ആഗോള വ്യാപകമായി നാശംവിതച്ചുകൊണ്ട് അനുദിനം പടരുന്ന കോവിഡ് മഹാമാരിയെ തളക്കാ നും അത് സൃഷ്ടിച്ച വൻ സാമ്പത്തികത്തകർച്ചയെ നേരിടാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കേ ന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നടപടികളിൽ ചിലതിനെ രാജ്യം പൊതുവെ സ്വാഗതം ചെയ്യുേമ്പാൾ മറ്റു ചിലതിനെ പ്രതിപക്ഷം ശക്തമായെതിർക്കുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, പാർലമെൻറ് അംഗങ്ങൾ എന്നിവരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ച നടപടിയാണ് സാമാന്യമായി എല്ലാവരും അംഗീകരിച്ചിരിക്കുന്നത്. കുറക്കുന്നത് അടിസ്ഥാന ശമ്പളമാണോ അലവൻസുകൾ ഉൾപ്പെടെയുള്ള മൊത്തം വേതനമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്കിൽപോലും വ്യയ ന്യൂനീകരണത്തിൽ ഉന്നതസ്ഥാനീയർ മാതൃക കാട്ടിയാൽ മറ്റുള്ളവരെ ആ വഴിയിൽ കൊണ്ടുവരുക എളുപ്പമാവും എന്ന ചിന്ത ബുദ്ധിപൂർവകമാണ്.
സംസ്ഥാന ഗവർണർമാർ, നിയമസഭാംഗങ്ങൾ തുടങ്ങിയവർ ഈ മാതൃക സ്വമേധയാ പിന്തുടരുകയോ അല്ലെങ്കിൽ അവരെ അതിന് നിർബന്ധിതരാക്കുന്ന ഉത്തരവുകൾ വേണ്ടിവരുകയോ ചെയ്യാം. പക്ഷേ, സംസ്ഥാനങ്ങളിലെ ജംബോ മന്ത്രിസഭകളുടെ വലുപ്പം കുറക്കുന്നതിനെ കുറിച്ചും ഓരോ മന്ത്രിക്കും ഉദാരമായി അനുവദിച്ച സ്റ്റാഫിെൻറ എണ്ണം കുറക്കുന്നതിനെ കുറിച്ചും ഗൗരവമായി ആലോചിക്കേണ്ട സന്ദർഭം കൂടിയാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമാണ് ഇക്കാര്യത്തിൽ മാതൃക കാട്ടേണ്ടത്. വിശേഷിച്ചൊരു ജോലിയുമില്ലാത്ത മന്ത്രിമാർ പോലും സ്വന്തക്കാരെയും പാർട്ടിക്കാരെയും ആവോളം കുത്തിനിറച്ച് സ്റ്റാഫിെൻറ എണ്ണം കൂട്ടുന്നതും അവർക്കൊക്കെ ആജീവനാന്ത പെൻഷൻ ഉറപ്പാക്കാൻ കുറുക്കുവഴികൾ തേടുന്നതും അധാർമികമാണ്. അതുപോലെ ചീഫ് വിപ്പ്, ഭരണപരിഷ്കാര കമീഷൻ, മുഖ്യമന്ത്രിയുടെ ഉപദേശകർ, മുന്നാക്ക പിന്നാക്ക സമുദായ വികസന കോർപറേഷനുകൾ, നൂറുകണക്കിൽ കോർപറേഷനുകൾ, ബോർഡുകൾ തുടങ്ങി പൊതുഖജനാവിന് കനത്ത ബാധ്യതയായ ഒട്ടേറെ ഏർപ്പാടുകൾ അടിയന്തര സ്വഭാവത്തോടെ അവസാനിപ്പിക്കേണ്ട സമയം വൈകി. ഇമ്മാതിരി അജഗളസ്തനങ്ങളൊന്നും ഛേദിച്ച് കളയാതെ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിർബന്ധമായും മുഖ്യമന്ത്രിയുടെ ദുരിത നിവാരണ ഫണ്ടിലടക്കണമെന്ന് ഉത്തരവിറക്കിയതുകൊണ്ടു കൂടിയാണ് ജീവനക്കാരുടെ ചില സംഘടനകളും പ്രതിപക്ഷവും എതിർപ്പുമായി രംഗത്തുവന്നത്. അനാവശ്യ ചെലവുകളും അമിത ചെലവുകളും ആഡംബരവും കർശനമായി വിലക്കിയാൽ തന്നെ ധനക്കമ്മി ഒരളവോളം പരിഹരിക്കാനാവും.
