ജനാധിപത്യത്തെ പാഠം പഠിപ്പിക്കുന്നവർ


തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് പറയാറുണ്ട്. എന്നാൽ, കുറച്ചായി ഇന്ത്യയിൽ ഓരോ തെരഞ്ഞെടുപ്പും വിഭാഗീയതയിലേക്കുള്ള ക്ഷണവും ജനാധിപത്യത്തിനുനേരെയുള്ള ആക്രമണവുമാകുന്നു. ഗുജറാത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾ, നടപ്പാക്കാൻ സാധ്യമല്ലാത്ത സൗജന്യങ്ങൾക്കും സാമുദായിക ധ്രുവീകരണത്തിനും ചുറ്റുമാണ് ഇപ്പോൾ കറങ്ങുന്നത്. വർഗീയ ധ്രുവീകരണമുണ്ടാക്കി മുതലെടുക്കാനുള്ള കൃത്യമായ പദ്ധതികളാണ് പോളിങ് ബൂത്തുകൾ തുറക്കുന്നതിനു തൊട്ടുമുമ്പ് ഗുജറാത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. വിഭാഗീയത വളർത്തുന്നതിൽ മുന്നിലുള്ളത് ഭരണപക്ഷമാണെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ദുസ്സൂചനകളടങ്ങുന്ന പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും അരങ്ങുതകർക്കുമ്പോൾ, പ്രത്യേകിച്ചൊരു തരംഗവുമില്ലാതിരുന്ന സംസ്ഥാനത്തെ വോട്ടർ സമൂഹം പരസ്പര അവിശ്വാസത്തിന്റെയും വിദ്വേഷത്തിന്റെയും കനലുകളിലേക്ക് വീണ്ടും എടുത്തെറിയപ്പെടുന്നതായി വാർത്തകൾ വെളിപ്പെടുത്തുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയെ സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്ത പ്രസംഗം വിവാദമായിട്ടുണ്ട്. അന്ന് അക്രമികളെ പാഠംപഠിപ്പിച്ചെന്നും അതോടെ ഗുജറാത്തിൽ 'ശാശ്വത സമാധാനം' സ്ഥാപിക്കപ്പെട്ടെന്നും ഷാ പ്രസംഗിച്ചതിനു പിന്നാലെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞത്, തീവ്രവാദ വിരുദ്ധ സെൽ രൂപവത്കരിക്കുമെന്നാണ്. 'ശാശ്വത സമാധാനം' കൈവരിച്ചെങ്കിൽ തീവ്രവാദം എങ്ങനെ ബാക്കിയായെന്നോ തീവ്രവാദ സെല്ലുകൾ ബാക്കിയുണ്ടെങ്കിൽ 'ശാശ്വത സമാധാനം' കൈവന്നു എന്നെങ്ങനെ പറയുമെന്നോ ചോദിക്കുന്നതിൽ കാര്യമില്ല. വോട്ടെടുപ്പിന്റെ തൊട്ടുമുമ്പ് അന്തരീക്ഷം കലക്കി ലാഭമെടുക്കാൻ മടിയുള്ളവരല്ലല്ലോ നമ്മുടെ രാഷ്ട്രീയക്കാർ.

ഗുജറാത്ത് ബി.ജെ.പിയുടെ പ്രകടന പത്രികയിൽ ഏക സിവിൽകോഡ് വീണ്ടും സ്ഥലം പിടിച്ചിട്ടുണ്ട്. പാട്ടീദാർ-ആദിവാസി പ്രക്ഷോഭക്കാരെ നേരിടാനെന്ന് കരുതപ്പെടുന്ന, സ്വത്തുനശിപ്പിക്കൽ തടയുന്ന നിയമമുണ്ടാക്കുമെന്നും 'വാഗ്ദാന'മുണ്ട്: പ്രതിഷേധങ്ങൾക്കെതിരായ ഭരണകൂടനീക്കങ്ങളുടെ പുതിയ മുഖം. രാഹുൽ ഗാന്ധിയുടെ താടിപോലും വിദ്വേഷായുധമാക്കി അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വശർമ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പതിവു തന്ത്രങ്ങളുമായി രംഗത്തുണ്ട്. യു.പിയിൽ അന്യായമായി വീടുകൾ തകർക്കാനുപയോഗിച്ച ബുൾഡോസറുകളുടെ പ്രതീകാത്മക സാന്നിധ്യം അദ്ദേഹത്തിന്റെ റാലിയിൽ ഉണ്ടായിരുന്നു -ധ്രുവീകരണത്തിന്റേതായ മറ്റൊരു ഗൂഢ സന്ദേശം. ശ്രാദ്ധ കൊലപാതക കേസ് വർഗീയ പ്രചാരണത്തിനായി ഉപയോഗിച്ചുകൊണ്ട് ഇറക്കിയ, 'ആഫ്താബുമാരെ' ഇല്ലാതാക്കാനുള്ള ആഹ്വാനത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല. ഗുജറാത്തിൽ എടുത്തുകാണിക്കാവുന്ന വികസനമോ ക്ഷേമ പ്രവർത്തനങ്ങളോ ഇല്ലാത്തതുകൊണ്ട് ഭരണകക്ഷി പഴയ വർഗീയായുധങ്ങൾ പുറത്തെടുക്കാൻ നിർബന്ധിതരാകുന്നു എന്നാണ് ആ സംസ്ഥാനത്തെ നിരീക്ഷിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ജനങ്ങളെ പിടിച്ചുനിർത്താവുന്ന വികസനമൊന്നും ഗുജറാത്തിൽ ഉണ്ടായിട്ടില്ലെന്ന് അച്യുത് യാജ്ഞിക്, വിദ്യുത് ജോഷി തുടങ്ങിയവർ വിലയിരുത്തുന്നു.

