ഇന്ത്യ മഹാരാജ്യത്ത് ജീവിച്ചിരിക്കുന്ന മുഴുവനാളുകളും ഇന്നാട്ടുകാർ തന്നെയാണെന്ന് തെളിയിക്കാനുള്ള ദേശീ യ പൗരത്വപ്പട്ടിക ദേശവ്യാപകമായി നടപ്പിൽ വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബുധനാഴ്ച രാജ്യസഭയ ിൽ വ്യക്തമാക്കിയിരിക്കുന്നു. നിലവിൽ പൗരത്വപ്പട്ടിക തയാറാക്കിയ അസമിലടക്കം പുതിയ പൗരത്വരേഖ തയാറാക്കുമെന്ന് േകന്ദ്രമന്ത്രി അറിയിച്ചു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഇന്ത്യയുടെ തൊട്ടടുത്ത അയൽദേശങ്ങളിൽ പെട്ടുപോയ മുസ്ലിം അല്ലാത്ത മറ്റു ജനവിഭാഗങ്ങളിലെ ആളുകൾക്ക് ഇന്ത്യയിൽ അഭയം നൽകാനുള്ള പൗരത്വഭേദഗതി ബിൽ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇന്ത്യ സ്വന്തം രാജ്യമാണെന്നും എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണെന്നും കുഞ്ഞുന്നാളിലേ ഒാരോരുത്തരും ഏകത പ്രതിജ്ഞ ചൊല്ലിപ്പോരുന്ന നമ്മുടെ രാജ്യത്ത് ജാതിയും മതവും കാലവും ഗണിച്ച് ജനതയെ സ്വന്തം മണ്ണിൽ സ്വദേശിയെന്നും വിദേശിയെന്നും വീതംവെക്കാനുള്ള ശ്രമം സ്വന്തം വംശീയ അജണ്ടയുടെ ഭാഗമായി സംഘ്പരിവാർ പണ്ടുമുതലേ സ്വീകരിച്ചുപോരുന്നതാണ്. ഒരു രാജ്യത്ത് താമസിക്കുന്ന ബഹുഭൂരിപക്ഷത്തെ തങ്ങളുടെ ഹിതാനുസാരം മിത്രങ്ങളാക്കിയും അവശേഷിക്കുന്നവരെ അപരജാതികളും ആഭ്യന്തരശത്രുക്കളുമാക്കിയുമുള്ള വിഭജനത്തിെൻറ വിചാരധാരയാണ് അവർ തുടക്കം തൊേട്ട മുന്നോട്ടുവെക്കുന്നത്. രാജ്യാധികാരം കൈയിൽ ഭദ്രമായതോടെ ഇൗ ‘ആഭ്യന്തരഭീഷണികളെ’ ഒന്നൊന്നായി കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പ് തൊട്ട് പൗരത്വം, വിദേശികൾ തുടങ്ങിയ ഭരണനിയമങ്ങളെ വർഗീയരാഷ്ട്രീയക്കണ്ണിലൂടെ നോക്കിക്കണ്ട ബി.ജെ.പി രാജ്യത്തിനകത്ത് വിദേശി-സ്വദേശി വിഭജനം എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. വംശീയവികാരം ഇളക്കിവിട്ട് രാഷ്ട്രീയലാഭം നേടാം എന്നതുതന്നെ കാര്യം. അതിലപ്പുറം പ്രയോഗതലത്തിൽ എൻ.ആർ.സി ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തെന്ന് അസമിൽ നടത്തിയ പരീക്ഷണം തെളിയിച്ചതാണ്. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരായ രക്തരൂഷിത പ്രക്ഷോഭത്തിന് അന്ത്യം കുറിക്കാൻ 1985 ൽ ഒപ്പിട്ട അസം കരാറിൽ, 1971 മാർച്ച് 24 എന്ന തീയതിക്കിപ്പുറം സംസ്ഥാനത്തെത്തിയ മുഴുവൻ പേരെയും വിദേശികളും നുഴഞ്ഞുകയറ്റക്കാരുമായി ഗണിച്ച് പുറന്തള്ളാനാണ് ദേശീയ പൗരത്വപ്പട്ടിക എന്ന ആവശ്യമുയർന്നത്. ഒാരോ തെരഞ്ഞെടുപ്പിലും നൽകുന്ന വാഗ്ദാനം ഒഴിച്ചാൽ പ്രയോഗത്തിൽ പട്ടിക തയാറാക്കൽ അത്രയെളുപ്പമല്ല എന്ന് മനസ്സിലാക്കി കോൺഗ്രസ് പലപ്പോഴായി ഇതു മാറ്റിവെച്ചു.
