ അന്തഃസത്ത. ലോകാരോഗ്യ സംഘടന അടക്കമുള്ള പ്രസ്ഥാനങ്ങൾ ഇൗ മുദ്രാവാക്യം ഏറ്റുപിടിക്കുകയും പല രാജ്യങ്ങളും അത്തരത്തിൽ ഭരണഘടന ഭേദഗതിതന്നെ ആലോചിക്കുകയും ചെയ്യുേമ്പാഴാണ് ഇന്ത്യയിൽ ആരോഗ്യരംഗം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ അടിയന്തരാവസ്ഥയുടെ ഇരകളിൽ കൂടുതൽ സ്ത്രീകളും കുട്ടികളുമാണെന്നതാണ് ഏറ്റവും ദുഃഖകരം. മനുഷ്യവിഭവശേഷിയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യത്തിെൻറ ഭാവിയെതന്നെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട് ഇത്. മാതൃ-ശിശു മരണനിരക്ക് കുറെയൊക്കെ പിടിച്ചുനിർത്തിയിട്ടുണ്ടെങ്കിലും നമ്മുടെയത്ര സാമ്പത്തിക വളർച്ച കൈവരിച്ച രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കാര്യങ്ങൾ അത്ര ഭദ്രമാണെന്ന് ഇനിയും പറയാനാവില്ല. രാജ്യത്തെ കൗമാരക്കാരികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘നാന്ദി ഫൗണ്ടേഷൻ’ നടത്തിയ പഠനം ഇതാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പകുതിയിലധികം കൗമാരക്കാരികളും ഭാരക്കുറവുള്ളവരും വിളർച്ച അനുഭവിക്കുന്നവരുമാണെന്നാണ് പഠനത്തിൽ പറയുന്നത്. 46 ശതമാനം പെൺകുട്ടികളും ആർത്തവകാല ശുചിത്വപരിപാലനത്തിനുപോലും സൗകര്യമില്ലാത്തവരാണ്. പലർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾപോലും ലഭിക്കുന്നില്ലത്രെ. 69 ശതമാനം പേർക്കും അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ഇനിയും സ്വന്തം പ്രദേശങ്ങളിൽ ലഭ്യമല്ല; പണമില്ലാത്തതിനാൽ 26 ശതമാനം പേർക്കെങ്കിലും ചികിത്സ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു. അപ്പോൾ ചികിത്സാ സൗകര്യവും അത് ലഭ്യമാക്കാനുള്ള സാമ്പത്തികസ്ഥിതിയുമാണ് പ്രശ്നത്തിെൻറ മർമമെന്ന് അനുമാനിക്കാം. മോദി സർക്കാറിെൻറ വജ്രായുധമെന്ന് വിശേഷിപ്പിക്കപ്പെട്ട ആയുഷ്മാൻ ഭാരതിന് ഇൗ പ്രതിസന്ധി പരിഹരിക്കാനാകുമോ? ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പ്രതീക്ഷക്കും വകയില്ലെന്ന് പറയേണ്ടിവരും. രാജ്യത്തെ 10 കോടി ജനങ്ങൾക്ക് വർഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷനൽകുമെന്ന് അവകാശപ്പെടുന്ന ഇൗ പദ്ധതിയെക്കുറിച്ച് ഇതിനകംതന്നെ വിമർശനം ഉയർന്നുകഴിഞ്ഞു. 30,000 കോടി രൂപയെങ്കിലും തുടക്കത്തിൽ വകയിരുത്തേണ്ട പദ്ധതിക്ക് കേവലം 2000 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് എത്രമാത്രം അപര്യാപ്തമാണെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
ആരോഗ്യമേഖലയുടെ വർത്തമാനത്തെക്കുറിച്ചുള്ള പഠനങ്ങളിൽ പലപ്പോഴും കേരളം മറ്റൊരു ‘റിപ്പബ്ലിക്കാ’യി മാറിനിൽക്കുന്നത് കാണാം. ആരോഗ്യമേഖലയിൽ ഏതു മാനദണ്ഡംവെച്ചു നോക്കിയാലും കേരളം ഒരുപടി മുന്നിൽതന്നെയാണ്. ആയുർദൈർഘ്യം, മാതൃ-ശിശു മരണനിരക്ക് എന്നിവയിലൊക്കെ കേരളം ദേശീയ ശരാശരിയേക്കാൾ എത്രയോ ഭേദമാണെന്ന് മേൽപഠനങ്ങൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. ആ അർഥത്തിൽ, മലയാളിക്ക് സന്തോഷത്തിനും അഭിമാനത്തിനും വകയുണ്ടെങ്കിലും നേരിയ ചില ആശങ്കകൾ കേരളത്തിലും നിലനിൽക്കുന്നു. പോഷകാഹാരക്കുറവുമൂലം കേരളത്തിലും മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു; അത് അരികുവത്കരിക്കപ്പെട്ട ഒരു ജനതയിലായതിനാൽ വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നു മാത്രം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അട്ടപ്പാടിയിൽ പോഷകാഹാരക്കുറവുമൂലം നൂറിനടുത്ത് കുഞ്ഞുങ്ങൾ മരിച്ചു. ഗർഭിണികൾക്ക് നൽകേണ്ട അയേൺ, ഫോളിക് ആസിഡ് ഗുളികകൾപോലും ഇവിടത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഉണ്ടായിരുന്നിെല്ലന്ന് അട്ടപ്പാടി സന്ദർശിച്ച യൂനിസെഫ് സംഘം കണ്ടെത്തിയതാണ്. ശിശുമരണം ഇല്ലാതാക്കാൻ കേന്ദ്രം 220 കോടി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാറും നല്ലൊരു തുക വകയിരുത്തി. പക്ഷേ, അട്ടപ്പാടിയിലും വയനാട് അടക്കമുള്ള ആദിവാസി മേഖലകളിലും ഇപ്പോഴും ശിശുമരണങ്ങൾ തുടരുകതന്നെയാണ്. നിർമാർജനം ചെയ്തുവെന്ന് അഭിമാനംകൊണ്ട പല രോഗങ്ങളും കേരളത്തിൽ തിരിച്ചുവരുന്നതും ആരോഗ്യമോഡലിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഡിഫ്തീരിയ ബാധിച്ച് മരിച്ചത് എട്ടു കുട്ടികളാണ്. ചികിത്സാ സൗകര്യങ്ങളുടെ അഭാവമായിരുന്നില്ല, ബോധപൂർവം പല കാരണങ്ങളാൽ ചികിത്സ തിരസ്കരിച്ചതായിരുന്നു മരണകാരണം. ഇതുകൂടാതെ അശാസ്ത്രീയ ചികിത്സാരീതികളുടെ പിറകെ പോകുന്ന പുത്തൻ അനാരോഗ്യശീലങ്ങളും കേരളത്തിൽ മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥക്ക് വളമൊരുക്കുന്നുണ്ട്. ഇതിനൊന്നും കടിഞ്ഞാണിട്ടില്ലെങ്കിൽ കേരള ആരോഗ്യ മോഡൽ വെറും പഴങ്കഥ മാത്രമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.