അൽ അഖ്സ പിടിച്ചെടുക്കാനുള്ള നീക്കം

കിഴക്കൻ ജറൂസലമിൽ ചരിത്രപ്രധാനമായ മസ്ജിദുൽ അഖ്സയിൽ കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാത പ്രാർഥനക്കെത്തിയ ആയിരക്കണക്കിന് ഫലസ്തീൻ മുസ്‍ലിംകൾക്കെതിരെ ഇസ്രായേൽ പൊലീസ് നടത്തിയ ബലപ്രയോഗം വൻ പ്രതിഷേധത്തിനും ആശങ്കക്കും വഴിവെച്ചതിൽ അത്ഭുതമില്ല. നേരത്തേത്തന്നെ ഇസ്രായേൽ സുരക്ഷസേനയുടെ സായുധ സംരക്ഷണത്തിൽ ഫലസ്തീൻ നിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ച് ജൂത അധിനിവേശക്കാരെ അധിവസിപ്പിക്കുന്നതിനെതിരെ കടുത്ത പ്രതിരോധവും പ്രതിഷേധവും ഉയരുന്ന പശ്ചാത്തലത്തിലാണ് ലോകത്തെങ്ങുമുള്ള മുസ്‍ലിംകൾ മക്കയിലെ മസ്ജിദുൽ ഹറാമിനും മദീനയിലെ മസ്ജിദുന്നബവിക്കും ശേഷം പുണ്യപുരാതന ആരാധനലായമായി കരുതുന്ന മസ്ജിദുൽ അഖ്സയിൽ വൻ ജൂതസേന അതിക്രമിച്ചു കടന്നത്.

വിശുദ്ധ റമദാനിലെ വെള്ളിയാഴ്ച പ്രഭാതത്തിൽ ആയിരങ്ങൾ സ്ഥലത്തെത്തുന്നതിന് മുമ്പേ പള്ളിയിൽ സ്ഥലംപിടിച്ച ജൂതപ്പടയുടെ സായുധ ഓപറേഷനിൽ 150 ഫലസ്തീൻകാർക്കെങ്കിലും ഗുരുതരമായി പരിക്കുപറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അവരെ ഫലസ്തീൻ റെഡ്ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രികളിലെത്തിക്കുകയായിരുന്നു. റമദാൻ തുടങ്ങിയശേഷം മൂന്നാം തവണയാണ് ഇസ്രായേൽ സുരക്ഷ സേന അൽ അഖ്സ പള്ളിയിൽ കടന്നുകയറുന്നത്. അവർ പള്ളിയുടെയും തൊട്ടടുത്ത കെട്ടിടങ്ങളുടെയും മുകളിൽ നിലയുറപ്പിച്ചിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ജൂതർ 'ടെമ്പ്ൾ മൗണ്ട്' എന്നു വിളിക്കുന്ന പുണ്യസ്ഥാനവും മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ്. അവരുടെ വിശേഷ ദിനാഘോഷത്തിനായി ബലിയാടുമായി പള്ളിയിലെത്തുമെന്ന് ചില തീവ്ര ജൂത ഗ്രൂപ്പുകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പള്ളിക്കുസമീപം ഭിത്തിക്കപ്പുറത്ത് സ്ഥിതിചെയ്യുന്ന 'വിലപിക്കുന്ന മതിലി'ന്നരികെ അതിക്രമിച്ചു കടന്നതിനാലാണ് ഫലസ്തീൻകാർക്കുനേരെ ബലപ്രയോഗം വേണ്ടിവന്നത് എന്നാണ് ഇസ്രായേലി ഭാഷ്യം.

ക്യാമ്പ് ഡേവിഡ്, ഓസ്ലോ കരാറുകളെ കാറ്റിൽ പറത്തി, ഏതാനും ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയിൽ തിങ്ങി ഒതുങ്ങിക്കഴിയാൻ നിർബന്ധിക്കപ്പെട്ടവരാണ് യഥാർഥത്തിൽ ജോർഡനിൽനിന്ന് 1967ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത ജറൂസലമിലെ മുസ്‍ലിം-ക്രിസ്ത്യൻ നിവാസികൾ. 13 കിലോമീറ്റർ മാത്രം നിന്നുതിരിയാൻ വിധിക്കപ്പെട്ട അറബി മുസ്‍ലിംകൾക്ക് അഖ്സ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനക്കുപോവാൻ പോലും മിക്കപ്പോഴും അനുമതി ലഭിക്കാറില്ല. പല വെള്ളിയാഴ്ചകളിലും മസ്ജിദുൽ അഖ്സ ഇസ്രായേൽ രക്ഷസേന അടച്ചിടാറാണ് പതിവ്. വിശുദ്ധ റമദാനിൽ അത് തുറന്നുകൊടുത്തപ്പോഴാണ് രക്തരൂഷിതമായ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. തങ്ങൾ പുണ്യസ്ഥാനമായി കരുതുന്ന മൗണ്ട് ടെമ്പിളിൽ ആടിനെ ബലി അറുക്കാൻ തങ്ങൾക്കവകാശമുണ്ടെന്ന് ഉദ്ഘോഷിച്ചുകൊണ്ടാണ് ജൂതന്മാർ അഖ്സ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത്. സ്വാഭാവികമായും ഫലസ്തീൻ യുവാക്കൾ അത് ചെറുത്തപ്പോഴാണ് സുരക്ഷ സേനയുടെ സായുധ വിളയാട്ടം നടന്നതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇസ്രായേലുമായി സമാധാനക്കരാർ ഒപ്പിട്ട ജോർഡൻ ഇസ്രായേലിന്റെ പ്രകോപനപരമായ നടപടിയിൽ പ്രതിഷേധിച്ചിട്ടുണ്ട്.

ജൂത രാഷ്ട്രവുമായി കരാറിൽ ഒപ്പിട്ട ഈജിപ്തും ഇസ്രായേലുമായി നേരത്തേത്തന്നെ നയതന്ത്രബന്ധം സ്ഥാപിച്ച തുർക്കിയും സമാധാനം ആഗ്രഹിക്കുന്ന സൗദി അറേബ്യയും മുഴുവൻ അറബ് രാഷ്ട്രങ്ങളും അംഗങ്ങളായ അറബ് ലീഗുമെല്ലാം പുതിയ സംഭവവികാസങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തിയതിൽനിന്ന് അത് സാമാന്യത്തിലധികം ഗൗരവതരമാണെന്ന് വ്യക്തമാവുന്നു. ജർമനിയിൽനിന്ന് പുറംതള്ളപ്പെട്ടവരടക്കം ആഗോളതലത്തിൽ സമാഹരിക്കപ്പെട്ട ജൂതന്മാരെ അറബികളുടെ നാടായ ഫലസ്തീനിൽ 1948ൽ ബലപ്രയോഗത്തിലൂടെ കുടിയിരുത്തി ഇസ്രായേൽ രാഷ്ട്രത്തിന് അടിത്തറ പാകിയതുതന്നെ ആധുനിക ലോകത്ത് നടന്ന ഏറ്റവും കടുത്ത അനീതിയായിരുന്നു. ആ അനീതിയുടെ ആഴം അടിക്കടി കൂട്ടുന്ന നടപടികളാണ് ഇസ്രായേലിൽനിന്നും അതിന്റെ രക്ഷകരായ ലോക ശക്തികളിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തീർത്തും അനീതിപരമായ ഈ കൈയേറ്റത്തിന് പച്ചക്കൊടി നാട്ടിയ ഐക്യരാഷ്ട്ര സഭപോലും പിന്നീട് പാസാക്കിയ ഒരു പ്രമേയവും ജൂതരാഷ്ട്രം മാനിച്ചിട്ടില്ല. അവരൊപ്പിട്ട കരാറുകൾതന്നെ നഗ്നമായി ലംഘിച്ച ചരിത്രമേയുള്ളൂ.

ഏറ്റവും ഒടുവിൽ അമേരിക്കയുടെയും മറ്റു വൻശക്തികളുടെയും ഒത്താശകളോടെ അറബ്-മുസ്‍ലിം രാജ്യങ്ങൾ ഇസ്രായേലുമായി ചേർന്നുണ്ടാക്കിയ കരാറുകളിലെ വ്യവസ്ഥകൾ തന്നെയും പരസ്യമായി തള്ളി, രാജ്യാതിർത്തി അനുദിനം വികസിപ്പിച്ചു തദ്ദേശീയരായ ഫലസ്തീനികളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചു വഴിയാധാരമാക്കുന്ന കിരാത നടപടികൾക്കാണിപ്പോൾ ലോകം സാക്ഷ്യംവഹിക്കുന്നത്. തങ്ങൾ എന്തുചെയ്താലും ആരും ചോദിക്കാനില്ലെന്ന അഹന്ത ആ രാജ്യത്തെ പിടികൂടിയിരിക്കുന്നു. ലഘുവായി ശാസിക്കുന്ന പ്രമേയം യു.എൻ രക്ഷസമിതിയിൽ വന്നാൽ അതുപോലും വീറ്റോ ചെയ്യാൻ അമേരിക്കയോ ബ്രിട്ടനോ ഫ്രാൻസോ ഉണ്ടെന്ന ആത്മവിശ്വാസം സയണിസ്റ്റുകൾക്കുണ്ട്. പിന്നെ ആരെ ഭയപ്പെടണം!

ഒരു കാര്യം വ്യക്തമാണ്. പുണ്യപുരാതന മസ്ജിദുൽ അഖ്സ കൈയടക്കാനും തകർക്കാനും തദ്സ്ഥാനത്ത് ജൂത ദേവാലയം പണിയാനുമുള്ള ആസൂത്രിത നീക്കത്തെ ജീവൻ ബലികൊടുത്തും പ്രതിരോധിക്കാൻ മനക്കരുത്തുള്ള സ്ത്രീ-പുരുഷ യുവ ശക്തി ബൈത്തുൽ മുഖദ്ദസിൽ മാത്രമല്ല, ലോകത്തെവിടെയുമുണ്ട്. അവർ അനങ്ങുമ്പോൾ മാത്രം തീവ്രവാദവും ഭീകരതയും ആരോപിച്ച് ഉപരോധവും വിലക്കും പ്രതിഷേധവുമായി വരുന്നവർ മുട്ടുമടക്കേണ്ടിവരുമെന്ന് തീർച്ച. അതിനവസരം നൽകാതെ പുണ്യപുരാതന ദേവാലയം അതിന്റെ യഥാർഥ അവകാശികളുടെ നിയന്ത്രണത്തിൽ തുടരാൻ അനുവദിക്കുന്നതാണ് ബുദ്ധി, വിവേകം.

Tags:    
News Summary - Move to capture Al-Aqsa Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.