അസം ഭരണം ബി.ജെ.പിയുടെ കൈയിലെത്തിയതോടെ പദ്ധതിക്ക് ജീവൻ വെച്ചു. സംസ്ഥാനത്ത് പരലക്ഷങ്ങളായി വ്യാപിച്ച ബംഗ്ലാദേശി മുസ്ലിം കുടിയേറ്റക്കാരെ കണ്ടെത്തി പുറന്തള്ളാമെന്ന ആവേശമായിരുന്നു അതിനു പിന്നിൽ. സുപ്രീംകോടതിയിൽ നിയമയുദ്ധവും സജീവമായതോടെ കോടതി ദൗത്യം ഏറ്റെടുത്തു. സുപ്രീംകോടതി മേൽനോട്ടത്തിൽ 2013ൽ ആരംഭിച്ച പ്രക്രിയ 1600 കോടി രൂപ ചെലവിട്ട് 2019ൽ അവസാനിക്കുകയും ആഗസ്റ്റിൽ അന്തിമപ്പട്ടിക പ്രസിദ്ധപ്പെടുത്തുകയും ചെയ്തപ്പോൾ 19 ലക്ഷം പേർ ‘ഇന്ത്യക്കു പുറത്ത്’.ഇതിൽ 14 ലക്ഷത്തോളം പേർ ഹിന്ദുക്കളാണെന്നു ബോധ്യപ്പെട്ടതോടെ ബി.ജെ.പി നേതാക്കളും എൻ.ആർ.സി സഹയാത്രികരായിരുന്ന അസം ഗണപരിഷത്തും ഒാൾ അസം സ്റ്റുഡൻറ്സ് യൂനിയനും പട്ടിക തള്ളി. വിഷയത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് അവർ സുപ്രീംകോടതിയെ സമീപിച്ചു.കോടതി വരുന്ന 26ന് ഇതുമായി ബന്ധപ്പെട്ട എല്ലാ അപ്പീലുകളും കേൾക്കാൻ പോകുകയാണ്. അസമിൽ അസംതൃപ്തി വ്യാപിക്കുെന്നന്നു കണ്ടപ്പോഴാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ഒക്ടോബർ ഒന്നിന് കൊൽക്കത്തയിൽ രാജ്യത്തെ ഞെട്ടിച്ച പ്രസ്താവനയിറക്കിയത്.
എല്ലാ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രൈസ്തവ അഭയാർഥികൾക്കും ഇന്ത്യൻ പൗരത്വം ലഭ്യമാക്കുന്ന വിധം എൻ.ആർ.സിക്കു മുമ്പ് പൗരത്വഭേദഗതി ബിൽ കൊണ്ടുവരും എന്നായിരുന്നു പ്രസ്താവന. ഭരണഘടനക്കും നിയമത്തിനുമനുസൃതമായി എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശം ലഭ്യമാക്കുമെന്നു പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ മന്ത്രി ഒരു പ്രത്യേക സമുദായത്തെ മാത്രം ഉന്നംവെച്ചു നടത്തിയ പ്രസ്താവന പൗരത്വപ്പട്ടികയുടെയും പൗരത്വഭേദഗതി ബില്ലിെൻറയും പിറകിലുള്ള ചേതോവികാരം വെളിച്ചത്തു കൊണ്ടുവന്നു. 2014 ഡിസംബർ 31നകം രാജ്യത്ത് പ്രവേശിച്ച, മന്ത്രി പറഞ്ഞ എല്ലാ സമുദായത്തിലുംപെട്ട അഭയാർഥികൾക്ക് രേഖകളൊന്നുമില്ലാതെ പൗരത്വം അനുവദിക്കാനാണ് പുതിയ ഭേദഗതി ബിൽ. ഇതിനായി 2015ലും 2016ലും കേന്ദ്രം പാസ്പോർട്ട് നിയമത്തിലും വിദേശിനിയമത്തിലും ഭേദഗതി വരുത്തിയിരുന്നു. അതുകൊണ്ടാണ്, മുസ്ലിംകളെ മാത്രം ഒഴിവാക്കി മറ്റുള്ളവരെ മൊത്തമായി എൻ.ആർ.സിയിൽ ഉൾപ്പെടുത്തുമോ എന്ന് കോൺഗ്രസ് എം.പി നസീർ ഹുസൈൻ സഭയിൽ ചോദിച്ചത്. മറുപടിയിൽ ഏതെങ്കിലും പ്രത്യേകമതവിഭാഗത്തിന് പൗരത്വപ്പട്ടികയിൽ ഇടം നിഷേധിക്കുകയില്ല എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പൗരത്വ ഭേദഗതി ബില്ലിലെ മുസ്ലിം വിവേചനം അദ്ദേഹം പരാമർശിച്ചില്ല.
സംസ്ഥാനത്തിനകത്തു കടന്നു ജനങ്ങളുടെ പൗരത്വപരിശോധന നടത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നടത്തിയില്ലെന്ന ആക്ഷേപം ജനതാദൾ (യു) നേതാവ് പ്രശാന്ത് കിഷോർ ഉന്നയിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 55 ശതമാനം ജീവിക്കുന്നത് ബി.ജെ.പി ഇതരർ ഭരിക്കുന്ന 15 സംസ്ഥാനങ്ങളിലാണ് എന്ന കാര്യം അദ്ദേഹം ഒാർമിപ്പിച്ചു. പശ്ചിമബംഗാളിൽ എൻ.ആർ.സി നടപ്പില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി തുറന്നടിച്ചത് വെറുതെയല്ല. പൗരത്വപ്പട്ടികയുടെ സംവിധാനവും തുടർപ്രവർത്തനവും സംബന്ധിച്ച് ഒരു വ്യക്തതയും കേന്ദ്രത്തിനോ ഭരണകക്ഷിക്കോ ഇല്ലെന്ന് രാഷ്ട്രീയവിദഗ്ധരും പറയുന്നു. ഇൗ ആശയക്കുഴപ്പങ്ങൾക്കിടയിലും ബി.ജെ.പി മുന്നോട്ടുപോകുകയാണ്, രാജ്യത്തെ വംശീയമായി വിഭജിക്കുന്നതിൽ നിർദിഷ്ട പദ്ധതി വിജയിക്കുമെന്നും അതിലൂടെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾ നേടിയെടുക്കാമെന്നും ഉറപ്പിച്ചുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.