അതേസമയം, എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് മുഴുവനുമായി രണ്ടു വർഷത്തേക്ക് മരവിപ്പിക്കാനുള്ള മോദി സർക്കാറിെൻറ തീരുമാനത്തിനെതിരെ പ്രതിപക്ഷ എം.പിമാർ രംഗത്തിറങ്ങിയ സാഹചര്യവും പരിശോധിക്കപ്പെടേണ്ടതാണ്. എല്ലാ പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും വികസനത്തിൽ അർഹമായ വിഹിതം ലഭിക്കാതെ വന്നപ്പോഴാണ് 26 വർഷങ്ങൾക്കു മുമ്പ് എം.പി ഫണ്ട് ഏർപ്പെടുത്തിയത്. പരമോന്നത നിയമനിർമാണ സഭയിലെത്തുന്ന ജനപ്രതിനിധികൾക്ക് തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളുമായി ബന്ധം അറ്റുപോകുന്ന അവസ്ഥാ വിശേഷത്തിനും ഒരളവോളം അത് പരിഹാരമായിരുന്നു. ഓരോ എം.പിയും ആസൂത്രിതമായും കാര്യക്ഷമമായും തെൻറ വികസന ഫണ്ട് വിനിയോഗിച്ചാൽ ദുരിതനിവാരണം, നിരാലംബരുടെ പുനരധിവാസം, കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഗ്രാമീണ ഇന്ത്യയെ സമതുലിതമായി വികസിപ്പിക്കാൻ ഉതകുന്നതാണ് എം.പി ഫണ്ട് എന്ന് ഇതഃപര്യന്തമുള്ള അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. എം.പിമാരുടെ അനാസ്ഥയും ദുർവിനിയോഗവും അഴിമതിയും പ്രാദേശിക വികസനഫണ്ടിെൻറ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നതായി പലപ്പോഴും പരാതികൾ ഉയർന്നിട്ടുണ്ടെന്നത് ശരിയാണ്.
ജയിച്ചുകയറിയതിൽ പിന്നെ മണ്ഡലങ്ങളെ തിരിഞ്ഞുനോക്കാത്ത പാർലമെൻറംഗങ്ങളും ഇല്ലാതെയില്ല. ഫണ്ട് വിനിയോഗം പാർട്ടിക്കാരെ ഏൽപിക്കുന്നതിനാൽ സ്വജനപക്ഷപാതവും തിരിമറികളും അപൂർവ സംഭവങ്ങളുമല്ല. ഇതിെൻറയൊക്കെ പേരിൽ വികസനഫണ്ട് എന്ന പരിപാടി തന്നെ മരവിപ്പിക്കുന്ന നടപടി പക്ഷേ, എലിയെ പേടിച്ച് ഇല്ലം ചുടലാണ്. കൃത്യവും കണിശവുമായ ഓഡിറ്റിങ്ങിലൂടെയും വിജിലൻസ് നിരീക്ഷണത്തിലൂടെയും ക്രമക്കേടുകളും ദുർവിനിയോഗങ്ങളും തടയുകയാണ് ശരിയായ പരിഹാരം. പ്രബുദ്ധരായ സമ്മതിദായകർ ജനകീയ ഇടപെടലുകളിലൂടെ തങ്ങളുടെ പ്രതിനിധികളെ നേർവഴിക്ക് കൊണ്ടുവരേണ്ടതും ജനാധിപത്യത്തിെൻറ താൽപര്യമാണ്. എന്നാൽ, ഈ വഴിക്കൊന്നും ചിന്തിച്ചിട്ടല്ല മോദി സർക്കാർ എം.പി ഫണ്ട് രണ്ടുവർഷത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ചെലവുകൾക്കുവേണ്ടി എന്നാണ് പ്രഖ്യാപനം. എങ്കിൽ, തദ്സംബന്ധമായ ആവശ്യങ്ങൾക്കേ സംഖ്യ വിനിയോഗിക്കാവൂ എന്ന് എം.പിമാർക്ക് അവസരം നൽകുകയായിരുന്നില്ലേ വേണ്ടിയിരുന്നത്? കാരണം, ഓരോ പ്രദേശത്തിനും സമതുലിതമായി ഫണ്ട് ലഭിക്കാൻ അതാണ് മാർഗം. കേന്ദ്ര സർക്കാറിന് ഇൗ വകയിൽ ലഭിക്കുന്ന 7900 കോടി രൂപ നീതിപൂർവകമായി വിതരണം ചെയ്യപ്പെടുമെന്ന് ഉറപ്പിച്ചുകൂടാ. തദ്വിഷയകമായി തിരുവനന്തപുരം എം.പി ശശിതരൂർ ചൂണ്ടിക്കാട്ടിയ വസ്തുത ശ്രദ്ധേയമാണ്. 314 കോവിഡ് ബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിെൻറ ദുരന്ത നിവാരണത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച തുക 157 കോടി രൂപയാണെങ്കിൽ 122 കേസുകൾ മാത്രമുള്ള ഗുജറാത്തിന് അനുവദിച്ചത് 662 കോടിയാണ്! ഇമ്മാതിരി അസന്തുലിതത്വം എം.പി ഫണ്ട് പിടിച്ചെടുത്ത് വിനിയോഗിക്കുേമ്പാഴും സംഭവിക്കില്ലേ എന്നാണ് ശശി തരൂരിെൻറ ചോദ്യം. ബി.ജെ.പി ഭരണത്തിലല്ലാത്ത സംസ്ഥാനങ്ങൾക്ക് തുല്യ നീതി നിഷേധിക്കപ്പെടുക തള്ളിക്കളയാനാവാത്ത സാധ്യതയാണ്. ഫണ്ട് മരവിപ്പിക്കൽ മൂലം 300 കോടിയെങ്കിലും കേരളത്തിന് നഷ്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ടു മഹാപ്രളയങ്ങളുടെ ദൂരവ്യാപക ഫലങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന കേരളത്തിെൻറ കാര്യത്തിൽ മോദി സർക്കാറിെൻറ അക്ഷന്തവ്യമായ അവഗണന കൂടി കണക്കിലെടുത്താൽ സംസ്ഥാനത്തിെൻറ വികസനത്തിന് തിരിച്ചടി തന്നെയാവും കേന്ദ്രത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.