ഒരു സംസ്ഥാന വോട്ടെടുപ്പിന്റെ ചൂടും പുകയും ഉണ്ടാക്കുന്ന പിരിമുറുക്കം, സംയമനക്കുറവ് എന്നിവക്കപ്പുറം തെരഞ്ഞെടുപ്പിന്റെ ജനാധിപത്യപരവും സ്വതന്ത്രവുമായ നടത്തിപ്പിനെ ബാധിക്കുന്നതാണ് ഇത്തരം ധ്രുവീകരണ ശ്രമങ്ങൾ. അക്രമികളെ അടിച്ചമർത്തി പാഠം പഠിപ്പിച്ചു എന്ന അവകാശവാദം 2002 എന്ന വർഷവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി ചേർത്തുപറയുമ്പോൾ അത് ഗുരുതരമായ ചില സൂചനകൾ നൽകുന്നുണ്ട്. 2002 ലെ ഗുജറാത്ത് വംശഹത്യ കരുതിക്കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു എന്നും, ഗോധ്ര തീവെപ്പു മുതൽ അതൊരു ഗൂഢാലോചനയായിരുന്നു എന്നും, അന്ന് സംസ്ഥാനം ഭരിച്ചിരുന്ന മോദി സർക്കാർ അക്രമങ്ങൾ തടയാൻ ബോധപൂർവം കാലതാമസം വരുത്തിയെന്നുമുള്ള ആരോപണങ്ങൾക്ക് ഇതോടെ സ്ഥിരീകരണമായതായി ചൂണ്ടിക്കാട്ടുന്നവരുണ്ട്. മുൻമുഖ്യമന്ത്രി ശങ്കർസിങ് വഗേല ഈ ആരോപണം കഴിഞ്ഞദിവസം വീണ്ടുമുയർത്തി. ആരോപണങ്ങൾ കോടതി തള്ളിയതാണെങ്കിലും, നാടുകത്തുമ്പോൾ വീണവായിച്ച നീറോയെപ്പോലെ പെരുമാറിയെന്ന് സുപ്രീംകോടതി ഒരു ഘട്ടത്തിൽ വിശേഷിപ്പിച്ച സംഭവത്തെ 'പാഠം പഠിപ്പിക്കലാ'യി ആഭ്യന്തരമന്ത്രി വിശേഷിപ്പിക്കുമ്പോൾ അത് പുതിയ സംശയങ്ങൾക്ക് ഇടം നൽകുന്നുണ്ട് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, ഇതിലും ചെറിയ പരാമർശങ്ങളുടെ പേരിൽ പോലും ഇലക്ഷൻ കമീഷൻ മുമ്പ് നടപടിയെടുത്തിരുന്നു എന്നിരിക്കെ ഇക്കാര്യത്തിൽ കമീഷൻ നിസ്സംഗത പുലർത്തിക്കൂടാത്തതാണ്. ഭരണഘടനാദിനമായ നവംബർ 26 ന്റെ തലേന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയിൽനിന്നുതന്നെ വിഭാഗീയതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും സ്വരം രാജ്യം കേൾക്കേണ്ടിവന്നെങ്കിൽ അത് ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള കൂറല്ല കാണിക്കുന്നത്.

Tags:    
News Summary - Nov 28th editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT