വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടു പതിറ്റാണ്ട് സി.പി.എം കാത്തുസൂക്ഷിച്ച ത്രിപുര കോട്ട തകർത്തും കോൺഗ്രസിെൻറ പതിറ്റാണ്ടുകൾ നീണ്ട ആധിപത്യത്തിന് അറുതിവരുത്തിയും നേടിയ വിജയം ഇന്ത്യയെ മൊത്തം കാവിയണിയിക്കാനുള്ള പടപ്പുറപ്പാടിൽ ബി.ജെ.പിക്ക് നൽകുന്ന ആത്മവിശ്വാസം നിസ്സാരമല്ല. കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ നേടിയ മിന്നുന്ന വിജയത്തിനു ശേഷം, ഗുജറാത്തിൽ കാൽച്ചുവട്ടിലെ മണ്ണിന് ഇളക്കംതട്ടുകയും ആസന്നമായ രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളിൽ അതിെൻറ തനിയാവർത്തനം മണത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം പാർട്ടിക്ക് അൽപം ആശ്വാസം പകരുന്നത്. നോട്ടുനിരോധനവും ജി.എസ്.ടിയുമായി സാമ്പത്തികരംഗത്ത് ഏറ്റ കനത്ത തിരിച്ചടി ഏറ്റവും കൂടുതൽ ബാധിച്ച ഗ്രാമീണമേഖലയിൽ ബി.െജ.പിയോടുള്ള നീരസം കൂടുതൽ പടരുന്നത് അടുത്ത തെരഞ്ഞെടുപ്പിലെ വിജയം അത്ര ലഘുതരമാവില്ലെന്നു പാർട്ടിക്കുതന്നെ ബോധ്യപ്പെട്ടതോടെയാണ് അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയം കൂടെ നിർത്താനുള്ള മറ്റ് അടവുനയങ്ങളിലേക്ക് പാർട്ടി തിരിഞ്ഞത്. അസംതൃപ്തമായ ഹിന്ദി ബെൽറ്റിൽനിന്ന് കാര്യമായ ചോർച്ച കണക്കുകൂട്ടിയതോടെ കൊച്ചു സംസ്ഥാനങ്ങളിൽനിന്നും പ്രാദേശികകക്ഷികളുമായുള്ള കൂട്ടായ്മകളിൽനിന്നും ആശ്വാസകരമായ നമ്പർ ഒപ്പിച്ചെടുക്കുക എന്ന തന്ത്രത്തിനാണ് ഇപ്പോൾ ബി.ജെ.പി ഉൗന്നൽ നൽകുന്നത്. അതോടൊപ്പം വടക്കുകിഴക്കുകൂടി സ്വന്തമാക്കി ഇന്ത്യ മുഴുവൻ കാവിയണിയിക്കാനായാൽ അടുത്ത പൊതു തെരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള ആദ്യപടിയായ മനഃശാസ്ത്രയുദ്ധം ജയിച്ചുകളയാമെന്നും ബി.ജെ.പി നേതൃത്വം വിശ്വസിക്കുന്നു.
മുസ്ലിംകൾ, ക്രൈസ്തവർ, കമ്യൂണിസ്റ്റുകൾ എന്നീ ആഭ്യന്തരശത്രുക്കൾ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണ് എന്ന വിചാരധാരയൊന്നും സംഘ്പരിവാർ കൈയൊഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, ആ വഴിയിലൂടെതന്നെയാണ് അവർ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇൗ മൂന്നു വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ നേർക്ക് കേന്ദ്ര സർക്കാറും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുമൊക്കെ കൈക്കൊള്ളുന്ന അശ്രദ്ധയും അലംഭാവവുംതന്നെ അതിനുള്ള തെളിവ്. അതേസമയം, ഹിന്ദുത്വ ഇന്ത്യയിലേക്കുള്ള ജൈത്രയാത്ര എളുപ്പമാക്കിത്തീർക്കുന്നതിന് ഇതിൽ ഒാരോ വിഭാഗത്തെയും ഏതളവിൽ ഉപയോഗിക്കാം എന്നതിനുള്ള സൂത്രങ്ങൾ സംഘ്പരിവാർ ആരാഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതിെൻറ മുന്തിയ തെളിവാണ് ജമ്മു-കശ്മീരിൽ ഭരണം പിടിക്കുന്നതിനുവേണ്ടി വിഘടനവാദത്തിന് പിന്തുണ നൽകുന്ന പി.ഡി.പിയെ കൂടെ കൂട്ടിയത്. ഇൗ പരീക്ഷണം വിജയമാണെന്നു കണ്ടാണ് മൂന്നു വർഷത്തോളമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കാവിയണിയിക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി ആരംഭിച്ചത്. ഇന്ത്യയിലുടനീളം ഗോവധനിരോധനത്തിനു മുറവിളി കൂട്ടുകയും മാട്ടിറച്ചിയുടെ പേരിൽ മുസ്ലിംകളെ അടിച്ചുകൊല്ലുകയും ചെയ്ത സംഘ്പരിവാർ വടക്കുകിഴക്കുകാർക്ക് ബീഫും ഗോവധവുമൊക്കെ അനുവദിച്ചു കൊടുത്തു. ക്രൈസ്തവ മിഷനറിമാരെ ചുട്ടുകൊല്ലുകയും സ്ഥാപനങ്ങൾ വ്യാപകമായി തകർക്കുകയും കന്യാസ്ത്രീകളെ കൈയേറ്റത്തിനിരയാക്കുകയും ചെയ്ത പരിവാർ ത്രിപുരയിലും നാഗാലാൻഡിലും മേഘാലയയിലും മതപരിവർത്തനത്തിനായി ഉഴിഞ്ഞുവെച്ച സുവിശേഷ പാർട്ടികളുമായി സഖ്യംചെയ്തു. ഇന്ത്യക്കു പുറത്തുള്ള പുണ്യസ്ഥലങ്ങളെ ലക്ഷ്യംവെക്കുന്നതിനാൽ മുസ്ലിംകൾക്കും ക്രൈസ്തവർക്കും രാജ്യത്തെ സ്നേഹിക്കാനാവില്ലെന്നു പറഞ്ഞ് ധ്രുവീകരണത്തിനു പ്രചാരണം നടത്തുന്നവർ ജറൂസലം യാത്രക്കു നറുക്കെടുപ്പ് നടത്തിയും പ്രീണനതന്ത്രം പുറത്തെടുത്ത് സ്വതന്ത്ര ‘ത്വിപ്രാലാൻഡി’നുവേണ്ടിയും ത്രിപുരയിലെതന്നെ തങ്ങൾക്കു മേൽക്കൈയുള്ള പ്രദേശത്തിെൻറ സ്വയംഭരണത്തിനുവേണ്ടിയും പ്രവർത്തിച്ചുകൊണ്ടിരുന്ന വിഘടനവാദസംഘടനയുമായി സഖ്യമുണ്ടാക്കി. ഇങ്ങനെയൊക്കെയാണ് ഇത്തവണ ത്രിപുരയിലെ സി.പി.എം ചെേങ്കാട്ട ബി.ജെ.പി മറിച്ചിട്ടിരിക്കുന്നത്.
ബി.ജെ.പി തങ്ങളുടെ കോട്ട പിടിക്കാൻ എം.എൽ.എമാരെയും അണികളെയുമൊക്കെ ഏതുവിധേന ചാക്കിട്ടും നടത്തുന്ന ശ്രമം സി.പി.എം അറിയായ്കയല്ല. എന്നാൽ, സി.പി.എമ്മിൽതന്നെ വംശനാശം സംഭവിച്ചുകഴിഞ്ഞ നിസ്വാർഥനേതാക്കളിൽ ആകെ ബാക്കിയിരിപ്പുള്ള മണിക് സർക്കാറിന് സ്വയംപ്രഖ്യാപിത രാഷ്ട്രീയവിശുദ്ധിയുടെ പ്രതിച്ഛായകൊണ്ട് എല്ലാം നേരിട്ടുകളയാം എന്ന ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. എഴുപതിലേറെ തവണ കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രിയുമായി രാഷ്ട്രനേതൃത്വം ഗോത്ര, ഗിരിവർഗക്കാർക്ക് ആനുകൂല്യ കോടികളുടെ വാഗ്ദാനവുമായി നാടുനിരങ്ങുന്നത് കാണുേമ്പാഴും ബി.ജെ.പിയിൽ ഫാഷിസം എത്ര കാരറ്റ് എന്ന കാര്യത്തിൽ ഇനിയും തീർച്ച വരാത്ത കാരാട്ട് ലൈൻ മുറുകെപ്പിടിച്ച് സംഘ്പരിവാർ അഗർതലയിൽനിന്ന് ഇനിയുമെത്ര അകലെ എന്ന ഉൗറ്റത്തിലായിരുന്നു മണികും പാർട്ടിയും. 1978 മുതൽ ഇടയിലൊരു അഞ്ചുവർഷം കോൺഗ്രസ് മുന്നണി വന്നതൊഴിച്ചാൽ ഇത്രയും നാടു ഭരിച്ചത് സി.പി.എമ്മാണ്. ഇത്രകാലത്തെ ഭരണത്തിെൻറ മിച്ചം ഏഴു ലക്ഷത്തോളം തൊഴിൽരഹിതരാണ്. 2015 മുതൽ അഗർതല ഇന്ത്യയിലെ മൂന്നാമത് ഇൻറർനെറ്റ് ഗേറ്റ്വേ ആയിട്ടും ഇന്നോളം ഒരു പ്രമുഖ െഎ.ടി കമ്പനിയെ അങ്ങോട്ട് ആകർഷിക്കാനായില്ല. േകന്ദ്രത്തിൽനിന്നു ഫണ്ട് തരപ്പെടുത്തി സർക്കാർേജാലികൾ സൃഷ്ടിച്ചു മുന്നോട്ടുപോകുന്ന പരമ്പരാഗത രീതിക്ക് മോദിഭരണത്തോടെ അന്ത്യമായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി യു.പി.എ കാലത്ത് തുടങ്ങിവെച്ച പ്രത്യേകപദ്ധതി മോദിഗവൺമെൻറ് രാഷ്ട്രീയതാൽപര്യത്തോടെ മുന്നോട്ടുകൊണ്ടുേപായി. വിവിധ ഗിരിഗോത്രങ്ങൾ ആവശ്യപ്പെട്ട പരിമിത സ്വയംഭരണം പതിച്ചുനൽകുകയും കൂടെ നിർലോഭം ഫണ്ടുകളൊഴുകുകയും ചെയ്തതോടെ ഗിരിവർഗക്കാർ ഒന്നടങ്കം ബി.ജെ.പിയോടൊപ്പമായി.
പ്രത്യയശാസ്ത്ര ശാഠ്യങ്ങളൊന്നുമില്ലാത്ത ഗിരിവർഗത്തിലും ബംഗാളി ഹിന്ദുക്കളിലുംപെട്ട യുവതലമുറ മുഴുവൻ ബി.ജെ.പിയുടെ പിറകെ പോയി. മികച്ച ഭരണം എന്ന പ്രതീക്ഷക്കു മുന്നിൽ ജനം സൈദ്ധാന്തിക പിടിവാശി കൈയൊഴിഞ്ഞപ്പോഴും അതിൽ അരയിഞ്ച് വിട്ടുവീഴ്ചക്കും തയാറില്ലാതെ മണിക് സർക്കാർ എന്ന സി.പി.എം വരട്ടുതത്ത്വവാദി പിടിച്ചുനിന്നു. ഒടുവിൽ അത് ത്രിപുരയെന്ന സി.പി.എം കോട്ടയുംകൊണ്ടേ പോയിരിക്കുന്നു. ബി.ജെ.പിയുടേത് മണ്ണറിഞ്ഞ് അടവെറിഞ്ഞ് നേടിയ വിജയമാണെങ്കിൽ സി.പി.എമ്മിേൻറത് ഇരന്നുവാങ്ങിയ പരാജയം എന്നുതന്നെ പറയണം. കാലത്തിെൻറ ചുവരെഴുത്ത് വായിക്കാൻ കഴിയാതെ പോകുന്നതാണ് സി.പി.എമ്മിെൻറ എക്കാലത്തെയും പരാജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.